TopTop
Begin typing your search above and press return to search.

മഞ്ഞവെയില്‍ മരണങ്ങളിലെ ഡീഗോ ഗാര്‍ഷ്യ ശരിക്കുമുണ്ടോ?

മഞ്ഞവെയില്‍ മരണങ്ങളിലെ ഡീഗോ ഗാര്‍ഷ്യ ശരിക്കുമുണ്ടോ?

ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളിലെ ഡീഗോ ഗാര്‍ഷ്യ (Diego Garcia) ശരിക്കുമുണ്ടോ? അതോ ഭാവനാ സൃഷ്ടിയാണോ? എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയാണീ കുറിപ്പ്. ഡീഗോ ഗാര്‍ഷ്യ ദ്വീപ് ശരിക്കും നിലവിലുണ്ട്. നോവലില്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെയാണ് ഏറെക്കുറെ അതിന്റെ രൂപവും ഭൂമിശാസ്ത്രവും മറ്റും. കേരളത്തിന്റെ തീരത്തു നിന്ന് തെക്കോട്ട് പോകുമ്പോള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍, മാലിദ്വീപും (Maldives) കഴിഞ്ഞ്, അതായത് ഇന്ത്യന്‍ തീരത്തു നിന്ന് ഏതാണ്ട് 1000-2000 കി.മീ. ദൂരത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. അവിടെ കാണുന്നത് ചാഗോസ് ദ്വീപ് സമൂഹം (Chagos Archipelago) എന്ന ഏതാനും കൊച്ചുദ്വീപുകളുടെ ഒരു കൂട്ടമാണ്. തെങ്ങുകളും മറ്റ് വൃക്ഷങ്ങളും തിങ്ങിനില്‍ക്കുന്ന ദ്വീപുകള്‍. അതിലൊരു ദ്വീപാണ് ഡീഗോ ഗാര്‍ഷ്യ. ഒരു ബക്കറ്റ് വെള്ളമെടുത്ത് അതിന്റെ മുകളിലേക്ക് ഒരു നൂലിന്റെ കഷ്ണം എടുത്തിട്ടാല്‍ അത് വെള്ളത്തിനു മീതെ എങ്ങനെ വളഞ്ഞു തിരിഞ്ഞു കിടക്കുമോ അതു പോലെയാണ് അതിന്റെ കിടപ്പ്. ഒരു മണ്ണിരയെപ്പോലെ അത് നീണ്ടു വളഞ്ഞു കിടക്കുന്നു എന്ന് നോവലില്‍ വിശേഷിപ്പിച്ചിരിക്കുന്നു.

നോവലിലെ ഡീഗോ ഗാര്‍ഷ്യ ഭാവനയുമാണ്. കാരണം ഈ ദ്വീപിനകത്ത് ഒരുപിടി ബ്രിട്ടിഷ്-അമേരിക്കന്‍ പട്ടാളക്കാരും, മിലിട്ടറി ഓഫീസര്‍മാരും, അവരുടെ യന്ത്രങ്ങളും പ്ലെയിനുകളും, കരാറുകാരും തൊഴിലാളികളും ഒക്കെയാണ് ഉള്ളത്. അവര്‍ക്ക് ജീവിക്കുന്നതിനുള്ള വാസസ്ഥലങ്ങളും ഭക്ഷണശാലകളും വിനോദോപാധികളും ഉണ്ട്. അപ്പോള്‍ സെന്തിലിന്റെയും അന്ത്രപ്പേരിന്റെയും പോലുള്ള വീടുകളോ? അവരുടെ തെരുവുകളും ചന്തയും മൊബൈല്‍ റിപെയര്‍ കടയും, മുനിസിപ്പല്‍ ഓഫീസുമൊക്കെയോ? ബാങ്കുവിളി മുഴങ്ങുന്ന പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍?... ഇവയൊന്നും അവിടെയില്ല. മലയാളികള്‍, തമിഴന്മാര്‍, സിംഹളര്‍, ഒക്കെ ജീവിക്കുന്ന ആ നാട്? അതില്ല അവിടെ. കൂടാതെ, അവിടെ ടൂറിസമോ പൊതുജനങ്ങള്‍ക്ക് പ്രവേശനമോ ഇല്ല. ഏകദേശം ഇന്ത്യന്‍ തീരത്തുനിന്നും ഡീഗോ ഗാര്‍ഷ്യയിലേക്കുള്ളയത്രയും ദൂരം വീണ്ടും തെക്കുപടിഞ്ഞാറ് ദിശയില്‍ പോയാല്‍ എത്തുന്ന മൌറിഷ്യസിന്റെ വകയായ ദ്വീപാണ് ഇതെന്നാണ് വെപ്പ്. എങ്കിലും നിലവില്‍ അത് ഒരു ബ്രിട്ടിഷ്-അമേരിക്കന്‍ സംയുക്ത മിലിട്ടറി ബേസ് ആയിട്ടാണ് നിലകൊള്ളുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അവരുടെ ഏറ്റവും ശക്തമായ താവളമാണ് ഇത്. ഇതിന്റെ മറ്റൊരു പേര് British Indian Ocean Territory എന്നാണ്. ഇതിന്റെ പേരില്‍ മൌറിഷ്യസുമായി നിരന്തരം തര്‍ക്കത്തിലാണ് ഈ രാജ്യങ്ങള്‍. അത് മൌറിഷ്യസിനു വിട്ടുകൊടുക്കണം എന്നു വിധി വന്നിട്ടും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഇത് അവര്‍ക്ക് വല്ലാത്ത ഒരു സ്റ്റ്രാറ്റജിക് പോയിന്റ് ആണ്. ഇവിടെ പതുങ്ങിയിരുന്നാല്‍ ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെയൊക്കെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കാം. ഇന്ത്യന്‍ തീരത്ത് ഓരോ മിസ്സൈല്‍ പരീക്ഷണം നടക്കുമ്പോഴും അവരും അവരുടെ യന്ത്രങ്ങളും കണ്ണും കാതും കൂര്‍പ്പിക്കുകയായി.

നോവലില്‍ പറഞ്ഞിരിക്കുന്നത് 45% റോമന്‍ കത്തോലിക്കര്‍, 28% ഹിന്ദുക്കള്‍, 12% ബുദ്ധമതക്കാര്‍, 8% മുസ്ലിങ്ങള്‍, ജൂതന്മാര്‍, പ്രൊട്ടസ്റ്റന്റുകാര്‍, ജൈനമതക്കാര്‍, ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാര്‍ എന്നിവരടങ്ങുന്ന അഞ്ചു ലക്ഷം വരുന്ന ജനസംഖ്യയുള്ള ഒരു നാടാണ് ഡീഗോ ഗാര്‍ഷ്യ എന്നാണ്. നാനാ മതക്കാരും ഭാഷക്കാരും വിദേശികളും സ്വദേശികളും ഒക്കെ തിങ്ങിയ ശബ്ദമുഖരിതമായ, ചലനാത്മകമായ ഒരു നാട്. കടലിലെങ്ങോ കിടക്കുന്ന ഒരു ഭൂപ്രദേശമെടുക്കുക, എന്നിട്ട് അതിനകത്തുള്ളതൊക്കെ ഒഴിവാക്കുക, അതിനുശേഷം അതില്‍ പുതിയ ഘടകങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന പ്രക്രിയ വഴി ബെന്യാമിന്‍ നോവലിനെ Magic Realism-ത്തിന്റെ തലത്തിലേക്കുയര്‍ത്തിയിരിക്കുന്നു. ഏറെക്കുറെ വിജനമായ ഒരു ദ്വീപിനെ വ്യക്തികളെക്കൊണ്ടും സംഭവങ്ങളെക്കൊണ്ടും കഥകളെക്കൊണ്ടും നിറച്ചിരിക്കുന്നു. കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോ എന്ന മലയാള സിനിമയിലും ഡീഗോ ഗാര്‍ഷ്യയുടെ പരാമര്‍ശമുണ്ട്. ഒരുപക്ഷെ, ഈ പുസ്തകത്തില്‍ നിന്നായിരിക്കാം ആ ആശയം അവര്‍ക്ക് ലഭിച്ചത്.

വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ ചിലപ്പോള്‍ ഈ പുസ്തകത്തിലൂടെയല്ലാതെയും ഡീഗോ ഗാര്‍ഷ്യയെക്കുറിച്ച് കേട്ടുകാണും. ചിലപ്പോഴൊക്കെ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിനായി ബോട്ടില്‍ പോകുന്നവര്‍ വഴിതെറ്റി ഡീഗോ ഗാര്‍ഷ്യയുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും പിടിയിലാകുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ടിവി ചാനലുകളില്‍ വന്നിട്ടുണ്ട്. അനേകം യാത്രക്കാരുമായി പറന്നുയര്‍ന്ന ഒരു മലേഷ്യന്‍ വിമാനം കാണാതായപ്പോള്‍ അത് രഹസ്യമായി ഈ ദ്വീപിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത് എന്ന സ്ഥിരീകരിക്കാത്ത ഒരു വിവാദവാര്‍ത്തയുമുണ്ടായിരുന്നു.

ഈ ദ്വീപുകളില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പു വരെ ജനവാസമുണ്ടായിരുന്നു. ആയിരങ്ങളോളം വരുന്ന ജനസംഖ്യയുണ്ടായിരുന്നു. അവരെയൊക്കെ മൌറിഷ്യസിലേക്കും സെയ്ഷെല്‍സിലേക്കും മറ്റും സ്ഥലം മാറ്റുകയാണുണ്ടായത്. മൌറിഷ്യസില്‍ നിന്നു കൊണ്ട് തങ്ങളുടെ ഭൂമി തിരിച്ചു നല്‍കണമെന്നും പറഞ്ഞ് സമരം ചെയ്യുന്നവര്‍ ഇന്നുമുണ്ട്.

യൂട്യൂബില്‍ പോയാല്‍ ദ്വീപിനകത്തെ കാടുകളും കടല്‍ത്തീരങ്ങളും കാണാം. ഒറ്റപ്പെട്ട ദ്വീപില്‍ ബോറടിച്ചിരിക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ കാട്ടിനകത്ത് ഞെണ്ടിനെ ഓടിച്ചിട്ടു കളിക്കുന്നതും തൊട്ടാവാടിയെ തൊട്ടുവാടിച്ചു രസിക്കുന്നതുമൊക്കെ കാണാം.ഹാരിസ് അലി

ഹാരിസ് അലി

കൊച്ചി സ്വദേശി

Next Story

Related Stories