TopTop
Begin typing your search above and press return to search.

തീഹാര്‍ ജയിലിലെ നാല് ദിവസം അമര്‍ സിംഗിനെ മാറ്റി മറിച്ചത് ഇങ്ങനെയാണ്

തീഹാര്‍ ജയിലിലെ നാല് ദിവസം അമര്‍ സിംഗിനെ മാറ്റി മറിച്ചത് ഇങ്ങനെയാണ്

ജയില്‍ ഒരു സമാന്തര ലോകത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കൊടുംകുറ്റവാളികള്‍ മുതല്‍ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ എത്തിപ്പെടേണ്ടി വന്നവരും മറ്റുള്ളവരും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നീതിനിഷേധങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചവരും ജനങ്ങളുടെ കോടികള്‍ കട്ടതിന്റെ പേരില്‍ അകത്താവുന്നവരും സ്ത്രീകളെ പീഡിപ്പിച്ചവരും പീഡനങ്ങളെ ചെറുക്കുന്നതിനിടയില്‍ അബദ്ധം സംഭവിച്ചവരും ഒക്കെ അടങ്ങുന്ന വൈവിധ്യമാര്‍ന്ന ലോകം. ജയില്‍വാസം എല്ലാവരിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിലര്‍ അതുവരെ നയിച്ച ജീവിതത്തില്‍ നിന്നും നേരെ ഘടകവിരുദ്ധമായ മറ്റൊരു ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. മറ്റ് ചിലര്‍ അവിടുത്തെ സഹവാസം മൂലം കൂടുതല്‍ വലിയ കുറ്റവാളികളായി തീരുന്നു. വേറെ ചിലരാവട്ടെ ചെയ്തുപോയ പാപങ്ങളുടെ തിരിച്ചറിവില്‍ നിയമം അനുശാസിക്കുന്ന വഴികളിലൂടെ നടന്ന് മാനസാന്തരത്തിന്റെ സമാശ്വാസങ്ങള്‍ അന്വേഷിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന ഈ മാനസിക സഞ്ചാരങ്ങള്‍ക്കിടയിലും ഇന്ത്യന്‍ പൊതുജീവിതത്തിലെ അഴുക്കുകളും അലകുകളും നിങ്ങള്‍ക്ക് ഇന്ത്യന്‍ തടവറയിലും കണ്ടെടുക്കാന്‍ സാധിക്കും. പണവും സ്വാധീനവും ഉള്ളവര്‍ക്ക് വേലക്കാരും സഹായികളും പുറത്തുനിന്നുള്ള ഭക്ഷണവും മൊബൈലും തൊട്ട് എസി മുറികള്‍ വരെ ഇന്ത്യന്‍ തടവറകളില്‍ ലഭ്യമാകുന്നു എന്നത് വലിയ രീതിയില്‍ മൂടിവെക്കപ്പെട്ട രഹസ്യമൊന്നുമല്ല. ഇങ്ങനെ വിവിധ വ്യക്തികളുടെ അനുഭങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ ജയിലുകളിലെ ജീവിതം നമുക്ക് മുന്നില്‍ വരച്ചുകാട്ടുകയാണ് സുനേത്ര ചൗധരിയുടെ 'ബിഹൈന്റ് ബാര്‍സ്' എന്ന പുസ്തകം. ഒപ്പം എങ്ങനെ നമ്മുടെ ജയിലുകള്‍ ഇന്ത്യന്‍ ജീവിതത്തിന്റെ നേര്‍ ചിത്രമായി മാറുന്നുവെന്നും ഈ പുസ്തകം നമ്മോട് പറയുന്നു.

ഗുണപരമായാലും ദോഷകരമായാലും ജയില്‍വാസം വ്യക്തി ജീവിതത്തെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ ജീവിതധാരണകളെയും വ്യക്തികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിമറിക്കാന്‍ വെറും ഒറ്റ ദിവസത്തെ ജയില്‍ജീവിതം മതിയാകുമെന്നാണ് നാല് ദിവസം മാത്രം തിഹാര്‍ ജയിലില്‍ കഴിഞ്ഞ സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അമര്‍ സിംഗിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. താന്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ എന്ന് കരുതിയിരുന്നവര്‍, തന്റെ സ്വാധീനം ഉപയോഗിച്ച് വ്യക്തിപരമായി തന്നില്‍ നിന്നും നേട്ടങ്ങള്‍ കൊയ്തവര്‍ ഒക്കെ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് മനസിലാക്കാന്‍ വെറും 24 മണിക്കൂര്‍ നേരത്തെ ജയില്‍വാസം മതിയാകും. ഏതെങ്കിലും കോളിളക്കം സൃഷ്ടിച്ച കേസാണ് നിങ്ങളുടെ മേല്‍ ആരോപിക്കപ്പെടുന്നതെങ്കില്‍ പ്രത്യേകിച്ചും.

ഒരു പത്തുവര്‍ഷം മുമ്പ് ദല്‍ഹി രാഷ്ട്രീയത്തില്‍ തിളച്ചു നിന്ന നേതാവാണ് കോണ്‍ഗ്രസ് വഴി സമാജ് വാദി പാര്‍ട്ടിയില്‍ എത്തിയ അമര്‍ സിംഗ്. വിവാദപരമായ പ്രസ്താവനകള്‍ കൊണ്ട് ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നേതാവ്. അധികാരത്തിന്റെ ഇടനാഴികളില്‍ മൂടിവെക്കപ്പെടുന്ന രഹസ്യങ്ങള്‍ ഉള്‍പ്പെടെ എന്തും വെട്ടിത്തുറന്നുപറയാന്‍ മടിയില്ലാത്തതിനാല്‍ മാധ്യമങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു അമര്‍ സിംഗ്. ജനകീയ അടിത്തറയില്ലാതെ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും ഉപജാപങ്ങളിലൂടെയും നേതൃത്വസ്ഥാനത്തേക്കുള്ള പടികള്‍ എളുപ്പത്തില്‍ ചവിട്ടിക്കേറുന്ന പലരില്‍ ഒരാള്‍. അമര്‍ സിംഗിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ ചാതുര്യം ഏറ്റവും വ്യക്തമായത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു. അമേരിക്കയുമായുള്ള ആണവ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷവുമായി വലിയ കലഹം നടക്കുന്ന സമയമായിരുന്നു അത്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം കരാര്‍ നടപ്പാകില്ല എന്നൊരു ഘട്ടം എത്തിയപ്പോഴാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സിംഗിന്റെ സഹായം തേടുന്നത്. കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്നിരുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പിന്തുണ സര്‍ക്കാരിന് ഉറപ്പാക്കുന്നതിന് അമര്‍ സിംഗ് നിര്‍ണായക പങ്കുവഹിച്ചുവെന്ന് മാത്രമല്ല, കരാറിന് അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുന്നതിലും വിജയിച്ചു.

ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സിംഗ് വഹിച്ച പങ്കിനെ കുറിച്ച് പ്രണാബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ എല്‍ ബറാദിയെയും പോലുള്ള ലോക നേതാക്കളും പ്രകീര്‍ത്തിച്ചു. എന്തിന് അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടീലീസ റൈസ് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടന്ന അതീവ രഹസ്യ യോഗത്തിലേക്ക് പോലും അമര്‍സിംഗ് ക്ഷണിക്കപ്പെട്ടു.

പ്രശസ്തിയുടെയും പ്രശംസയുടെയും കൊടുമുടിയില്‍ നിന്നും അമര്‍ സിംഗ് പക്ഷെ നേരെ വന്നുവീണത് തിഹാര്‍ ജയിലിലെ സെല്ലിലേക്കായിരുന്നു.

ആണവ കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഇടതുപക്ഷം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പ്രതിപക്ഷ എംപിമാര്‍ക്ക് കോഴ നല്‍കുന്ന ദൃശ്യങ്ങള്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് അമര്‍ സിംഗിന്റെ ജീവിതത്തിലെ പുതിയ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ഒരു പക്ഷെ അദ്ദേഹത്തിന്റെ അതുവരെയുള്ള ജീവിതചര്യകളെ അപ്പാടെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. കോഴ കൈമാറുന്ന ദൃശ്യങ്ങളില്‍ അമര്‍ സിംഗ് ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പലപ്പോഴും ഉച്ചരിക്കപ്പെട്ടു. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് സിംഗിനോടുള്ള അതൃപ്തിയും നടപടിക്രമങ്ങള്‍ക്ക് ആക്കം കൂട്ടി. കേസുമായി മുന്നോട്ട് പോകേണ്ട എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടെങ്കിലും മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെപി ലിംഗ്‌ദോ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടു. കേസില്‍ അമര്‍ സിംഗ് കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. തൊട്ടു മുന്‍ വര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണെന്ന ആരോഗ്യപരമായ പരിഗണന പോലും നല്‍കാതെ അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കാനായിരുന്നു ജഡ്ജി സംഗീത ദിംഗ്രയുടെ ഉത്തരവ്. ധീരമായ ഉത്തരവിന്റെ പേരില്‍ ജഡ്ജി പ്രകീര്‍ത്തിക്കപ്പെടുകയും 2011 സെപ്തംബര്‍ ആറിന് അമര്‍സിംഗും മൂന്ന് ബിജെപി എംപിമാരും മുതിര്‍ന്ന ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയും തിഹാര്‍ ജയിലിലേക്ക് പോവുകയും ചെയ്തു.

അമര്‍ സിംഗ് ജീവിതത്തിന്റെ മറ്റൊരു മുഖം കാണാന്‍ തുടങ്ങുകയായിരുന്നു. അടുത്ത സുഹൃത്തും അന്ന് തിഹാര്‍ ജയിലിന്റെ ചുമതലയുള്ള ആളുമായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നീരജ് കുമാര്‍ ഉത്തരവ് വന്നയുടന്‍ ദീര്‍ഘ അവധിയില്‍ പ്രവേശിച്ചു. മാത്രമല്ല, സിംഗ് ഫോണ്‍ ചെയ്യുകയോ മറ്റോ ചെയ്‌തെങ്കിലോ എന്ന് ഭയന്ന് സിംഗപ്പൂരിലേക്ക് പോവുകയും ചെയ്തു. അതായിരുന്നു സിംഗിന് ലഭിച്ച ആദ്യ തിരിച്ചടി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയയെ തുടര്‍ന്ന് ആരോഗ്യം വഷളായിരുന്ന സിംഗിനെ ചികിത്സിച്ചിരുന്നത് പ്രസിദ്ധനായ ഡോ. രമേഷ് കുമാറായിരുന്നു. ജയിലില്‍ വന്ന് അമര്‍ സിംഗിനെ പരിശോധിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ രമേഷ് കുമാറിനോട് അപേക്ഷിച്ചു. എന്നാല്‍ അമര്‍ സിംഗ് ഒരു ക്രിമിനലാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്നും അകന്ന് നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. അതിന് മുമ്പ് നിസ്സാരകാര്യങ്ങള്‍ക്ക് പോലും ഡോ. രമേഷ് കുമാര്‍ തന്റെ സഹായം സ്വീകരിക്കുന്നത് ഭാര്യ കണ്ടിട്ടുണ്ടെന്ന് അമര്‍ സിംഗ് പറയുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് ഡോക്ടറുടെ പ്രതികരണം വലിയ ഞെട്ടലായിപ്പോയി എന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ടും തീര്‍ന്നില്ല. സര്‍ക്കാരിലെ മുതിരന്ന നേതാക്കളില്‍ അമര്‍ സിംഗിന്റെ ഭാര്യയ്ക്ക് ആകെ ആറിയാവുന്നത് അന്ന് നിയമമന്ത്രിയായിരുന്ന സല്‍മാന്‍ കുര്‍ഷിദിനെയായിരുന്നു. അമര്‍ സിംഗിന്റെ അടുത്ത ചങ്ങാതി എന്ന് അറിയപ്പെട്ടിരുന്ന ആള്‍. എന്നാല്‍ തന്റെ ഭാര്യയ്ക്ക് ഒരു കൂടിക്കാഴ്ച അനുവദിക്കാന്‍ പോലും സല്‍മാന്‍ കുര്‍ഷിദ് തയ്യാറായില്ലെന്ന് സിംഗ് പറയുന്നു. അവര്‍ അതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതയായിട്ടില്ലെന്നും ഇപ്പോള്‍ അവര്‍ക്ക് ആരെയും വിശ്വാസമില്ലെന്നും അമര്‍ സിംഗ് വ്യക്തമാക്കുന്നു.

എന്നാല്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ വൈമനസ്യം കാണിച്ച സുപ്പര്‍താരം അമിതാഭ് ബച്ചന്റെ നടപടിയാണ് സിംഗിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. എബിസിഎല്‍ എന്ന ബച്ചന്റെ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അതില്‍ നിന്നും കരകയറാന്‍ അദ്ദേഹത്തെ സഹായിച്ചത് അമര്‍ സിംഗാണെന്നത് പരസ്യമായ രഹസ്യമാണ്. ബച്ചന്‍ കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിലാണ് അമര്‍ സിംഗ് ഏറ്റവും കൂടുതല്‍ ശത്രുക്കളെ സമ്പാദിച്ചതും. എന്നിട്ടും ബച്ചന്‍ തന്നെ ജയിലില്‍ വന്നുകാണാതിരുന്നപ്പോഴാണ് ജീവിതത്തിലെ പല സത്യങ്ങളും താന്‍ തിരിച്ചറിഞ്ഞതെന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. നാലു ദിവസത്തെ ജയില്‍ വാസത്തില്‍ ആരോഗ്യം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അമര്‍ സിംഗിനെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയപ്പോള്‍ ബച്ചന്‍ സന്ദര്‍ശിച്ചെങ്കിലും അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യം തോന്നിയില്ലെന്നും സുനേത്ര ചൗധരിയോട് അമര്‍ സിംഗ് തുറന്നു പറയുന്നു.

പഴയ അമര്‍ സിംഗല്ല ഇപ്പോഴത്തെ അമര്‍ സിംഗ്. ആ നാലു ദിവസത്തെ ജയില്‍വാസം അദ്ദേഹത്തെ അടിമുടി മാറ്റിയതായി സുനേത്ര ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. എന്തെങ്കിലും പറയുന്നതിന് മുമ്പ് മൂന്നുവട്ടം ആലോചിക്കുന്നു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമാണ് ആ നാലുദിവസങ്ങളെന്നും അതിനെ കുറിച്ച് വീണ്ടും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയും. എന്നാല്‍ ഇരുപത് വര്‍ഷമായി അതേ ജയിലില്‍ തന്നെ കഴിയുന്നവരോ?

കഥകളുടെ ഒരു സഞ്ചയമാണ് സുനേത്രയുടെ പുസ്തകം. പക്ഷെ ഭാവനയ്ക്ക് പകരം യാഥാര്‍ത്ഥ്യങ്ങളാണ് വായനക്കാരുടെ മുന്നില്‍ നൃത്തം വയ്ക്കുന്നത്. കീറിയെടുത്ത ജീവതാനുഭവങ്ങള്‍. ഇന്ത്യയെ ഞെട്ടിച്ച നിരവധി കേസുകളിലെ പ്രതികളെ നിങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ പുറങ്ങളില്‍ കണ്ടെത്താം. അത് ജസീക്കലാല്‍ വധക്കേസിലെ മനുവര്‍മ്മ ആവട്ടെ, തന്റെ ബിഎംഡബ്ലിയു കാര്‍ ഓടിച്ചു കയറ്റി തെരുവില്‍ ഉറങ്ങിയിരുന്ന ആറുപേരുടെ ജീവന്‍ അപഹരിച്ച് ആയുധക്കച്ചവടക്കാരന്‍ സഞ്ജീവ് നന്ദയാവട്ടെ, അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് ദുബായില്‍ നല്ല നിലയില്‍ ബിസിനസ് നടത്തിയിരുന്ന, ഇന്ത്യയില്‍ ഒരു കേസും ഇല്ലാതിരുന്നിട്ടും നാലു വര്‍ഷം തിഹാര്‍ ജയിലിന്റെ ഇരുളില്‍ കഴിയേണ്ടി വന്ന മലയാളിയായ ജെപിയാവട്ടെ, കുപ്രസിദ്ധമായ തന്തൂരി കൊലപാതക കേസിലെ പ്രതി സുശീല്‍ ശര്‍മ്മയാവട്ടെ, സ്വന്തം സഹോദരി ഭാരതി യാദവുമായി പ്രണയത്തിലായിരുന്ന നിതീഷ് ഘട്ടാരയെ കൊലപ്പെടുത്തിയ വികാസ് യാദവും വിശാല്‍ യാദവുമാകട്ടെ- അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി പേരുടെ ജീവിതം കഥകളായി നമ്മുടെ മുന്നില്‍ ചുരുളഴിയുന്നു.

അവരുടെ ജയില്‍വാസ കാലത്തിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള ഈ സഞ്ചാരം ഒരു കാര്യം കൂടി നമുക്ക് വ്യക്തമാക്കി തരുന്നു. ഇന്ത്യന്‍ പൊതുജീവിതത്തിലുള്ള എല്ലാ നന്മകളും മാലിന്യങ്ങളും ജയിലിലും ഉണ്ട്. ഇവിടെയും പണവും സ്വാധീനവും നിങ്ങള്‍ക്ക് എന്തും നേടിത്തരും. ഇവിടെയും ജാതി ഉച്ചനീചത്വങ്ങളുണ്ട്. പരസ്പര സഹായത്തിന്റെ, സാഹോദര്യത്തിന്റെ നന്മകളും.

അടുക്കി വച്ച ഇഷ്ടിക പോലെ സംഭവങ്ങളെ കൃത്യമായി കോര്‍ത്തിണക്കിയാണ് സുനേത്ര എഴുതുന്നത്. ലളിതമായ ഭാഷ സംവേദനത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. കഥകളില്‍ താല്‍പര്യമുള്ളവര്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് 'ബിഹൈന്റ് ബാര്‍സ്'.


Next Story

Related Stories