TopTop
Begin typing your search above and press return to search.

പുസ്തകങ്ങള്‍ സമ്പാദിക്കുന്നതിലല്ല, ആര്‍ജ്ജിക്കുന്ന വായനാശീലത്തിലാണ് പ്രാധാന്യം; ഇന്ന് വായനാ ദിനം

പുസ്തകങ്ങള്‍ സമ്പാദിക്കുന്നതിലല്ല, ആര്‍ജ്ജിക്കുന്ന വായനാശീലത്തിലാണ് പ്രാധാന്യം; ഇന്ന് വായനാ ദിനം
വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി.

അച്ചടിച്ച പുസ്തകങ്ങളിൽ നിന്നും കംപ്യുട്ടർ സ്‌ക്രീനിലേക്കും, കിന്റിലിലേക്കും, മൊബൈലിലേക്കും വരെ വായനയുടെ സ്വഭാവവും ഘടനയും മാറിയെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ പ്രാധാന്യം കുറയുന്നില്ല. വായനാദിനത്തോടനുബന്ധിച്ചു ഷിജു ആച്ചാണ്ടി എഴുതിയ കുറിപ്പ് ഇന്നത്തെ ഫെയ്സ്ബൂക് ഡയറിയിൽ.

"ഒരു പുസ്തകം വായിക്കുന്നതിനു രണ്ടു പ്രയോജനങ്ങളുണ്ടെന്നാണ് ബെര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞത്. ഒന്ന് അത് ആസ്വദിക്കാം. രണ്ട്, അതു വായിച്ചെന്നു നാട്ടുകാരോടു പൊങ്ങച്ചം പറയാം. ഇതില്‍ ആദ്യത്തെ പ്രയോജനത്തിനു വേണ്ടി മാത്രം നിര്‍ബാധം വായിച്ചുകൊണ്ടിരുന്ന ഒരാള്‍ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലുണ്ടായിരുന്നു.
കുട്ടിക്കാലത്തു ഞാന്‍ കണ്ട ഏറ്റവും വലിയ വായനക്കാരനായിരുന്നു അദ്ദേഹം. മഞ്ഞളി, കൊച്ചുവറീത് മാഷ്. വിരമിച്ചതിനു ശേഷം വായനയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പരിപാടി. പക്ഷേ അതേക്കുറിച്ച് ആരോടും പറഞ്ഞു നടക്കുമായിരുന്നില്ല. അധികം പേര്‍ക്കൊന്നും അതറിയുകയുമില്ലായിരുന്നു. വായിക്കേണ്ടതെല്ലാം വില കൊടുത്തു വാങ്ങുകയായിരുന്നു പതിവ്. പുസ്തകങ്ങളുടേയും ആനുകാലികങ്ങളുടേയും വന്‍ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു.

വാര്‍ദ്ധക്യം വന്നണഞ്ഞ ശേഷവും മിക്കവാറും എന്നും വൈകീട്ട് അദ്ദേഹം ചാലക്കുടിയ്ക്കു പോകും. രാത്രി അവസാന ബസില്‍ പട്ടണത്തില്‍ നിന്നു ലേശം മിനുങ്ങി മടങ്ങി വരുന്ന മാഷിന്റെ കൈയില്‍ നിരവധി പത്രമാസികകള്‍ ഉറപ്പായും കാണും. ഒരിടവഴിയും പാടവും കയറിയെത്തേണ്ട വീട്ടിലേയ്ക്ക് ചിരട്ട കൊണ്ടു മറച്ച മെഴുകുതിരി വെളിച്ചത്തിലാണ് പോകുക. തിരി അണയാതിരിക്കാന്‍ മാത്രമല്ല ചിരട്ട. വരമ്പത്തു പാമ്പിനെ കണ്ടാല്‍ ചിരട്ട കൊണ്ടും ചെരിപ്പു കൊണ്ടും കൊന്നു കളഞ്ഞിട്ടു കൂളായി നടന്നു പോയിരുന്ന മനുഷ്യന്‍.

"എന്താ, ഹേ!" എന്നു തുടക്കമിട്ട് മുതിര്‍ന്നവരോടെന്ന പോലെയാണ് കുട്ടികളോടും അദ്ദേഹം സംസാരിക്കുക. പത്താം ക്ലാസ് കഴി‍ഞ്ഞുള്ള അവധിക്കാലത്ത് മാഷ് എനിക്കു വായിക്കാന്‍ തന്നെ രണ്ടു പുസ്തകങ്ങള്‍ ഇന്നും മറന്നിട്ടില്ല. - സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഒരു ദേശത്തിന്റെ കഥ. വിസ്മയകരമായിരുന്നു അന്ന് ആ രണ്ടു വായനകളും. പാഠപുസ്തകങ്ങളിലെ വിദൂരദൃശ്യങ്ങളായി മാത്രം കണ്ട ചരിത്രകഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സമീപദൃശ്യങ്ങള്‍ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' അനാവരണം ചെയ്യുന്നത് കണ്ട് അതിശയിച്ചു.

പൊറ്റെക്കാട്ടിന്റെ ദേശവും ശ്രീധരനും അവസാനത്തെ ഗൃഹാതുരതയും സമ്മാനിച്ച അനുഭൂതി അവിസ്മരണീയമായിരുന്നു. അതിന്റെ അവസാനവാചകം പിന്നീടൊരിക്കലും മറന്നില്ല - "അതിരാണിപ്പാടത്തിന്റെ പുതിയ കാവല്‍ക്കാരാ അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൗതുകവസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാന്‍. "

മുതിര്‍ന്നതിനു ശേഷം ഓര്‍മ്മകള്‍ പുതുക്കുന്നതിന് ആ നോവല്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുസ്തകമെടുത്തു തുറന്നെങ്കിലും ഇതിലൊന്നും വായിക്കാനില്ലല്ലോ എന്നു തോന്നി അടച്ചു വച്ചു. അതു പത്താം ക്ലാസില്‍ തന്നെ വായിക്കേണ്ടതാണെന്ന് കൊച്ചുവറീത് മാഷ് മനസ്സിലാക്കിയിരുന്നു എന്നപ്പോള്‍ മനസ്സിലായി.

ആ പുസ്തകങ്ങള്‍ മാഷ് തിരികെ വാങ്ങിയില്ല. മനപൂര്‍വമായിരുന്നു അത്. വായിച്ച പുസ്തകങ്ങള്‍ കാത്തു വയ്ക്കുന്ന ഭൂതമല്ലായിരുന്നു, അതു വായിക്കാത്തവര്‍ക്കുപകാരപ്പെടട്ടെ എന്നു ചിന്തിച്ച ഭാവിയായിരുന്നു മാഷ്.

മാഷ് മരിച്ച ശേഷം ആ പുസ്തകശേഖരം മകന്‍ ജോര്‍ജേട്ടന്‍ ഞങ്ങളുടെ ക്ലബ്ബിനു തന്നു.
പക്ഷേ പില്‍ക്കാലത്ത് അതവിടെ ചിതലരിച്ചു പോയി. ഒരുപക്ഷേ ഞാനുള്‍പ്പെടെയുള്ളവര്‍ അതിനുത്തരവാദികളാണ്. എങ്കിലും അതൊരു ഭീകരനഷ്ടമായിട്ടൊന്നും ഇപ്പോള്‍ തോന്നുന്നില്ല. വായിക്കാനാഗ്രഹമുള്ളവര്‍ക്ക് പുസ്തകങ്ങള്‍ കിട്ടാനില്ലാത്ത കാലമൊന്നുമല്ലല്ലോ ഇത്.

സമ്പാദിച്ച പുസ്തകങ്ങളേക്കാള്‍ ആര്‍ജിച്ച വായനാശീലമാകണം തിരുമുടിക്കുന്നിലെ പുതിയ തലമുറയ്ക്ക് അദ്ദേഹം കൈമാറാനാഗ്രഹിച്ചിട്ടുണ്ടാകുക എന്ന് കരുതി ആശ്വസിക്കുന്നു".

Next Story

Related Stories