സ്വപ്ന വീടുകള്‍ പണിത് കഴിഞ്ഞാല്‍ പിന്നെ അവ എത്രത്തോളം മനോഹരമാക്കാന്‍ സാധിക്കും എന്നും ചിന്തിക്കുന്നവരാണ് എല്ലാവരും. ഇതിനായി ഇന്റീരിയര്‍ വിദഗ്ധരെ സമീപിക്കുന്നവരാണ് നാം. എന്നാല്‍ അധികം മുതല്‍ മുടക്കില്ലാതെ വീട് അലങ്കരിക്കുന്ന കാര്യമാണ് പറയുന്നത്. അകത്തളങ്ങള്‍ മനോഹരമായി അലങ്കരിക്കാന്‍ ഏറ്റവും ഉത്തമമാണ് കുപ്പികള്‍. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുകയോ മുക്കിലും മൂലയിലുമൊക്കെ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനു പകരം ചില മിനുക്കുപണികള്‍ നടത്തിയാല്‍ ഇവ കിടിലന്‍ അലങ്കാരവസ്തുക്കളാക്കാം.
ഉപയോഗ ശൂന്യമായ കുപ്പികളില്‍ ചിത്രങ്ങളും ഡിസൈനുകളും നിറങ്ങളും നല്കി മനോഹരമാക്കാം. ഗ്ലാസ് ബോട്ടിലോ പ്ലാസ്റ്റിക് ബോട്ടിലോ ഏതായാലും പ്രശ്നമില്ല. ഇഷ്ടമുള്ള ഡിസൈന്‍സ് ഗ്ലാസ് പെയിന്റ് ഉപയോഗിച്ചോ അക്രിലിക് പെയിന്റ് ഉപയോഗിച്ചോ വരച്ചുചേര്‍ക്കാം.ഉപയോഗിക്കാത്ത മുത്തു മാലകളോ പാദസരങ്ങളോ ഉണ്ടെങ്കില്‍ പഴയ കുപ്പിയുടെ പുറത്തുകൂടി ചുറ്റാം അവ പല നിറത്തിലും വലുപ്പത്തിലും ഡിസൈനിലുമുള്ളവ ആവാം. ചാക്ക് ചരടുകളും ചണ നൂലുകളും മിക്ക വീടുകളിലും കാണും. ഒരല്പം പശ കൂടി ഉണ്ടെങ്കില്‍ അടിപൊളി ഷോ കേസ് പീസ് ആക്കി മാറ്റം ബോട്ടിലിനെ. പശ വച്ച് നൂല് കുപ്പിക്ക് ചുറ്റും ഒട്ടിച്ചാല്‍ മാത്രം മതി.
പല നിറത്തിലുള്ള നൂലുകള്‍ വച്ച് പല കോമ്ബിനേഷനുകളും പരീക്ഷിക്കാം. ഫ്രഷ് പൂക്കള്‍ പെയിന്റ് ചെയ്തതോ അല്ലാത്തതോ ആയ കുപ്പികളില്‍ ഒരല്പം വെള്ളം ഒഴിച്ച് ഇട്ട് വെക്കാം.നിറമില്ലാത്ത ചില്ല് കുപ്പിയില്‍ കുറച്ച് മണ്ണിട്ട് ചെടി നട്ടോളൂ. റൂമിനകത്തു വയ്ക്കേണ്ട ചെടികളാണെങ്കില്‍ സൂര്യപ്രകാശം കിട്ടുന്ന തരത്തില്‍ ജനലിനടുത്തു വെക്കണം എന്ന് മാത്രം.പ്ലാസ്റ്റിക് ബോട്ടിലാണ് എടുക്കുന്നതെങ്കില്‍ വീടിന് പുറത്ത് ഹാങ്ങിങ് ഗാര്ഡന് പോലുണ്ടാക്കാം.