Top

പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന വീടുകള്‍; ആശയം പങ്കിട്ട് വിദ്യാര്‍ഥികള്‍

പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന വീടുകള്‍; ആശയം പങ്കിട്ട് വിദ്യാര്‍ഥികള്‍

പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന വീടുകളെന്ന ആശയം അവതരിപ്പിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍. പ്രളയം വന്നാല്‍ പൊങ്ങി നില്‍ക്കുന്നതും ഭൂകമ്പത്തെ പ്രതിരോധിക്കുന്നതുമായ വീടുകള്‍ എന്ന ആശയം കൊല്ലം അഞ്ചലിലെ തടിക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ സിവില്‍ വിഭാഗം വിദ്യാര്‍ഥികളാണ് അവതരിപ്പിക്കുന്നത്. രണ്ട് തരം മാതൃകകളാണ് ഇവരുടെ കൈവശമുള്ളത്. വായു നിറച്ച ട്യൂബുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നവയാണൊന്ന്. വെള്ളം ഉയര്‍ന്നാല്‍ വീട് ഉയരുകയും താഴുമ്പോള്‍ അതേ നിരപ്പിലേക്ക് മാറുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

രണ്ടാമത്തേത് വീടിനുള്ളില്‍ സജ്ജീകരിക്കുന്ന നിയന്ത്രണ യൂണിറ്റിന്റെ സഹായത്തില്‍ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന കാലുകളോട് കൂടിയവയാണ്. ജി.എഫ്.ആര്‍.ജി. (ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം) ഷീറ്റുകള്‍ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മാണം. പ്രകൃതി സൗഹൃദം, 20 ശതമാനം സാമ്പത്തിക ലാഭം, ഭാര കുറവ്, ദീര്‍ഘകാലം ഈട്, വെള്ളം കടക്കാത്ത നിര്‍മാണ വസ്തുക്കള്‍, വീടിനുള്ളില്‍ കൂടുതല്‍ സ്ഥലം, വിള്ളല്‍ വീഴാത്ത ഭിത്തികള്‍, കുറച്ച് സമയത്തിനുള്ളില്‍ പൂര്‍ത്തീകരണം തുടങ്ങിയവയാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മേന്മകള്‍. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇത്തരം വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനാകുമെന്നാണ് ഇവരുടെ അവകാശ വാദം. ജോഷിന്‍ ജോജി, സാബിറ കബീര്‍, എബിന്‍ ജോസഫ്, അഖില്‍ കൃഷ്ണന്‍ എന്നിവരാണ് നൂതന ആശയവുമായി വൊക്കേഷണല്‍ എക്‌സ്‌പോയിലെത്തിയത്.


Next Story

Related Stories