TopTop
Begin typing your search above and press return to search.

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബൈല്‍ ആപ്പുമായി കൊച്ചി ഡിസൈന്‍ വീക്ക്

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബൈല്‍ ആപ്പുമായി കൊച്ചി ഡിസൈന്‍ വീക്ക്

ഡിസൈനര്‍ ടൈലുകളുടെ ക്രമീകരണം ലക്ഷ്യമാക്കി ഉപഭോക്താവിന് നല്‍കുന്ന മൊബൈല്‍ ആപ്പായ 'ഫ്രീ ഹാന്‍ഡു'മായി കൊച്ചി ഡിസൈന്‍ വീക്ക്. ഡിസൈന്‍ വീക്കിന്റെ ഓപ്പണ്‍ ഹൗസ് പരിപാടിയുടെ ഭാഗമായി നിറ്റ്‌കോ ടൈല്‍ കമ്പനിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന കളരിയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ദമ്പതികളായ ലിജോ ജോസും റെനി ലിജോയുമാണ് ടൈലുകളൊരുക്കിയത്.

ഇടപ്പള്ളിയിലുള്ള നിറ്റ്‌കോയുടടെ ലി സ്റ്റുഡിയോയില്‍ നടന്ന പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ പ്രമുഖരടക്കം നിരവധി പേരെത്തിയിരുന്നു. കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട നിരന്തര ആശയവിനിമയങ്ങളും ചര്‍ച്ചയും സംഘടിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.

ഒരു പെയിന്റ് ബ്രഷ് കൊണ്ട് വരയ്ക്കുന്ന മാതൃകയിലാണ് രണ്ട് നിറങ്ങളില്‍ ടൈലുകള്‍ ഡിസൈന്‍ ചെയ്തതെന്ന് ലിജോ ജോസ് പറഞ്ഞു. ഫ്രീ ഹാന്‍ഡ് എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന് വിവിധ രീതിയില്‍ ഇത് ക്രമീകരിച്ച് ഇഷ്ടമുള്ള ഡിസൈനിലേക്കെത്തിക്കാം. സ്വന്തം ഡിസൈന്‍ തന്നെ പരസഹായം കൂടാതെ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

ടൈലുകളില്‍ നല്‍കുന്ന ഡിസൈന്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള അവസരം ഉപഭോക്താവിന് നല്‍കുകയാണ് നിറ്റ്‌കോ ചെയ്തതെന്ന് ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് സുബ്രത ബസു ചൂണ്ടിക്കാട്ടി. 'ഫ്രീ ഹാന്‍ഡ്' എന്ന ആപ്പ് ഇതിന്റെ ഭാഗമാണ്. രൂപകല്‍പ്പനയിലെ ഏറ്റവും വലിയ ഈ മേളയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കിയത്. ഉച്ചകോടി ശനിയാഴ്ച സമാപിക്കും.


Next Story

Related Stories