TopTop

പ്രകൃതി സൗഹൃദ നിര്‍മ്മാണത്തിന് നിലവിലെ ചട്ടങ്ങള്‍ പൊളിച്ചെഴുതണം: ഡോ. വി വേണു

പ്രകൃതി സൗഹൃദ നിര്‍മ്മാണത്തിന് നിലവിലെ ചട്ടങ്ങള്‍ പൊളിച്ചെഴുതണം: ഡോ. വി വേണു

സംസ്ഥാനത്ത് പ്രകൃതി സൗഹൃദ സുസ്ഥിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ പൊളിച്ചെഴുതേണ്ടതാണെന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സിഇഒ-യും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. വി വേണു പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ നടന്നുവരുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാപ്രളയത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ബൃഹദ്പദ്ധതിയാണ് റിബില്‍ഡ് കേരള എന്ന് ഡോ. വേണു പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ നിശ്ചിത രൂപകല്‍പ്പനയില്‍ വീട് പണിയണമെന്ന് പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കാനാവില്ല. പ്രാദേശിക സാഹചര്യം പരിഗണിച്ച് പ്രകൃതിയോട് ഇണങ്ങുന്ന വീടുകള്‍ പണിയുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. കുട്ടനാട്ടില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നത് തൂണുകള്‍ക്ക് മേലെയാണ്. ഇത് അതിജീവനത്തിനായി അവിടുത്തെ ജനങ്ങള്‍ സ്വയം ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രകൃതിക്കനുസരിച്ച് മികച്ച രൂപകല്‍പ്പന നിര്‍മ്മാണ മേഖലയില്‍ കൊണ്ടുവരണം. അതിനായി സര്‍ക്കാര്‍ റിഫോം അജണ്ട മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഇതിനായി പൊളിച്ചെഴുതേണ്ടി വരും. സുസ്ഥിര-പ്രകൃതി സൗഹൃദ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിനായി നേരിട്ടോ വെബ്‌സൈറ്റ് വഴിയോ സര്‍ക്കാരിനു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാങ്കേതിക വിദഗ്ധര്‍, പൊതുജനങ്ങള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് ഉടന്‍ സൗകര്യമൊരുക്കും.

ചട്ടങ്ങളിലെ പഴുതുകള്‍ ദുരുപയോഗപ്പെടുത്തുന്നതിനു പകരം പ്രകൃതിസൗഹാര്‍ദ്ദമായ നിര്‍മ്മാണ രീതികള്‍ അവലംബിക്കാന്‍ ആര്‍ക്കിടെക്ട് സമൂഹം ശ്രദ്ധിക്കണം. കേരളത്തിന്റെ പ്രകൃതിഭംഗി നശിപ്പിക്കുന്നതില്‍ അനിയന്ത്രിത ടൂറിസം നിര്‍മ്മാണം കാരണമായിട്ടുണ്ടെന്ന തിരിച്ചറിവ് ഈ മേഖലയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര നിര്‍മ്മാണ രീതികളില്‍ മാത്രമാണ് കേരളത്തിന്റെ ഭാവിയെന്ന് പാനല്‍ ചര്‍ച്ചയ്ക്ക് മുമ്പ് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത ആര്‍ക്കിടെക്ട് ജി ശങ്കര്‍ പറഞ്ഞു. ദുരന്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അതിനെ അതിജീവിക്കുന്ന നിര്‍മ്മാണ രീതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ആര്‍ക്കിടെക്ട് മുജീബ്, ഡിസൈന്‍ ഇന്‍സ്പിരേഷന്‍സ് ഡയറക്ടര്‍ ജി. ജയ്‌ഗോപാല്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈനര്‍ അരുണ്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അമിറ്റി സര്‍വകലാശാലയിലെ ഡീന്‍ എമറിറ്റസ് കെ. ടി. രവീന്ദ്രന്‍ മോഡറേറ്ററായിരുന്നു.രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ് എന്ന നിലയിലേയ്ക്ക് കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.


Next Story

Related Stories