കേരള ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഭൂമിയുടെ ന്യായ വില ഉയര്‍ത്തുക എന്നത്. 10 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിച്ചത്. വന്‍കിട പദ്ധതികളുടെ സമീപമുള്ള ഭൂമിക്കു ന്യായ വില 30 ശതമാനം കൂട്ടുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 200 കോടിയുടെ അധിക വരുമാനമാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ മന്ദഗതിയിലായ റിയല്‍ എസ്റ്റേറ്റ് മേഖയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയുരുത്തല്.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. രജിസ്ട്രേഷന് ആക്റ്റില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധനയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിയുടെ പോക്കുവരവിന് ഫീസ് സ്ലാബ് വര്‍ദ്ധിപ്പിച്ചു. ലൊക്കേഷന്‍ മാപ്പിന് ഫീസ് കൂട്ടുകയും ചെയ്തിട്ടുണ്ട്.
3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപ നികുതി. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കും. പാട്ടക്കുടിശിക പിരിക്കും. സര്‍ക്കാര്‍ ഭൂമി പാട്ടക്കുടിശിക പിരിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍. 50 ശതമാനം ഇളവ് നല്‍കും; 100 കോടി രൂപ വരുമാനം. 5 വര്‍ഷത്തേക്കോ കൂടുതലോ ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് നല്‍കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
കൂടാതെ, ആഡംബര നികുതി വര്‍ധിപ്പിച്ചു. ഇതിലൂടെ 16 കോടിരൂപ അധിക വരുമാനം എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷ. വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. നികുതി വരുമാനം കാര്യക്ഷമാക്കാന്‍ ജിഎസ്ടി സംവിധാനം മെച്ചപ്പെടുത്താന്‍ 12 ഇന കര്‍മപരിപാടിയും മന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിലേക്ക് നിയോഗിക്കുംമെന്നാണ് ഇതില്‍ പ്രധാനം.
നികുതി വരുമാനം വര്ദ്ധിപ്പിക്കന്നതിന് ഒപ്പം ചെലവ് ചുരുക്കാനും ബജറ്റ് തയ്യാറാവുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കും. 4.98 ലക്ഷം പേര് ഇതുവരെ മസ്റ്ററിങ്ങിന് ഹാജരായിട്ടില്ല. അനര്‍ഹരെ നീക്കുമ്ബോള്‍ 700 കോടിയുടെ ചെലവ് കുറയും. വിവിധ സ്കീമുകളുടെ ഗുണഭോക്താക്കളുടെ പരിശോധന തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതിന് പുറമെ, സര്‍ക്കാര്‍ സര്‍വീസുകളില്‍ തസ്തിക സൃഷ്ടിക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തും. എയ്ഡഡ് സ്കൂളുകളില്‍ അധികതസ്തിക സൃഷ്ടിക്കുന്നതിന് നിയന്ത്രണം. സര്‍ക്കാര്‍ അറിയാതെയും അനുമതി ഇല്ലാതെയും തസ്തിക അനുവദിക്കില്ല. ചെക് പോസ്റ്റുകളിലെ ജീവനക്കാരെ ലോട്ടറി, പഞ്ചായത്ത് വകുപ്പുകളിലേക്ക് മാറ്റി.
ചെക്പോസ്റ്റുകളിലെ അധിക ജീവനക്കാരെ തദ്ദേശവകുപ്പിലേക്ക് മാറ്റും. കംപ്യൂട്ടറൈസേഷന് ഉള്‍പ്പെടെ പല പരിഷ്കാരങ്ങളും വന്നതോടെ ഓരോ വകുപ്പിലും പല തസ്തികകളും അപ്രസക്തമാണ്. ഇത് പരിഹരിക്കാനാണ് പുനര്‍വിന്യാസം നടപ്പാക്കുന്നത്. 1500 കോടി രൂപ ലാഭിക്കാനാവുമെന്നും മന്ത്രി പറയുന്നു. സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങില്ല പകരം വാടകയ്ക്കെടുക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.