Top

സുഗമമായ ഉറക്കത്തിന് ബെഡ്‌റൂം ഭംഗിയായി ക്രമീകരിക്കാം

സുഗമമായ ഉറക്കത്തിന് ബെഡ്‌റൂം ഭംഗിയായി ക്രമീകരിക്കാം

ജോലി തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സമ്മര്‍ദമില്ലാതെ സ്വസ്ഥമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ സുഗമമായ ഉറക്കത്തില്‍ ബെഡ്‌റൂമിനും പ്രധാന പങ്കുണ്ട്. റൂമില്‍ അനാവശ്യമായി സാധനങ്ങള്‍ കുത്തി നിറയ്ക്കാതെ അടുക്കും ചിട്ടയോടെ ഫര്‍ണിച്ചറും വസ്ത്രങ്ങളും പുസ്തകങ്ങളും ക്രമീകരിച്ചാല്‍ പൊസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്.

ചിട്ടയോടും ഭംഗിയായും ബെഡ്‌റൂം എങ്ങനെ സൂക്ഷിക്കാമെന്നത് ശ്രദ്ധിക്കാം. ഫര്‍ണിച്ചറുകളുടെ കാര്യത്തിലാണെങ്കില്‍ ചെറിയ മുറിയാണെങ്കില്‍ കണ്‍വെര്‍ട്ടബിള്‍ ഫര്‍ണിച്ചര്‍ ഗുണം ചെയ്യും. മടക്കാന്‍ കഴിയുന്ന കട്ടില്‍, കട്ടിലിനടിയില്‍ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യം എന്നിവ ഇത്തരം മുറികള്‍ക്ക് ഗുണമായിരിക്കും. ബെഡ്‌റൂമുകളില്‍ ഏറ്റവുമധികം സ്ഥലം അപഹരിക്കുന്നത് കട്ടിലുകളാണ്. ശരിയായ സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ മുറിയുടെ സിംഹഭാഗവും അതിനായി പോകും. മുറിയുടെ രൂപത്തിന് അനുസരിച്ചായിരിക്കണം കട്ടിലിടേണ്ടത്. ചെറിയ മുറിയാണെങ്കില്‍ ചുമരിനോടു ചേര്‍ന്ന് കട്ടിലിടുന്നതായിരിക്കും സൗകര്യം.

വലിപ്പമില്ലാത്ത മുറികളില്‍ ബെഡ്‌സൈഡ് ടേബിളുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. നിര്‍ബന്ധമെങ്കില്‍ ബെഡ്‌ഹെഡിനോട് ചേര്‍ന്ന് നിര്‍മിക്കാം. കൂടുതല്‍ ഫ്രീ സ്‌പേസ് കാണുന്ന രീതിയിലായിരിക്കണം മുറി ഒരുക്കേണ്ടത്. വിസ്തൃതമായ ചുമരുകളും ചുമരുകളുടെ നിറങ്ങളും കര്‍ട്ടനുകളും ബെഡ്‌റൂമിന് ഭംഗിയേകും.

മുറിയിലെ വസ്തുക്കള്‍ക്കും ചുമരുകള്‍ക്ക് ഉപയോഗിച്ച നിറങ്ങളുടെ ഷേഡുകള്‍ തന്നെ ഉപയോഗിക്കുക. മുറിയുടെ ചുമരുകളില്‍ ഉപയോഗിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും വലിയ വലിപ്പത്തിലുള്ളതാവരുത്. വലിയ രൂപത്തിലുള്ളവയാണെങ്കില്‍ മുറി വളരെ ചുരുങ്ങിയതായി തോന്നും. മുറികളില്‍ ഉപയോഗിക്കുന്ന ചില്ലുകൊണ്ടുള്ള ഫര്‍ണിച്ചറുകളാണെങ്കില്‍ മുറിയുടെ വലിപ്പക്കുറവ് ഫീല്‍ ചെയ്യില്ല. എല്ലാ ഭാഗത്തേക്കും നല്ല കാഴ്ചകിട്ടും. സിംപിള്‍ ആന്‍ഡ് റൊമാന്റിക് ആയിരിക്കണം ചുമരുകളുടെ നിറം. ഇളം പിങ്ക്, റോസ്, മെറൂണ്‍, നീല, പച്ച, ഐവറി എന്നീ നിറങ്ങള്‍ അനുയോജ്യമായിരിക്കും.


Next Story

Related Stories