TopTop
Begin typing your search above and press return to search.

ഉപേക്ഷിച്ച് പോകാന്‍ മനസ്സനുവദിച്ചില്ല; പ്രിയപ്പെട്ട വീട് മുഴുവനായി മാറ്റി സ്ഥാപിച്ച ദമ്പതികളെ അറിയാം

ഉപേക്ഷിച്ച് പോകാന്‍ മനസ്സനുവദിച്ചില്ല; പ്രിയപ്പെട്ട വീട് മുഴുവനായി മാറ്റി സ്ഥാപിച്ച ദമ്പതികളെ അറിയാം

നമ്മള്‍ ഒരു നീണ്ട യാത്രക്കൊരുങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ അലട്ടുന്നത് സ്വന്തം വീട് വിട്ട് പോവേണ്ടി വരുന്നതിലുള്ള വിഷമമാകും. വീട്ടിലെ പല ഭാഗങ്ങളും നമുക്ക് മിസ് ചെയ്യും. യാത്രക്കൊപ്പം നമുക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ കൊണ്ടുപോകാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ നമുക്ക് ഒരു വീട് മുഴുവനായി കൊണ്ടു പോകാന്‍ കഴിയുമോ? എന്നാല്‍ കഴിയുമെന്ന് പറയുകയാണ് ദമ്പതികളായ ജോണും, ഏഞ്ചല ഹോഡ്ജും.

ജോണും ഏഞ്ചല ഹോഡ്ജും പുതുതായി ഭൂമി വാങ്ങിയപ്പോള്‍ അവരുടെ ജീവിതത്തിലെ പഴയ ഓര്‍മ്മകള്‍ സമ്മാനിച്ച അവരുടെ പ്രിയപ്പെട്ട വീട് വിട്ടുപോകാന്‍ മനസ് അനുവദിച്ചില്ല.ഒടുവില്‍ അവര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഈ വീട് കൊണ്ടുപോയി പുതിയ സ്ഥലത്ത് സ്ഥാപിക്കുക. പതിനാറാം നൂറ്റാണ്ടിലെ ഗ്രേഡ് II ലിസ്റ്റുചെയ്ത എലിസബത്തന്‍ മാനര്‍ ഹൗസായ ബല്ലിംഗ്ഡണ്‍ ഹാള്‍ ആയിരുന്നു അവരുടെ വീട്. അതെ 1972 -ലെ ശൈത്യകാലത്ത് അവര്‍ തങ്ങളുടെ വീട് സഫോള്‍ക്കിലെ സഡ്ബറി കുന്നിന്‍ ചെരിവിന് സമീപം മാറ്റിസ്ഥാപിച്ചു. പിന്‍ഫോര്‍ഡ് (ഇപ്പോള്‍ ആബി പിന്‍ഫോര്‍ഡ്) എന്ന സ്ഥാപനമാണ് ഈ ദൗത്യം ഏറ്റെടുത്ത് നടത്തിയത്.

പിന്‍ഫോര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറഞ്ഞെങ്കിലും എല്ലാത്തരം നിയമപോരാട്ടങ്ങളും കഴിഞ്ഞ് ഇത് പുനഃസ്ഥാപിക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു. ഇത് നീക്കം ചെയ്യുക എളുപ്പമായിരുന്നില്ല. വീട് ഇളക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടി ആദ്യം അഞ്ച് കൂറ്റന്‍ ചിമ്മിനികള്‍, ഫയര്‍പ്ലെയ്സുകള്‍, ചില ഇന്റീരിയര്‍ മതിലുകള്‍ എന്നിവ നീക്കം ചെയ്തു. വീട് പുതിയ സ്ഥാനത്തേക്ക് മാറ്റിയശേഷം ഇവയെല്ലാം പുനര്‍നിര്‍മിച്ചു. ആദ്യം, പിന്‍ഫോര്‍ഡ് കെട്ടിടത്തിന് ചുറ്റും കുഴിയുണ്ടാക്കി. വീടിന്റെ അടിയില്‍ മരംകൊണ്ടുള്ള വലിയ ബീമുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ഹൈഡ്രോളിക് ലിഫ്റ്റുകള്‍ ഉപയോഗിച്ച് 12-15 അടിവരെ ഉയര്‍ത്തി. മുഴുവന്‍ ഘടനയും 12-15 അടിവരെ ഉയര്‍ത്തി. രണ്ട് കൂറ്റന്‍ ബെയ്ലി പാലങ്ങളുടെ (രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച പോര്‍ട്ടബിള്‍ പാലങ്ങള്‍) പിന്തുണയോടെ 170 ടണ്‍ ഭാരമുള്ള മരംകൊണ്ടുള്ള വീട് 26 മെറ്റല്‍ വീലുകളുടെ സഹായത്തോടെ ഉരുട്ടാന്‍ തുടങ്ങി. വീട് വലിച്ചു കൊണ്ടുപോകാന്‍ രണ്ട് കൂറ്റന്‍ കാറ്റര്‍പില്ലര്‍ ട്രാക്ടറുകളും വിന്യസിച്ചു. ആദ്യത്തെ കുറച്ച് ദിവസം കുറച്ച് ഇഞ്ചുകള്‍ മാത്രമേ നീക്കാന്‍ സാധിച്ചുള്ളൂ. ഈ ചരിത്ര സംഭവം കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ആളുകളോട് കൂടുതല്‍ അടുക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ പറഞ്ഞുകൊണ്ടിരുന്നു. ക്രമേണ, ബാലിംഗ്ഡണ്‍ ഹാള്‍ അതിന്റെ പുതിയ മണ്ണിലേയ്ക്ക് ഇഞ്ചിഞ്ചായി താഴ്ത്തി. പുതിയ കിടങ്ങുകള്‍ ഉപയോഗിച്ച് ബീമുകള്‍ ഓരോന്നായി നീക്കംചെയ്തു. എന്നാല്‍, ചിമ്മിനികള്‍ പുനഃസ്ഥാപിക്കാനും ബേ വിന്‍ഡോകള്‍ക്ക് ചുറ്റും പുതിയ തൂണുകള്‍ നിര്‍മ്മിക്കാനും പിന്നെയും അഞ്ച് വര്‍ഷമെടുത്തു.

കുറെയേറെ പ്രയാസപ്പെട്ടെങ്കിലും ഇപ്പോള്‍ അവര്‍ സന്തോഷവതിയാണ്. അത്തരമൊരു തീരുമാനത്തില്‍ ഇന്നവര്‍ അഭിമാനിക്കുന്നു. കാരണം അതിനുശേഷം ഒരു രാത്രിയില്‍, അതിഭയങ്കരമായ ഒരു കൊടുങ്കാറ്റ് വീശി. ആ കൊടുങ്കാറ്റില്‍ അവിടെയുണ്ടായിരുന്ന ഒരു ഭീമന്‍ ഓക്ക് വീട് മുന്‍പ് ഇരുന്നിരുന്നിടത്തേക്ക് മറിഞ്ഞുവീണു. 'അവിടെ തന്നെയാണ് താമസിച്ചിരുന്നതെങ്കില്‍, ഞങ്ങള്‍ എല്ലാവരും അതിന്റെ അടിയില്‍പ്പെട്ട് അന്ന് മരിച്ചേനെ...' മിസ്സിസ് ഹോഡ്ജ് പറഞ്ഞു. മിസ്സിസ് ഹോഡ്ജിന്റെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം മരിച്ചു. ഇപ്പോള്‍ 25 മുറികളുള്ള, മൂന്ന് നിലയുള്ള ഈ വീട് നോക്കാന്‍ ബുദ്ധിമുട്ടേറിയപ്പോള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. വീടിന് 1.9 ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്.


Next Story

Related Stories