ഗ്ലോബല്‍ ഹൗസിംഗ് ടെക്നോളജി ചാലഞ്ചിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. രാജ്യത്തെ ആധുനിക ഭവന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണവും സ്റ്റാര്‍ട്ടപ്പും പ്രോത്സാഹിപ്പിക്കുന്നതിനാണ് ആഷ-ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭവനനിര്‍മ്മാണത്തിന് ഇതുവഴി ചെലവുകുറഞ്ഞ നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ രൂപീകരിക്കാന്‍ ആവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പ്രചാരണ പരിപാടിയില്‍ 5 മികച്ച സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നഗരങ്ങളില്‍ വളരെ ചുരുങ്ങിയ സമയത്ത് ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
നൂതന നിര്‍മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇന്‍ഡോറില്‍, കല്ലും ചുണ്ണാമ്പ് കൂട്ടുമില്ലാതെ, പകരം പ്രീഫാബ്രിക്കേറ്റഡ് പാനല്‍ സംവിധാനം ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.ഫ്രഞ്ച് സാങ്കേതികവിദ്യയില്‍ മോണോലിത്തിക്ക് കോണ്‍ക്രീറ്റ് നിര്‍മ്മിതിയില്‍ രാജ്കോട്ടില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായിരിക്കും. ചെന്നൈയില്‍ യുഎസ്, ഫിന്‍ലാന്‍ഡ് സാങ്കേതികവിദ്യയില്‍ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കും. ജര്‍മ്മനിയുടെ 3ഡി നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റാഞ്ചിയില്‍ വീടുകള്‍ നിര്‍മ്മിക്കുക. പരിപാടിയില്‍ ആശാ- ഇന്ത്യ വിജയികളെയും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെമികച്ച നിര്‍വ്വഹണത്തിനുള്ള വാര്‍ഷിക അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. നൂതന നിര്‍മ്മാണ സാങ്കേതികവിദ്യയിലെ 'നവ രീതി' എന്ന പുതിയ സര്ട്ടിഫിക്കേഷന് കോഴ്സ് അദ്ദേഹം പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഉത്തര്‍പ്രദേശ്, ത്രിപുര, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.