Top

പുതിയ കെട്ടിടങ്ങള്‍ക്ക് മഴവെളള സംഭരണി നിര്‍ബന്ധം; നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാം

പുതിയ കെട്ടിടങ്ങള്‍ക്ക് മഴവെളള സംഭരണി നിര്‍ബന്ധം; നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാം

പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മഴവെള്ളസംഭരണി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുതിയ കെട്ടിട നിര്‍മാണ ചട്ടമാണ് 150 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള വീടുകള്‍ക്കും നൂറുമീറ്ററില്‍ കൂടുതലുള്ള വാണിജ്യകെട്ടിടങ്ങള്‍ക്കും മാത്രം സംഭരണിയെന്ന നിബന്ധന എടുത്തുകളഞ്ഞത്. വീടുകള്‍ക്ക് ഒരു ചതുരശ്രമീറ്ററിന് 25 ലിറ്ററും വാണിജ്യകെട്ടിടമാണെങ്കില്‍ 50 ലിറ്ററും ശേഷിയുള്ള മഴവെള്ളസംഭരണി വേണം. അപകടസാധ്യതയുള്ള വ്യവസായങ്ങള്‍ക്കായി (ഹസാഡസ് ഇന്‍ഡസ്ട്രീസ്) നിര്‍മിക്കുന്ന കെട്ടിടത്തിന് ആവശ്യമില്ല.

എങ്ങനെ വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കാം. കേരളത്തില്‍ ധാരാളം മഴ കിട്ടുന്നുണ്ടെങ്കിലും വേനല്‍ക്കാലമെത്തുന്നതോടെ പലയിടങ്ങളിലും വരള്‍ച്ചയാകും. ജലക്ഷാമത്തെ നേരിടാന്‍ വീടുകളില്‍ തന്നെ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മഴവെള്ളം സംഭരണികളുണ്ടാക്കി ടെറസ്/ മേല്‍ക്കൂര വൃത്തിയാക്കി പതിക്കുന്ന വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കണം, ഇതിനായി വ്യാസംകൂടിയ പൈപ്പുകള്‍ പിളര്‍ന്ന് ഉപയോഗിക്കാം. മാലിന്യം കലരാതിരിക്കാന്‍ മൂന്ന് അടുക്കുകളുള്ള അരിപ്പ വഴിയാണ് വെള്ളം ടാങ്കിലേക്ക് കടത്തിവിടുന്നത്. പ്ലാസ്റ്റിക്, കോണ്‍ക്രീറ്റ്, ഫൈബര്‍, ഫെറോ സിമന്റ് എന്നിവയില്‍ നിര്‍മിച്ച ടാങ്കുകള്‍ ഇതിനായി ലഭ്യമാണ്. പൂര്‍ണമായും ഉപരിതലത്തിലോ മണ്ണിനടിയിലോ ടാങ്ക് നിര്‍മിക്കാം. ആദ്യത്തെ രണ്ടോ മൂന്നോ മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമായിരിക്കണം സംഭരണിയിലേക്ക് വിടുന്നത്. ഫെറോസിമന്റ് കൊണ്ട് നിര്‍മിച്ചവയ്ക്കാണ് ഏറ്റവും ചെലവു കുറവ്. ഭൂമിക്ക് അടിയിലോ മുകളിലോ നിര്‍മിക്കാം. ചിരട്ടക്കരി, മണല്‍, ചരല്‍, മെറ്റല്‍ എന്നിവ കൊണ്ടുള്ള അരിപ്പയിലൂടെ അരിച്ചാണ് വെള്ളം സംഭരണിയ്ക്ക് അകത്തേക്ക് വിടുക. 10000 മുതല്‍ 50000 വരെ ലിറ്ററിന്റെ സംഭരണികളാണ് വീടുകളില്‍ സ്ഥാപിക്കാറ്. ഒരു വ്യക്തി ശരാശരി 20 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചംഗ കുടുംബത്തിന് പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണികൊണ്ട് വേനല്‍ക്കാലം അതിജീവിക്കാം. വൃത്താകൃതിയിലാണ് സംഭരണികളില്‍ ഏറെയും. ചെറിയ വീടും കുറഞ്ഞ സ്ഥലവും ഉള്ളവര്‍ക്കും സംഭരണി പണിയാം. കാര്‍പോര്‍ച്ചിന് അടിയില്‍ പോലും പണിയാവുന്നതാണ് മഴവെള്ള സംഭരണി. ഒരുവര്‍ഷത്തോളം വെള്ളം കേടുകൂടാതെയിരിക്കും. ടാങ്ക് മൂടി ഉപയോഗിക്കണം.


Next Story

Related Stories