TopTop

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണം; റെറ നിലവില്‍ വന്നു

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണം; റെറ നിലവില്‍ വന്നു

സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിന് റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) നിലവില്‍ വന്നു. ഇനി മുതല്‍ നിര്‍മാണത്തിലുള്ളതും ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വിപണനം ആരംഭിക്കാന്‍ കഴിയില്ലെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടന്‍ പ്രഖ്യാപിക്കും. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങള്‍ക്ക് 50 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളില്‍നിന്ന് കെട്ടിട നിര്‍മാണ വായ്പയെടുക്കുന്നതിനും റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള പരാതികള്‍ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സര്‍ക്കാരിനു കിട്ടിയ രണ്ട് പരാതികള്‍ റെറയിലേക്ക് കൈമാറിയതായും കുര്യന്‍ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികള്‍ നല്‍കേണ്ടത്. പരാതി നല്‍കുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്‌സൈറ്റില്‍ (rera.kerala.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരാതികള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും. ഉപഭോക്താക്കളോടൊപ്പം ബില്‍ഡര്‍മാര്‍ക്കും റെറയില്‍ പരാതി നല്‍കാം. പരാതിയില്‍ രണ്ട് മാസത്തിനുള്ളില്‍ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിര്‍ദേശങ്ങളായിരിക്കും പരാതി തീര്‍പ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്.


Next Story

Related Stories