TopTop
Begin typing your search above and press return to search.

48 കോടി മുടക്കി വാങ്ങിയ ഫ്‌ളാറ്റ് ഉപേക്ഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും പുതിയ അപ്പാര്‍ട്‌മെന്റിലേക്ക്

48 കോടി മുടക്കി വാങ്ങിയ ഫ്‌ളാറ്റ് ഉപേക്ഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും പുതിയ അപ്പാര്‍ട്‌മെന്റിലേക്ക്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആസ്തികളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് പട്ടൗഡി പാലസ്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പട്ടൗഡി പാലസ് ഇപ്പോള്‍ സെയ്ഫിന്റെയും ഭാര്യ കരീന കപൂറിന്റെയും മകന്‍ തൈമൂറിന്റെയും അവധിക്കാല വസതിയാണ്. മുംബൈ ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലാണ് താരകുടുംബം നിലവില്‍ താമസിക്കുന്നത്. ഖാന്‍ കുടുംബം നിലവിലുള്ള ഫ്‌ളാറ്റിന് നേരെ എതിര്‍വശത്തായി പുതിയ അപ്പാര്‍ട്‌മെന്റിലേക്ക് മാറുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത‍.

2013 മുതല്‍ താമസിച്ച് വരുന്ന വീടിനെക്കാള്‍ വിശാലമായ ഒരിടത്തേക്ക് മാറണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത് എന്ന് സെയ്ഫ് പറയുന്നു. പുതിയ വീട്ടിലേക്കു മാറുന്നതോടെ നിലവിലുള്ള ഫ്‌ളാറ്റ് വാടകയ്ക്കു കൊടുക്കാനാണ് സെയ്ഫിന്റെ തീരുമാനം. പുതിയ അപ്പാര്‍ട്‌മെന്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും സെയ്ഫ് പറയുന്നു. ഇപ്പോള്‍ താമസിക്കുന്ന മൂന്നുനിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് 2013ല്‍ 48 കോടി മുടക്കിയാണ് താരം സ്വന്തമാക്കിയത്. ഓരോ നിലയിലും മൂന്നു ബെഡ്‌റൂമുകളുള്ളതാണ് ഈ ഫ്ലാറ്റ്.

അന്യാധീനപ്പെട്ടുപോയ പട്ടൗഡി പാലസ് തിരികെ നേടിയതിനെക്കുറിച്ചും അടുത്തിടെ സെയ്ഫ് പറഞ്ഞിരുന്നു. പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിച്ചതല്ല എന്നായിരുന്നു ഒരു അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്. ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം ഉപയോഗിച്ച് തിരികെ വാങ്ങുകയായിരുന്നു. പിതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനുമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി മരിച്ചതോടെ കൊട്ടാരം പാട്ടത്തിന് നല്‍കേണ്ടി വന്നു. ഒമ്പതാമത്തെ നവാബായ മന്‍സൂര്‍ അലി ഖാന്‍ 1971-ല്‍ രാജപദവികള്‍ എടുത്തുകളഞ്ഞതോടെ നവാബ് പട്ടവും ഉപേക്ഷിച്ചു.

ഇന്ന് 800 കോടി രൂപ വിലമതിക്കുന്ന കൊട്ടാരം സെയ്ഫിന്റെ പിതാവിന്റെ മരണത്തോടെ നീമ്രാണ ഹോട്ടല്‍സ് നെറ്റ്വര്‍ക്കിന് പാട്ടത്തിന് നല്‍കുകയായിരുന്നു. പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് 2014ല്‍ കൊട്ടാരം സെയ്ഫ് തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്. തൈമൂറിന്റെ ആദ്യ പിറന്നാള്‍ ആഘോഷം നടന്നതും ഇവിടെ ആയിരുന്നു.

മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. 1900-ത്തില്‍ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ഹോട്ടലിന് പാട്ടത്തിന് നല്‍കിയത്. ഏഴ് ബെഡ്‌റൂം, ഏഴ് ഡ്രസിംഗ് റൂം, ഏഴ് ബില്യാര്‍ഡ്‌സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.


Next Story

Related Stories