മുതിര്‍ന്ന പൗരന്മാര്ക്കായി ലോകോത്തര നിലവാരമുളള വീടുകള്‍ നിര്‍മിക്കാന്‍ സീസണ് ടു സീനിയര്‍ ലിവിങും അസറ്റ് ഹോംസും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ആദ്യ പദ്ധതിയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര്ക്ക് അനുയോജ്യമായ രീതിയില്‍ സീസണ് ടു ലഭ്യമാക്കുന്ന രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാവും ആലുവ രാജഗിരി ആശുപത്രിക്കു സമീപം അസറ്റ് ഹോം പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 360 അപാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുക. ഇതു പൂര്‍ത്തിയാകുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സമാധാനപരവും ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പിക്കാന്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സീസണ് ടു സംഘം എത്തുകയും ചെയ്യും.
പ്രാഥമിക ആരോഗ്യ സേവനം, ഫിസിയോ തെറാപി, ഹൈഡ്രോ തെറാപി, മുറിക്കുള്ളിലെ നഴ്സിങ്, ആയുര്‍വേദ ചികില്‍സ, നടത്തത്തിനുള്ള പാതകള്‍, യോഗാ സെന്റര്‍, ഫിറ്റ്നെസ് കേന്ദ്രം, വിനോദ സൗകര്യങ്ങള്‍, സാമൂഹിക കേന്ദ്രങ്ങള്‍ എന്നിങ്ങനെ മുതിര്‍ന്ന പൗരന്മാര്ക്ക് സഹായകമാകുന്ന എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും.
ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 2011-ലെ 104 ദശലക്ഷത്തില്‍ നിന്ന് മൂന്നു മടങ്ങു വര്‍ധിച്ച് 2050-ല്‍ 300 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050-ലെ ആകെ ജനസംഖ്യയുടെ 18 ശതമാനമായിരിക്കും ഇത്. ലോകത്തില്‍ ജനസംഖ്യ ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന വിഭാഗമാണ് 60 വയസിനു മുകളിലുള്ളവരുടേത്. 11.5 ശതമാനത്തില്‍ നില്ക്കുന്ന ഇത് 2050-ഓടെ 22 ശതമാനമാകും എന്നാണ് കണക്കു കൂട്ടുന്നത്.
ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തെ പുനര്‍നിര്‍വചിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സീസണ് ടു ചീഫ് ഓപറേറ്റിങ് ഓഫിസറും ബോര്‍ഡ് മെമ്പറുമായ അഞ്ജലി നായര്‍ പറഞ്ഞു. ഈ ദിശയിലെ ആദ്യ ചുവടു വെയ്പാണ് അസറ്റ് ഹോംസുമായുള്ള സഹകരണം. ഉപഭോക്തൃ കേന്ദ്രീകൃതമായ നവീനമായ പദ്ധതികളുടേയും ഉയര്‍ന്ന നിലവാരത്തില്‍ കൃത്യസമയത്തു തന്നെ കൈമാറ്റം ചെയ്യുന്ന ഭവന പദ്ധതികളുടേയും പേരിലാണ് അസറ്റ് ഹോംസ് അറിയപ്പെടുന്നതെന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാറും പറഞ്ഞു.