TopTop

പുരപ്പുറ സൗരോര്‍ജപദ്ധതി; തെരഞ്ഞെടുത്ത വീടുകളില്‍ ഫെബ്രുവരിയോടെ നടപ്പാക്കും

പുരപ്പുറ സൗരോര്‍ജപദ്ധതി; തെരഞ്ഞെടുത്ത വീടുകളില്‍ ഫെബ്രുവരിയോടെ നടപ്പാക്കും

കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജപദ്ധതി തെരഞ്ഞെടുത്ത വീടുകളില്‍ ഫെബ്രുവരിയോടെ നടപ്പാക്കും. ആദ്യഘട്ടത്തില്‍ 2,72,000 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 42,520 ഉപഭോക്താക്കളുടെ വീടുകളിലാണ് സൗരോര്‍ജനിലയങ്ങള്‍ സ്ഥാപിക്കുന്നത്.ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തില്‍നിന്ന് ശരാശരി നാലുയൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാം. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ തടസ്സമില്ലാതെ സൂര്യപ്രകാശം ലഭിക്കാനുള്ള സാധ്യത, ഉത്പാദിപ്പിക്കുന്ന വൈദ്യുതിവിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്.

സ്ഥാപനങ്ങള്‍ക്കും ത്രിതല പഞ്ചായത്തിന് കീഴിലുള്ള കെട്ടിടങ്ങള്‍ക്കും സൗരനിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ഉണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബി. നിര്‍വഹിക്കും.

കേരളത്തെ വൈദ്യുതമിച്ച സംസ്ഥാനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 'സൗര' പദ്ധതി നടപ്പാക്കുന്നത്. രണ്ടുവര്‍ഷത്തിനകം 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് 'പുരപ്പുറ സൗരോര്‍ജ' വൈദ്യുതി നിലയങ്ങളില്‍നിന്നാണ്. ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജസുരക്ഷ ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.


Next Story

Related Stories