കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വീടിനുള്ളിലായ കുട്ടികളുടെ സ്ക്രീന്‍ സമയം കൂടുതല്‍ ഫലപ്രദമാക്കാനായി പ്രമുഖ യുവ സ്പോര്‍ട്ട്സ് പ്ലാറ്റ്ഫോമായ സ്പോര്‍ട്ട്സ് വില്ലേജ് 'ആക്റ്റീവ് ക്ലബ്' എന്ന പേരില്‍ പ്രത്യേക പരിപാടി വികസിപ്പിച്ചു. നാലിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ, കായികക്ഷമത വളര്‍ത്തുന്നതിനുള്ളതാണ് പരിപാടി. കുട്ടികളെ അവരുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ തന്നെ ശാരീരികമായി സജിവമാക്കുകയും കായികമായി വളര്‍ത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്പോര്‍ട്ട്സ് വില്ലേജ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പരിശീലകന്റെ നേതൃത്വത്തിലുള്ള പരിപാടിക്ക് കുട്ടികളും മാതാപിതാക്കളും വിവിധ പരിശീലന മോഡ്യൂളുകളുടെ വരിക്കാരാകണം. അംഗീകൃത പരിശീലകര്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പരിശീലനം നല്‍കും. കായിക, ഫിറ്റ്നസ് അറിവുകളും പകരും. കുട്ടികള്‍ സ്ക്രീനില്‍ നിന്നും നിശ്ചിത അകലം പാലിക്കുന്നതിനാല്‍ കണ്ണിനും കുഴപ്പമുണ്ടാകുന്നില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ 22 വര്‍ഷത്തെ പരിചയമുള്ള 2004 മുതല്‍ 2008വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറാപിസ്റ്റായിരുന്ന ജോണ്‍ ഗ്ലോസ്റ്റര്‍, സ്പോര്‍ട്ട്സ് വില്ലേജ് സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ സൗമില്‍ മജുംദാര്‍ എന്നിവരാണ് ആക്റ്റീവ് ക്ലബ് പരിപാടി വികസിപ്പിച്ചതിനു പിന്നില്‍.