TopTop
Begin typing your search above and press return to search.

ചുവരുകളുടെ മോടികൂട്ടുന്ന വാള്‍ ആര്‍ട്ടുകള്‍ ട്രെന്‍ഡാകുന്നു

ചുവരുകളുടെ മോടികൂട്ടുന്ന വാള്‍ ആര്‍ട്ടുകള്‍ ട്രെന്‍ഡാകുന്നു

വീടിന്റെ ചുവരുകളെയും ആകര്‍ഷകമാക്കി പുത്തന്‍ ലുക്ക് നല്‍കുന്നത് ട്രെന്‍ഡായിരിക്കുകയാണ്. ചുവരുകളുടെ മോടികൂട്ടുന്നതിന് പല തരത്തിലുള്ള വാള്‍ ആര്‍ട്ടുകളും ആക്‌സസറീസും ഉപയോഗിച്ചു വരുന്നുണ്ട്. ചുവരുകള്‍ അലങ്കാരമാക്കാന്‍ വ്യത്യസ്ത ഡിസൈനുകളിലുള്ള കിടിലന്‍ വാള്‍ സ്റ്റിക്കറുകളും വിപണിയിലുണ്ട്.

ഭിത്തിയലങ്കാരത്തിലെ പുതിയ ട്രെന്‍ഡാവുകയാണ് വാള്‍ ആര്‍ട്ട്. വാള്‍ സ്റ്റിക്കറിനെയും വാള്‍ പേപ്പറിനെയും വെല്ലുന്ന രീതിയിലാണ് പെയിന്റുകള്‍ കൊണ്ട് ചുവരുകളില്‍ സമകാലിക രീതിയില്‍ ചിത്രപ്പണികള്‍ നടത്തുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുകളിലാണ് വാള്‍ ആര്‍ട്ട് ചെയ്യുന്നത്. ഗോവണിയോടു ചേര്‍ന്ന ചുവരില്‍ പൂത്തുലഞ്ഞ മരവും ചിറകുവിരിച്ചു പറന്നുയരുന്ന പക്ഷിക്കൂട്ടവുമെല്ലാം നിങ്ങളുടെ അകത്തളങ്ങളെ ജീവസുറ്റതാക്കുമെന്ന് ഉറപ്പാണ്.

കിടപ്പുമുറിയില്‍ ഹെഡ്‌വാള്‍, ലിവിങ്ങില്‍ സീറ്റിങ് ഒരുക്കിയതിനു പിറകിലുള്ള ഭിത്തി, വാഷ് കൗണ്ടറിന് സമാന്തരമായി വരുന്ന ഭാഗം, വായനാമുറി, കുട്ടികളുടെ മുറി, കോറിഡോര്‍, സീലിങ് തുടങ്ങി ആകര്‍ഷകമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഗത്ത് വീടിന്റെ തീമിനും അകത്തളത്തിന് നല്‍കിയ നിറത്തിനും അനുയോജ്യമായി വാള്‍ ആര്‍ട്ട് പെയിന്റിങ് ചെയ്യാം. കൂടാതെ കുട്ടികളുടെ മുറിയില്‍ അവരുടെ കാര്‍ട്ടൂണ്‍ ഹീറോകളോ നക്ഷത്രങ്ങളും അമ്പിളിമാമനും തിളങ്ങുന്ന ആകാശമോ വരക്കാം. നഴ്‌സറി സ്‌കൂളില്‍ പോയി തുടങ്ങുന്നവര്‍ക്കായുള്ള മുറിയാണെങ്കില്‍ എ,ബി,സി,ഡി അക്ഷരങ്ങളും അക്കങ്ങളും ആകൃതികളുമെല്ലാം പരീക്ഷിക്കാം. കുടുംബ ചിത്രങ്ങള്‍ ചുവരില്‍ ആകര്‍ഷകമായി ഒരുക്കുന്നതിനും വാള്‍ ആര്‍ട്ട് പ്രയോജനപ്പെടുത്താം. ചിത്രങ്ങള്‍ ക്രമീകരിക്കാനുള്ള ചുവരില്‍ ഫാമിലി ട്രീ വരച്ച്? ഒരോ ചില്ലകളില്‍ എന്നതുപോലെ ഫ്രയിം ചെയ്ത കുടുംബ ചിത്രങ്ങള്‍ തൂക്കിയിടാവുന്നതാണ്.


Next Story

Related Stories