TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകള്‍ ജയിച്ചു കൊണ്ടേയിരിക്കുന്നത്?

എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകള്‍ ജയിച്ചു കൊണ്ടേയിരിക്കുന്നത്?
ഒഡീഷ ജില്ല പരിഷത്തിലെ 849 സീറ്റുകളിലെ 797 സീറ്റുകളുടെ ഫലങ്ങള്‍ ശനിയാഴ്ച ഔദ്യോഗികമായി പുറത്തുവന്നു. ഇതില്‍ 448 സീറ്റുകള്‍ ബിജു ജനതദളും 283 സീറ്റുകള്‍ ബിജെപിയും 49 സീറ്റുകള്‍ കോണ്‍ഗ്രസും സ്വതന്ത്രരും മറ്റുള്ളവരും ചേര്‍ന്ന് 17 സീറ്റുകളും നേടി.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ദരിദ്രര്‍ നല്‍കിയ അംഗീകാരമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഒഡീഷയിലെ ആദിവാസി, പിന്നോക്ക മേഖലകളില്‍ ബിജെപി ജയിക്കാനുള്ള കാരണമെന്ന് വെള്ളിയാഴ്ച പാര്‍ട്ടി അവകാശപ്പെട്ടു.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ജനങ്ങളെ 'വഞ്ചിക്കുകയായിരുന്നു' എന്ന് ആരോപിച്ച ബിജെപി നേതാക്കള്‍, തങ്ങളാണ് പ്രധാന പ്രതിപക്ഷമെന്നും കോണ്‍ഗ്രസ് നാമാവശേഷമായെന്നും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ജുവല്‍ ഓറവും ധര്‍മ്മേന്ദ്ര പ്രധാനും പാര്‍ട്ടിയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചേര്‍ന്ന് നടത്തിയ ഒരു പത്രസമ്മേളനത്തില്‍, സംസ്ഥാനത്ത് പാര്‍ട്ടി നേടിയ വലിയ വിജയത്തിന്റെ ഒരു വിശദമായ ചിത്രം വരച്ചുകാട്ടി.

ബിജെഡിയുടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങളെ 'വഞ്ചിച്ചതാണ്' 18 വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിലുള്ള ജനകീയ വിദ്വേഷത്തിന്റെ കാരണമായതെന്ന് ഓറം ആരോപിച്ചു.

രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലകളായ കളഹന്ദി, ബാന്‍ഗിര്‍, നക്‌സല്‍ ബാധിത മാലക്കന്‍ഗിരി, മായൂര്‍ബഞ്ച് എന്നിവിടങ്ങളില്‍ യഥാക്രമം 36ല്‍ 34ലും 34ല്‍ 24ലും 15ല്‍ 10ഉം 56ല്‍ 49ഉം സീറ്റുകള്‍ നേടി പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് പ്രധാന്‍ അഭിപ്രായപ്പെട്ടു.

'നവംബര്‍ എട്ടിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ദരിദ്രരുടെ വിശ്വാസം വര്‍ദ്ധിച്ചു,' എന്ന് നോട്ട് നിരോധന തീരുമാനം പ്രഖ്യാപിച്ച ദിവസത്തെയും അതിനുശേഷം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ നടന്ന മധ്യപ്രദേശ്, ഗുജറാത്ത്. ചണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ വിജയത്തെയും പരാമര്‍ശിച്ചുകൊണ്ട് പ്രധാന്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കാവിശക്തികള്‍ മഹാരാഷ്ട്ര തൂത്തുവാരുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും വലിയ ശക്തിയായി ബിജെപി ഉയര്‍ന്ന് വരുന്നതിനെ മാത്രമല്ല ഇത് അടിവരയിടുന്നത്, മറിച്ച് മറ്റൊരു കാവി പാര്‍ട്ടിയായ ശിവസേനയുടെ തിരിച്ചുവരവിന്റെ സൂചനകളും ഇത് നല്‍കുന്നു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അഭിലാഷങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മഹാരാഷ്ട്ര, ഒഡീഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു: ഇന്ത്യന്‍ രാഷ്ട്രീയം കോണ്‍ഗ്രസ് രഹിതമായ ഒരു പുതിയ ആഖ്യാനം ആര്‍ജ്ജിക്കുകയാണോ? കുറഞ്ഞപക്ഷം ഗണനീയമായ രീതിയില്‍ ശേഷി കുറഞ്ഞ ഒരു കോണ്‍ഗ്രസ്?

പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ഒരു ആഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കൂ. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന് മുന്നോട്ട് വെക്കാന്‍ ഒരു ബദല്‍ ആഖ്യാനമില്ല.

ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഒഴികെയുള്ള മിക്കവാറും മറ്റെല്ലാ പാര്‍ട്ടികളും ആഗോളീകരണം എന്ന അപ്പത്തിന്റെ പങ്കുപറ്റാന്‍ കാത്തിരിക്കുന്നവരാണ്. ആഗോളീകരണത്തില്‍ പിടിച്ച് ആണയിടുന്നവരാണ് കോണ്‍ഗ്രസുകാര്‍. പുതിയ സാമ്പത്തിക നയം തങ്ങളാണ് കൊണ്ടുവന്നതെന്ന് അവര്‍ വീമ്പിളക്കുകയും ചെയ്യുന്നു.

ഒരു ബദലിനായി ഇടതുപക്ഷം ഇരുട്ടില്‍ തപ്പുകയാണ്. ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭൂവിനിയോഗ നയമായാലും പിണറായി വിജയന്റെ കിഫ്ബിയായാലും ഒക്കെ നവലിബറല്‍ നയങ്ങളില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടവയാണ്. ഇതേ നയങ്ങള്‍ തന്നെയാണ് പ്രാദേശിക പാര്‍ട്ടികളായ ടിഡിപി, ജെഡി(യു), ബിജെഡി ഒക്കെ പിന്തുടരുന്നത്.

ഇത്തരം നയങ്ങള്‍ കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തില്‍ ഒരു വശത്ത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സേവനമേഖലയ്ക്ക് മാത്രമാണ് ഊന്നല്‍ നല്‍കുന്നത്.
വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഒരു വലതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍, ബിജെപിക്ക് ഇത്തരം നയങ്ങള്‍ തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കും. ഒരു മധ്യനിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. ഇത്തരം നയങ്ങളോടുള്ള തങ്ങളുടെ എതിര്‍പ്പ്, ഇടതുപക്ഷ പാര്‍ട്ടികള്‍ വെറും വര്‍ത്തമാനങ്ങളില്‍ ഒതുക്കുന്നു.

ഇത് വോട്ടര്‍മാര്‍ക്ക് ബിജെപി എന്ന ഒരേ ഒരു സാധ്യത മാത്രം തുറന്നു നല്‍കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്ഥൂല സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശക്തമായ ഒരു ബദലുമായി പ്രതിപക്ഷത്തിന് മുന്നോട്ടുവരാന്‍ സാധിക്കാതിരിക്കുന്നിടത്തോളം കാലം ബിജെപി തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചുകൊണ്ടേയിരിക്കും. ശക്തമായ ഒരു ബദല്‍ മുന്നോട്ടുവെക്കാന്‍ സാധിക്കാതിരിക്കുന്ന പക്ഷം രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കാന്‍ വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കില്ല.


Next Story

Related Stories