TopTop
Begin typing your search above and press return to search.

Red Beard: ദാര്‍ശനികതയുടെ കുറോസാവ വഴികള്‍; മലയാള സിനിമ പരാജയപ്പെടുന്നതും

Red Beard: ദാര്‍ശനികതയുടെ കുറോസാവ വഴികള്‍; മലയാള സിനിമ പരാജയപ്പെടുന്നതും

പിന്നിട്ട ദൂരത്തേക്കാള്‍ പിന്നിടാനുള്ള ദൂരമാണധികമെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് Red Beard. അത് ഈ ചിത്രത്തിലെ നായകന്റെ തൊഴില്‍ മേഖലയായ വൈദ്യശാസ്ത്ര പഠനത്തില്‍ മാത്രമല്ല; ലോകത്തിലെ സകല മനുഷ്യരുടേയും സമസ്ത മേഖലകളില്‍, തൊഴിലില്‍, കലയില്‍, കായികത്തില്‍, സാഹിത്യത്തില്‍, പഠനത്തില്‍, അറിവില്‍ അങ്ങനെയെന്തിലുമേതിലും അറിഞ്ഞതിനേക്കാളും എത്രയോ പതിന്മടങ്ങ് അധികം, സാഗരതുല്യം അറിയാനുള്ളവ പരന്ന് കിടക്കുന്നുവെന്ന തിരിച്ചറിവാണ് ഈ അകിരാ കുറോസാവ ചിത്രത്തിന്റെ കാതല്‍.

ഇനി അറിയേണ്ടതായിട്ടൊന്നുമില്ല, എല്ലാം തികഞ്ഞു എന്ന ചതിക്കുഴിയില്‍ വീണ് പോയവരാണ് അധികവും. അതൊരു മാനസിക ദൗര്‍ബല്യത്തിന്റെ ഉപോത്പ്പന്നമാണ്. ലോകം അവനവനിലേക്ക് ചുരുക്കപ്പെടുമ്പോള്‍, താന്‍ സൃഷ്ടിച്ച മതിലുകള്‍ക്കപ്പുറത്ത് യാതൊന്നുമി ല്ലെന്നും അഥവാ ഉണ്ടെങ്കില്‍ത്തന്നെ അത് താനാര്‍ജ്ജിച്ചതിനേക്കാള്‍ മേന്മയിലോ ഗുണത്തിലോ മികച്ചതല്ലെന്നുമുള്ള മൗഢ്യം സൃഷ്ടിക്കുന്ന മിഥ്യാധാരണ. ആ ചതു പ്പിനെ മറികടക്കുക ദുഷ്‌ക്കരമാണ്. ചവിട്ടുന്തോറും ആഴ്ന്നാഴ്ന്ന് പോകുന്നത് അവനവനിലേക്ക് തന്നെയാണ്. അവനവന്റെ അജ്ഞതയുടേയും അഹന്തയുടേയും ആഴങ്ങളിലേക്ക്. അതിനാല്‍ത്തന്നെ ആ ചതുപ്പിനെ ചവിട്ടി മെതിച്ച് മറികടക്കുക എന്നതിനെക്കാള്‍ ആനന്ദം, അതില്‍ വിലയിക്കുകയാണെന്ന് വരുന്നു. ഭൂരിഭാഗവും അതിനാല്‍ത്തന്നെ അതിനെ ആസ്വദിയ്ക്കുന്നു.

Noboru Yasumoto എന്ന ഡോക്ടറും ആ ചതുപ്പിന്റെ ആഴങ്ങളിലേക്ക് പോകേണ്ടവനായിരുന്നു. എന്നാല്‍ ശിലയെപ്പോലെ പരുക്കനും അചഞ്ചലനും കര്‍ക്കശക്കാരനുമായ Red Beard എന്നറിയപ്പെടുന്ന സാദാ നാട്ടുമ്പുറത്തുകാരന്‍ ഡോക്ടര്‍, Yasumoto-യ്ക്ക് പ്രലോഭനത്തിന്റെ ഗുരുത്വാകര്‍ഷണത്തെ മറികടക്കുന്ന പലായന പ്രവേഗമായിത്തീര്‍ന്നു.

ആ രൂപാന്തരീകരണം, സമരസപ്പെടാനാവാത്ത വീക്ഷണങ്ങളുടേയും സംസ്‌കാരങ്ങളുടേയും അഭിരുചികളുടേയും നിരവധി നിരവധി സംഘട്ടനങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ഉത്പന്നമായിരുന്നു. അല്ലാതെ ഒന്നിരുട്ടി വെളുക്കുമ്പോഴേയ്ക്കും വിരിയുന്ന പൂവിന്റെ ലാളിത്യത്തിന്റേതായിരുന്നില്ല. അതിജീവനം തീക്ഷ്ണ സമരങ്ങളുടെ നിരവധി ഋതുക്കളുടേതായിരുന്നു.

തോഷിറോ മിഫ്യൂണ്‍

Yasumoto നാഗരികനും പരിഷ്‌കൃതനുമായ യുവാവായിരുന്നു. എന്നാല്‍ 'Red Beard' ഗ്രാമീണരിലൊരുവനായി കാണപ്പെടുന്ന മധ്യവയസ്‌ക്കനായിരുന്നു. അങ്ങനെ അവരുടെ വൈരുദ്ധ്യങ്ങളുടെ ദ്വന്ദങ്ങള്‍, ഗ്രാമത്തിന് മേലുള്ള നഗരത്തിന്റേയും, മദ്ധ്യവയസ്സിന് മേലുള്ള യുവത്വത്തിന്റേയും, അപരിഷ്‌കൃതത്ത്വത്തിന് മേലുള്ള പരിഷ്‌കാരത്തിന്റേയും, പ്രാചീനതയ്ക്ക് മേലുള്ള ആധുനികതയുടേയും അധിനിവേശവും അധീശത്വവുമായി മാറുന്നു. അങ്ങനെ എപ്പോഴും ഇത്തരം ദ്വന്ദങ്ങളിലെ മേല്‍ക്കൈ നഗരത്തിനും യുവത്വത്തിനും പരിഷ്‌കാരത്തിനും ആധുനികതയ്ക്കും ആണെന്നുള്ളതിനാലാണ്, 'Red Beard' എന്ന നാട്ടുമ്പുറത്തെ വയസ്സനായ ഡോക്ട റില്‍ നിന്നും നഗരത്തിലെ ചെറുപ്പക്കാരനായ തനിക്കൊന്നും പഠിക്കാനില്ലെന്നുള്ള മാനസിക നിലയിലേയ്ക്ക് Yasumoto എത്തപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ കാഴ്ച പ്പാടും ഏതാണ്ടങ്ങനെയൊക്കെത്തന്നെയാണ്. അതിന് കാലമെത്ര മാറിയാലും മാറ്റം വരുന്നില്ലെന്നതിനുള്ള തെളിവാണ്, അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളുടെ 'ബ്രാന്‍ഡി'നെ വ്യക്തിത്വങ്ങളുടെ അളവുകോലായി പരിഗണിക്കുന്ന നമ്മുടെ കാഴ്ചപ്പാട്.

Red Beard-ല്‍ നിന്നും വൈദ്യശാസ്ത്രം എന്ന വിഷയത്തില്‍ Yasumoto ആര്‍ജ്ജിക്കുന്ന അറിവ് സര്‍വ്വകലാശാലകളിലെ ഭീമന്‍ പുസ്തകങ്ങളില്‍ നിന്ന് നേടിയതിനേക്കാള്‍ അല്‍പ്പം പോലും കൂടുതലില്ല. ജപ്പാനിലെ ആ ഇരുണ്ട ഗ്രാമത്തില്‍ നിന്നും, അവിടത്തെ ക്ലിനിക്കില്‍ നിന്നും, നാട്ടുമ്പുറത്തുകാരന്‍ ഡോക്ടറില്‍ നിന്നും അയാള്‍ പഠിച്ചത് ജീവിതം തന്നെയായിരുന്നു. പച്ചയായ നിരവധി ജീവിത സന്ദര്‍ഭങ്ങളുടെ പൊട്ടിക്കരച്ചിലുകളും മൗനങ്ങളും നെടുവീര്‍പ്പുകളും ആശ്വാസങ്ങളും മന്ദഹാസങ്ങളും പൊട്ടിച്ചിരികളും ആയിരുന്നു. തൊട്ടടുത്ത നിമിഷത്തിന്റെ അപ്രവചനീയത ആ നിമിഷങ്ങളിലെ ആയിരിക്കുന്ന അവസ്ഥകളുടെ ജിജ്ഞാസയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ആ നിമിഷത്തിനപ്പുറം കടന്നുള്ള തിരിഞ്ഞുനോട്ടം, വളര്‍ന്നിരുന്ന ജിജ്ഞാസയെ വെറും തമാശയോ സങ്കടമോ ആക്കി മാറ്റി. ജനങ്ങളും അവരുടെ ജീവിതം എന്ന പാഠപുസ്തകവും അതിലെ വ്യത്യസ്തവും നിരന്തരവുമായ പരീക്ഷയും പരീക്ഷണവും പരുവപ്പെടുത്തിയ ആ നാഗരികനായ യുവഡോക്ടര്‍, പിന്നീട് 'Red Beard' എന്ന രൂപാന്തരീകരണത്തിലേയ്ക്ക് പതിയ പതിയെ നടന്നടുക്കുന്നു.

Red Beard ആയി Toshiro Miffune നിറഞ്ഞ് നില്ക്കുന്നു. Dr. Noboru Yasumoto എന്ന കഥാപാത്രത്തെ ആവാഹിച്ച് മികച്ച പ്രകടനം നടത്തിയിരിക്കുന്നു Yuzo Kayama.

സംവിധായകന്‍-നടന്‍ കൂട്ടുകെട്ടിന്റെ കണക്കെടുപ്പുകളില്‍ എന്നും മുന്‍പന്തിയിലാണ് കുറോസോവ–തോഷിറോ മിഫ്യൂണിന്റേയും സ്ഥാനം. Drunken Angel മുതല്‍ Red Beard വരെയുള്ള 17 വര്‍ഷങ്ങള്‍ നീണ്ട സഹവര്‍ത്തിത്ത്വം സൃഷ്ടിച്ചത് Rashamon, Seven Samurai, Throne of Blood, Yojimbo, Red Beard എന്നിങ്ങനെയുള്ള 16 ലോകോത്തര സിനിമകളായിരുന്നു. ഇത്തരം പ്രസിദ്ധമായ കൂട്ടുകെട്ടുകള്‍ സിനിമാചരിത്രത്തില്‍ കാണാവുന്നതാണ്. The Seventh seal, The Virgin Spring എന്നിവയടക്കമുള്ള ബര്‍ഗ്മാന്റെ 13 ചിത്രങ്ങളുടെ സഹകരണം Max Von Sydow-ന്റേതായിട്ടുണ്ട്. വെറുമൊരു റൊമാന്റിക് ഹീറോ എന്ന നിലയില്‍ നിന്നും നടനെന്ന നിലയില്‍ Dicaprio-യെ പ്രതിഷ്ഠിച്ച Scorsese-യുമായുള്ള 5 ചിത്രങ്ങളിലെ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കുന്നു.

കുറോസാവയും മിഫ്യൂണും

Static ഫ്രെയിമുകളിലെ മാന്ത്രികത ആവര്‍ത്തിക്കുന്നു കുറോസാവ ഈ ചിത്രത്തിലും.

നേരിന്റേയും നുണയുടേയും നിരവധി സാധ്യതകളില്‍ ഒന്നും സ്ഥിരമായി അവശേഷിയ്ക്കുന്നില്ലെന്ന് വെളിപ്പെടുത്തുന്ന Rashomon പോലെയും അധികാരത്തിന്റേയും ജീവിതത്തിന്റേയും നിരര്‍ത്ഥകത തേടിയ Ran പോലെയും ഫിലോസഫിക്ക ലാണ് Red Beard-ഉം.

നിവര്‍ന്ന് നിന്ന് ജീവിതത്തെ നേരിടാനും ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ നിന്ന് ജീവിതം പഠിക്കുവാനും പ്രേരിപ്പിക്കുന്ന ചിത്രമാണ് Red Beard. അതിനാല്‍ത്തന്നെ നിരന്തരം പ്രചോദിപ്പിയ്ക്കുന്ന കാലാതിവര്‍ത്തിയായ ഒരു മികച്ച ചിത്രമാണിതെന്ന് നിസംശയം പറയാം.

Red Beard-ല്‍ നിന്നും പ്രചോദിതമായ മലയാള ചിത്രമാണ് 'അയാളും ഞാനും തമ്മില്‍'. കുറോസാവ ചിത്രത്തിന്റെ കഥയും പരിസരങ്ങളും പ്രധാന പാത്രങ്ങളുമെല്ലാം മലയാളചിത്രവും പിന്തുടര്‍ന്നിരിയ്ക്കുന്നു. എന്നാല്‍ ചിലതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അത്തരം രംഗങ്ങളേയും സന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയുമെല്ലാം വ്യക്തമാക്കാനുപയോഗിക്കുന്ന വാക്ക് തന്നെ ഇവിടെയും ഉപയോഗിക്കേണ്ടി വരുന്നു. ആ വാക്ക് 'ക്ലീഷേ' എന്നാകുന്നു.

എന്തുകൊണ്ട് ആവര്‍ത്തന വിരസമായ ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തന വിരസമെന്നറിയുകിലും ഉപയോഗിയ്‌ക്കേണ്ടി വരുന്നുവെന്ന ചോദ്യമുണ്ട്. 'Re Beard-ല്‍ Yasumoto-യുടെ ഭൂതകാലമോ കോളേജ് പഠനകാലമോ കുറോസാവ ഒരു ഫ്രെയിമില്‍ പോലും കാണിക്കുന്നില്ല. എന്നാല്‍ മലയാളത്തിന് ഡോ. രവി തരകന്റെ കോളേജ് പഠനവും പ്രേമവും പാട്ടുമെല്ലാം ഒഴിവാക്കാനാവാത്ത ചേരുവകളായി മാറുന്നു. ജാപ്പനീസ് നായകന്‍ അയാളുടെ ഭൂതകാലവുമായി നേരെ കഥയിലേക്കാണ് വരുന്നത്. എന്നിട്ടാ കഥയെ ഒരിക്കല്‍ പോലും പിന്നോട്ട് പോകാതെ മുന്നോട്ടേക്ക് മാത്രം കൊണ്ട് പോകുന്നു. അയാളുടെ മാനസിക നിലയും ചുറ്റുപാടുകളും മനോഭാവവും ജീവിതത്തോടുള്ള കാഴ്ചപ്പാടുമെല്ലാം ചുരുക്കം സീനുകളില്‍ തന്നെ നമ്മളിലേക്കെത്തുന്നു. ആ രീതി മലയാളത്തില്‍ പ്രയോഗിക്കാത്തതാണോ പ്രയോഗിക്കാനാവാത്തതാണോ എന്നൊരു പ്രശ്‌നമുണ്ട്. പ്രയോഗിക്കാനാവാത്തതാണെന്ന മറുപടിയാണ് ഭൂരിഭാഗം ചലച്ചിത്ര പ്രവര്‍ ത്തകരുടേതും. പ്രേക്ഷകരുടെ നിലവാരത്തെയാണ് ഇതിനായുള്ള മറുപടിക്ക് കരുവാക്കുന്നത്. കാണികള്‍ക്ക് 'രജിസ്റ്റര്‍' ആവില്ലെന്നതാണ് പറയുന്ന ന്യായം.

വിഗതകുമാരന്‍ എന്ന ആദ്യ ചിത്രത്തിനിപ്പുറം എണ്‍പത്തിയെട്ട് വര്‍ഷങ്ങളുടെ സാമാന്യം ദീര്‍ഘമായ കാലയളവിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും, ശിശുസമാനമായ യുക്തിയും ബുദ്ധിയും രൂപപ്പെടുത്തിയ ആസ്വാദനത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് മാറ്റാന്‍ പ്രേക്ഷകര്‍ക്കാവുകയില്ലെന്ന സിനിമാപ്രവര്‍ത്തകരുടെ മുന്‍ധാരണകളും മുന്‍വിധികളും രൂപപ്പെടുത്തിയ നിഗമനങ്ങളും, കാലാനുസൃതമായി നവീകരണത്തിന് വിധേയമാകാത്തതിനാല്‍ പരീക്ഷണാത്മകമായ ആവിഷ്‌ക്കാരങ്ങളോ പുത്തന്‍ ആശയങ്ങളുടെ കഥ പറച്ചിലുകളോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകാത്തതിനാല്‍ വീണ്ടും വീണ്ടും ക്ലീഷേകളില്‍ അഭിരമിക്കേണ്ടി വരുന്നുവെന്ന പ്രേക്ഷകന്റെ ന്യായീകരണങ്ങളും, ഇടയ്ക്ക് വെച്ച് നിര്‍ത്താന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നു കൊണ്ടേയിരിക്കേണ്ടതും ഒരിക്കലുമവസാനിപ്പിക്കാനാകാത്തതുമായ, വാലുകള്‍ പരസ്പരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പാമ്പുകളെ ഓര്‍മ്മിപ്പിയ്ക്കുന്നു.

ഇത്തരം നിഗമനങ്ങളില്‍ നിന്നും ന്യായീകരണങ്ങളില്‍ നിന്നും ഒരല്പം പോലും മുന്നോട്ട് നീങ്ങാതെ അവിടെത്തന്നെ ഉറച്ച് നില്‍ക്കാനാണ് തുടര്‍ന്നും ശ്രമമെന്നതിനാല്‍, ആസ്വാദനത്തിന്റെ നവലോകം, സ്വന്തം ഊണ്‍മേശയില്‍ ഒരിക്കലുമെത്താത്ത, നിത്യേന കാണുന്ന സ്വപ്നത്തിലെ വിഭവ സമൃദ്ധമായ സദ്യ മാത്രമായി തുടര്‍ന്നും അവശേഷിക്കും. പ്രേക്ഷകരും ചലച്ചിത്രപ്രവര്‍ത്തകരും സ്ഥായിയായുള്ള ഈ ഉറച്ചു നില്‍പ്പാണ് ഒരര്‍ത്ഥത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നതും. കടിച്ച് ചവച്ചിറക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും എളുപ്പം സ്പൂണില്‍ കോരിക്കുടിക്കുന്നതാണെന്ന ലളിത സാമാന്യയുക്തി നിലനില്‍ക്കുന്നതിനാല്‍ രണ്ടാമതൊരു വട്ട ചിന്തയ്‌ക്കോ ശ്രമത്തിനോ ഇടനല്‍കാതെ ക്ലീഷേ സീനുകള്‍ ഇനിയുമിനിയും തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് സാരം.

കഥയെ പിന്തുടരുന്നുണ്ടെങ്കിലും Red Beard-ന്റെ ദാര്‍ശനികമായ കാഴ്ചപ്പാട് 'അയാളും ഞാനും തമ്മില്‍'-ല്‍ നഷ്ടം വന്നിരിയ്ക്കുന്നു. എല്ലാം തികഞ്ഞവനെന്ന കഥാപാത്രത്തെ ഒന്നുമറിയാത്തവന്റെ അലസതയിലേക്ക് മാത്രമായി ഒതുക്കിക്കളഞ്ഞു. മാത്രവുമല്ല, ജാപ്പനീസ് നായകന്‍ കടന്ന് പോകുന്ന സന്ദര്‍ഭങ്ങളുടെ സ്വാഭാവികതയോ തീവ്രതയോ ഒന്നും മലയാള ചിത്രത്തിനില്ല.

മരീചിക ഉളവാക്കുന്ന നിഴലുകള്‍ വെറുമൊരു പ്രതീതി മാത്രമായതിനാല്‍ ജലസാന്നിധ്യമെന്നതൊരു യഥാര്‍ത്ഥ പ്രതിഭാസമല്ലെന്നും അപഭംഗമെന്ന (Refraction) അവസ്ഥയിലൂടെ കടന്നു പോകുന്ന പ്രകാശത്തിന്റെ വളയലാണത് സൃഷ്ടിക്കുന്നതെന്നുമുള്ള ശാസ്ത്രസത്യമറിയുമെങ്കിലും, അകലങ്ങളിലെ പ്രതിബിംബങ്ങള്‍ പിന്നെയും പിന്നെയും ജലമെന്ന നനവിലേക്കും പ്രലോഭനത്തിലേക്കും മനസ്സിനെ ഓടിയടുപ്പിക്കുകയും എന്നാല്‍ മരുപ്പച്ചയെന്ന ഊഷര യാഥാര്‍ത്ഥ്യത്തില്‍ തട്ടി നമ്മള്‍ മോഹഭംഗരാവുകയും ചെയ്യുന്നു. ഇത്തരം ആവര്‍ത്തനങ്ങളുടെ അന്ത്യത്തിന്റെ പ്രവചനാത്മകത മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ഇത്തരം ആവര്‍ത്തനങ്ങളുടെ ആവര്‍ത്തനം ഇനിയുമിനിയും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories