TopTop
Begin typing your search above and press return to search.

ബംഗാര്‍ മമതയുടെ സിംഗൂര്‍ ആകുമോ?

ബംഗാര്‍ മമതയുടെ സിംഗൂര്‍ ആകുമോ?
സിംഗൂറും നന്ദിഗ്രാമും സിപിഎമ്മിനും ഇടതുപക്ഷത്തിനുമെന്നപോലെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പശ്ചിമ ബംഗാളിലെ ബംഗാര്‍ ഭൂസമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാട്ടര്‍ലൂ ആയി മാറുമോ? 24 തെക്കന്‍ പര്‍ഗനാസ് ജില്ലയിലെ ബംഗാറില്‍ ഒരു നിര്‍ദ്ദിഷ്ട ഊര്‍ജ്ജ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന പോലീസ് നടത്തുന്ന ശ്രമങ്ങളെ അങ്ങനെ വേണം വിലയിരുത്താന്‍. സംസ്ഥാനത്ത് വളരെ ചെറിയ സാന്നിധ്യം മാത്രമുള്ള സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നയിക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ അതിന്റെ നേതാക്കള്‍ക്കെതിരെ യുഎപിഎ, പിഒഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചാര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ ക്രിമിനല്‍ അന്വേഷണ വകുപ്പ്. ഈ മാസം മൂന്നിന് അറസ്റ്റിലായ സമരനേതാക്കളായ പ്രദീപ് സിംഗ് താക്കൂറിനും ഷര്‍മിഷ്ട ചൗധരിക്കുമെതിരെയാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കാനുള്ള നടപടികളാണ് സമരക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുതെന്ന് പോലീസ് ആരോപിക്കുന്നു.

പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും കലാപത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് റെഡ് സ്റ്റാര്‍ നേതാക്കള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ഇതുവഴി ഇവരെ കോടതിയില്‍ ഹാജരാക്കാതെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പോലീസിന് സാധിക്കും. ഷര്‍മിഷ്ട ചൗധരിയുടെ സാള്‍ട്ട് ലേക്കിലുള്ള വീട്ടിലും റെഡ് സ്റ്റാര്‍ ഓഫീസുകളിലും റെയ്ഡ് നടത്തിയ പോലീസ് നിരവധി രേഖകളും കമ്പ്യൂട്ടറുകളും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബംഗാറില്‍ ഒരു പുതിയ ഊര്‍ജ്ജ ഗ്രിഡ് സബ്-സ്റ്റേഷന്‍ നിര്‍മ്മാണത്തിനെതിരെയാണ് ജനുവരി 17 മുതല്‍ സമരം ആരംഭിക്കുന്നത്. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഗതാഗതം തടയുകയും ഗ്രാമീണ പാതകള്‍ കുഴിച്ച് തടസങ്ങള്‍ സൃഷ്ടിക്കുകയും ജോലിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. പരിസ്ഥിതിക്കും തങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നും ആരോപിച്ചായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. ഗ്രാമവാസികള്‍ക്ക് ആവശ്യമില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോള്‍ പ്രതികാര നടപടികളുമായി പോലീസ് രംഗത്തെത്തിയതോടെ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

സമരം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് റെഡ് സ്റ്റാര്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍ scroll.inനോട് പറഞ്ഞു. ഗ്രാമത്തില്‍ പൊതുവിചാരണ സംഘടിപ്പിക്കാനും ശാസ്ത്രജ്ഞരെയും പരിസ്ഥിതിവാദികളെയും അണിനിരത്തി സമരം ശക്തമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരതമ്യേന ചെറിയ പാര്‍ട്ടിയില്‍ ഒരു മുതിര്‍ന്ന നേതാവിന്റെയും ഒരു യുവനേതാവിന്റെ നേതൃത്വത്തിലാണ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സമരം അരങ്ങേറുന്നത്. 1967ല്‍ നക്‌സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അതിനോടൊപ്പം അണിചേര്‍ന്ന ആളാണ് അന്ന് ജവേദ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന പ്രദീപ് സിംഗ് താക്കൂര്‍. ചാരു മജുംദാറിനൊപ്പം പ്രവര്‍ത്തിച്ച അനുഭപരിചയം അദ്ദേഹത്തിനുണ്ട്. 2012ല്‍ റെഡ് സ്റ്റാറില്‍ ചേര്‍ന്ന താക്കൂര്‍, 100,000 അംഗങ്ങളുള്ള അഖിലേന്ത്യ ക്രാന്തികാരി കൃഷക് സഭ എന്ന കര്‍ഷകസംഘടനയുടെ നേതാവ് കൂടിയാണ്. 2003ല്‍ പ്രസിഡന്‍സി കോളേജില്‍ പഠിക്കുന്ന വേളയിലാണ് ഷര്‍മിഷ്ട ചൗധരി റെഡ് സ്റ്റാറില്‍ ചേരുന്നത്. പിന്നീട് അവര്‍ ടെലിഗ്രാഫ് പത്രത്തിലും ജോലി ചെയ്തിരുന്നു. അവരുടെ ഭര്‍ത്താവ് അലിഖ് ചക്രബര്‍ത്തിയും ബംഗാര്‍ സമരരംഗത്ത് ശക്തമായ സാന്നിധ്യമാണ്.തിരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുള്ള തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഷര്‍മിഷ്ട പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും കെട്ടിവച്ച തുക നഷ്ടമായിരുന്നു. മുഖ്യധാര പാര്‍ട്ടികളുടെ താല്‍പര്യമില്ലായ്മയാണ് ഈ ചെറുപാര്‍ട്ടിയെ ബംഗാര്‍ സമരം ഏറ്റെടുത്ത് മുന്‍നിരയില്‍ എത്താന്‍ സഹായിച്ചത്.

ബംഗാറില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് അധികനാളായില്ലെന്ന് റെഡ് സ്റ്റാറിന്റെ മുതിര്‍ന്ന നേതാവ് ശങ്കര്‍ ദാസ് പറയുന്നു. ബംഗാറിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അവിടെ എത്തിയപ്പോള്‍ പ്രദേശത്തെ ഉയര്‍ന്ന മുസ്ലീം ജനസംഖ്യ കാരണം ബിജെപി സാന്നിധ്യം ഉണ്ടായിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ട സിപിഎം പറയുന്നതൊന്നും വിശ്വസിക്കാന്‍ അവിടുത്തെ ജനങ്ങള്‍ തയ്യാറുമായിരുന്നില്ല. അധികാരത്തിന്റെയും ഭൂമാഫിയയുടെയും തണലില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമത ശബ്ദം കേള്‍ക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തങ്ങള്‍ക്ക് സാധിച്ചതായി ദാസ് പറയുന്നു.

ഏതായാലും സമരം കൂടുതല്‍ രൂക്ഷമാവുകയും വിവിധ കോണുകളില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയ റെഡ് സ്റ്റാര്‍ അഖിലേന്ത്യ സെക്രട്ടറി കെ എന്‍ രാമചന്ദ്രനെ പോലീസ് ഇടപെട്ട് ഡല്‍ഹിയിലേക്ക് മടക്കി അയച്ചിരുന്നു. ഇത്തരം നടപടികള്‍ കൂടുതല്‍ ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്. ഇപ്പോള്‍ മറ്റ് മുഖ്യധാര പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി എത്തുന്നത് മമത ബാനര്‍ജിക്ക് വലിയ തലവേദന തന്നെ സൃഷ്ടിക്കും എന്നുറപ്പ്.

Next Story

Related Stories