TopTop
Begin typing your search above and press return to search.

ഡോ. റീം ഒറ്റയ്ക്കല്ല; കൊട്ടിയടയ്ക്കുന്ന വാതിലുകള്‍ക്കുമപ്പുറം ചിലതുണ്ട്

ഡോ. റീം ഒറ്റയ്ക്കല്ല; കൊട്ടിയടയ്ക്കുന്ന വാതിലുകള്‍ക്കുമപ്പുറം ചിലതുണ്ട്

നഗരങ്ങള്‍ ആധുനികതയുടെ സാക്ഷികളാണ്. ആധുനികത വാഗ്ദാനം ചെയ്ത സമത്വവും മാനുഷികമൂല്യങ്ങളും വിവേചനത്തിനെതിരെയുള്ള പോരാട്ട സാധ്യതകളെയും കുറിച്ച് നമുക്ക് പറഞ്ഞു തരാന്‍ നഗരങ്ങള്‍ക്കു കഴിയും.

ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. റീം ഷംസുദീന്‍ അടുത്തിടെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് യുട്യൂബ് മുഖേനെ നല്കിയ സന്ദേശവും അതോനോടനുബന്ധിച്ച് ആ വാര്‍ത്തക്ക് ലഭിച്ച പ്രതികരണങ്ങളും ആധുനികതയെയും നഗരങ്ങളെയും വിലയിരുത്താന്‍ സഹായകമാണ്. മുസ്ലിം ആയതിന്റെ പേരില്‍ വാടകവീട് നിഷേധിക്കപ്പെട്ടതിനെക്കുരിച്ചു യുട്യൂബ് സന്ദേശത്തില്‍ ഡോ. റീം വിശദീകരിക്കുന്നു. അഡ്വാന്‍സ് തുക അടച്ചതിനു ശേഷം താനും ഉമ്മയും വീട്ടുസാധനങ്ങളുമായി എത്തിയപ്പോളാണ് മുസ്ലിം ആയതുകൊണ്ട് വീട് നല്കുന്നില്ല എന്ന് ഉടമസ്ഥര്‍ പറയുന്നത്. ഡല്‍ഹി പരിചിതമായവര്‍ക്ക് ഇത് ഒട്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരിക്കില്ല. കൃത്യമായി സ്ഥലസംബന്ധിയായ വേര്‍തിരിവുകളുള്ള (മറ്റു പല നഗരങ്ങളെ പോലെ തന്നെ) ഇടം തന്നെയാണ് ഡല്‍ഹിയും. തൊഴിലാളി വര്‍ഗത്തില്‍പ്പെട്ടവര്‍ക്കുള്ളത് പോലെ പ്രത്യേകമായ മൊഹല്ലകള്‍ മുസ്ലിങ്ങള്‍ക്കും ഇവിടെ ഉണ്ട്. മദ്രാസില്‍ ഹിന്ദു മാത്രമല്ല, ചില ഇടങ്ങളില്‍ ഫ്ലാറ്റ് ലഭിക്കണമെങ്കില്‍ ബ്രാഹ്മണരും അതിലുപരി സസ്യാഹാരിയും ആകണം. ഇത്തരുണത്തില്‍, visually impaired ആയ ഡോ. റീമിന്റെ അനുഭവം നഗരങ്ങള്‍ പുരോഗമനപരമായ പല രാഷ്ട്രീയങ്ങളുമായി കലഹിച്ചു നില്ക്കുന്നു എന്നു കൂടി നമ്മളെ ഓര്‍മിപ്പിക്കുന്നു. ഇതോടു കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യം 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റീമിനു പ്രതികരണം ലഭിച്ചു എന്ന കാര്യമാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അധ്യാപകനിയമന വിഷയത്തില്‍, ഇതുപോലെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട്, കാഴ്ച ഇല്ലാത്തതിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനത്തെ കുറിച്ച് റീം സംസാരിച്ചിരുന്നു. ഇതുവരെ അതിനെ കുറിച്ച് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. റീം ഉയര്‍ത്തിയ വിഷയം ഒരു വ്യക്തിയുടെ മാത്രം വിഷയമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് കാണില്ല എന്ന് പ്രതീക്ഷിക്കാം. കാശ്മീരി ആയതിന്റെ പേരില്‍ വാടകയ്ക്ക് വീട് കിട്ടാതെ ഒരുപാട് അലഞ്ഞതിനെ കുറിച്ച് ബഷാരത് പീര്‍ 'Curfewed Night' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. വടക്ക് കിഴക്കന്‍ പ്രദേശത്തില്‍ നിന്നും വരുന്നവര്‍ക്കും ഡല്‍ഹി നല്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമല്ല.

ഇതുകൊണ്ടൊക്കെ ഗ്രാമങ്ങള്‍ അത്യന്തം വിശാലമനസ്‌കരായ വ്യക്തികളുടെ ഇടമോ നന്‍മകളാല്‍ സമൃദ്ധവുമാണെന്നോ അല്ല പറഞ്ഞു വരുന്നത്. മറിച്ച് നഗരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രത്യക്ഷവും സൂക്ഷ്മവുമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകലും നമ്മുടെ ദൈനംദിന ജീവിതങ്ങളെ നിരന്തരം ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. നഗരങ്ങള്‍ നല്കുന്ന ഒരു തരത്തിലെ പേരില്ലായ്മ (anonymity) liberatory ആകുമ്പോഴും നമ്മളെ തുടര്‍ച്ചയായി നഗരം നിര്‍വചിച്ചു കൊണ്ടിരിക്കുകയാണെന്ന് മറക്കരുത്. മെട്രോ നഗരങ്ങളുടെ surveillance-നെ തുറന്നുകാണിക്കുന്ന ഒരിടമാണ് ഡല്‍ഹി. ഋഷികേശില്‍ നിന്നും യാത്ര കഴിഞ്ഞു മുഷിഞ്ഞ വസ്ത്രത്തില്‍ എത്തിയ ഞാന്‍ പെട്ടെന്ന് മെട്രോ സ്‌റ്റേഷനില്‍ 'visible' ആകുകയായിരുന്നു. മെട്രോകാര്‍ഡ് ഉണ്ടോ എന്നും, അതുപയോഗിക്കാന്‍ അറിയുമോ എന്നും പാറാവുകാരന്‍ രണ്ടു മൂന്നുവട്ടം ചോദിക്കുകയും ചെയ്തു. ചില ശരീരങ്ങള്‍ നഗരത്തിന്റെ നാനാത്വത്തിന്റെ ആഡംബരം അനുഭവിക്കുന്നില്ല.

റീമിന്റെ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ സമൂഹത്തിന്റെ പൊതുവായ ധാരണകളെ തുറന്നുകാണിക്കുന്നുണ്ട്. ഇതില്‍ പ്രധാനമായവ കെജ്രിവാള്‍ പ്രതികരിച്ചതുകൊണ്ടും, വാദി മുസ്ലീം ആയതുകൊണ്ടും ഇതൊരു ആന്റി ഹിന്ദു ഗൂഢാലോചനയുടെ ഭാഗമാണ് എന്ന വാദമാണ്. രണ്ടാമത്തേത് എന്തുകൊണ്ട് 'പാവം' വീട്ടുടമസ്ഥരുടെ നിലപാട് മാധ്യമങ്ങള്‍ ചോദിച്ചില്ല എന്നുള്ളതാണ്. ഇത് രണ്ടും കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങളാണ്. മുസ്ലീങ്ങള്‍ (പലപ്പോഴും തൊഴിലാളികളും) വാദികളാകുമ്പോള്‍ മാത്രമാണ് എതിര്‍വാദമെവിടെ എന്ന ചോദ്യമുയരുന്നത്. മുസ്ലിങ്ങള്‍ക്ക് വീട് ലഭിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് പലപ്പോഴായി, വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടുള്ള അവസ്ഥയില്‍ ഈ മറുവാദം തിരയുന്നത് ഒരു sterile ബാലന്‍സ് നിലനിര്‍ത്താനാണ്. അതുകൂടാതെ, ഡോ. റീം എവിടെയും ആരുടേയും പേരെടുത്ത് ആരോപണം ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു ഒറ്റപ്പെട്ട വിഷയമായി കാണേണ്ട കാര്യമില്ല. പിന്നെ, ആന്റിഹിന്ദു ഗൂഢാലോചന എന്ന വാദം തികച്ചും പരിഹാസ്യമാണ്. ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം ഗുജറാത്തി ഹിന്ദുക്കള്‍ക്ക് വീട് കിട്ടുന്നില്ല എന്നാരും പറഞ്ഞിട്ടില്ലല്ലോ. സംശയവും സാമാന്യവത്ക്കരണവും പലപ്പോഴും നിരപ്പല്ലാത്ത ഫുട്‌ബോള്‍ ഗ്രൌണ്ട് പോലെയാണ്.

പൊതുവായതും വ്യക്തിപരവുമായ സ്ഥലങ്ങളാണ് പുതിയ ഇടങ്ങളിലോട്ടുള്ള വാതിലുകള്‍ തുറക്കുന്നത്. ഇടങ്ങളുടെ നിയന്ത്രണങ്ങള്‍ പൌരന്‍ എന്ന അവസ്ഥയെ നിര്‍വചിക്കുന്നു. അതുകൊണ്ടുതന്നെ ചിലര്‍ക്ക് നേരെയുള്ള സ്ഥലങ്ങളുടെ കൊട്ടിയടയ്ക്കലുകളെ നിസാരമായി കണ്ടുകൂടാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories