TopTop
Begin typing your search above and press return to search.

കണ്ണു തുറന്നിരിക്കുന്ന ഈ ലോകത്തോട് ചിലത് പറയാനുണ്ട്- റീം ഷംസുദ്ദീന്‍ എഴുതുന്നു

കണ്ണു തുറന്നിരിക്കുന്ന ഈ ലോകത്തോട് ചിലത് പറയാനുണ്ട്- റീം ഷംസുദ്ദീന്‍ എഴുതുന്നു

റീം ഷംസുദ്ദീന്‍

(മുസ്ലീമായതുകാരണം ഡല്‍ഹിയില്‍ വാടക വീട് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീഡിയോ നിവേദനം അയച്ച അന്ധയായ മലയാളി അധ്യാപിക റീം ഷംസുദ്ദീന്‍ 2014 ഒക്ടോബര്‍ 21നു അഴിമുഖത്തില്‍ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.)

കാഴ്ചയില്ലാത്ത ആളുകള്‍ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുക? നിങ്ങള്‍ എങ്ങനെയാണ് ഒരു ക്ലാസ് മാനേജ് ചെയ്യുക? അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ സാധാരണയായി ഉന്നയിക്കപ്പെടാറുള്ള സംശയങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ പുതുതായി തുടങ്ങിയ ഒരു ഗവണ്‍മെന്‍റ് കോളേജിലെ സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഉണ്ടായ രസകരമായ സംശയം ഇതായിരുന്നു, “നിങ്ങള്‍ക്ക് ക്ലെറിക്കല്‍ പണി ചെയ്യാന്‍ കഴിയില്ലല്ലോ?” സംശയിക്കണ്ട... ഗസ്റ്റ് അധ്യാപകരെ ആവശ്യം ഉണ്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകുക എന്നുകണ്ട പത്രപരസ്യം മുന്‍നിറുത്തിയാണ് ഇന്റര്‍വ്യൂവിന് പോയത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും എംഫില്‍, പിഎച്ച്ഡി തീസീസുകളും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളും ഒക്കെ വാരിപ്പെറുക്കി ഇന്റര്‍വ്യൂവിന് ചെന്നപ്പോഴുണ്ട്, ക്ലെറിക്കല്‍ പണി ചെയ്യാന്‍ കഴിയില്ലല്ലോ എന്ന്. കോളേജില്‍ ധാരാളം ക്ലെറിക്കല്‍ പണികള്‍ ഉണ്ടുപോലും. അധ്യാപനത്തെ കൂടാതെ ഇങ്ങനെ ചില പണികളും കൂടി ചെയ്യാനാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതത്രേ. ആയതിനാല്‍ കാഴ്ചവൈകല്യമുള്ള ഒരു വ്യക്തിയെ നിയമിക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടെന്നും തന്മൂലം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതാണ് നല്ലതെന്നും ഈ ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി എന്നെ ഉപദേശിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശത്തെ മറികടന്നു ഞാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. എന്തോ കാരണത്താല്‍ തെരഞ്ഞെടുക്കപ്പെട്ടില്ല.

ആ കാരണങ്ങള്‍ എന്തുമാകട്ടെ. പക്ഷെ നിയമങ്ങളും അതിന്റെ വശങ്ങളും അറിഞ്ഞിരിക്കേണ്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മേല്‍പ്പറഞ്ഞ വിധം സംസാരിക്കാന്‍ കഴിയുന്നതെങ്ങനെ എന്നറിയില്ല. ഇങ്ങനെ അങ്ങ് പറഞ്ഞാല്‍ ഇക്കൂട്ടര്‍ ഒക്കെ അങ്ങ് ഒഴിഞ്ഞുപൊയ്ക്കോളും എന്നായിരിക്കും ഇവരുടെയൊക്കെ ഭാവം. കാഴ്ച ഇല്ലാത്തവര്‍ എന്നല്ല ഒരു തരത്തിലുള്ള വൈകല്യമുള്ളവരും പറിച്ചുകളയേണ്ട കലകള്‍ അല്ല. ഒരു അധ്യാപകന്‍ ചെയ്യേണ്ട 'ക്ലെറിക്കല്‍ പണികളാ'യ കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുക, പരീക്ഷകള്‍ നടത്തി മാര്‍ക്കുകള്‍ രേഖപ്പെടുത്തുക തുടങ്ങിയവയൊക്കെ ഉത്തരവാദിത്തബോധമുള്ള ഏതൊരു അധ്യാപകനും കൃത്യമായി നിര്‍വഹിക്കുന്ന ജോലി തന്നെയാണ്. കാഴ്ചാവൈകല്യം ഉള്ള ഒരു വ്യക്തിക്ക് തന്റെ ഉത്തരവാദിത്തത്തെപ്പറ്റി ബോധ്യമുണ്ടാകില്ല എന്ന് മുന്‍കൂട്ടിക്കാണുന്നത് ഒട്ടും ശരിയല്ല. ഈ കണ്ണുകാണാത്ത ആളെ ഇവിടെ ജോലിക്ക് എടുത്താല്‍ തനിക്കത് തീരെ സഹായകമാകില്ല എന്നുമാത്രമല്ല ഒരുപാട് ബുദ്ധിമുട്ടുകള്‍ അത് വരുത്തിവയ്ക്കുകയും ചെയ്യുമെന്ന മുന്‍ധാരണയാണ് പല ഉദ്യോഗസ്ഥരെക്കൊണ്ടും ഇങ്ങനെയൊക്കെ പറയിക്കുന്നത്. തനിക്കുചുറ്റും ജീവിക്കുന്ന ഒരു ന്യൂനപക്ഷത്തെ പറ്റിയുള്ള തെറ്റായ ധാരണയാണ് ഇത്തരം ഉദ്യോഗസ്ഥരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതും. ഈ ന്യൂനപക്ഷം തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമായി ഇവര്‍ കണ്ടിട്ടുണ്ടാവില്ല. കാഴ്ചവൈകല്യം ഉള്ള പല വ്യക്തികളും ബ്രെയില്‍ ലിപിയെ കൂടാതെ സാധാരണ ലിപിയും അറിവുള്ളവരാണ്. എന്നാല്‍ കാഴ്ചയുള്ള എത്ര ആളുകള്‍ക്ക് ബ്രെയില്‍ ലിപിയെപ്പറ്റി ധാരണയുണ്ട്? സാധാരണലിപി വായിക്കാന്‍ കഴിയാത്ത ഒരു കാഴ്ചവൈകല്യമുള്ള വ്യക്തി നിരക്ഷരന്‍ ആണെന്നുപോലും പറഞ്ഞ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട്.കാഴ്ചവൈകല്യമുള്ള ഒരു വ്യക്തിക്ക് ബ്രെയില്‍ ലിപിയുടെയും സ്ക്രീന്‍ റീഡറിന്റെയും സഹായത്തോടെ സാധാരണ ജോലികള്‍ ചെയ്യാന്‍ കഴിയുമെന്നത് കുറഞ്ഞപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി മനസിലാക്കേണ്ടതാണ്. എങ്ങിനെയാണ് ഓരോ ക്ലാസ് മുറിയിലേയ്ക്കും നടന്നുചെല്ലുക? എങ്ങനെയാണ് ഓരോ കുട്ടിയും ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് മനസിലാവുക? നിങ്ങള്‍ക്ക് എത്ര മാത്രം കാണാന്‍ കഴിയും? നിങ്ങള്‍ക്ക് സാധാരണ അക്ഷരങ്ങള്‍ നോക്കിവായിക്കാന്‍ കഴിയുമോ? ഇത്തരം അപ്രസക്തമായ ചോദ്യങ്ങളാണ് പല ഇന്റര്‍വ്യൂ ബോര്‍ഡിന്റെയും മുന്നില്‍ ഇരിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരാറുള്ളത്. ഇത്തരം ചോദ്യങ്ങളോട് രോഷം ഇരമ്പിവരുമെങ്കിലും ഒരു സൌഹൃദസംഭാഷണത്തിന്റെ ഭാഗമെന്നുകരുതി ചിരിച്ചുകൊണ്ട് മറുപടിപറയുകയാണ്‌ പതിവ്. ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്ന ഇന്റര്‍വ്യൂബോര്‍ഡ് ഉന്നതമായി ചിന്തിക്കുന്ന അധ്യാപകരുടെ ഒരു സംഘം തന്നെയാണെന്നതാണ് ഏറ്റവും സങ്കടകരം. വിവേചനമാണ് സംഭവിക്കുന്നത് എന്നതുപോലും ഈ കൂട്ടര്‍ക്ക് മനസിലാകുന്നില്ല എന്നത് ശോചനീയമാണ്.

വികലാംഗര്‍ സംവരണം ഉള്ളിടത്ത് മാത്രം പണിയെടുത്താല്‍ മതിയെന്നാണ് ചിലരുടെയൊക്കെ ഭാവം. പല എയ്ഡഡ് കോളേജുകളില്‍ അപേക്ഷിക്കുമ്പോഴും നിങ്ങള്‍ക്ക് പിഎസ്സിയില്‍ സംവരണമില്ലേ അവിടെ ചെന്ന് അന്വേഷിക്കൂ എന്ന മട്ടിലാണ് പല ഉദ്യോഗസ്ഥരും സംസാരിക്കുക. എയ്ഡഡ് കോളേജുകളില്‍ അത്യാവശ്യമായി സംവരണം കൊണ്ടുവരേണ്ടതാണ്. കാഴ്ചവൈകല്യം ഉള്ള ആളുകള്‍ക്ക് ഏറ്റവും ഫലപ്രദമായി ജോലിചെയ്യാന്‍ കഴിയുന്ന മേഖലകളില്‍ ഒന്നാണ് അധ്യാപനം. അപ്പോള്‍ ആ മേഖലയുടെ വാതിലുകള്‍ കൂടി ഇക്കൂട്ടരുടെ മുന്നില്‍ കൊട്ടിയടയ്ക്കുന്നത് ക്രൂരമാണ്. ഇവരുടെ ചിന്തകളും വായനയും പരിചയജ്ഞാനവും ഒക്കെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രയോജനപ്പെടുത്തേണ്ടതില്ല എന്ന് എങ്ങനെയാണ് തീരുമാനിക്കാനാവുക?കാഴ്ചവൈകല്യം ഉള്ളയാളുകള്‍ പ്രതിബന്ധങ്ങളോടു പൊരുതി ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് പത്രങ്ങളിലും മാസികകളിലും ഒക്കെ ധാരാളം ലേഖനങ്ങള്‍ കാണാറുണ്ട്‌. എന്നാല്‍ ഇത്തരക്കാര്‍ തൊഴിലിടങ്ങളിലേയ്ക്ക് എത്തുമ്പോഴാണ് പിന്തിരിപ്പന്‍ സമീപനങ്ങളുടെ യാഥാര്‍ഥ്യങ്ങളെ കുറേക്കൂടി അടുത്തു പരിചയപ്പെടുക. ഇനിയും നമ്മുടെ സര്‍ക്കാര്‍-സര്‍ക്കാരേതര സ്ഥാപനങ്ങളില്‍ വളര്‍ത്തിക്കൊണ്ടു വരേണ്ട ഒരു തരം ഇന്‍ക്ലൂസീവ് അന്തരീക്ഷത്തിന്റെ അഭാവമാണ് ഇതുപോലെയുള്ള ശോചനീയാവസ്ഥകളുണ്ടാക്കുന്നത്. സംവരണം എന്തോ മ്ളേച്ഛമായ കാര്യമാണ് എന്നമട്ടില്‍ കാണുന്നവരും നമ്മുക്കിടയില്‍ ധാരാളമുണ്ട്. സംവരണം അത് അര്‍ഹിക്കുന്നവരുടെ അവകാശമാണ്. അത് ആരുടെയെങ്കിലും മികവിനെ കുറച്ചുകാണാനുള്ള അളവുകോലായി കരുതുന്നത് അപഹാസ്യവും. തന്റെ വൈകല്യത്തെ നന്നായി പരിചയപ്പെട്ട് അതിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഒരു വ്യക്തിയെ ഒരു മുഴുവന്‍ സമൂഹം സഹായിക്കുന്നിടത്ത് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. അത് മനസിലാകണമെങ്കില്‍ കണ്ണുകള്‍ തുറന്ന് തന്നെ കാണണം. കണ്ണടയ്ക്കും മറ്റുമരുന്നുകള്‍ക്കും ഒക്കെ ഒരു പരിധിയില്ലേ!

(Reem Shamsudeen: Completed masters in English literature from 'English and Foreign Languages University-Hyderabad'. Did Mphil in English literature from 'EFLU- HYDERABAD', on the topic "A critical approach to progressive literary movements in Kerala: Reading of two novels."Has submitted a PhD project in English literature in 'EFLU-HYDERABAD'. The project is an attempt to create an archive of literature related to internal displacements in India. The theses is titled as: "They turned the River Against Us”: Resistance Writings on Internal Displacement in Post-Independent India")


Next Story

Related Stories