ആന്‍ഡ്രൂ ഗ്രീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
താന്‍ വളര്‍ന്ന ദക്ഷിണ സുഡാനിലെ യുദ്ധഭൂമിയില്‍നിന്നു രക്ഷതേടിയാണ് യിഷ് പര് ബീയെല്‍ ആദ്യമായി വിമാനം കയറിയത്. അന്നുമുതല്‍ വടക്കു പടിഞ്ഞാറന്‍ കെനിയയിലെ അഭയാര്ത്ഥിക്യാംപാണ് ബീയെലിന്റെ വീട്. എന്നാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബീയെല്‍ വീണ്ടും വിമാനം കയറുന്നത് ചരിത്രം കുറിക്കാനാണ്. റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്സില്‍ 800 മീറ്റര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മല്‍സരിക്കാനാകും ബീയെലിന്റെ ആ യാത്ര. ഇതാദ്യമായി നിലവില്‍വന്ന അഭയാര്‍ത്ഥി ഒളിംപിക് ടീം അംഗമായാണ് ബീയെല്‍ മല്‍സരിക്കുക.
യുദ്ധം, സ്വേച്ഛാധിപത്യം, ദാരിദ്ര്യം എന്നിവ മൂലം മുന്പെങ്ങുമില്ലാത്തവിധം ആളുകള്‍ സ്വന്തം രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയമില്ലാത്ത രാജ്യാന്തര ഒളിംപിക് കമ്മിറ്റി ശക്തമായൊരു രാഷ്ട്രീയ നിലപാടെടുക്കുന്നത്. 10 അഭയാര്‍ത്ഥി കായികതാരങ്ങള്‍ അടങ്ങുന്ന ഒരു ടീമിനാണ് കമ്മിറ്റി രൂപം കൊടുത്തിരിക്കുന്നത്. സിറിയ, ദക്ഷിണ സുഡാന്, കോംഗോ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇവരുടെ മല്‍സരം വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ലോകമെമ്പാടും സ്വന്തം നാടുവിടാന്‍ നിര്‍ബന്ധിതരായ 65.3 മില്യണ്‍ ആളുകളുടെ അന്തസിനുവേണ്ടിക്കൂടിയാണ്.
'ലോകത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പ്രതീക്ഷയുടെ അടയാളമാണിത്. അഭയാര്‍ത്ഥി പ്രതിസന്ധിയുടെ ആഴത്തെപ്പറ്റി ഇത് ലോകത്തെ ബോധവത്കരിക്കും,' ടീം പ്രഖ്യാപനവേളയില്‍ കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു.' അഭയാര്‍ത്ഥികള്‍ നമ്മുടെ സഹജീവികളാണെന്നും സമൂഹത്തെ സമ്പന്നമാക്കാന്‍ കഴിവുള്ളവരാണെന്നും രാജ്യാന്തര സമൂഹത്തെ ബോധവല്‍ക്കരിക്കാനും ഇതിനു കഴിയും.'
അഭയാര്‍ത്ഥി നയതന്ത്രപ്രതിനിധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബീയെല്‍ ഈ സന്ദേശത്തിന്റെ മുഖമാകുന്നതില്‍ വളരെ സന്തുഷ്ടനാണ്. സ്വന്തം പതാകയില്ലാത്തതിനാല് ഒളിംപിക് ബാനറുമായാകും ടീം ബീയെലിന്റെ നേതൃത്വത്തില്‍ റിയോയില്‍ പരേഡിനെത്തുക. ' അഭയാര്‍ത്ഥികള്‍ ഞങ്ങളെ പ്രതീക്ഷയോടെ കാണുന്നു,' ബീയെല്‍ നെയ്റോബിയില്‍ പറഞ്ഞു. ' ഞങ്ങളെ പ്രതിനിധീകരിക്കുന്ന ടീമിലാണ് നിങ്ങള്‍ എന്ന് അവര്‍ പറയുന്നു. സ്വര്‍ണം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും ജീവിതത്തില്‍ മുന്നേറാന്‍ ഞങ്ങള്‍ക്കാകുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കു കഴിയും.'
സുഡാനില്‍നിന്നു സ്വാതന്ത്ര്യം നേടാനുള്ള ദക്ഷിണ സുഡാന്റെ ദശകങ്ങള്‍ നീണ്ട ആഭ്യന്തര കലാപത്തിന്റെ അവസാനകാലമായ 2005ല്‍ ബീയെലിന്റെ ഗ്രാമവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബീയെലിന്റെ പിതാവ് ബീയെലിനെയും രണ്ടുസഹോദരങ്ങളെയും അവരുടെ അമ്മയുടെ സംരക്ഷണയിലാക്കി വിമതര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിലെത്തിയപ്പോള്‍ ഇളയ കുട്ടികളുമായി അമ്മ എത്യോപ്യയിലേക്കു പോയി. അന്ന് പത്തുവയസുകാരനായിരുന്ന ബീയെല്‍ അയല്‍ക്കാരുടെ സംരക്ഷണയിലായി. പിന്നെയൊരിക്കലും തന്റെ കുടുംബത്തെ ബീയെല്‍ കണ്ടില്ല. അവര്‍ ദക്ഷിണസുഡാനില്‍ തിരിച്ചെത്തിയെന്ന് ശ്രുതിയുണ്ടെങ്കിലും തന്റെ ഒളിംപിക്സ് യാത്രയെപ്പറ്റി അറിയുന്നുണ്ടാകുമെന്ന് ബീയെല്‍ കരുതുന്നില്ല.
'ഭക്ഷണമുണ്ടായിരുന്നില്ല, മരുന്നും. ആളുകള്‍ രോഗങ്ങളാല്‍ മരിക്കുകയായിരുന്നു,' പഴയകാലം ഓര്‍മിച്ച് ബീയെല്‍ പറയുന്നു.
ഒറ്റപ്പെട്ടുപോയ ഗ്രാമത്തിലേക്ക് എത്തിയ യുഎന്‍ സംഘം സ്ഥിതിയുടെ ഗുരുതരാവസ്ഥ കണ്ട് എല്ലാവരെയും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. കെനിയന്‍ അതിര്‍ത്തിയിലുള്ള കാകുമ അഭയാര്‍ത്ഥി ക്യാംപിലേക്കാണ് ബീയെലിനെ അയച്ചത്.
1992ല്‍ ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ആരംഭിച്ച കാകുമ ക്യാംപ് ഇന്ന് പല പ്രദേശങ്ങളില്‍നിന്നുമുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നു. എങ്കിലും പകുതിയിലേറെയും ദക്ഷിണ സുഡാന്കാരാണ്. 2013ല്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട ആഭ്യാന്തരകലാപത്തെത്തുടര്ന്ന് എത്തിയവരും ഇവിടെയുണ്ട്. ബീയെലിനെപ്പോലെ ചിലര്‍ യുദ്ധത്തിനവസാനവും തിരിച്ചുപോയില്ല. കാരണം അവര്‍ക്ക് സ്വന്തം നാട്ടില്‍ വീടോ കുടുംബങ്ങളോ അവശേഷിച്ചിരുന്നില്ല.
' ഇത് എന്റെ ജീവന് രക്ഷിച്ചു,' കാകുമയെപ്പറ്റി ബീയെല്‍ പറയുന്നു. ' അഭയാര്‍ത്ഥികളെന്നു വിളിക്കപ്പെടുമ്പോള്‍ മിക്കവര്‍ക്കും ലജ്ജയാണു തോന്നുന്നത്.' എന്നാല്‍ അഭയാര്‍ത്ഥി ക്യാംപ് തന്റെ ജീവിതം രക്ഷിക്കുകമാത്രമല്ല തന്നെ ഇവിടെവരെ- ഹൈസ്കൂള്‍ വിദ്യാഭ്യാസവും റിയോ പങ്കാളിത്തവും - എത്തിക്കുകയും ചെയ്തുവെന്ന് ബീയെല്‍ പറയുന്നു. ' അഭയാര്‍ത്ഥി എന്ന നിലയിലാണ് ഞാന്‍ ഇവിടെവരെ എത്തിയത്.'
2015 ജൂണിലെ ലോക അഭയാര്ത്ഥിദിനത്തിലാണ് ബീയെലിന് റിയോയിലേക്കുള്ള പാത തുറന്നുകിട്ടിയത്. കെനിയന്‍ മാരത്തണ്‍ ചാംപ്യനായ ടെഗ്ല ലോറോപ് തന്റെ പേരില്‍ സ്ഥാപിച്ച പീസ് ഫൗണ്ടേഷന് കെനിയയിലെ അഭയാര്ത്ഥിക്യാംപിലുള്ളവര്ക്കായി ഓട്ടമല്‍സരം നടത്തി. യുഎന്‍ അഭയാര്‍ത്ഥി ഏജന്സിക്കുവേണ്ടിയായിരുന്നു ഇത്. ഈ ഓട്ടമാണ് അഭയാര്‍ത്ഥി കായിക ടീമെന്ന ആശയത്തിനു രൂപം നല്‍കിയതെന്ന് നെയ്റോബിയില്‍ അഭയാര്‍ത്ഥി ഒളിംപിക് ടീമിന്റെ പരിശീലനച്ചുമതലയുള്ള ലോറോപ് ഫൗണ്ടെഷന് ഉദ്യോഗസ്ഥന് ജാക്സണ് കെമോയ് പറയുന്നു. കാകുമയിലും സോമാലിയന്‍ അതിര്‍ത്തിയില്‍ 340,000 അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഡഡാബ് ക്യാംപിലും ഫൗണ്ടേഷന് ട്രയല്‍ മല്‍സരങ്ങള്‍ നടത്തി. നെയ്റോബിക്കടുത്ത് ഗോങ് ഹില്‍സില്‍ പരിശീലനകേന്ദ്രവും തുടങ്ങി.
കാകുമയില് ട്രയല്‍ നടക്കുമ്പോള്‍ അന്നുവരെ ഒരു മല്സരയോട്ടത്തിലും പങ്കെടുക്കാത്ത ഇരുപതുകാരനായ ബീയെല്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. ' അക്കാലത്ത് ഞാന്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു. മിക്ക ആളുകളും ഓട്ടത്തില്‍ പങ്കെടുക്കുണ്ടായിരുന്നു; ഞാനും ഭാഗ്യപരീക്ഷണം നടത്താന്‍ തീരുമാനിച്ചു.' 10 കിലോമീറ്റര്‍ ഓട്ടത്തില്‍ ആദ്യമെത്തിയവരില്‍ നിന്ന് പരിശീലനത്തിനു ക്ഷണിക്കപ്പെട്ട 20 പേരില്‍ ബീയെലുമുണ്ടായിരുന്നു. ഇപ്പോള്‍ 30 പേരാണ് ഗോങ്ങില്‍ പരിശീലനത്തിലുള്ളത്.
ഈ കായികതാരങ്ങളെപ്പറ്റി ലോറോപ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ബാകിനോടു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ടീമുണ്ടാക്കുന്ന കാര്യം പരിഗണനയില്‍ വന്നത്. അതോടെ ഗോങ്ങിലെ പരിശീലനത്തിന് പുതിയ മാനം കൈവന്നു.
ലോറോപ് ഫൗണ്ടേഷന് ഒളിംപിക് കമ്മിറ്റിക്കു നല്കിയ 12 പേരുകളില്‍ അഞ്ചുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാവരും ദക്ഷിണ സുഡാനില്നിന്നെത്തി ബാല്യം മുതല്‍ കാകുമയില് വളര്‍ന്നവരാണ്. സിറിയയില്‍നിന്നു ബെല്‍ജിയത്തിലും ജര്മനിയിലുമെത്തിയ രണ്ട് രാജ്യാന്തര നീന്തല്ക്കാര്, ലക്സംബര്‍ഗില്‍ പരിശീലനത്തിലുള്ള ഒരു എത്യോപ്യന്‍ മാരത്തണ്‍ ഓട്ടക്കാരന്, ബ്രസീലില്‍ ജീവിക്കുന്ന കോംഗോക്കാരായ രണ്ടു ജൂഡോ കായികതാരങ്ങള്‍ എന്നിവരാണു മറ്റുള്ളവര്‍.
ടീം ആഗോള അഭയാര്‍ത്ഥി പ്രതിസന്ധിയുടെ വ്യാപ്തി കാണിച്ചുതരുന്നു. നെയ്റോബിയില്‍ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റഫ്യൂജീ ഓഫിസറായ വിക്ടര്‍ ന്യാമോരിയുടെ അഭിപ്രായത്തില്‍ ഒളിംപിക് കമ്മിറ്റിയുടെ നടപടി സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നം മാത്രമല്ലദക്ഷിണ സുഡാന് സംഘര്‍ഷം തുടങ്ങി പലപ്പോഴും വാര്ത്തയാകാതെയും സഹായം ലഭിക്കാതെയും പോകുന്ന പ്രശ്നങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ഈയിടെ ഒപ്പുവച്ച സമാധാനകരാര്‍ സുഡാനിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നു കരുതിയിരുന്നെങ്കിലും ചെറിയ ചെറിയ കലാപങ്ങള്‍ തുടരുകയാണ്. 2013 ഡിസംബര്‍ മുതല്‍ രാജ്യം വിട്ടവരുടെ എണ്ണം 750,000 ആണ്. യുദ്ധവും യുദ്ധം മൂലമുണ്ടായ ഭക്ഷണക്ഷാമവുമാണ് ഇവരെ പലായനത്തിനു പ്രേരിപ്പിച്ചത്.
അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഈ വര്‍ഷം 637 മില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണു യുഎന്‍ കണക്ക്. പാതിസമയം പിന്നിടുമ്പോള്‍ ഇതിന്റെ 20 ശതമാനം പോലും ലഭ്യമായിട്ടില്ല. ' ലോകത്തിന്റെ ഈ ഭാഗത്തേക്ക് ധനസഹായത്തിന്റെ വരവ് വളരെ സാവധാനത്തിലാണ്. പ്രത്യേകിച്ച് അഭയാര്‍ത്ഥികളുടെ കാര്യത്തില്‍,' ന്യാമോരി പറയുന്നു. ഒളിംപിക് ടീമിനു ലഭിക്കുന്ന ശ്രദ്ധ ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമാകുമെന്നാണ് ന്യാമോരിയുടെ പ്രതീക്ഷ.
താനും സഹടീമംഗങ്ങളും അനുഭവിച്ച കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് ബീയെലിന്റെ ശ്രമം. അവര്‍ക്കു നഷ്ടപ്പെട്ട കാര്യങ്ങള്‍, അവരുടെ പ്രതീക്ഷകള്‍. 'ഞങ്ങള്‍ 10 പേരും അഭയാര്‍ത്ഥികളെന്ന നിലയില്‍ ഒരുമിച്ചെത്തിയവരാണ്. ഞങ്ങള്‍ ഒരു ടീമായി. ഞങ്ങള്‍ അഭയാര്‍ത്ഥികളുടെ കണ്ണുകളാണ്.'
പങ്കാളിത്തം ഒരു പ്രഖ്യാപനമാണ്. എങ്കിലും ഒളിംപിക്സ് ഒരു മല്‍സരമാണ്. അതുകൊണ്ടുതന്നെ ബീയെലിന്റെ സഹടീമംഗം റോസ് നാഥിക് ലോകോന്യെന്‍ വിജയിക്കാനുള്ള പരിശീലനത്തിലാണ്.
ടീമിനെ പരിചയപ്പെടുത്തിക്കൊണ്ട് ജൂണ്‍ മൂന്നിന് ബാക് പറഞ്ഞത് ലോകോന്യെന്റെ കഥയാണ്. 2002ല്‍ ഏഴാം വയസില്‍ കുടുംബത്തോടൊപ്പമാണ് അവര്‍ അഭയാര്‍ത്ഥിയായത്. താഴെയുള്ള നാലുസഹോദരങ്ങളെ അവളെ ഏല്പിച്ച് മാതാപിതാക്കള്‍ ദക്ഷിണ സുഡാനിലേക്കു മടങ്ങി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും കാകുമയിലെ ജീവിതം കഠിനമാണെന്ന് ലോകോന്യെന്‍ പറയുന്നു. ചൂട്, പൊടി, തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യം.
ട്രെയിനിങ് ക്യാംപിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പ്രഖ്യാപനം വന്നപ്പോള്‍ ഷൂ പോലുമില്ലാതെയാണ് ലോകോന്യെന്‍ മല്‍സരിക്കാനിറങ്ങിയത്. നഗ്നപാദയായി അവര്‍ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ രണ്ടാമതെത്തി.
ഇപ്പോള്‍ ശരിയായ ഉപകരണങ്ങളും 10 മാസത്തെ പരിശീലനവുമായി റിയോയില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
'വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ അത് എത്ര കഠിനമായി ഞാന്‍ പ്രയത്നിക്കുന്നു എന്നതിനെയും ആളുകള്‍ എങ്ങനെ മല്‍സരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.'
ജീവിതകാലം മുഴുവന്‍ പരിശീലനം നടത്തുന്ന ലോകോത്തര താരങ്ങള്‍ക്കു മുന്നില്‍ അഭയാര്‍ത്ഥി ടീമിന്റെ വിജയസാദ്ധ്യത വിദൂരമാണ്. എങ്കിലും തന്റെ സ്ഥാനം തെളിയിക്കണമെന്ന് ലോകോന്യെന്‍ ആഗ്രഹിക്കുന്നു.
'അഭയാര്‍ത്ഥിയാണ് എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നല്ല. മിക്ക അഭയാര്‍ത്ഥികളും കഴിവുറ്റവരാണ്. അത് പ്രകടിപ്പിക്കാനുള്ള അവസരം അവര്‍ക്കു കിട്ടുന്നില്ലെന്നു മാത്രം.'
ദേശീയപതാകയില്ലാത്ത ഒരു ഒളിംപിക്സ് ടീം

Next Story