TopTop
Begin typing your search above and press return to search.

അഭിമുഖങ്ങളില്‍ തഴയപ്പെട്ടത് 40 തവണ; സദ്ദാം ഹുസൈന്‍ എന്ന പേര് വരുത്തിയ വിന

അഭിമുഖങ്ങളില്‍ തഴയപ്പെട്ടത് 40 തവണ; സദ്ദാം ഹുസൈന്‍ എന്ന പേര് വരുത്തിയ വിന
ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് നിങ്ങള്‍ നിസാരമായി ചിരിച്ചു തള്ളിയേക്കാം. പക്ഷെ സ്വന്തം പേരിന്റെ പേരില്‍ തെണ്ടി നടക്കുന്ന ജംഷഡ്പൂരില്‍ നിന്നുള്ള ഈ ഇരുപത്തിയഞ്ചുകാരന്റെ കഥ കേള്‍ക്കുമ്പോഴേ നിങ്ങള്‍ക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടൂ. സ്വന്തം പേരിന്റെ പേരില്‍ ബഹുരാഷ്ട്ര കമ്പനികള്‍ നടത്തിയ അഭിമുഖങ്ങളില്‍ നാല്‍പത് തവണയാണ് ഈ മറൈന്‍ എഞ്ചിനീയറിംഗ് ബിരുദധാരി തഴയപ്പെട്ടത്. 2014 സ്വന്തം ബാച്ചില്‍ രണ്ടാമനായി ജയിച്ചിറങ്ങിയ ശേഷമാണ് അദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി തൊഴില്‍ തെണ്ടല്‍ തുടരുന്നത്. കൂടെ പഠിച്ച മറ്റുള്ളവരൊക്കെ ഭേദപ്പെട്ട പദവികളില്‍ എത്തപ്പെടുകയും ചെയ്തു.

എന്താണ് അദ്ദേഹത്തിന്റെ പേരെന്നല്ലെ? സദ്ദാം ഹുസൈന്‍!! അതെ, ഇറാഖി സ്വച്ഛാധിപതിയായിരുന്ന ആളുടെ പേരാണ് ഈ ചെറുപ്പക്കാരനെ വലയ്ക്കുന്നത്. ഈ പേരുള്ള ഒരു ചെറുപ്പക്കാരനെ തങ്ങളുടെ ഉദ്യോഗസ്ഥനായി ചേര്‍ക്കാന്‍ ഒരു അന്താരാഷ്ട്ര കപ്പല്‍ കമ്പനിയും തയ്യാറാവുന്നില്ല. താന്‍ എന്തുകൊണ്ടാണ് തഴയപ്പെടുന്നതെന്ന് തൊഴില്‍ തെണ്ടല്‍ തുടങ്ങി ആദ്യത്തെ ആറുമാസം ഈ ചെറുപ്പക്കാരന് മനസിലാക്കാന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചില കമ്പനികളിലെ എച്ച്ആര്‍മാരാണ് പേരിന്റെ പ്രശ്‌നം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കപ്പലുകളെത്തുമ്പോള്‍ ഇത്തരം പേരുള്ള ഒരാള്‍ തങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നതിനാല്‍ തന്നെ പ്രവേശനാനുമതി നിഷേധിക്കപ്പെടാമെന്ന് കമ്പനികള്‍ ഭയപ്പെടുന്നു. ബോളിവുഡ് സുപ്പര്‍ താരം ഷാറൂഖ് ഖാന്‍ വരെ പേരിന്റെ പേരില്‍ തടഞ്ഞുനിറുത്തപ്പെട്ട ചരിത്രമുള്ളപ്പോള്‍ കമ്പനികളെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.

ഏതായാലും എന്താണ് പ്രശ്‌നമെന്ന് മനസിലാക്കിയ നമ്മുടെ സദ്ദാം ഹുസൈന്‍ ഔദ്ധ്യോഗികമായി തന്റെ പേര് മാറ്റി. ഇപ്പോള്‍ അദ്ദേഹം സാജിത് ഹുസൈനാണ്. പാസ്‌പോര്‍ട്ടിലും തിരിച്ചറിയല്‍ കാര്‍ഡിലും ഡ്രൈവിംഗ് ലൈസന്‍സിലുമൊക്കെ പേര് മാറിക്കഴിഞ്ഞു. എന്നാല്‍ പ്രശ്‌നം അവിടം കൊണ്ടും അവസാനിക്കുന്നില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ പേര് സദ്ദാം ഹുസൈന്‍ എന്ന് തുടരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈ പേര് മാറ്റാന്‍ സിബിഎസ്‌സിയെ സമീപിച്ചെങ്കിലും അവര്‍ നടപടിയെടുത്തിട്ടില്ല.

തുടര്‍ന്ന് ഇപ്പോള്‍ ജാര്‍ഖണ്ഡ് കോടതിയെ സമീപിച്ചിരിക്കുകയാണ് സാജിത് ഹുസൈന്‍ എന്ന പഴയ സദ്ദാം. കോടതി കേസിന്റെ വാദം കേള്‍ക്കുന്നത് മേയ് അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. സാജിത്തിന്റെ മുത്തച്ഛന്‍ സ്‌നേഹപൂര്‍വം ഈ പേര് പേരക്കുട്ടിക്കിടുമ്പോള്‍ ഇങ്ങനെയൊരു പൊല്ലാപ്പ് അദ്ദേഹവും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

Next Story

Related Stories