TopTop
Begin typing your search above and press return to search.

'അവന്റെ ഫോട്ടോ എടുത്തു, ബൈക്ക് നമ്പര്‍ എഴുതിയെടുത്തു, കൃഷ്ണനുണ്ണിയെ അവര്‍ കൊന്നതാണ്...'

അവന്റെ ഫോട്ടോ എടുത്തു, ബൈക്ക് നമ്പര്‍ എഴുതിയെടുത്തു, കൃഷ്ണനുണ്ണിയെ അവര്‍ കൊന്നതാണ്...

തിരുവനന്തപുരം തിട്ടമംഗലം സ്വദേശിയായ കൃഷ്ണനുണ്ണി പി എല്‍ എന്ന 19-കാരനായ വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മാര്‍ച്ച് 31-നാണ്. സഹപാഠിയായ വിദ്യാര്‍ഥിനിയുമായി ബൈക്കില്‍ യാത്ര ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും വീട്ടുകാരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതിന്റെ പിറ്റേന്നായിരുന്നു ഇത്. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണനുണ്ണി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതിന് പുറമേ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം കാണാതായ കൃഷ്ണനുണ്ണിയെക്കുറിച്ച് വിവരം ലഭിക്കുന്നത് പിറ്റേന്ന് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നുവെന്നാണ്. ട്രെയിനില്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ട ബന്ധുക്കളും സഹപാഠികളും പറയുന്നത് ട്രെയിന്‍ തട്ടിയതിന്റെ യതൊരു ലക്ഷണങ്ങളും കൃഷ്ണനുണ്ണിയുടെ ശരീരത്തില്‍ ഇല്ല എന്നും. ദേഹത്തും മുഖത്തും പുറം കഴുത്തിനും മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് തലയിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ്.

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്‌

കൃഷ്ണനുണ്ണിയുടെ മരണത്തേക്കുറിച്ചും തങ്ങളുടെ സംശയങ്ങളെക്കുറിച്ചും അമ്മാവന്‍ ആര്‍ട്ടിസ്റ്റ് ഹരി, അഴിമുഖത്തോട് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു- 'അവനെ (കൃഷ്ണനുണ്ണി) ആ പെണ്‍കുട്ടിയുടെ അച്ഛനും അവരുടെ ആളുകളും ചേര്‍ന്ന് ഉപദ്രവിച്ചതാണ്. അവര്‍ അപായപ്പെടുത്തിയെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. കൃഷ്ണനുണ്ണിയുടെ അച്ഛന്‍ പ്രതാപ് അവന് രണ്ടര വയസ്സുള്ളപ്പോള്‍ മരിച്ചതാണ്. അമ്മ ലതയായിരുന്നു കൃഷ്ണനുണ്ണിയെയും അവന്റെ ചേട്ടന്‍ ആദര്‍ശിനെയും വളര്‍ത്തിയത്. മക്കളായിരുന്നു അവര്‍ക്ക് (ലത) ഒരു ആശ്വാസം. മൂന്നാലുമാസം മുമ്പ് ഈ പെണ്‍കുട്ടിയെയും കൂട്ടി അവളുടെ അച്ഛനും അമ്മയും പിന്നെ ചില കുടുംബക്കാരും ഇവിടെ വന്നിരുന്നു. കൃഷ്ണനുണ്ണി തന്റെ മകളെ ശല്യം ചെയ്യുകയാണെന്നും ഇനി ഇതാവര്‍ത്തിക്കരുതെന്നും പറയാനുമാണ് അവര്‍ വന്നത്. കൃഷ്ണനുണ്ണിയെക്കുറിച്ച് കുറെ കുറ്റങ്ങള്‍ പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി ഇടയ്ക്ക് കയറി പറഞ്ഞു- 'എന്നെ കൃഷ്ണനുണ്ണി ശല്യം ചെയ്തിട്ടില്ല. ഞങ്ങള്‍ രണ്ടു മൂന്ന് വര്‍ഷമായി സ്‌നേഹത്തിലാണ്. ഞങ്ങള്‍ ഒരുമിച്ചായിരുന്നു ട്യൂഷന് പഠിച്ചത്. ഡിഗ്രിക്കും ഒരേ ക്ലാസിലാണ്. കൃഷ്ണനുണ്ണി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല' എന്ന് ആ കുട്ടി ശക്തമായി പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒന്ന് അയഞ്ഞത്.

അന്നാണ് ഞങ്ങള്‍ ഈ വിവരങ്ങളൊക്കെ അറിയുന്നത്. ഞങ്ങള്‍ ഈ ബന്ധത്തില്‍ നിന്ന പിന്തിരിയാന്‍ ആവുന്നത് നിര്‍ബന്ധിച്ചിരുന്നു. അവന്‍ മരിക്കുന്നതിന്റെ തലേന്ന് ആ പെണ്‍കുട്ടിയെയും കൊണ്ട് ബൈക്കില്‍ അവളുടെ ഏതോ ബന്ധുവീട്ടിലോ മറ്റോ പോയിരുന്നു. തിരിച്ച് വരുന്ന വഴി ഏകദേശം നാലുമണി സമയമായിരിക്കണം, വഴയില ജംഗ്ഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളോ മറ്റാരൊക്കെയോ ഇവരെ തടഞ്ഞ് നിര്‍ത്തുകയും കൃഷ്ണനുണ്ണിയെ അടിക്കുകയുമൊക്കെ ചെയ്തു. റോഡ് ബ്ലോക്കാക്കിയായിരുന്നു ഈ വഴക്കെന്നാണ് അറിഞ്ഞത്. ആദ്യം നാട്ടുകാര്‍ ഒന്നും ഇടപെട്ടില്ല. ഏതോ പയ്യന്‍ പെണ്‍കുട്ടിയെ എന്തെങ്കിലും ചെയ്തതായിരക്കുമെന്ന് കരുതിയിരിക്കാം. എന്നാല്‍ ആ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞത്- 'കൃഷ്ണനുണ്ണിയെ ഞാന്‍ വിളിച്ചിട്ടുവന്നതാണെന്നും അവന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെ'ന്നും ആണ്. ഇതു കേട്ട് നാട്ടുകാരും പിന്നെ അവിടെ എത്തിയ ആദര്‍ശിന്റെ (കൃഷ്ണനുണ്ണിയുടെ ചേട്ടന്‍) സുഹൃത്ത് കൃഷ്ണനുണ്ണിയെ കണ്ടതുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ കൃഷ്ണനുണ്ണിയുടെ ഫോട്ടോ എടുക്കുകയും കൂടെയുണ്ടായിരുന്നവര്‍ ബൈക്ക് നമ്പര്‍ എഴുതിയെടുക്കുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ ഞങ്ങളോട് പറഞ്ഞു. അവന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പോയി എന്നും ആ സുഹൃത്ത് ആദര്‍ശിനെ വിളിച്ച് അറിയിച്ചിരുന്നു.

ഒരു അഞ്ച് മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു. ഫോണ്‍ എടുത്തത് അവന്റെ മുത്തച്ഛനായിരുന്നു. കൃഷ്ണനുണ്ണി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഉച്ചക്ക് രണ്ടുമണിക്ക് പോയതാണെന്നും വന്നിട്ടില്ലെന്നും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും പറഞ്ഞു. അതിന് മറുപടിയായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞത് കൃഷ്ണനുണ്ണി തന്റെ കസ്റ്റഡിയിലുണ്ടെന്നും ഞങ്ങള്‍ കുറച്ച് ആളുകളിവിടെയുണ്ടെന്നുമാണ്. അതിന് മുത്തച്ഛന്‍ പറഞ്ഞത്, പുറത്തുള്ളവരെയൊക്കെ അറിയിച്ചാല്‍ ക്ഷീണം നിങ്ങളുടെ കുട്ടിക്കല്ലേ? എന്നായിരുന്നു. അത് ഞങ്ങള്‍ സഹിച്ചോളാമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. പിന്നെ അവനെ നോക്കി ഞങ്ങള്‍ കാത്തിരുന്നു. വഴിയില്‍ പ്രശ്‌നങ്ങളുണ്ടായ കാര്യങ്ങളൊക്കെ ആദര്‍ശ് പറഞ്ഞിരുന്നു. അവനെ കാണാതായപ്പോള്‍ കരുതിയത് പ്രശ്‌നങ്ങള്‍ കാരണം വീട്ടിലേക്ക് വരാനുള്ള മടികൊണ്ട് കൂട്ടുകാരുടെ അടുത്ത് പോയതായിരിക്കുമെന്നാണ്. കൂട്ടുകാരുടെ വീട്ടില്‍ വിളിച്ചിട്ട് അവന്‍ അവിടെ എത്തിയിട്ടില്ലെന്നു മനസ്സിലായപ്പോള്‍ രാത്രി പതിനൊന്നരയോടെ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. പന്ത്രണ്ട് മണിയോടെ റെയില്‍വെ പോലീസിലും പരാതി നല്‍കി. രാവിലെ പേട്ട പോലീസ്, കൃഷ്ണനുണ്ണി സ്‌റ്റേഷനില്‍ ഉണ്ടെന്ന് പറഞ്ഞ് ആദര്‍ശിനെ വിളിപ്പിച്ചു.

അവന്‍ അവിടെ ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്നത് കൃഷ്ണനുണ്ണിയാണോ എന്നറിയുന്നതിനുള്ള നടപടിക്രമത്തിനായിട്ടാണ് വിളിച്ചതെന്ന് മനസിലായത്. അവര്‍ പറഞ്ഞത് ട്രെയിന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ആത്മഹത്യയാണെന്നുമാണ്. പക്ഷെ മൃതദേഹം കണ്ടപ്പോള്‍ തന്നെ മനസിലായി അത് ട്രെയിന്‍ ഇടിച്ചതല്ലെന്ന്. മുഖത്തും കഴുത്തിലും തലയിലുമൊക്കെ അടിച്ചതിന്റെയും തല്ലിയതിന്റെയുമൊക്കെ പാടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നത് ഇന്നാണ് (04-04-2017). അതില്‍ വ്യക്തമായി പറയുന്നുണ്ട്, മരണകാരണം തലക്കേറ്റ മുറിവാണെന്ന്. തിരുവനന്തപുരം കമ്മീഷണര്‍ക്ക് ഞങ്ങള്‍ നേരിട്ട് പരാതി നല്‍കിട്ടുണ്ട്. കാരണം പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രവാസിയായ, ധാരാളം പണമുള്ളയാളും സ്വാധീനമുള്ള വ്യക്തിയുമാണ്. പെണ്‍കുട്ടിയുടെ അമ്മ ടീച്ചറോ മറ്റോ ആണെന്നു തോന്നുന്നു. പേരൂര്‍ക്കടയിലോ മറ്റോ താമസിക്കുന്ന ഇവരെക്കുറിച്ച് ഞങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ല. ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അവര്‍ക്ക് ഞങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും ധാരണയുണ്ട്. അവര്‍ക്ക് നല്ല സ്വാധീനമുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. നിരപരാധികളെ ശിക്ഷിക്കണമെന്നുള്ള ആഗ്രഹം ഞങ്ങള്‍ക്കില്ല. എന്നാല്‍ അവന്റെ മരണത്തിനുത്തരവാദികളായവരെ പിടികൂടണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ഇതുവരെയും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് വന്നിട്ടില്ല. അന്ന് പോലീസ് എന്നോടും ആദര്‍ശിനോടും ചില കാര്യങ്ങള്‍ ചോദിച്ചിരുന്നു. പേട്ട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്‍ക്വസിറ്റ് തയ്യാറാക്കി പോസ്റ്റ്മാര്‍ട്ടത്തിന് മൃതദേഹം അയച്ചത്.'

കൃഷ്ണനുണ്ണിയോട് അവസാനം സംസാരിച്ച സഹോദരന്‍ ആദര്‍ശ് പറയുന്നത്- 'മുപ്പതാം തീയ്യതി നാലരക്ക് എനിക്ക് അവന്റെ ഫോണ്‍ വന്നിരുന്നു. അവനും ആ പെണ്‍കുട്ടിയും ബൈക്കില്‍ പോയപ്പോള്‍ ആ കുട്ടിയുടെ അച്ഛനും ആളുകളും തടഞ്ഞ് നിര്‍ത്തിയെന്നും ഉപദ്രവിച്ചെന്നുമൊക്കെ അറിയിച്ചു. ഉടനെ തന്നെ ഞാന്‍ അങ്ങോട്ട് പുറപ്പെട്ടു. വഴിക്ക് എന്റെ ഒരു സുഹൃത്ത് വിളിച്ചു. കൃഷ്ണനുണ്ണിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉപദ്രവിക്കുന്നത് കണ്ട് അവനും നാട്ടുകാരും ഇടപെട്ടുവെന്നും പ്രശ്‌നം പരിഹരിച്ചു, അവന്‍ (കൃഷ്ണനുണ്ണി) അങ്ങോട്ട് വരുന്നുണ്ടെന്നും പറഞ്ഞു. വഴിയില്‍ വെച്ച് അവനെ കണ്ടു, ഇപ്പോഴത്തെ പ്രശ്‌നം തീര്‍ത്തുവെന്ന് പറഞ്ഞ് അവന്‍ മ്യൂസിയം ഭാഗത്തേക്ക് പോയി. പിന്നെ അവനെ ജീവനോട് കണ്ടിട്ടില്ല. അഞ്ച് മണി കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു കാരണം അവനെ ഫോണ്‍ വിളിക്കാന്‍ നോക്കിയിട്ട് കിട്ടിയില്ല. ആറു മണി വരെ അവന്റെ വാട്ട്‌സ് അപ്പും സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളും ആക്ടീവായിരുന്നു. അതിന് ശേഷം ഫോണുമായി ഒരു ബന്ധവുമില്ലാതായി. കൂട്ടുകാരുടെ വീട്ടില്‍ പോയതായിരിക്കാമെന്ന് കരുതി അവരോടൊക്കെ അന്വേഷിച്ചു. അവിടെങ്ങും എത്തിയിട്ടില്ലെന്ന് മനസ്സിലായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്'.

ഈ കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ വട്ടിയൂര്‍ക്കാവ് എസ്‌ഐ വി. മുരളീകൃഷ്ണനുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ കൃഷ്ണനുണ്ണിയെ കാണാതായ പരാതിയെ ഇവിടെയുള്ളൂ, പേട്ട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്‍ക്വിസിറ്റ് എടുത്ത് ബോഡി പോസ്റ്റ്മാര്‍ട്ടത്തിനയച്ചത്, അവരുടെ പരിധിയിലാണ് അന്വേഷണം എന്നു വ്യക്തമാക്കി. തുടര്‍ന്ന് പേട്ട എസ്‌ഐ സുവര്‍ണ കുമാര്‍ കേസിനെക്കുറിച്ച് പറഞ്ഞത്, 'കൃഷ്ണനുണ്ണിയുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ വഴക്കുണ്ടായ സ്ഥലത്തെ ദൃക്ഷസാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്, മരിച്ച യുവാവിന്റെ അമ്മാവന്റെയും സഹോദരന്റെയും വിശദീകരണവും എടുത്തിട്ടുണ്ട്. വീട്ടില്‍ പോയി കൃഷ്ണനുണ്ണിയുടെ അമ്മയുടെ വിശദീകരണം തേടാഞ്ഞത്, മകന്‍ മരിച്ച് വിഷമത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് അവര്‍ ഒന്ന് സാധാരണ നിലയിലെത്തിയിട്ട് മതിയെന്ന മാനുഷികവശം കണക്കിലെടുത്താണ്. കേസ് കാര്യക്ഷമമായി അന്വേഷിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാറായിട്ടില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയിലേറ്റ മുറിവാണ് മരണ കാരണം. അതിന്റെ സാധ്യതകളെകുറിച്ചാണ് അന്വേഷണം' എന്നാണ്.

കൃഷ്ണനുണ്ണിയുടെ മറ്റൊരു അമ്മാവനായ മോഹനന്‍ പറയുന്നത്- 'കൃഷ്ണനുണ്ണിയെ കാണാതായ ദിവസം മുതല്‍ പെണ്‍കുട്ടിയെയും അവളുടെ അച്ഛനെയും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവുമുണ്ടായില്ല. അവന്റെ കൂട്ടുകാരും ശ്രമിച്ചു, അവര്‍ക്കും അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ആ പെണ്‍കുട്ടിക്ക് അറിയാമായിരിക്കും എന്താണ് അവന് സംഭവിച്ചതെന്ന്. ഒരുപക്ഷേ അതുകൊണ്ട് അവര്‍ ആ പെണ്‍കുട്ടിയെ ഒളിപ്പിക്കാനും സാധ്യതയുണ്ട്. അവര്‍ (പെണ്‍കുട്ടിയുടെ ബന്ധുക്കള്‍) കാരണമായിരിക്കും അവന് അങ്ങനെ സംഭവിച്ചത്. എന്തിനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കൃഷ്ണനുണ്ണിയുടെ ഫോട്ടോ എടുത്തത്? ബൈക്കിന്റെ നമ്പര്‍ എഴുതിയെടുത്തത്? വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്? ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അവര്‍ തന്നെയായിരിക്കും അവനെ...'

അയല്‍വാസികളും സുഹൃത്തുകളും അധ്യാപകരുമൊക്കെ കൃഷ്ണനുണ്ണിയെകുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. മികച്ച ഒരു ഫുട്‌ബോള്‍ താരമായിരുന്നു കൃഷ്ണനുണ്ണി. കൃഷ്ണനുണ്ണി പ്ലസ്ടുവിന് പഠിച്ച ഭാരതീയ വിദ്യാഭവന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫുട്‌ബോള്‍ കിരീടം കിട്ടിയത് അവന്‍ അടിച്ച ഗോളിന്റെ കൂടെ പിന്‍ബലത്തിലായിരുന്നുവെന്നും പ്രാദേശികമായ പല ചെറിയ ക്ലബുകളിലും അതിഥി താരമായി കൃഷ്ണനുണ്ണി കളിക്കാന്‍ പോകാരുണ്ടായിരുന്നുവെന്നും അയല്‍വാസികളായ സുഹൃത്തുകള്‍ പറയുന്നു. കൃഷ്ണനുണ്ണിയുടെ കോളേജ് അധ്യാപകര്‍ പറയുന്നത് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടായിരുന്നു അവനെ കാണാറുണ്ടായിരുന്നത്. ഇടയ്ക്ക് ക്ലാസില്‍ കയറാതെ കറങ്ങി നടന്ന് ഞങ്ങളുടെ മുമ്പില്‍ വന്ന് പെടുമ്പോഴും ആ ചിരി കാണാറുണ്ട്. പോയി ക്ലാസിലിരുന്ന് പഠിക്കാന്‍ ശകാരിക്കുമ്പോഴും ചിരിച്ചുകൊണ്ടുതന്നെയാണ് അവന്‍ ക്ലാസിലേക്ക് നടക്കുന്നതെന്നാണ് മൃതദേഹം കാണാന്‍ വന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കൃഷ്ണനുണ്ണിയുടെ അയല്‍ക്കാര്‍ പറയുന്നു.

കൃഷ്ണനുണ്ണിയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സുഹത്തുക്കളും നാട്ടുകാരും അധ്യാപകരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ #JusticeForKrishnanUnni എന്ന ഹാഷ്ടാഗ് ക്യാമ്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്. സിനിമനടന്‍ ഉണ്ണി മുകുന്ദനും നടിയും മാധ്യമപ്രവര്‍ത്തകയുമായ മാല പാര്‍വതിയും അതില്‍ പങ്കാളികളായിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാക്കുവാന്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.


Next Story

Related Stories