TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തുന്ന അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണം

എന്തുകൊണ്ട് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തുന്ന അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണം

രാജേഷ് അഗര്‍വാള്‍

വെറും 200 പൗണ്ടും പോക്കറ്റിലിട്ടുകൊണ്ട് 15 വര്‍ഷം മുമ്പ് പുതിയ അവസരങ്ങള്‍ തേടി ഇന്ത്യയില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ ഒരാളാണ് ഞാന്‍. ലണ്ടന്‍ എന്നെ സ്വീകരിക്കുന്നതായി തോന്നി. പുതിയ വ്യാപാരത്തിനും നവീകരണത്തിനും ഇടം നല്‍കിക്കൊണ്ട് അത് പ്രതിഭകള്‍ക്ക് സ്വാഗതമോതി.

എന്നാല്‍ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമായിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ജനഹിതപരിശോധന അനുകൂലമായ സാഹചര്യത്തില്‍, ലോകത്തിലെ ഏറ്റവും വ്യാപാരാനുകൂല നഗരമാണ് ലണ്ടന്‍ എന്ന് തെളിയിക്കേണ്ട ബാധ്യത നമ്മളില്‍ വന്നുചേര്‍ന്നിരിക്കുന്നു. നിക്ഷേപങ്ങളോടും വ്യാപാരത്തോടും പ്രതിഭകളോടും ഇപ്പോഴും നമുക്ക് തുറന്ന സമീപനമാണുള്ളതെന്ന സന്ദേശം അരക്കിട്ടുറപ്പിക്കുന്നതിന് മാത്രമല്ല, പുതിയ പ്രത്യേക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിന് നമ്മള്‍ തയ്യാറുമാണ് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിക്കൂടി ഞാന്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ചെറുകിട, വന്‍കിട വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതുകൊണ്ടുകൂടിയാണ്, ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തുന്ന അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഞാന്‍ തെരേസ മേയോട് ആവശ്യപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ സാഹചര്യത്തില്‍, ബ്രിട്ടണിലുള്ള കമ്പനികള്‍ ആഗോള പ്രതിഭകളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് മറ്റെന്നെത്തേക്കാളും ആവശ്യമായി വന്നിരിക്കുകയാണ്.

അത്തരം വൈദഗ്ധ്യങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ വളര്‍ച്ച മുരടിക്കുമെന്ന് മാത്രമല്ല, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയുമില്ല. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മോശം അവസ്ഥയിലേക്ക് ബ്രിട്ടണ്‍ മാറും. ലോക നിലവാരത്തിലുള്ള പ്രതിഭകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് നമുക്ക് താങ്ങാനാവില്ല. അതുകൊണ്ട് തന്നെ നമ്മുടെ വിസ ചട്ടങ്ങള്‍ കൂടുതല്‍ അയവുള്ളതായിരിക്കണം. ഇത് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

അതോടൊപ്പം, ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്ത് പഠിക്കാനെത്തുന്നു എന്നുറപ്പാക്കുന്നതിനാവശ്യമായ നടപടികളും ഉണ്ടാവണം. ലോകത്തുള്ള ഏതൊരു നഗരത്തെക്കാള്‍ കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത് ലണ്ടനിലാണ്: മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഭീമാറാവു അംബേദ്കര്‍ തുടങ്ങിയ ലോകനേതാക്കളൊക്കെ ലണ്ടനില്‍ പഠിച്ചവരാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നമ്മുടെ മുലധനനിക്ഷേപത്തിന്റെ വലിയൊരു പങ്ക് കൈയാളുന്നത് ഇന്ത്യക്കാരാണ്. ലണ്ടനില്‍ എത്തിയിട്ടുള്ള മൊത്തം വിദേശനിക്ഷേപത്തിന്റെ പത്തുശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. അതേസമയം, ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജി20 രാജ്യങ്ങളില്‍ മുമ്പില്‍ ബ്രിട്ടണാണുള്ളത്. 7,00,000 ആളുകള്‍ക്ക് തൊഴിലും 40 ബില്യണ്‍ യൂറോ വരുമാനവുമായി 500 ബ്രിട്ടീഷ് കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

നവീകരണം, സംരഭകത്വം, സമൃദ്ധി, അറിവ് അടിസ്ഥാനത്തിലുള്ള സാമ്പത്തിക വ്യവസ്ഥ എന്നിവയില്‍ ഊന്നിയുള്ള ഭാവി സ്വപ്‌നം കാണുന്നതില്‍ ഇന്ത്യയും ബ്രിട്ടണും സര്‍വോപരി ലണ്ടനും സമാനമനസ്‌കരാണ്. നമ്മുടെ സാമ്പത്തിക മേഖല ഇപ്പോള്‍ അനുഭവിക്കുന്ന 'പാസ്‌പോര്‍ട്ടിംഗ്' അവകാശങ്ങള്‍ നിലനിറുത്തുകയും നഗരത്തിന്റെ സമ്പദ്വ്യവസ്ഥ സംരക്ഷിക്കുന്നതിനായി ലണ്ടന് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുക എന്നതും നിര്‍ണായകമാണ്.

വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട അവസരമാണിത്. അതോടൊപ്പം നമ്മള്‍ ആര്‍ജ്ജിച്ച ആസ്തികള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പോക്കുകയും വേണം.

(ലണ്ടന്‍ ആസ്ഥാനമായുള്ള വാണിജ്യ വിദേശവിനിമയ കമ്പനിയായ റാഷണല്‍ എഫ്എക്‌സിന്റെ സ്ഥാപക ചെയര്‍മാനും ലണ്ടനിലെ വ്യാപാര ഡപ്യൂട്ടി മേയറും ഇന്ത്യന്‍ വംശജനുമായ രാജേഷ് അഗര്‍വാള്‍ 'ടെലിഗ്രാഫ്.കോ.യുകെ' പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ)


Next Story

Related Stories