TopTop
Begin typing your search above and press return to search.

ഓട്ടക്കൊട്ടയില്‍ വെള്ളം തേവുന്നവര്‍

ഓട്ടക്കൊട്ടയില്‍ വെള്ളം തേവുന്നവര്‍

ഷീബ ഷിജുGod is a thought who makes crooked all that is straight: Friedrich Nitezsche


ഒരു കഥ പറയാം. പണ്ടേക്കും പണ്ട് സ്വര്‍ഗത്തില്‍ പോയവര്‍ക്ക് ഭൂമിയിലേയ്ക്ക് തിരിച്ചു വരാന്‍ പാകത്തിന് അതിന്റെ കതകു തുറന്നിട്ടിരുന്ന കാലത്ത് ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു ബുദ്ധസന്യാസിമാര്‍ ജീവിച്ചിരുന്നു. രണ്ടാളും ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ചു. ഒരാള്‍ മാത്രം സ്വര്‍ഗപ്പൂന്തോപ്പിലെത്തി. തന്റെ ചങ്ങാതിയെ അവിടൊക്കെ തിരഞ്ഞു വിഷമിച്ചു. ഭൂമിയിലെ മനുഷ്യര്‍ക്കി ടയിലും കാണാതിരുന്ന അയാളെ ഒടുവില്‍ ചാണകക്കൂനയിലെ പുഴുവായി വീണ്ടും ജനിച്ചിരിക്കുന്നതായി കണ്ടെത്തി. താന്‍ മാത്രം സ്വര്‍ഗത്തിന്റെ സുഖം അനുഭവിക്കുമ്പോള്‍ കൂട്ടുകാരന്‍ ചാണകപ്പുഴുവായി ജീവിക്കുന്നത് അയാള്‍ക്ക് വല്ലാത്ത മനോവിഷമമുണ്ടാക്കി. സ്വര്‍ഗത്തിലേയ്ക്ക് അവനെയും കൂട്ടാനുള്ള അതിയായ ആഗ്രഹത്താല്‍ കൂട്ടുകാരന്‍ പുഴുവിനടുത്ത് പോയി സ്വര്‍ഗത്തെക്കുറിച്ചു പറഞ്ഞു. അവിടെക്കണ്ട മനോഹാരിത വിവരിച്ചിട്ടും സ്വന്തം അനുഭവം പങ്കുവച്ചിട്ടും ചങ്ങാതിപ്പുഴു ചാണകക്കൂനയിലെ തന്റെ ചെറുകുഴി വിട്ടു പുറത്തേക്കു വന്നതേയില്ല. തല വെളിയിലേക്കിട്ട് പറഞ്ഞു, 'നീ പൊയ്‌ക്കോള്ളൂ, എനിക്കിവിടെ സ്വര്‍ഗമാണ്.'

വിശ്വാസികള്‍ക്ക് അവരുടെ ചെറുജീവിതകാലത്ത്, മരണത്തോളം നരകഭയദായകമാവുന്ന ആചാരങ്ങളും ദൈവങ്ങളും മതങ്ങളും ഇളക്കം തട്ടാതെ നിലനിര്‍ത്തുകയെന്നത് പലപ്പോഴും പ്രാണനോളം പ്രിയപ്പെട്ടതാവുന്നു. എന്നാല്‍ ഇതേ ആള്‍ അതേ വിശ്വാസധാരയില്‍ മുന്നേ ഇല്ലാതായിപ്പോയവയൊക്കെ വെറും ചരിത്രമോ അനാചാരമോ ആയി തള്ളിക്കളയുകയും, തന്റേതല്ലാത്ത മറ്റുള്ളവരുടെ നിലവിലുള്ള വിശ്വാസാചാരങ്ങളുടെ കാര്യത്തില്‍ അന്ധം, അനാവശ്യം; വാക്കുകള്‍ നിര്‍ലജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു. വിശ്വാസി സ്വന്തമല്ലാത്ത എല്ലാ ദൈവത്തെയും അവിശ്വസിക്കുമ്പോള്‍, അവിശ്വാസി വിശ്വാസിയുടെ ദൈവത്തെക്കൂടി തള്ളിക്കളയുന്നുവെന്നള്ളതു മാത്രമാണ് അവര്‍ തമ്മിലുള്ള വ്യത്യാസം.

എന്തിനേയും കൊള്ളാനും തള്ളാനും വിശ്വാസിക്ക് (മതമോ പാര്‍ട്ടിയോ ആവട്ടെ) അവരുടെ വിശ്വാസക്കൂട് തന്നെയാണ് ഏറ്റവും വലിയ തടസ്സം. സര്‍വ്വകക്ഷി യോഗങ്ങള്‍ പ്രഹസനങ്ങളാവുന്നതും ഇങ്ങനെയാണ്. ഒത്തും ഒപ്പിച്ചും സ്വന്തം കൂരയ്ക്ക് ഇളക്കം തട്ടാതിരിക്കുവാന്‍ പാകത്തിന് എല്ലാരും തത്പരകക്ഷികളായി നടിക്കുന്നു. ഉദാഹരണത്തിന്, മലകയറ്റ പ്രശ്‌നം അതിലെ വിശ്വാസികള്‍ തീരുമാനിക്കട്ടെ എന്നു പറയുന്ന ഇതര മത ലിബറല്‍ രാഷ്ട്രീയ നാട്യങ്ങളുടെയുള്ളില്‍ അവരുടെ വേലി പൊളിഞ്ഞാല്‍ നമ്മുടെ മതിലും പൊളിക്കേണ്ടി വന്നാലോയെന്ന ഉത്ക്കണ്ഠയാവും സമരസപ്പെടലിനുള്ള കാരണം. മുസ്ലീം വ്യക്തി നിയമത്തില്‍ പരിഷ്‌ക്കാരമാവാമെന്ന വാക്കാല്‍ നിര്‍ദ്ദേശത്തെപ്പോലും അതങ്ങനെ തന്നെയല്ലേ ഇത്രകാലവും നിലനിന്നത്, ഇപ്പോള്‍ മാത്രം എന്താണ് കുഴപ്പം എന്ന നിഷ്‌കളങ്കയുക്തിയിലൂടെ തുണയ്ക്കുന്നവരിലും തരാതരം രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നവരുടെ അതേ ഇരട്ടത്താപ്പ് പ്രകടമാണ്. തന്റേതൊഴിച്ചു മറ്റുള്ളവരുടേതെല്ലാം കണ്ണടച്ചു എതിര്‍ക്കപ്പെടെണ്ടതാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെറു വിയോജിപ്പുകളോട് പോലുമുള്ള ഏറ്റവും വൈകാരികവും അത്ഭുതപ്പെടുത്തും വിധം ജനാധിപത്യ വിരുദ്ധവുമായ പ്രതികരണങ്ങളും ഇത്തരക്കാരുടെ പൊതുസ്വഭാവമാണ്.വെടിമരുന്ന് കണ്ടുപിടിച്ചതിന് ശേഷം മാത്രം നിലവില്‍ വന്നതാണ് വെടിക്കെട്ടുകള്‍ എന്നതിന് മതഗ്രന്ഥങ്ങളുടെയോ താളിയോലക്കെട്ടുകളുടെയോ സൂക്തങ്ങള്‍ തെളിവായി വേണ്ട. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തെ പലതിനേയും എടുത്തുപയോഗിച്ച് അതും മതവിശ്വാസം പോലെ മാറാത്തതാക്കി നിലനിര്‍ത്തണമെന്ന വാദം തന്നെ അര്‍ത്ഥശൂന്യമാണ്. സയന്‍സ് മാറിക്കൊണ്ടിരിക്കുന്നു, അതില്‍ തിരുത്തപ്പെടാവുന്നതും എടുത്തുകളയാവുന്നതും മാത്രമേയുള്ളൂ. ശബ്ദം ഇല്ലാത്തതും പരിസ്ഥിതിക്ക് യോജിച്ചതുമായ വെടിക്കെട്ട് സാങ്കേതിക വിദ്യകള്‍ ലോകത്തെമ്പാടും ഉപയോഗിക്കുന്നുണ്ട്. അപകട സാധ്യത ഇല്ലാത്തതും വളരെ ഭംഗിയുള്ളതും ആവര്‍ത്തന വിരസത ഒഴിവാക്കി പല തീമുകളില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമായ ലേസര്‍ ഷോ മുതലായവയും പരീക്ഷിക്കാവുന്നതാണ്. പടക്കപ്പുരകളില്‍ കറുത്ത നഖങ്ങളുമായി ജീവിതം ബാലവേലയില്‍ തുലഞ്ഞ് പോവുന്ന കുഞ്ഞുങ്ങളുടെ മറന്നു പോയ ചിരിയാണ് 'വെടിക്കെട്ടിന്റെ വര്‍ണ്ണ വിസ്മയം' തുടങ്ങിയ തലക്കെട്ടുകളായി പൂത്ത് വിരിയുന്നത്. വെടിക്കെട്ട് നിരോധിച്ചു അവരുടെ പണി പോക്കിയാല്‍ എതിര്‍ക്കുന്നവരുടെ ഉമ്മറത്തു കഞ്ഞി കൊടുക്കുമോയെന്ന ചോദ്യക്കാരോട് പറയാനുള്ളത്, എന്തിന്റെയും അറ്റത്ത് ചോദ്യചിഹ്നം ഇട്ടാല്‍ വ്യാകരണപ്രകാരമേ അതു ചോദ്യമെന്ന നിലയില്‍ ശരിയാകുന്നുള്ളൂ. പറഞ്ഞതിന്റെ യുക്തി കൂടി ശരിയാവണമെങ്കില്‍ ഉത്തരാവാദിത്തപ്പെട്ടവരോട് പോയി ചോദിക്കണം. തെരഞ്ഞെടുപ്പിന്റെ സമ്മോഹന കാലത്ത് കനിഞ്ഞ് കിട്ടിയ വരം പോലെ പരവൂരില്‍ ജില്ല അധികാരിയുടെ അനുമതി ഇല്ലാഞ്ഞിട്ടും അവിഹിതക്കാര്‍ഡ് ഇറക്കി നടത്തിയ മത്സരക്കമ്പത്തില്‍ കരിഞ്ഞ ജീവിതങ്ങളെ നോക്കി കണ്ണീരൊഴുക്കി മടങ്ങി അടുത്ത ചില മണിക്കൂറിനുള്ളില്‍ തന്നെ തൃശൂര്‍ പൂരവെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തവരുണ്ട്. കോടതി വിധിയെയും മറികടന്ന് 'ആചാരം മാറ്റാന്‍ പാടില്ല, പൂരം കമ്പക്കാരുടെ ജന്മാവകാശം അത് നിഷേധിക്കരുതെന്ന്', അവിടെ ചിരിക്കാന്‍ പോയവരോട് ചോദിക്കൂ, മറുപടി കിട്ടിയേക്കും. ട്രപ്പീസ് കളിക്കാരുടെ മെയ് വഴക്കത്തോടെ 'ജാതിയേതരം മതേതരം കപ്പും സോസറും' തലയില്‍ ബാലന്‍സ് ചെയ്യാന്‍ വിപ്ലവപ്പാര്‍ട്ടിയുടെ ആളുകള്‍ക്കും സാധിക്കുന്നുവെന്നതാണ് ഏറ്റവും വലിയ അത്യാഹിതം.

ആനയെ മെരുക്കി ഭാരം പിടിപ്പിച്ചിരുന്ന ആദിമ നിസ്സഹായതയില്‍ നിന്നും ക്രെയിനുകളുടെയും യന്ത്ര ആനകളുടെയും നിര്‍മ്മാണ ഉപയോഗങ്ങളിലേയ്ക്ക് മനുഷ്യന്‍ ശക്തിപ്പെട്ടിട്ട് കാലം കുറച്ചായി. വ്യാവസായികമായ പുരോഗതിക്ക് മാറ്റത്തെ പ്രയോജനപ്പെടുത്തുമ്പോഴും ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പുകള്‍ വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടു തന്നെയാണ് അതിന് മാറ്റം പാടില്ലെന്ന് വാദിക്കുന്നവരുടെ എണ്ണം കൂടുന്നത്. വിവേകം ഉള്‍ക്കൊണ്ടുള്ള സംസ്‌കാരത്തിന്റെയും പ്രവര്‍ത്തിയുടെയും ഉത്പന്നങ്ങളായ മുഴുവന്‍ ആധുനിക സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവിക്കുന്ന മനുഷ്യന് കേവലമായ സ്വാര്‍ത്ഥ ആഹ്ലാദോത്പ്പാദനത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായി ആനകളെ എന്നല്ല മറ്റേതു ജീവിയെയും അനിവാര്യമല്ലാത്ത പരിതസ്ഥിതിയില്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ഇങ്ങനെ വാദിക്കുന്നവരുടേത് ഭൂരിപക്ഷത്തിനെതിരെയുള്ള വെറും അഭിപ്രായപ്രകടനമായി ലളിതമാക്കി എഴുതിത്തള്ളപ്പെടുന്നതും കാണാതിരുന്നുകൂടാ.പൊക്കത്തിലുള്ളതിനോടുള്ള മനുഷ്യന്റെ ആരാധന വളരെ പുരാതനമാണ്. നരവംശത്തിന്റെ ആദിമ ചോദനയുടെ പരിണാമത്തില്‍ തന്നെ അങ്ങനെയൊന്ന് നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ കഴിയും. പൊക്കമുള്ള സിംഹാസനത്തില്‍ ഇരുന്നു ഭരിക്കുന്ന രാജാവ്, കുടുംബത്തേക്ക് വരുന്ന പ്രമാണിയെ ഉള്ളതില്‍ പൊക്കമുള്ള ഇരിപ്പിടം നല്‍കി ബഹുമാനിക്കുന്ന വീട്ടുകാര്‍, മതഗ്രന്ഥങ്ങളെ സ്വന്തം ഇരിപ്പിടത്തിനെക്കാള്‍ പൊക്കമുള്ളിടത്ത് മാത്രമേ വയ്ക്കാന്‍ പാടുള്ളുവെന്ന് നിഷ്‌കര്‍ഷ, പൊക്കം സൗന്ദര്യത്തിന്റെ അളവുകോലാവുന്നതിന് ഇങ്ങനെ എത്രയോ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. പുരാതന മനുഷ്യര്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയും പൊക്കമുള്ള മൃഗത്തിന്റെ മുകളില്‍ ദൈവത്തെ ഇരുത്തി എഴുന്നള്ളിപ്പുകള്‍ നടത്തിയതിലൂടെ തങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ശക്തരും എന്തിനും പോന്നവരുമായ ദൈവങ്ങളുടെ അധീശത്വത്തെ അംഗീകരിച്ചു ബഹുമാനിക്കുന്ന മാനസിക സംതൃപ്തി ഭക്ത മനസ് സ്വയം നേടുകയാണുണ്ടായത്. പൊതുവഴിയിലിറങ്ങി ജനത്തെ കടിക്കുന്ന പേനായ്ക്കളെ തൊട്ടാല്‍ വ്രണപ്പെടുന്ന മൃഗസ്‌നേഹം ആനയ്ക്ക് ബാധകമല്ലാതെ വരുന്നതും മുകളില്‍ സൂചിപ്പിച്ച തരം ഭക്തിയുടെ പക്ഷപാത വീക്ഷണകോണില്‍ നിന്നാണ് വിലയിരുത്തേണ്ടത്. ആനകളെ സ്വന്തമാക്കി പരിപാലിക്കുന്നതിലെ ആഢ്യത്വപ്രദര്‍ശനം, ആനക്കമ്പം മുതലായ മനോഹര സങ്കല്‍പ്പങ്ങളെ ചുഴിഞ്ഞു നോക്കിയാല്‍ എഴുന്നള്ളിപ്പുകളിലെ സാമ്പത്തിക ലാഭത്തിന്റെ കൊതി കാണാന്‍ കഴിയും. ചൂടത്ത് നിര്‍ത്തി പീഡിപ്പിച്ചു ചങ്ങലയ്ക്കിടുന്ന ഓരോ ആനയുടെയും തലച്ചോറിലെ പരിണാമത്തിന്റെ അടരുകളില്‍ എവിടെയോ നഷ്ടപ്പെട്ട കാടുണ്ട്. മനുഷ്യ പുരോഗതിയ്ക്ക് വേണ്ടി ആദ്യകാലത്ത് ആനകള്‍ തങ്ങളുടെ ജീവിതം അവരോടൊപ്പം ഹോമിച്ചിട്ടുണ്ട്. കേവല ഭക്തിയുടെ കൂടി പൂര്‍ത്തീകരണത്തിനായി ഇനിയും അവയെ കാടുകാണിക്കാതെ തളച്ചിടുന്നത് നന്ദികേടെന്നല്ലാതെ മറ്റൊരു പേരിട്ടു വിളിക്കാന്‍ കഴിയില്ല.കടമപ്പെട്ടവരല്ലാതെ മൃതദേഹത്തിന്റെ നഗ്‌നത കാണല്‍ ഹറാമും മരിച്ച മനുഷ്യനെ എത്രയും വേഗം കുഴിയിലടക്കണമെന്നും പ്രമാണമുള്ള മതവിശ്വാസം മാറ്റി വച്ചാലേ, എന്നോ ജീവന്‍ പോയി കെമിക്കലിലിട്ട് ചുക്കിച്ചുളിഞ്ഞ് മുന്നില്‍ കിടക്കുന്ന ശരീരത്തിനെ കീറി അനാട്ടമി പഠിക്കാന്‍ സാധിക്കൂ. മതപ്രമാണം സ്വീകരിച്ചാല്‍ മുസ്ലീം പെണ്‍ ഡോക്ടര്‍ക്ക് സ്ത്രീയെ മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. ഇസ്ലാമികമല്ലായെന്ന് എതിര്‍വാദങ്ങള്‍ ഉള്ളപ്പോഴും മുഖം മുഴുവന്‍ മറച്ച് വിദ്യാര്‍ത്ഥിനികള്‍ പഠിക്കാന്‍ പോവുന്നുണ്ട്. പത്തുകൊല്ലം മുന്‍പ് കേരളത്തില്‍ തീരെ കാണാത്ത ഒന്നാണിത്. അവരുടെയടുത്ത് അതു പാടില്ല എന്നു പറഞ്ഞാല്‍ വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വാദിക്കാം, ജയിക്കാം. പക്ഷേ ഇങ്ങനെയൊന്നുമല്ല പൊതുനിയമ സംവിധാനങ്ങള്‍ ഉള്ള ജനാധിപത്യ രാജ്യത്ത് ആളുകള്‍ ജീവിച്ചിരുന്നത് എന്നിരിക്കേ തലയടച്ച് കെട്ടി മാത്രമേ പരീക്ഷ എഴുതുവെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? തട്ടം തലയില്‍ ഇട്ട് കയറാം, തല മറയ്ക്കാം, ചെവിയടച്ച് കെട്ടാതിരിക്കാം. നിത്യവും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അതിന്റെ നല്ല ഫലങ്ങള്‍ കഴിക്കണമെങ്കില്‍ പുരോഗതിയുടെ കൂടെ നില്‍ക്കാന്‍ തടസമാവുന്ന ചിലതിലൊക്കെ നീക്കുപോക്കിനും തയ്യാറാവണം. തുണിയുടുക്കാതെ കേറാന്‍ പറയുമോ, പട്ടാളപ്പരീക്ഷയ്ക്ക് അങ്ങനെ ചെയ്യിച്ചപ്പോള്‍ എതിര്‍ത്തല്ലോ, തലയടച്ച് കെട്ടാതിരുന്നാല്‍ കോപ്പിയടി തടയാന്‍ കഴിയുമോ എന്നതൊക്കെ മറുവാദമായി ഉന്നയിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നു. പക്ഷേ അത് മാത്രമാണ് ശരിയെന്ന നിഗമനത്തോടെയുള്ള അടിച്ചേല്‍പ്പിക്കലുകളോട് വിയോജിപ്പ് മാത്രം.(എറണാകുളം സ്വദേശിയായ ഷീബ എം ജി സര്‍വ്വകലാശാലയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories