TopTop
Begin typing your search above and press return to search.

പറവതറിവില്ല എങ്ങനെയെന്ന്...

പറവതറിവില്ല എങ്ങനെയെന്ന്...

പാട്ടുകള്‍ സിനിമക്ക് ആവശ്യമാണോ പാട്ടുകള്‍ ഉള്ളതാണോ ഇല്ലാത്തതാണോ യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന സിനിമ എന്നൊക്കെയുള്ള ചര്‍ച്ചകളെ അതിജീവിക്കുന്ന ഒരുപാട് സിനിമ പാട്ടുകള്‍ ഉണ്ട് മലയാളത്തില്‍. സമൃദ്ധമായ ഒരു ചരിത്രമുള്ള ആ പാട്ടുകള്‍ കൊടുമ്പിരിക്കൊള്ളുന്ന ഈ ചര്‍ച്ചകളെ അറിയാതെ നമ്മളെ ഉറക്കുകയും ഉണര്‍ത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. 1955 മുതല്‍ ഏഴു പതിറ്റാണ്ടിലേറെ പാട്ടെഴുതിയ ഒഎന്‍ വി കുറുപ്പിന് അതിലെവിടെയാണ് സ്ഥാനം നല്‍കേണ്ടത് എന്നന്വേഷിച്ചാല്‍ കുഴങ്ങി പോകും. സ്ഥലവും സമയവും തികയാതെ പോകും. അല്ലെങ്കിലും 84 വയസ്സ് വരെ നിറഞ്ഞു ജീവിച്ച, പാട്ടുകളും കവിതകളും കൊണ്ട് നമ്മളെ സമ്പന്നരാക്കിയ ഒരാള്‍ പോകുമ്പോള്‍ അത്തരമൊരു കണക്കെടുപ്പിനു എന്തര്‍ത്ഥമാണുള്ളത്.

സാഹിത്യത്തിനും നാടകഗാന ശാഖക്കും നല്‍കിയ സംഭാവനകളെ മുഴുവന്‍ മാറ്റി നിര്‍ത്തിയാലും 70 കൊല്ലം കൊണ്ട് എഴുതി തീര്‍ത്ത പാട്ടുകള്‍ ജീവനും പ്രണയവും ചോരാതെ ഒന്നിന് പുറകെ ഒന്നായി ഓര്‍മ വരും. 1955 ല്‍ കാലം മാറുന്നു എന്ന സിനിമക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാട്ടെഴുതിയത്. തീം മ്യൂസിക് എന്നൊന്നും കേട്ട് കേള്‍വി പോലുമില്ലാത്ത 60 കളില്‍ കരുണ എന്ന സിനിമക്ക് വേണ്ടി ബുദ്ധം ശരണം എന്നൊരു തീം മ്യൂസിക് എഴുതി. ഒരു സിനിമയിലെ കഥയും സന്ദര്‍ഭങ്ങളും കവിത പോലുള്ള വരികളിലൂടെ നമ്മളെ ഓര്‍മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടും. 'പ്രിയസഖി ഗംഗേ' എന്ന വിളി കേള്‍ക്കുമ്പോള്‍ തന്നെ കൈലാസവും മഞ്ഞും കുമാരസംഭവവും ഒക്കെ ഓര്‍മ വരുന്നത് അത് കൊണ്ടാണ്. സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന് കേള്‍ക്കുമ്പോള്‍ മരണത്തിന്റെയും പ്രണയ ഭംഗത്തിന്റെയും കടല്‍ത്തിര ആഞ്ഞടിക്കുന്നതും അത് കൊണ്ടാണ്. ഇത് വരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ മധുരമായ് പാടി വിളിച്ചത് കൊണ്ടാണ് ഉള്‍ക്കടല്‍ കൊണ്ടാടപ്പെട്ടത്. ശരദിന്തു മലര്‍ദീപ നാളവും നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസവും ഇല്ലാത്ത ഉള്‍കടല്‍ സങ്കല്‍പ്പിക്കനെ പറ്റില്ല. മോഹം എന്ന കവിതയോളം തന്നെ ഭംഗിയുണ്ട് ഒരു വട്ടം കൂടിയെന്‍ എന്ന സിനിമാപാട്ടിന്. ചൈത്രം ചായം ചാലിച്ചു വരച്ച ചിത്രമാണ് എന്നും മലയാളികള്‍ക്ക് ചില്ലും ശാന്തികൃഷ്ണയും എല്ലാം. യവനികയിലെ ഭരതമുനിയൊരു കളം വരച്ചു ആ സിനിമയിലെ പിരിമുറുക്കത്തിന്റെ ആഴം കൂട്ടിയപ്പോള്‍ ചെമ്പക പുഷ്പ സുവാസിതയാമം മലയാളത്തിലെ ഏറ്റവും മികച്ച വിരഹ ഗാനങ്ങളില്‍ ഒന്നാണ്. ഒരു ഈണത്തെ രണ്ടു മൂഡില്‍ സാമ്യമുള്ള വരികളില്‍ അടയാളപ്പെടുത്തുക എന്ന തന്ത്രം ഏറ്റവും വിജയകരമായി പരീക്ഷിച്ച ഒരാള്‍ ഒഎന്‍ വി ആയിരുന്നു(ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍, തനിച്ചിരിക്കാന്‍) പുഴയോരഴകുള്ള പെണ്ണ് പോലെ കഥ പറയുന്ന പാട്ടുകളും മലയാളത്തില്‍ വിരളമാണ്..

സുഖമോ ദേവി, യാത്ര, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒന്ന് മുതല്‍ പൂജ്യം വരെ, പഞ്ചാഗ്‌നി...വരികള്‍ കൊണ്ട് കൂടി അനശ്വരമായ സിനിമകള്‍ എത്രയാണ്. പവിഴം പോല്‍ എന്ന് കേള്‍ക്കുമ്പോള്‍ മുന്തിരിപ്പാടത്തെയും സോളമനെയും സോഫിയയെയും ഓര്‍ക്കാത്തവര്‍ കുറവാകും. നഖക്ഷതങ്ങളിലെ ഊമയായ പെണ്‍കുട്ടിയോട് കേവല മര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണ് നീ എന്നാണ് ഒഎന്‍ വി പറയുന്നത്. പാട്ടുകള്‍ ഇല്ലാത്ത മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എവിടെയാണ് പ്രണയവും മരണവും ...ജോണ്‍ പോള്‍ ഓര്‍മിച്ചിരുന്നു നീയെത്ര ധന്യ എന്ന സിനിമക്ക് പാട്ടെഴുതാന്‍ വന്ന ഒഎന്‍ വിയെ കുറിച്ച്...കിളികള്‍ കൂവി ശല്യപ്പെടുത്തി, രാത്രി മഴ അലറി വന്നു ശല്യപ്പെടുത്തി, കാറ്റും കോളും വന്നു മരവിപ്പിച്ചു ഒന്നും എഴുതാന്‍ പറ്റുന്നിലെന്നു പറഞ്ഞ് അദ്ദേഹം ഒരു കടലാസ് കഷണം ചുരുട്ടി എറിഞ്ഞു. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു..'

''രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലില ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍തുള്ളി തന്‍ സംഗീതം
ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി''

ആ വരികള്‍ തലമുറകളില്‍ ഉണ്ടാക്കിയ പ്രകമ്പനം ഓര്‍ക്കാതെ ഒഎന്‍വി ഓര്‍മ പൂര്‍ത്തിയാവുന്നില്ല...

'വാതില്‍ പഴുതിലൂടെ', 'ഒരു ദലം മാത്രം', 'ഇന്ദുപുഷ്പം', 'ഇന്ദ്രനീലിമയോലും', 'പുളിയിലക്കരയോലും',' പുഴയോരത്ത്', 'നീര്‍മിഴിപീലിയില്‍', 'അല്ലിമലര്‍ക്കാവില്‍', 'താളമയഞ്ഞു'' പനിനീര് പെയ്യും നിലാവില്‍', 'പോന്നുഷസെന്നും'ഒരു നാള്‍ ശുഭരാത്രി', ആദിയുഷ സന്ധ്യ, പാട്ടില്‍ ഈ പാട്ടില്‍'.....വേറെ വിശദീകരണങ്ങളും വര്‍ണനകളും ആവശ്യമില്ലാത്ത പാട്ടുകള്‍ക്കിടയിലൂടെ കൂടിയാണ് മലയാള സിനിമയിലെ 70 കൊല്ലങ്ങള്‍ കടന്നു പോയത്.

ദേവരാജന്‍ മുതല്‍ എം ജയചന്ദ്രന്‍ മുതലുള്ള സംഗീത സംവിധായകരും കെ എസ് ജോര്‍ജും യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയും നസീറും മോഹന്‍ലാലും മമ്മൂട്ടിയും സുഹാസിനിയും പിന്നെയും കുറെ പേരും ഈ പാട്ടുകളുടെ കൂടെയുണ്ടെങ്കിലും ഇതൊക്കെ ഒഎന്‍ വിയുടെ മാത്രം പാട്ടുകളാണ്,

പകുതിപോലും പാട്ടുകളെ പറയാനാവാതെ, ഏതൊക്കെയോ അപൂര്‍ണതകളില്‍ ഓര്‍മ ചുരുങ്ങുന്ന ഈ കുറിപ്പ് എങ്ങനെ അവസാനിപ്പിക്കണം എന്നറിയില്ല. എങ്ങനെ അവസാനിപ്പിച്ചാലും ഒഎന്‍വി പാട്ടുകള്‍ ഒഎന്‍ വി കവിതയോളം പ്രിയപ്പെട്ടതായി ഇവിടെ ഉണ്ടാവും..'ഭൂമിയെ സ്‌നേഹിച്ച ദേവാംഗനമാര്‍ നിശാഗന്ധികളായി കണ്‍തുറക്കുവോളം' എല്ലാ പ്രണയികളും പാടി കൊണ്ടേയിരിക്കും 'നീയില്ലയെങ്കില്‍ എനിക്കൊരു വീടില്ല, ഭൂമിയില്ലാകാശമില്ല' എന്ന്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories