TopTop

ബഹുമാനപ്പെട്ട മന്ത്രീ, പരിഹസിക്കരുത്; ഈ മണിയടി കുട്ടിക്കളിയല്ല

ബഹുമാനപ്പെട്ട മന്ത്രീ, പരിഹസിക്കരുത്; ഈ മണിയടി കുട്ടിക്കളിയല്ല

രാകേഷ് നായര്‍


നിയമന നിരോധനത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ഇടതുപക്ഷ യുവജന സംഘടന നടത്തി വന്ന അനിശ്ചിതകാല സമരം വിജയം കണ്ട അതേ ദിവസമാണ് രഞ്ജിത്ത് എന്ന ചെറുപ്പക്കാരനെ കാണുന്നത്. കഴിഞ്ഞ പതിനേഴ് ദിവസമായി ഈ ചെറുപ്പക്കാരനും ഒരു സമരം നടത്തിവരുകയാണ്. ഇടതുസംഘടനകള്‍ മുന്നോട്ടുവച്ചതും ലക്ഷ്യം കണ്ടെന്നു അവകാശപ്പെടുന്നതുമായ അതേ കാര്യം തന്നെയാണ് രഞ്ജിത്തും മുന്നോട്ടു വയ്ക്കുന്നത്-തനിക്ക് അര്‍ഹതപ്പെട്ട ജോലിയില്‍ പ്രവേശിപ്പിക്കുക. പലവട്ടം പറഞ്ഞിട്ടും കേള്‍ക്കാത്ത ഭരണാധികാരികളെ ഒടുവില്‍ മണിയടിച്ചുണര്‍ത്തുകയാണ് രഞ്ജിത്ത്.

"അമ്പലങ്ങളില്‍ ദൈവങ്ങളെ ഉണര്‍ത്താനാണ് സാധാരണ മണിമുഴക്കുന്നത്. ഞങ്ങള്‍ക്കര്‍ഹതപ്പെട്ട ജോലി തരാതെ, ഞങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്ത ഭരാണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കാതു തുറപ്പിക്കാനാണ് എന്റെയീ മണിയടി." രഞ്ജിത്ത് പറഞ്ഞു തുടങ്ങുന്നു.

ഇന്നത്തെ ഏതൊരു ചെറുപ്പക്കാരനെയും പോലെ സര്‍ക്കാര്‍ ജോലി എന്റെയും വലിയൊരു സ്വപ്‌നമായിരുന്നു. അതിനുവേണ്ടി നന്നായി കഷ്ടപ്പെടുകയും ചെയ്തു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയും എന്റെമേല്‍ ഉണ്ടായിരുന്നു. 2010-ലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പരീക്ഷയുടെ വിജ്ഞാപനം ഇറക്കുന്നത്. എങ്ങിനെയെങ്കിലും ഈ ജോലി സ്വന്തമാക്കണമെന്ന് വാശിയുണ്ടായിരുന്നു. അതിനായി കഷ്ടപ്പെട്ടു പഠിച്ചു. എന്റെ ശ്രമം വിഫലമായില്ല. 2011 ല്‍ ഷോര്‍ട്ട് ലിസ്റ്റ് ഇട്ടപ്പോള്‍ ഞാനതിലുണ്ട്. പിന്നെ ഫിസിക്കല്‍ ടെസ്റ്റ്. ഒടുവില്‍ 2013 ല്‍ പി എസ് സിയുടെ അഡ്വൈസ് മെമ്മോ വന്നു. അതോടെ എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതായി ഞാന്‍ വിശ്വസിച്ചു. അഡ്വൈസ് മെമ്മോ കിട്ടിക്കഴിഞ്ഞാല്‍ ഇരുപതുദിവസത്തിനുള്ളില്‍ ജോലി കിട്ടുമെന്ന് കേട്ടു. എന്തായാലും മൂന്നു മാസത്തിനുള്ളില്‍ ജോലി കയറാന്‍ സാധിക്കുമെന്ന് മെമ്മോയില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ സമയത്ത് ഞാന്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. മൂന്നു മാസങ്ങള്‍ക്കിപ്പുറം പിഎസ് സി യുടെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയും നടക്കും. അതിനാല്‍ ഞാനൊരു തീരുമാനം എടുത്തു. നിലവിലുള്ള ജോലി വിടുക. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാം. എന്തായാലും മൂന്നുമാസത്തിനകം കെസ്ആര്‍ടിസി ജോലി കിട്ടും അതുകൊണ്ട് ഈ പ്രൈവറ്റ് ജോലി വിടുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. അങ്ങിനെ, ഉണ്ടായിരുന്ന ജോലിയുമുപേക്ഷിച്ച് ഒരു കോച്ചിംഗ് ക്ലാസില്‍ ചേര്‍ന്ന് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ ആരംഭിച്ചു. അതിനിടയില്‍ എന്നെത്തേടി വരുന്ന കണ്ടക്ടര്‍ ജോലിയെകുറിച്ചുള്ള സ്വപ്‌നങ്ങള്‍ മനസ്സില്‍ നിറഞ്ഞോടുകയായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം


അധ്യാപിക എന്ന ലേബല്‍ ഞങ്ങളെ തളച്ചിടാനുള്ള ചങ്ങലയായി ഉപയോഗിക്കരുത്-ഷീജ ടീച്ചര്‍
സിനിമാക്കാര്‍ നില്‍പ്പു സമര വേദിയില്‍ നിന്നാല്‍ എന്താണ് കുഴപ്പം?
പാഠം 1-പശു പാല്‍ തരും; മില്‍മ ലാഭം കൊയ്യും
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം

എന്റെ കാത്തിരിപ്പുകള്‍ വെറുതെയാക്കിക്കൊണ്ട് ദിവസങ്ങള്‍ കടന്നുപോയി. അഡ്വൈസ് മെമ്മോ വന്ന ഞാനുള്‍പ്പെടെ ആറായിരത്തോളം പേര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും ജോലിയായില്ല. കാത്തിരുന്നു മടുത്തപ്പോള്‍ കെഎസ്ആര്‍ടിസി ഓഫിസില്‍ ചെന്നു തിരക്കി. അതൊന്നും ഇവിടയെല്ല പറയണ്ടേത്, പി എസ് സി ഓഫിസില്‍ ചെന്നു ചോദിക്കാനായിരുന്നു മറുപടി. പിഎസ്‌സി ഓഫിസില്‍ എത്തിയപ്പോള്‍- അഡ്വൈസ് മെമ്മോ അയക്കുന്നതോടെ ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞെന്നു പറഞ്ഞ് അവര്‍ കൈമലര്‍ത്തി.


പരീക്ഷ നടത്തുന്നതും അഡ്വൈസ് മെമ്മോ അയക്കുന്നതും മാത്രമാണോ പിഎസ്‌സിയുടെ ജോലി. അതോടെ അവരുടെ ഉത്തരവാദിത്വം കഴിയുകയാണേ? മൂന്നുമാസത്തിനകം ജോലി കൊടുക്കണമെന്ന് മെമ്മോയില്‍ പറയുമ്പോഴും അത് സാധ്യമാകാത്തൊരു ഉദ്യോഗാര്‍ത്ഥിയുടെ കാര്യത്തില്‍ ഇവിടുത്തെ പബ്ലിക് സര്‍വീസ് കമ്മീഷന് ഒരു കടമയും നിര്‍വഹിക്കാനില്ലേ? അങ്ങിനെയൊരു നിയമാധികാരം പിഎസ്‌സിക്ക് ഇല്ലെങ്കില്‍ ദയവു ചെയ്ത് അവരെ അതിനധികാരപ്പെടുത്തണം. ഉദ്യോഗാര്‍ത്ഥിക്ക് ബന്ധപ്പെട്ട വകുപ്പില്‍ നിശ്ചിത സമയത്തിനുള്ളില്‍ ജോലിക്കുള്ള പ്രവേശനം കിട്ടിയില്ലെങ്കില്‍ കാരണംതേടാന്‍ കമ്മീഷനെ അധികാരപ്പെടുത്തുന്നത് ഭാവിയിലെങ്കിലും ഒത്തിരിപ്പേര്‍ക്ക് ഉപകാരപ്പെടും.

പിഎസ്‌സി ഒരു സഹായവും ചെയ്യില്ലെന്ന് മനസ്സിലായതോടെ വീണ്ടും കെസ്ആര്‍ടിസിയെ സമീപിച്ചു. ധനകാര്യവകുപ്പാണ് നിയമനകാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നു പറഞ്ഞ് അവരും ഒഴിഞ്ഞു.

ഞങ്ങള്‍ക്ക് ജോലി കിട്ടുമോ? അന്ന് ഓഫിസില്‍ നിന്നിറങ്ങും മുമ്പ് ചോദിച്ചു.

ജോലി കിട്ടും, അതെന്ന് കിട്ടും എപ്പോള്‍ കിട്ടുമെന്നൊന്നും പറയാന്‍ പറ്റില്ല-മറുപടി ഇതായിരുന്നു.ഉണ്ടായിരുന്ന ജോലിയും കളഞ്ഞു കിട്ടുമെന്നു പ്രതീക്ഷിച്ച ജോലിയും കിട്ടാതെ വന്നതോടെ ജീവിതം പ്രതിസന്ധിയിലായി. കൂലിപ്പണിക്കാരനായ അച്ഛന്റെ മാത്രം വരുമാനത്തില്‍ വീട് മുന്നോട്ടുപോകാതെ വന്നു. എന്റെ അവസ്ഥ കണ്ടതോടെ എനിക്കൊപ്പം ജോലി പ്രതീക്ഷിച്ചു നിന്നവരൊക്കെ ഉള്ളജോലി തല്‍ക്കാലം കളയണ്ടെന്നു തീരുമാനിച്ചു. പക്ഷേ എനിക്ക് വാശിയായി. ഈ ജോലി എന്റെ അവകാശമാണ്, എനിക്കത് കിട്ടിയേ തീരു. അങ്ങനെയാണ് ഗതാഗത മന്ത്രിയുടെ ഓഫിസില്‍ എത്തുന്നത്. അന്ന് മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സെക്രട്ടറിയെയാണ് കണ്ടത്. അവിടെ നിന്നും കിട്ടിയ മറുപടി; ജോലി കിട്ടും. എന്നു കിട്ടും എന്ന് പറയാന്‍ കഴിയില്ലെന്നതു തന്നെയായിരുന്നു.

മൂന്നുമാസം കൊണ്ട് കിട്ടുമെന്ന് കരുതിയ ജോലി ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടുന്നില്ല!

എന്തുകൊണ്ട് ഞങ്ങള്‍ക്ക് ജോലി തരുന്നില്ല എന്നതിന് ഒരു കാരണം പറയണമല്ലോ. അതിനു കെഎസ്ആര്‍ടിസി മറുപടി പറഞ്ഞു- ഒഴിവില്ലാ...

വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ കെഎസ്ആര്‍ടിസി ഒഴിവുകളെക്കുറിച്ചുള്ള വിവരം തിരക്കി. ഓരോ ഡിപ്പോയിലുമുള്ള ഒഴിവുകള്‍ സഹിതം മറുപടി കിട്ടി. ഈ കണക്കുമായി വീണ്ടും കെഎസ്ആര്‍ടിസിയെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞതെന്താണെന്നോ- വിവരാവകാശ നിയമപ്രകാരം കിട്ടിയ കണക്കുകള്‍ തെറ്റാണെന്ന്. അതില്‍പ്പറയുന്ന ഒഴിവുകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടല്ലെന്ന്.

ഇവിടെ ആരാണ് കുറ്റം ചെയ്തത്? വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് തെറ്റായ കണക്കുകള്‍ തന്നതാണോ? അതോ കെഎസ്ആര്‍ടിസി കള്ളം പറഞ്ഞതാണേ?

ഒരുകാര്യം സത്യമാണ് കെഎസ്ആര്‍ടിസിയില്‍ നിലവില്‍ കണ്ടകര്‍ പോസ്റ്റില്‍ നിരവധി ഒഴിവുകളുണ്ട്. സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ കോടികള്‍ അനുവദിച്ച് ബസുകള്‍ ഷെഡ്യുള്‍ ചെയ്തിട്ടും എന്തുകൊണ്ട് ഒറ്റബസുപോലും ഓടുന്നില്ല?കണ്ടക്ടര്‍മാരില്ല. ഈ റൂട്ടുകളില്‍ തന്നെ ഏതാണ്ട് നാലായിരത്തോളം കണ്ടക്ടര്‍ മാരുടെ ആവശ്യമുണ്ട്! ഇത്തവണ ശബരിമല സീസണില്‍ എന്തുകൊണ്ട് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തു? കണ്ടക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ട് തന്നെ. ഒന്നും വേണ്ട, ഓരോ ഡിപ്പോയില്‍ തന്നെ കണ്ടക്ടര്‍മാരി ല്ലാത്തതിന്റെ പേരില്‍ ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാറുണ്ട്. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഞങ്ങള്‍ പുറത്ത് നില്‍ക്കുന്നത്.

സര്‍ക്കാരിന്റെ ഈ കള്ളത്തരത്തിനെതിരെ പ്രതികരിക്കണമെന്ന തോന്നലാണ് ഒടുവില്‍ എന്നെയീ സമരത്തിലേക്ക് എത്തിച്ചത്. എനിക്കൊപ്പം ആറായിരത്തോളം പേരും ജോലി കാത്തു നില്‍ക്കുന്നുണ്ട്. അവരെല്ലാം തന്നെ നിലവില്‍ എന്തെങ്കിലുമൊക്കെ ജോലി ചെയ്യുന്നവരായതുകൊണ്ട് ആരെയും നിര്‍ബന്ധിക്കാന്‍ തോന്നിയില്ല. എന്റെ സമരം കാണുമ്പോള്‍ പങ്കെടുക്കണമെന്ന് തോന്നുന്നവര്‍ വരട്ടെയന്നും കരുതി.

സെക്രട്ടറിയേറ്റിന്റെ വാതിക്കല്‍ വന്നു നിന്ന് കുറെ മുദ്രാവാക്യം വിളിച്ചാല്‍ ആരുമെന്നെ ശ്രദ്ധിക്കില്ല, എന്റെ ഉദ്ദേശം തിരിച്ചറിയത്തുമില്ല. അതുകൊണ്ടാണ് വ്യത്യസ്തമായൊരു സമരമുറ സ്വീകരിക്കണമെന്ന് തോന്നിയത്. മണിയടിച്ചുണര്‍ത്തുന്നത് സാധരണ ദൈവങ്ങളെയാണ്. ആ ദൈവങ്ങളെക്കാള്‍ ഇപ്പോള്‍ സാധാരണക്കരന് പ്രസാദിപ്പിക്കേണ്ടത് ഭരണാധികാരികളെയാണ്. കണ്ണും കാതും അടച്ച് സെക്രട്ടറിയേറ്റിനകത്തിരിക്കുന്ന ദൈവങ്ങളെ ഉണര്‍ത്താനാണ് മണിയടിച്ചുകൊണ്ട് ഞാനിവിടെ നില്‍ക്കുന്നത്. മണിയടിച്ച് സര്‍വിസില്‍ നില്‍ക്കുന്നവരെക്കൂടി ഞാനെന്റെ സമരംകൊണ്ട് ഉന്നം വയ്ക്കുന്നുണ്ട്.

ഏതൊരു സര്‍ക്കാര്‍ സര്‍വീസിലും ഉള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരനിയമനോദ്യാഗാര്‍ത്ഥികള്‍ വരുന്നതിനനുസരിച്ച് മാറ്റണം എന്നാണ് നിയമം. പിഎസ്‌സി അഡ്വൈസ് മെമ്മോ കിട്ടിയ ആറായിരത്തോളം പേര്‍ പുറത്തു നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ എംപാനല്‍കാരായി ജോലി നോക്കുന്ന കണ്ടക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും യാതൊരു ഇളക്കവും വരുന്നില്ല. ഇവരില്‍ പലരും സ്ഥിരപ്പെടുന്നുമുണ്ട്. എംപാനലുകാരനായാല്‍ അവന് സ്ഥിരം നിയമനക്കാരന്റെ ശമ്പളം കൊടുക്കണ്ട, ആനുകൂല്യങ്ങള്‍ വേണ്ട, അവകാശങ്ങള്‍ പറഞ്ഞ് സമരം ചെയ്യാനും വരില്ല- കെഎസ്ആര്‍ടിസിയുടെ ചിന്ത ഈ വഴിക്കാണ്.

എംപാനലുകാരനും കുടുംബവും ജീവിതവുമുള്ളവനാണ്. അവരോട് യാതൊരു ശത്രുതയുമില്ല. പക്ഷേ, അര്‍ഹമായ അവസരം ഇല്ലാതായിപ്പോകുന്ന എന്നെപ്പോലുള്ളവര്‍ക്കും ജീവിക്കണ്ടേ? മുഴുവന്‍ എംപാനലുകാരെയും പിരിച്ചുവിടണമെന്നു പറയുന്നില്ല. അല്ലാതെ തന്നെ നിലവിലുള്ള ഒഴിവുകള്‍വച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജോലി നല്‍കാവുന്നതാണ്.

പതിനെട്ട് ദിവസങ്ങളാവുകയാണ് എന്റെ സമരത്തിന്. ഇതിനിടയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിട്ട് കണ്ടു. സമരത്തിന്റെ ഒരാവിശ്യവുമില്ല, ജോലി എന്നായാലും കിട്ടില്ലേ എന്നാണ് മന്ത്രി പറഞ്ഞത്. പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി സമരം നടത്തരുതെന്ന് ഉപദേശവും. എനിക്ക് അര്‍ഹതപ്പെട്ട ജോലി എന്ന് കിട്ടുമെന്ന് മന്ത്രിക്കെങ്കിലും പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്കീ സമരം തുടരേണ്ടിവരില്ലായിരുന്നല്ലോ!

അവസാനം മന്ത്രിയുടെ വക ഒരു തമാശപൊട്ടിക്കലും- മണിയടി സമരം കഴിഞ്ഞ് അടുത്തത് ഫുട്‌ബോര്‍ഡ് സമരമാണോ...?

ബഹുമാനപ്പെട്ട മന്ത്രി ഞാനിവിടെ തമാശകാണിക്കാന്‍ നില്‍ക്കുന്നതല്ല, ജീവിതപ്രശ്‌നമാണ്. കഴിയുമെങ്കില്‍ എന്നെപ്പോലെ, മോഹങ്ങള്‍ തന്ന് വഞ്ചിച്ച ആയിരങ്ങളെ സഹായിക്കനാണ് അങ്ങ് ശ്രമിക്കേണ്ടത്. അല്ലാതെ പരിഹസിക്കരുത്...


Next Story

Related Stories