TopTop
Begin typing your search above and press return to search.

രഞ്ജിത് മഹേശ്വരിക്ക് ഇതൊരു മധുര പ്രതികാരം

രഞ്ജിത് മഹേശ്വരിക്ക് ഇതൊരു മധുര പ്രതികാരം

അഴിമുഖം പ്രതിനിധി

പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് രഞ്ജിത്ത് മഹേശ്വരിയെ കരിയറിലെ മൂന്നാം ഒളിംപിക്‌സിന്റെ പടിവാതില്‍ക്കലെത്തിച്ചിരിക്കുന്നത്. ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ് പീയില്‍ മൂന്ന് ചാട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒളിംപിക് യോഗ്യതയ്‌ക്കൊപ്പം ദേശീയ റെക്കോര്‍ഡും ഈ കോട്ടയംകാരന്റെ അക്കൗണ്ടിലെത്തി. 16.85 മീറ്റര്‍ എന്ന ഒളിംപിക് യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ രഞ്ജിത്തിനു വേണ്ടി വന്നത് രണ്ടേ രണ്ടു ചാട്ടങ്ങള്‍. 16.75 മീറ്റര്‍ ചാടി ഫോം തെളിയിച്ച ഇദ്ദേഹം 16,93 മീറ്റര്‍ ചാടി യോഗ്യത ഉറപ്പാക്കി. പിന്നീടാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം. രണ്ട് വര്‍ഷം മുമ്പ് പഞ്ചാബ് സ്വദേശി അര്‍പീന്ദര്‍ സിങ് സ്ഥാപിച്ച 17.17 ന്നെ റെക്കോര്‍ഡ് 17.30 മീറ്റല്‍ ചാടി രഞ്ജിത് സ്വന്തം പേരിലാക്കുകയായിരുന്നു. ഫോമിലല്ലാത്ത അര്‍പിന്ദറിന് ഒളിംപിക് യോഗ്യത നേടാനായില്ലെന്നതാണ് രഞ്ജിത്തിന്റെ നേട്ടത്തെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നത്. അര്‍പിന്ദറിന്റെ മുന്നേറ്റത്തില്‍ കൈവിട്ട രാജ്യത്തെ ഏറ്റവും മികച്ച ട്രിപ്പിള്‍ ജംപറെന്ന നേട്ടം തിരിച്ചു പിടിക്കുക കൂടിയാണ് രഞ്ജിത്ത് ചെയ്തത്. ഒളിമ്പിക് യോഗ്യതയ്ക്കുള്ള അവസാന ദിനമാണ് രഞ്ജിത്ത് സ്വപ്ന നേട്ടത്തിനുടമയായത്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രഞ്ജിത്തുള്‍പ്പെടെയുള്ളവര്‍ക്ക് ഒളിംപിക് യോഗ്യതയ്ക്കുള്ള അവസാന കടമ്പയെന്ന നിലയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പീയില്‍ അവസരം നല്‍കുകയായിരുന്നു. പ്രതീക്ഷ കാത്ത രഞ്ജിത്തും ജിന്‍സണും ഉള്‍പ്പെടെ 39 താരങ്ങള്‍ അങ്ങനെ ഒളിംപിക് പട്ടികയില്‍ ഇടം പിടിച്ചു.

ഹൈദരാബാദില്‍ നടന്ന സീനീയര്‍ അത്‌ലറ്റിക് മീറ്റില്‍ യോഗ്യത കൈവരിക്കാന്‍ സാധിക്കാതിരുന്നതിന്റെ കുറവ് തീര്‍ത്ത പ്രകടനമാണ് രഞ്ജിത്ത് കാഴ്ചവച്ചത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ മികച്ച ട്രാക്കും മുന്‍ ഏഷ്യന്‍ ചാംപ്യന്റെ കുതിപ്പിന് പിന്തുണ നല്‍കി. 2011 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും തൊട്ടടുത്ത വര്‍ഷം നടന്ന ലണ്ടന്‍ ഒളിംപിക് ഗെയിംസിലും കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമായിരുന്നു രഞ്ജിത്ത്. എന്നാല്‍ തനിക്കിനിയും പൊരുതാന്‍ ബാല്യമുണ്ടെന്ന് തെളിയിച്ച ഇദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. വിവിധ മല്‍സരങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റിക് താരങ്ങളുടെ മികച്ച പ്രകടനം കൂടുതല്‍ പേരെ ഒളിംപിക് യോഗ്യരാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് അടിവരയിട്ടു കൊണ്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി അതുല്യ പ്രകടനമാണ് താരങ്ങള്‍ നടത്തിയത്. ശരിയായ സമയത്ത് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഓരോ താരത്തിനും സാധിച്ചുവെന്നതിന് രഞ്ജിത്തിന്റെ പ്രകടനം തന്നെ ഉദാഹരണം. പ്രതീക്ഷയ്ക്കുമപ്പുറമുള്ള പ്രകടനമായിരുന്നു ഈ 30 കാരന്‍ പുറത്തെടുത്തത്. ഈ വര്‍ഷം ലോകത്തെ മൂന്നാം റാങ്ക് ജംപാണ് രഞ്ജിത്തിന്റേത്. അമേരിക്കന്‍ താരങ്ങളായ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ക്കും വില്‍ ക്ലേയ്ക്കും മാത്രം പിന്നിലാണ് ഇദ്ദേഹം ഇപ്പോള്‍.പലപ്പോഴും രാജ്യത്തിന് നിരാശ മാത്രം സമ്മാനിക്കുന്ന അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ രഞ്ജിത്തിനെപ്പോലെയുള്ള താരങ്ങളുടെ ഒറ്റപ്പെട്ട പ്രകടനങ്ങളാണ് ആശ്വാസമാകുക. എന്നാല്‍ ക്രിക്കറ്റാണ് ഇന്ത്യന്‍ കായിക ലോകമെന്ന ധാരണ വച്ചു പുലര്‍ത്തുന്ന അധികാരികള്‍ മറ്റ് മേഖലകളില്‍ നിന്നുള്ളവരുടെ പല സ്വപ്ന നേട്ടങ്ങളും വിസ്മരിക്കുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളോ മെച്ചപ്പെട്ട പരിശീലനമോ ലഭിക്കാതെയാണ് രാജ്യത്തെ കായിക താരങ്ങള്‍ ലോക കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വണ്ടി കയറുന്നത്. ലോകോത്തര താരങ്ങളോട് മല്‍സരിച്ച് സുവര്‍ണ നേട്ടം സ്വന്തമാക്കി തിരിച്ചെത്തുമ്പോള്‍ വേണ്ട സ്വീകരണം നല്‍കാന്‍ പോലും സര്‍ക്കാരോ കായിക സംഘടനാ പ്രതിനിധികളോ തയ്യാറാകാത്തത് പലപ്പോഴും വിവാദമാവാറുണ്ട്. തുച്ഛമായ തുക സമ്മാനം പ്രഖ്യാപിച്ച് താരങ്ങളെ അപമാനിക്കുന്ന പ്രവണതയും കണ്ടുവരുന്നു. എന്നാല്‍ ഇത്തരം അവഹേളനയ്‌ക്കെതിരെ മൗനം പാലിക്കുകയാണ് താരങ്ങള്‍ ചെയ്യാറുള്ളത്. അവരുടെ എതിര്‍പ്പ് ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളിലൊതുങ്ങുന്നു.

അതുകൊണ്ട് തന്നെ അര്‍ഹിച്ച അംഗീകാരം ലഭിക്കാന്‍ കോടതിയുടെയും കായിക മന്ത്രാലയത്തിന്റെയും കനിവ് കാത്ത് നില്‍ക്കുന്ന ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ തിരിച്ചു വരവാണ് ഇന്നലെ ബംഗളുരുവില്‍ കണ്ടതെന്ന് നിസ്സംശയം പറയാം. തനിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ച സര്‍ക്കാരിനുള്ള രഞ്ജിത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടി കൂടിയായി ഇത്. 2013 ല്‍ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ രഞ്ജിത്ത് ഇടംപിടിച്ചെങ്കിലും പിന്നീട് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് അവാര്‍ഡ് നിഷേധിക്കപ്പെട്ടു. ഇന്ത്യന്‍ കായിക രംഗത്ത് മറ്റൊരു താരത്തിനും ഇത്തരം അനുഭവം ഉണ്ടാകില്ല. രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സ്ഥിരീകരണം വേണ്ടി വന്നു ദേശീയ ഏജന്‍സിക്ക് ഇക്കാര്യം സമ്മതിക്കാന്‍. എന്നാല്‍ ഈ വിവാദങ്ങളൊന്നും തന്റെ പ്രകടനത്തെ ബാധിക്കാതെ മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നത് രഞ്ജിത്തിലെ പ്രതിഭ വിളിച്ചോതുന്നു. കഠിനാധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്ന് രഞ്ജിത്ത് പ്രകടനം കൊണ്ട് തെളിയ്ക്കുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ യോഗ്യതയ്ക്ക് ഒളിംപിക് സ്വര്‍ണ്ണത്തോളം തിളക്കമുണ്ട്.

2008 ബീജിംഗ് ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും രഞ്ജിത്ത് മഹേശ്വരി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2007 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2010 കോമണ്‍വെയ്ല്‍സില്‍ വെങ്കലവും നേടിയ താരമാണ് ഇദ്ദേഹം. റിയോയില്‍ ഒളിംപിക്‌സിനു തിരി തെളിയുമ്പോള്‍ അത്‌ലറ്റിക് ഇനങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ രഞ്ജിത്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1995 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ജൊനാഥന്‍ എഡ്വേഡ് സ്ഥാപിച്ച 18.29 തെന്ന റെക്കോര്‍ഡ് രഞ്ജിത്തിന് ഒട്ടും അകലെയല്ല. ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ, ഓരോ കുതിപ്പിലും വിജയം മാത്രം സ്വപ്നം കാണുന്ന ഈ പോരാളിയുടെ മനസ്സിലും ഇപ്പോള്‍ അതു തന്നെയാകും. രാജ്യത്തിന് വേണ്ടി ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ രഞ്ജിത്ത് അടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ കേരളവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

Next Story

Related Stories