Top

ചൈനയില്‍ അപ്രത്യക്ഷരായ 3 കോടി പെണ്‍കുട്ടികളെ ഗവേഷകര്‍ 'കണ്ടെത്തി'

ചൈനയില്‍ അപ്രത്യക്ഷരായ 3 കോടി പെണ്‍കുട്ടികളെ ഗവേഷകര്‍

സൈമണ്‍ ഡെനിയര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ചൈനയില്‍ മൂന്നു മുതല്‍ ആറു കോടിയോളം പെണ്‍കുട്ടികള്‍ ഇല്ലാതായതായി അക്കാദമിക്കുകള്‍ പറയാറുണ്ട്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെയോ അല്ലെങ്കില്‍ ജനിച്ചയുടനെയോ കൊല്ലപ്പെട്ടവരാണിവര്‍. പെണ്‍കുഞ്ഞിനേക്കാള്‍ ആണ്‍കുട്ടി മതിയെന്ന ആളുകളുടെ മനോഭാവവും വര്‍ഷങ്ങളായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട "ഒരേയൊരു കുഞ്ഞ്" എന്ന നിയമവുമാണ് ഇതിനു പിന്നില്‍.

എന്നാലിപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ചൈനയിലെയും ഗവേഷകര്‍ ചേര്‍ന്ന് ഇവരില്‍ മിക്കവരെയും വീണ്ടെടുത്തിരിക്കുകയാണ് എന്നു പറയാം. ആ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് അവരുടെ വാദം.

കാന്‍സാസ് യൂണിവേഴ്സിറ്റിയിലെ ജോണ്‍ കെന്നഡിയും ഷാങ്ക്സി നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ ഷി യാവോജിയാങും ചേര്‍ന്നു പുറത്തിറക്കിയ പഠനത്തില്‍ അവകാശപ്പെടുന്നത് ഇതില്‍ പല പെണ്‍കുട്ടികളുടെയും ജനനം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകില്ല എന്നാണ്.

"ജനസംഖ്യയിലെ മൂന്നു കോടി പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായി എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. കാലിഫോര്‍ണിയയിലെ മൊത്തം ജനസംഖ്യയോളം വരുമത്. ആ കുഞ്ഞുങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി എന്നാണ് അവരുടെ വിചാരം," യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ കെന്നഡി അഭിപ്രായപ്പെടുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസറാണ് അദ്ദേഹം.

"ഗര്‍ഭച്ഛിദ്രം നടത്തിയതുകൊണ്ട് അല്ലെങ്കില്‍ ജനിച്ചയുടനെ കൊലപ്പെടുത്തിയതു കൊണ്ടാണ് സെന്‍സസില്‍ ആ പെണ്‍കുഞ്ഞുങ്ങളുടെ കണക്കുകള്‍ ഇല്ലാത്തതെന്നും അവര്‍ ജീവിച്ചിരിപ്പില്ലെന്നും ഉള്ള വാദമാണ് മിക്കവരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനു രാഷ്ട്രീയപരമായ ഒരു വിശദീകരണമുണ്ടെന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്."

ഗ്രാമവാസികളുടെ പിന്തുണയും സാമൂഹ്യസ്ഥിരതയും നിലനിര്‍ത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഈ ജനനങ്ങള്‍ മറച്ചു വച്ചതാണെന്ന വാദമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.

"തമ്മില്‍ തമ്മില്‍ യാതൊരു ഏകോപനവുമില്ലാതെയാണ് 'ഞങ്ങള്‍ നല്ല ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നത്' എന്നു കേഡറുകള്‍ പറയുന്നത്. ഏറ്റവും പ്രദേശികമായ തലങ്ങളില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നവര്‍ ഗവണ്‍മെന്‍റിനു വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരാണെങ്കിലും അവര്‍ ഗ്രാമവാസികള്‍ കൂടിയാണ്. ഗവണ്‍മെന്‍റ് നിയമങ്ങള്‍ നടപ്പിലാക്കുന്ന അതേ ഗ്രാമങ്ങളില്‍ തന്നെയാണ് ഇവര്‍ ജീവിക്കേണ്ടതും."

മുപ്പതിലധികം വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കൊല്ലം "ഒരു കുഞ്ഞു മാത്രം" എന്ന നിലപാട് ചൈന ഉപേക്ഷിച്ചു; ആര്‍ക്കും രണ്ടു കുട്ടികള്‍ വരെയാകാന്‍ അനുവാദമുണ്ട്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ അനുപാതത്തിലെ വലിയ തോതിലുള്ള വ്യത്യാസത്തെ പറ്റിയും അതിന്‍റെ അനന്തരഫലങ്ങളെ പറ്റിയും പരക്കെ ആശങ്കയുണ്ട്. ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടേതിനേക്കാള്‍ വളരെ കൂടുതലാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പഠനഫലങ്ങള്‍ ഇത്തരം ഉത്കണ്ഠകള്‍ക്ക് ഒരു പരിധി വരെ പരിഹാരമായേക്കും.

"മൂന്നു കോടിയിലേറെ പെണ്‍കുട്ടികള്‍ ഇല്ലാതായിട്ടുണ്ടെങ്കില്‍ അവരുടെ വിവാഹപ്രായമെത്തുന്നതോടെ പെണ്‍കുട്ടികളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ആണ്‍കുട്ടികളാവും. പങ്കാളികളെ ലഭിക്കാത്ത ഒരുകൂട്ടം ടെസ്റ്റോസ്റ്റിറോണുകളേക്കാള്‍ സാമൂഹ്യ അസ്ഥിരതയുണ്ടാക്കുന്ന മറ്റൊന്നില്ല," കെന്നഡി പറയുന്നു.1996ല്‍ ചൈനയിലെ വടക്കന്‍ ഷാങ്ക്സി പ്രദേശത്തെ ഒരു ഗ്രാമീണനുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അവര്‍ രണ്ടുപേര്‍ക്കും ഈ ആശയം വീണുകിട്ടിയത്. ആ മനുഷ്യന് രണ്ടു പെണ്‍കുട്ടികളും ഒരു മകനുമായിരുന്നു ഉണ്ടായിരുന്നത്. ഇളയ മകളെ പറ്റി പറഞ്ഞത് "നിലവിലില്ലാത്തത്" എന്നായിരുന്നു.

1980കളുടെ മദ്ധ്യം മുതല്‍ ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ നിയമാനുസൃതം രണ്ടാമതൊരു കുട്ടി കൂടിയാകാം എന്നുണ്ടായിരുന്നു.

കൂടുതല്‍ പേരോട് സംസാരിച്ചതോടെ ഇത് പരക്കെ ചെയ്യുന്ന കാര്യമാണെന്ന് മനസിലായി. അതോടെ അവര്‍ 1990ല്‍ ജനിച്ച കുട്ടികളുടെ എണ്ണവും 2010ല്‍ ഇരുപതു വയസ്സു പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണവും താരതമ്യം ചെയ്തു.

ഇരുപതു വയസ്സായവരുടെ എണ്ണം ഏതാണ്ട് 40 ലക്ഷം കൂടുതലാണെന്നാണ് കണ്ടത്. അതിലെ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ 10 ലക്ഷം കൂടുതലാണെന്നും മനസിലായി.

"25 വര്‍ഷക്കാലത്തെ കണക്കെടുത്താല്‍ ഏതാണ്ട് രണ്ടര കോടി സ്ത്രീകള്‍ ജനനം രേഖപ്പെടുത്താതെ ഉണ്ടാകും," കെന്നഡി പറയുന്നു.

2010ലെ ചൈനീസ് സെന്‍സസ് പ്രകാരം 118 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ ജനിക്കുന്നുവെന്നാണ് അനുപാതം. ആഗോളതലത്തില്‍ ഇത് 105 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികളാണ്.

തങ്ങള്‍ക്കു ജനിച്ച പെണ്‍കുട്ടികളെ വന്‍തോതില്‍ കൊന്നൊടുക്കാന്‍ ഗ്രാമീണര്‍ തയ്യാറായി എന്ന വാദത്തെ കൂടെയാണ് ഈ കണ്ടുപിടുത്തം ചോദ്യം ചെയ്യുന്നതെന്ന് കെന്നഡി പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ചൈനയെ സംബന്ധിച്ച് അനുകൂലമാണെങ്കില്‍ കൂടെ ഈയടുത്ത കാലം വരെ രാഷ്ട്രീയപരമായി വളരെ സെന്‍സിറ്റീവാണെന്ന കാരണത്താല്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നില്ല എന്നും കെന്നഡി കൂട്ടിച്ചേര്‍ക്കുന്നു; പ്രത്യേകിച്ചും ചൈനീസ് വംശജനായ സഹഗവേഷകന്.


Next Story

Related Stories