TopTop
Begin typing your search above and press return to search.

വേട്ടക്കാരെ, അവള്‍ തിരിച്ചുവന്നപ്പോള്‍ തോറ്റു പോയത് നിങ്ങളാണ്

വേട്ടക്കാരെ, അവള്‍ തിരിച്ചുവന്നപ്പോള്‍ തോറ്റു പോയത് നിങ്ങളാണ്

തന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ദുരനുഭവത്തിന്‍റെ ആഘാതത്തില്‍ തളര്‍ന്നുപോകാതെ ഇന്നലെ ആ പെണ്‍കുട്ടി തന്‍റെ തൊഴിലിടത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതിരോധത്തിന്റെയും പുതിയ ഒരു ചരിത്രം കുറിക്കുകയാണ് ചെയ്തത്. ‘ഇലവന്നു മുള്ളില്‍ വീണാലും മുള്ളുവന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേടുവരിക’ എന്ന പഴഞ്ചൊല്ല് കുട്ടിക്കാലത്ത് കേള്‍ക്കാത്ത സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടാവുമോ എന്നത് സംശയമാണ്. ഇതുപോലെ നമ്മുടെ പഴഞ്ചൊല്ലുകളില്‍ പലതും ആണധികാര പൊതുബോധത്തിന്റെ സൃഷ്ടിയാണ്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി/സ്ത്രീ പിന്നീടൊരിക്കലും പുറംലോകം കാണാതെ തന്‍റെ നഷ്ടപ്പെട്ടുപോയ മാനത്തെ ഓര്‍ത്ത് ഇരുട്ടില്‍ കഴിയണം എന്നുള്ളത് നമ്മുടെ പൊതുസമൂഹവും മൂല്യ വ്യവസ്ഥയും ഉണ്ടാക്കിയെടുത്ത അലിഖിത നിയമങ്ങളില്‍ ഒന്നാണ്. വേട്ടക്കാരന്‍ സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എല്ലാ സുഖ സൌകര്യങ്ങളോടെയും വിലസുമ്പോള്‍ ഇര ജീവിതാവസാനം വരെ മുഖം മറച്ചിരിക്കേണ്ടി വരുന്ന ഗതികെട്ട സാമൂഹ്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. പരാതിപ്പെട്ടതിന്‍റെ പേരില്‍ പേരോ മേല്‍വിലാസമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്ന ഒരുപാട് പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഉള്ള നാടാണ് നമ്മുടേത്. കൂടാതെ പെണ്ണിന്‍റെ മാനമെന്നാല്‍ ചാരിത്ര്യമാണെന്ന ഊട്ടിയുറപ്പിച്ച പൊതുബോധത്തില്‍ നിന്നു മാറിനില്‍ക്കാനാവാതെ നിശ്ശബ്ദയായി, പരാതിപ്പെടാതെ ജീവിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. വാഹനങ്ങളില്‍, വീട്ടകങ്ങളില്‍, തൊഴിലിടങ്ങളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഉത്സവപ്പറമ്പുകളില്‍ എന്നുവേണ്ട എവിടെ വെച്ചെങ്കിലും മോശമായ ഒരനുഭവം ഉണ്ടാകാത്ത സ്ത്രീകള്‍ ഉണ്ടോ എന്നത് സംശയമാണ്. നിശ്ശബ്ദയായി സഹിക്കേണ്ടവളാണ് സ്ത്രീ എന്നാണ് നമ്മുടെയൊക്കെ പൊതുധാരണ. കുട്ടിക്കാലത്ത് ഇത്തരം ഉപദേശങ്ങളാവും ഒരു പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ കേല്‍ക്കേണ്ടി വരുന്നതും. ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് ഇന്നലെ ആ പെണ്‍കുട്ടി കാണിച്ച ആത്മവിശ്വാസത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകാതെ വരുന്നതും. നമ്മുടെ സമൂഹത്തിനും പെണ്‍ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ഉണ്ടായിപ്പോയതില്‍ വേവലാതിപ്പെടുന്ന വീട്ടുകാര്‍ക്കും ഈ പെണ്‍കുട്ടി നല്‍കുന്ന പാഠം വളരെ വലുതാണ്. അതിനുള്ള കരുത്ത് അവള്‍ക്കും കുടുംബത്തിനും പകര്‍ന്നു നല്കിയ സുഹൃത്തുക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരു സുഹൃത്ത് തകര്‍ന്നു പോകുന്നു എന്നു തോന്നുന്നിടത്ത് താങ്ങും തണലുമായി നില്‍ക്കുമ്പോഴാണ് സുഹൃത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാവുന്നത്.

നടിക്കു നേരെ ആക്രമണം ഉണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നു. നമുക്ക് പെണ്‍കുട്ടിയുടെ ആങ്ങളമാരാവാം എന്ന മട്ടിലുള്ള ഉള്ള എഫ് ബി സ്റ്റാറ്റസുകള്‍ പലരും ഇട്ടതായി കണ്ടു. സ്ത്രീകള്‍ക്ക് സംരക്ഷകരായി ആങ്ങളമാരെയോ അച്ഛന്‍മാരെയോ ഭര്‍ത്താക്കന്മാരെയോ അല്ല ആവശ്യം. അവര്‍ക്ക് വേണ്ടത് തുല്യനീതിയാണ്. ബലാത്സംഗിയും കൊലപാതകിയുമായ പുരുഷന്‍ ഞെളിഞ്ഞു നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട സ്ത്രീ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കണം എന്ന സാമൂഹ്യ രീതിയില്‍ നിന്നുള്ള മോചനമാണ് അവള്‍ക്കാവശ്യം. മാനം എന്ന വാക്കിന്‍റെ അര്‍ത്ഥം പുരുഷനും സ്ത്രീക്കും ഒന്നു തന്നെയാകണം. പുരുഷന് നഷ്ടപ്പെടാത്ത മാനം സ്ത്രീക്ക് മാത്രം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഓരോ സ്ത്രീക്കും വേണ്ടത്.

അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് അവള്‍ക്ക് വേണ്ടത്. ഒറ്റയ്ക്കൊരു സ്ത്രീയെ കണ്ടാല്‍ അവളുടെ ശരീരത്തിനു വിലപറയുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നുള്ള മോചനവും അവള്‍ക്ക് അവളായി തന്നെ ജീവിക്കാനുള്ള അവകാശവുമാണ് അവള്‍ക്ക് വേണ്ടത്. ആങ്ങള, ഭര്‍ത്താവ്, അച്ഛന്‍ എന്നത് ഒരു തരം ഉടമസ്ഥാവകാശമാണ്. അതില്‍ അധികാരത്തിന്‍റെ അതിരുകള്‍ മറഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് തന്നെ അവളെ ഒരു ശരീരം മാത്രമായി കാണാതെ ഒരു നല്ല സുഹൃത്തായി, ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കാന്‍ ഓരോ പുരുഷനും കഴിയുമ്പോഴാണ് അവള്‍ക്ക് തുല്യനീതി ലഭിക്കുക.

തന്‍റെ സഹപ്രവര്‍ത്തകയും കൂട്ടുകാരിയുമായ ആ പെണ്‍കുട്ടിക്ക് തൊഴിലിടത്തേക്ക് തിരിച്ചെത്താന്‍ ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു കൊടുത്തു കൂടെ നിന്ന നടന്‍ പൃഥ്വിരാജ് കാണിച്ചതും അത് തന്നെയാണ്. സഹതാപം കൊണ്ട് ഒരിയ്ക്കലും മുറിവുകള്‍ ഉണക്കാന്‍ കഴിയില്ല. ആത്മവിശ്വാസം പകര്‍ന്നു നല്കി കൂടെ നില്‍ക്കുക എന്നുള്ളതാണ് സുഹൃത്തുക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. അത് തന്നെയാണ് ആ പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ ചെയ്യുന്നതും.

സിനിമ എന്നത് ഒരു പരിധിവരെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമം തന്നെയാണ്. നായക പരിവേഷത്തോടെയാണ് പലപ്പോഴും സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. പെണ്ണിനെ കീഴടക്കലും കരണത്തടിക്കലും അവളെ നല്ല പാഠം പഠിപ്പിക്കലും ഒക്കെയാണ് പലപ്പോഴും നമ്മുടെ സിനിമകളുടെ ഉള്ളടക്കം. നമ്മുടെ സിനിമകളില്‍ കാണുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ തമാശകളും ആസ്വദിക്കുന്നവര്‍ സമൂഹത്തിലെ സ്ത്രീകളെ നോക്കിക്കാണുന്നതും പലപ്പോഴും അതുപോലെ തന്നെയാണ്. ഇനിയൊരിക്കലും ഇത്തരം സിനിമകളുടെ ഭാഗമാകില്ല എന്ന് പൃഥ്വിരാജിനെ പോലൊരു നായകന്‍ പ്രഖ്യാപിക്കുമ്പോള്‍ അതൊരു നല്ല തീരുമാനമായി അംഗീകരിക്കാതെ തരമില്ല. അതിനെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കാന്‍ സിനിമാ മേഖലയിലെ താരങ്ങളാരും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

ഈ അവസരത്തില്‍ ഇന്നലെ നമ്മളെ തേടി വന്ന ഒരു വാര്‍ത്തകൂടി പരാമര്‍ശിക്കാതെ തരമില്ല. വൈക്കം വിജയലക്ഷ്മി എന്ന പാട്ടുകാരി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്‍മാറിയിരിക്കുന്നു. വൈക്കം വിജയലക്ഷ്മിയെ സംബന്ധിച്ചിടത്തോളം സംഗീതമാണ് അവളുടെ ജീവിതം തന്നെ. വിവാഹത്തോടെ സംഗീത പരിപാടികള്‍ നിര്‍ത്തണം എന്ന പ്രതിശ്രുത വരന്റെ ആവശ്യമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്ന് കേള്‍ക്കുന്നു. ഒരു വിവാഹത്തെക്കാള്‍ വലുതാണ് എന്നെ ഞാനാക്കിയ സംഗീതം എന്ന തിരിച്ചറിവാണ് ആ പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിച്ചത്. ഒരു ആണിന്‍റെ സംരക്ഷണത്തെക്കാള്‍ തനിക്ക് വലുത് തന്‍റെ വ്യക്തിത്വമാണെന്ന് പ്രഖ്യാപിക്കുകായായിരുന്നു ആ പെണ്‍കുട്ടി. ഒരു പെണ്‍കുട്ടി വളര്‍ന്ന് വരുന്നത് തന്നെ വിവാഹിതയാകാനാണ് എന്ന അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഓരോ രക്ഷിതാവും. പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും ചെറിയ ശാരീരിക ന്യൂനതകളോ 'സൌന്ദര്യ'ക്കുറവോ ഉണ്ടെങ്കില്‍ ഭൂരിപക്ഷം രക്ഷിതാക്കളുടെയും ഉറക്കം നഷ്ടപ്പെടുന്നു. മകളെ കെട്ടാന്‍ പോകുന്നവന്‍റെ എല്ലാ ഡിമാന്‍റുകളും അംഗീകരിച്ച് അവളെ ഇറക്കിവിട്ടു ബാധ്യത തീര്‍ക്കാതെ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവെച്ച വിജയലക്ഷ്മിയുടെ രക്ഷിതാക്കളും ഒരു മാതൃകയാണ്. വില പറഞ്ഞുറപ്പിച്ച് തൂക്കി വില്‍ക്കേണ്ട ഒന്നല്ല പെണ്‍കുട്ടികള്‍ എന്ന ശരിയായ പാഠമാണ് അവര്‍ സമൂഹത്തിന് നല്‍കുന്നത്.

കാലം മാറിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികള്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളരെ വലുതാണ്. നീ വെറും പെണ്ണാണ് നിനക്കു ചെയ്യാന്‍ പറ്റുന്നതിന് പരിമിതികളുണ്ട് എന്നു പ്രഖ്യാപിച്ചു പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുന്നതിന് പകരം അവരുടെ സ്വപ്നങ്ങളിലേക്ക് നടന്നെത്താന്‍ സൌകര്യമൊരുക്കുക എന്നുള്ളതാണ് സമൂഹവും ഭരണകൂടവും കുടുംബവും ഒക്കെ അവള്‍ക്ക് ചെയ്തു കൊടുക്കേണ്ടത്. പെണ്‍കുട്ടികളെയല്ല യഥാര്‍ത്ഥത്തില്‍ നമ്മള്‍ ബോധവത്ക്കരിക്കേണ്ടത്. ഓരോ ആണ്‍കുട്ടിയും വളര്‍ന്നുവരുമ്പോള്‍ സ്ത്രീകളെ തുല്യരായി കാണാന്‍ അച്ചനമ്മമാര്‍ പറഞ്ഞു കൊടുക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മറകള്‍ സൃഷ്ടിച്ച് പെണ്ണെന്നാല്‍ ഒരത്ഭുത വസ്തുവാണെന്നും അവളെപ്പോഴും പുരുഷന് താഴെ നില്‍ക്കേണ്ടവരാണെന്നും ഉള്ള ബോധം കുട്ടിക്കാലം മുതല്‍ ആണ്‍ മനസ്സുകളില്‍ കുത്തിവെക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതികള്‍ തന്നെ മാറേണ്ടതുണ്ട്. മാത്രമല്ല നമ്മുടെ ശരീരത്തോട് ആരെങ്കിലും അതിക്രമം കാണിച്ചിട്ടുണ്ടെങ്കില്‍ തകര്‍ന്നുപോകുന്നതല്ല ഒരു പെണ്‍കുട്ടിയുടെ മാനം എന്നു ഓരോ പെണ്‍കുട്ടിയെയും ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. ആരെങ്കിലും അതിക്രമം കാണിച്ചാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം കൊണ്ട് പ്രതികരിക്കാത്ത എത്രയോ സ്ത്രീകളുണ്ട്. ഇര നിശ്ശബ്ദയാകുക എന്നത് തന്നെയാണ് വേട്ടക്കാര്‍ക്ക് വേണ്ടതും. ഡെറ്റോള്‍ ഒഴിച്ച് കഴുകിക്കളഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് മാധവിക്കുട്ടി മുമ്പേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.

ആക്രമിക്കപ്പെട്ട പെണ്ണിനല്ല മാനം നഷ്ടപ്പെടുന്നത്. ആക്രമിച്ച പുരുഷന് തന്നെയാണ്. ഇന്നലെ ആ പെണ്‍കുട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ തോറ്റുപോയത് വേട്ടക്കാര്‍ തന്നെയാണ്. അതേ അവള്‍ക്ക് ഒന്നും പറ്റിയിട്ടില്ല. അവള്‍ അന്തസ്സോടെ നമുക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെ നടക്കും.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖിക)


Next Story

Related Stories