TopTop
Begin typing your search above and press return to search.

റിയാസ് അന്നദാതാവ്‌

റിയാസ് അന്നദാതാവ്‌

പയ്യന്നൂര്‍ പിലാത്തറയിലെ ഒരു വിവാഹത്തിന്റെ തലേദിവസം.

'മൊയ്തു എവിടെ? ഓനോട് ബിരിയാണി ചെമ്പിന്റെ മൂടി മാറി എടുക്കാന്‍ പറഞ്ഞിരുന്നതാ. ഇത് ചെറ്താ, സെറ്റാവൂല.'

ഈ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ അതിഥികളിലൊരാള്‍ വീട്ടുകാരനോട് ചോദിച്ചു.

ഓന്‍ ആരാ?. എല്ലാ കാര്യങ്ങളും നല്ല വെടിപ്പായിട്ട് ചെയ്യുന്നുണ്ടല്ലോ, കുടുംബക്കാരനാ?.

ഓനെ കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. മിടുക്കനാ, എന്താ ഓന്റെ പേര്?, വേറൊരാളുടേ ചോദ്യം.

പയ്യന്നൂരിലെ മിക്കവാറും വിവാഹം, ഗൃഹപ്രവേശനം, വിവാഹ വാര്‍ഷിക ചടങ്ങുകള്‍ എന്നിങ്ങനെ എല്ലാ വിശേഷാവസരങ്ങളിലും ഈ ചോദ്യം ഉയരാറുണ്ട്. എല്ലാത്തിലും കഥാപാത്രം ഒരേ വ്യക്തി തന്നെ. പോകുന്ന എല്ലാ വീടുകളിലും ഒറ്റ ദിവസം കൊണ്ട് കുടുംബാംഗത്തെപ്പോലെ തന്നെ ആയിത്തീരുന്ന ആ യുവാവ് റിയാസ് എന്ന ഇരുപത്തിയഞ്ചുകാരനാണ്. റിയാസ് ഓരോ വീട്ടിലും ചെന്ന് എല്ലു മുറിയെ പണിയെടുക്കുന്നത് തനിക്കു പല്ലുമുറിയെ തിന്നാനല്ല. കണ്ണൂര്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പിലെ (ഹെല്‍ത്ത് ഓറിയന്റഡ് പ്രോജക്ട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ്) അന്തേവാസികള്‍ക്കായാണ്. മാനസിക നില തെറ്റിയവര്‍, ബന്ധുക്കള്‍ ഉപേക്ഷിച്ചവരുമായ അനവധി പേര്‍ ഹോപില്‍ ഒരു കൂരയ്ക്ക് കീഴില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് റിയാസ് തന്റെ ചോര നീരാക്കുന്നത്.

ചങ്ങായി വഴി ഹോപിലേക്ക്

'അനീഷ് എന്നൊരു ചങ്ങായിയാണ് എന്നെ അവിടെ കൊണ്ട്വോയത്. ഓന്‍ എന്നോട് ചോദിച്ചു, ഡാ പ്ലാത്തറേല് ഹോപ് എന്നൊരു സ്ഥാപനണ്ട്. നീ ജസ്റ്റ് പോയി കാണെന്ന്.

ഞാന്‍ അങ്ങനെ പല സ്ഥലത്തും പോവാറുണ്ട്, അതോണ്ട് ഞാന്‍ പറഞ്ഞു പോവാന്ന്.

അവ്‌ടെ പോയി കണ്ടപ്പോ വല്ലാണ്ട് വിഷമായി, അവരോടു പറഞ്ഞു, എന്നെക്കൊണ്ടാവുന്നത് ചെയ്യാം എന്ന്. അന്ന് മുതല്‍ തുടങ്ങി പോവുന്നിടത്തു നിന്നെല്ലാം ഫുഡ് കളക്റ്റ് ചെയ്യാന്‍. ഹോപിലെ ഒരീസത്തെ ചെലവ് 6500 രൂപയ്ക്ക് മുകളിലാണ്. ഒരു നേരം അവര്‍ക്ക് ഫുഡ് കൊടുക്കാന്‍ പറ്റിയാല്‍ അതൊരു വലിയ കാര്യമല്ലേ.' റിയാസ് ചോദിക്കുന്നു.

നൂറോളം അന്തേവാസികളാണ് ഹോപില്‍ കഴിയുന്നത്. വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഒരു സ്ഥാപനമാണിത്. സഹൃദയരായുള്ളവരുടെ സഹായം കൊണ്ടാണ് അവിടെ ഓരോ ദിവസവും ചെലവുകള്‍ നടന്നു പോകുന്നത്. അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള കുറച്ചു പേരെക്കൂടി ഇവിടേയ്ക്ക് കൊണ്ട് വരാനുള്ള ആലോചന നടക്കുന്നതിനാല്‍ അംഗസംഖ്യ കൂടുകയേ ഉള്ളൂ.

'റിയാസിനെ ഞങ്ങള്‍ക്ക് നാല് വര്‍ഷമായി അറിയാം. പലരും സംഭാവനകള്‍ നല്‍കാറുണ്ട്. ഒരു നേരത്തെയോ ഒരു ദിവസത്തെയോ ചെലവുകള്‍. പക്ഷേ റിയാസ് ചെയ്യുന്നത് അതില്‍ നിന്നും വ്യത്യസ്തമാണ്. ആരോരുമില്ലത്തവരെ സഹായിക്കാന്‍ പറ്റുന്നത് പണം നല്‍കി മാത്രമല്ല എന്ന് അവന്റെ ജീവിതം കൊണ്ട് തന്നെയാണ് റിയാസ് വ്യക്തമാക്കുന്നത്. ഒരു ദിവസം ഒരു നേരമെങ്കിലും അവനെ കൊണ്ടാവുന്നത് പോലെ ഇവിടെ ഭക്ഷണം കൊണ്ട് വരാറുണ്ട്.' ഹോപ് ജീവനക്കാര്‍ പറയുന്നു.

തട്ടിപ്പില്ലാത്ത സേവനം

ഉമ്മയും രണ്ടു സഹോദരിമാരും സഹോദരിയും ചേര്‍ന്നതാണ് റിയാസിന്റെ കുടുംബം. ജോലി എന്ന് പറയാന്‍ പ്രത്യേകിച്ച് ഒരു കാര്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല റിയാസിന്റെ ഇഷ്ട മേഖലകള്‍. ഒരു അക്ഷയ ഇ-സെന്റര്‍ എന്തൊക്കെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടോ അതെല്ലാം റിയാസും നല്‍കുന്നുണ്ട്. ജനങ്ങള്‍ നേരിട്ടു ഹാജരാവേണ്ട അത്യാവശ ഘട്ടങ്ങളില്‍ ഒഴികെ. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, പഞ്ചായത്ത് വഴി കിട്ടാവുന്ന രേഖകള്‍ എന്നിങ്ങനെ ഏതുകാര്യത്തിനും റിയാസ് പിലാത്തറയില്‍ ഹാജരാണ്. കൂടാതെ ചടങ്ങുകളില്‍ ഉള്ള സാന്നിധ്യവും. തുടക്കം മുതല്‍ ഒടുക്കം വരെ റിയാസ് ഉണ്ടാവും, എല്ലാ സഹായവും നല്‍കിക്കൊണ്ട്. കാറ്ററിംഗ്, പന്തല്‍, സാധന സാമഗ്രികള്‍ വാങ്ങല്‍ ഇതൊക്കെ റിയാസിന്റെ ഡ്യൂട്ടിയില്‍ പെടും.

'ഈ ചെയ്യുന്നതൊക്കെയും ഒരു സേവനമായിട്ടു തന്നെയാണ് ചെയ്യുന്നത്. ചടങ്ങുകളുടെ വര്‍ക്ക് എടുത്തു ചെയ്യുമ്പോള്‍ ചെറിയൊരു തുക കിട്ടും. അതിന്റെ നല്ലൊരു ഭാഗവും ഹോപ്പിലേക്ക് തന്നെയാണ് പോവുക. മിച്ചമുള്ളത് ഉമ്മയ്ക്ക് മരുന്നും ചില്ലറ ആവശ്യങ്ങളും. അല്ലാതെ വലിയ വരുമാനമൊന്നുമില്ല. പെങ്ങന്മാരുടെ രണ്ടു പേരുടെയും നിക്കാഹ് കഴിഞ്ഞോണ്ട് വേറെ പ്രശ്‌നങ്ങള്‍ ന്നുമില്ല. നമ്മള്‍ ഒറ്റത്തടിയാണല്ലോ, പെണ്ണുകെട്ടാത്തോണ്ട് ഉമ്മാന്റെ കാര്യം മാത്രം നോക്കിയാല്‍ മതി' ചിരിയോടെ റിയാസ് പറയുന്നു.

ജാതിമത ഭേദമിലാതെ എല്ലാ ചടങ്ങുകളിലും റിയാസ് എത്തും. അമ്പലത്തിലെ സദ്യ തൊട്ട് പള്ളിയിലെ വിരുന്നുകള്‍, വിവാഹങ്ങള്‍, മാമോദീസ, ചരട് കെട്ടല്‍, വിവാഹവാര്‍ഷികത്തിനു വരെ റിയാസ് എത്തിയിരിക്കും. ലക്ഷ്യം ഒന്നു മാത്രം, 100 വയറുകള്‍ക്കുള്ള അന്നം കണ്ടെത്തണം.

ഓരോ ചടങ്ങുകള്‍ക്കും പങ്കെടുക്കുന്നതിനു മുമ്പ് ഒരു ആവശ്യം റിയാസ് മുമ്പോട്ടു വയ്ക്കും. 2000 പേര്‍ക്ക് ആഹാരം തയ്യാറാക്കാന്‍ ആണ് പ്ലാന്‍ എങ്കില്‍ ചടങ്ങ് നടത്തുന്ന ആളിനോട് 100 പേര്‍ക്കു കൂടിയുള്ള ആഹാരം വയ്ക്കാന്‍ പറ്റുമോ എന്ന് റിയാസ് ചോദിക്കും. ഇത് അംഗീകരിച്ചാല്‍ ബാക്കി റിയാസ് ഏറ്റു. ഈ നൂറു പേര്‍ക്കുള്ള അധിക ഭക്ഷണം നേരെ പോകുക ഹോപിലേക്കാണ്. അങ്ങനെ പറ്റാത്തയിടത്ത് അധികം വരുന്ന ഭക്ഷണം റിയാസ് ഹോപിലെത്തിക്കും.

ആദ്യമൊക്കെ പലരോടും വിശദീകരിക്കേണ്ടി വരുമായിരുന്നു, ഇപ്പൊ പലരും അറിഞ്ഞു കൊണ്ട് തന്നെ റിയാസിനെ ചടങ്ങുകള്‍ക്ക് വിളിക്കും. ചടങ്ങുകള്‍ തീരാന്‍ കാത്തിരിക്കയും വേണ്ട, ഭക്ഷണം പാകമായാല്‍ തന്നെ നൂറു പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് പോവുകയും ചെയ്യാം.

പത്രങ്ങളില്‍ വിവാഹ പരസ്യങ്ങള്‍ കൊടുക്കുന്നവര്‍, വിവാഹ വാര്‍ഷികങ്ങള്‍, ജന്മദിനാശംസകള്‍ എന്നിവയിലൊക്കെ കാണുന്ന വിലാസങ്ങളില്‍ കത്തുകള്‍ അയക്കുകയും അവരോട് ഹോപ്പിലേക്കുള്ള ഒരു നേരത്തെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ അപേക്ഷിക്കുന്നതും ഹോപിലേക്ക് ഭക്ഷണം എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് റിയാസിന്. പോയി കാണാന്‍ പറ്റുന്ന സ്ഥലമാണെങ്കില്‍ അയാള്‍ നേരിട്ട് ചെന്ന് ആ കുടുംബവുമായി സംസാരിക്കും. അവസ്ഥയനുസരിച്ച് സഹായവും കിട്ടാറുണ്ട് എന്നും റിയാസ് പറയുന്നു.

ഭക്ഷണമെത്തിക്കല്‍ മാത്രമല്ല റിയാസ് ചെയ്യാറ്. മാനസിക സ്ഥിരതയില്ലാതെ തെരുവില്‍ അലയുന്നവര്‍, മക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളിയ പ്രായമായവര്‍ എന്നിങ്ങനെ ഒരുപാട് പേരെ തെരുവില്‍ നിന്നും റിയാസ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

'പിലാത്തറ ജംഗ്ഷനില്‍ ഈയിടെയാണ് ഒരു പയ്യനെ കണ്ടത്. ആകെ വല്ലാത്ത കോലം. ആശുപത്രിയില്‍ കൊണ്ടുപോയി, മാനസികമായി ചെറിയ പ്രശ്‌നമുള്ള കുട്ടിയാരുന്നു. അവന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു നമ്പരില്‍ വിളിച്ചു നോക്കിയപ്പോ കടലില്‍ പോകുന്ന ഒരാളുടെ നമ്പരായിരുന്നു. പയ്യന്‍ താനൂര്‍ ഉള്ളതായിരുന്നു. അയാള്‍ പിന്നെ ഇങ്ങോട്ട് വിളിച്ചു. പയ്യന്‍ ഇങ്ങനെ ഇറങ്ങി പോകാറുണ്ട് എന്ന് അയാള്‍ പറഞ്ഞു. പിന്നെ കാര്യങ്ങള്‍ വിശദമായി അറിഞ്ഞതിനു ശേഷം തിരിച്ചു കൊണ്ട് വിട്ടു.

ഈ യുവാവ് തന്നെയാണ് സ്ഥലത്തെ മാലിന്യ സംസ്‌കരണത്തിലും കാര്യമായ പങ്ക് വഹിക്കുന്നത്. പോകുന്ന സ്ഥലങ്ങളിലും ചടങ്ങുകളിലും മാലിന്യങ്ങള്‍ മുഴുവനും വിവിധ സംസ്‌കരണ പ്ലാന്റുകളിലെത്തിക്കാനുള്ള ഏര്‍പ്പാടു കൂടി ചെയ്യുന്നത് എന്നു കണ്ടപ്പോഴാണ് ഇയാളുടെ ഉള്ളില്‍ ഒരു പരിസ്ഥിതി സ്‌നേഹി ഉണ്ടെന്നറിയുന്നത്. ചടങ്ങുകളുമായി ബന്ധപെട്ട മാലിന്യങ്ങള്‍ വഴിയരികിലും, പുഴയിലും തള്ളാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കാനും ഇയാളും സുഹൃത്തുക്കളും ഉണ്ടാവും.

ഉത്തരവാദിത്വങ്ങള്‍ കൂടിയത് കൊണ്ട് തന്നെ റിയാസ് ഇപ്പോള്‍ കൂടുതല്‍ കര്‍മ്മോല്‍ത്സുകനാണ്. റിയാസിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇതേപ്പറ്റി പോസ്റ്റുകള്‍ ഇട്ടിരുന്നു. അതു കണ്ട് ചിലര്‍ ഹോപിന് ഭക്ഷണം നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ആ സന്തോഷത്തിലാണ് റിയാസ് ഇപ്പോള്‍.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് വി ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories