TopTop
Begin typing your search above and press return to search.

അരിവില അവിടെ നില്‍ക്കട്ടെ, കേരളത്തിലെ നെല്‍കൃഷിക്ക് എന്തു സംഭവിച്ചു എന്നറിയാമോ?

അരിവില അവിടെ നില്‍ക്കട്ടെ, കേരളത്തിലെ നെല്‍കൃഷിക്ക് എന്തു സംഭവിച്ചു എന്നറിയാമോ?

അരിവിലയുടെ രാഷ്ട്രീയം കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. ആരോപണങ്ങളും ന്യായീകരണങ്ങളുമായി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കളത്തില്‍ നില്‍ക്കുന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും അരിവില തന്നെയാണു പ്രധാന ചര്‍ച്ച വിഷയം. ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്ന ജനം അരിവിലയോര്‍ത്ത് ആരോടു പരാതി പറയണമെന്നറിയാതെ നില്‍ക്കുന്നു.

ശരിയാണ്, ജനം ആരോടാണു പരാതി പറയേണ്ടത്? ആരാണ് അവര്‍ക്ക് ഉത്തരം കൊടുക്കേണ്ടത്? സര്‍ക്കാര്‍ എന്നു തന്നെയാണ് ഉത്തരം. പക്ഷേ മറ്റൊരു ചോദ്യം- ഇപ്പോള്‍ സര്‍ക്കാരിലുള്ളവരും മുമ്പ് അതിന്റെ ഭാഗമായിരുന്നവരുമെല്ലാം ഉള്‍പ്പെടുന്ന രാഷ്ട്രീയക്കാരോട്, കേരളത്തില്‍ ഇങ്ങനെയൊരു സാഹചര്യം എങ്ങനെ ഉണ്ടായി? ബംഗാളിനെയും ആന്ധ്രയേയുമെല്ലാം ആശ്രയിച്ച് ചോറുണ്ണാന്‍ കാത്തിരിക്കേണ്ട ഗതികേടിലേക്ക് മലയാളി എത്തിയതിന് ആര്‍ക്കാണ് ഉത്തരവാദിത്തം? എവിടെ കേരളത്തിലെ നെല്‍വയലുകള്‍? എവിടെ കേരളത്തിലെ കര്‍ഷകര്‍?

1970 ല്‍ എട്ടുലക്ഷം ഹെക്ടറില്‍ അധികം നെല്‍വയല്‍ ഉണ്ടായിരുന്നു കേരളത്തില്‍. 40 വര്‍ഷത്തിനുശേഷം അത് രണ്ടുലക്ഷത്തില്‍ പരം ഹെക്ടറായി ചുരുങ്ങി. ഈ കണക്ക് ആരെയും ഞെട്ടിച്ചില്ല. അതോര്‍ത്ത് ആരും ആകുലപ്പെട്ടില്ല. നമുക്കുണ്ണാന്‍ അയല്‍നാട്ടുകാരന്‍ നെല്ലു കൊയ്യുന്നുണ്ടല്ലോ എന്നായിരുന്നു നമ്മുടെ ആശ്വാസം. അതുകൊണ്ട് വയലുകള്‍ നികത്തി നാം വീടുവച്ചു. റിസോര്‍ട്ടുകള്‍വച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി നാട് വികസിച്ചെന്നു പെരുമ്പറ കൊട്ടി.

നിയമമോ? അതൊരു തമാശയല്ലേ

വയലും തണ്ണീര്‍ത്തടങ്ങളും നശിക്കുന്നു എന്നാരൊക്കെയോ മുറവിളി കൂട്ടിയപ്പോള്‍ 2008-ല്‍ കേരളത്തില്‍ ഒരു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഉണ്ടാക്കി. നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണോ എന്ന സംശയം ബാക്കി നില്‍ക്കുന്ന ഒരു ജനതയായതിനാല്‍ മേല്‍പ്പറഞ്ഞ നിയമവും കടലാസില്‍ തന്നെയിരുന്നു. നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും ഡേറ്റ ബാങ്ക് രൂപീകരിക്കണമെന്ന് നിയമത്തില്‍ ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു ചുമതല. ഇന്നു വരെ അങ്ങനെയൊരു ഡേറ്റ ബാങ്ക് രൂപീകരിച്ചോ എന്നു ചോദിച്ചാല്‍ ചോദ്യം കേള്‍ക്കുന്നവര്‍ മുകളിലേക്കു നോക്കി നില്‍ക്കും, അത്രതന്നെ. നെല്‍വയലുകള്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷ നടപടി സ്വീകരിക്കണമെന്നു ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതെങ്ങാനും കൃത്യമായി നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തിലെ ഒട്ടുമിക്കവാറും ബില്‍ഡേഴ്‌സും റിസോര്‍ട്ടുകാരും ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നു, ഭാഗ്യവശാല്‍ കേരളത്തിന്റെ പുരോഗതി തടയാനുള്ള ശ്രമമൊന്നും ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികത്തപ്പെട്ടത് 30,000 ഹെക്ടറിനു മുകളില്‍ നെല്‍വയല്‍ ആണെന്നാണു മാധ്യമവാര്‍ത്തകളില്‍ പറയുന്നത്. അതേ സര്‍ക്കാരില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് അരിവില കൂടുന്നതിനെതിരേ സമരവുമായി ഇറങ്ങുന്നത്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇങ്ങനെ പറയുന്നുണ്ട്; നിലം പരിവര്‍ത്തനപ്പെടുത്താനോ രൂപാന്തരപ്പെടുത്താനോ പാടില്ല. അവ തരിശായി ഇടാനും പാടില്ല. നിയമം ലംഘിക്കുന്ന വയലുടമയ്‌ക്കെതിരേ വിഷയം ചൂണ്ടിക്കാട്ടി നോട്ടീസ് അയയ്ക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കുണ്ട്. ഉടമയോ ഉടമ നിര്‍ദേശിക്കുന്ന മറ്റൊരാളോ വയലില്‍ കൃഷിയിറക്കണം. അതു ചെയ്തില്ലെങ്കില്‍ കലക്ടര്‍ നിര്‍ദേശിക്കുന്ന ഒരാള്‍ക്ക് കൃഷിക്കായി മൂന്നു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന കാലാവധിക്ക് ഭൂമി കൈമാറാന്‍ നിയമമുണ്ട്. ഇതിന് ഉടമ സമ്മതിക്കുന്നില്ലെങ്കില്‍ ന്യായമാണെന്നു തോന്നുന്ന ഏത് നടപടി സ്വീകരിക്കാനും കലക്ടര്‍ക്ക് കഴിയും. വേണമെങ്കില്‍ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുത്ത് മറ്റൊരാള്‍ക്ക് കൃഷി ഇറക്കുന്നതിന് നിയമം അനുശാസിക്കുന്ന കാലയളവിലേക്ക് ഭൂമി കൈമാറാന്‍ കഴിയും. റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ സബ് ഇന്‍സ്‌പെക്ടറുടെ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോ ഭൂമിയില്‍ പ്രവേശിക്കാനും ഇടക്കാലത്തേക്ക് ഭൂമി പിടിച്ചെടുക്കാനും അവകാശമുണ്ട്.

ഇതു വായിച്ചവര്‍ വെറുതെയൊന്നു കേരളത്തിലെ അവസ്ഥ ആലോചിക്കുക. ഇവിടെ എത്ര ഹെക്ടര്‍ നിലമാണു തരിശായി കിടക്കുന്നത്.

പ്രകൃതിയും കൈവിടുന്നു

മനുഷ്യനു വേണ്ടാത്തതു പ്രകൃതിക്കും വേണ്ടെന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ആറും പുഴയും തോടും കായലും വയലും എല്ലാം നിറഞ്ഞതായിരുന്നു ഒരിക്കല്‍ കേരളം. ആ കേരളം ഇപ്പോള്‍ തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയിലേക്കാണു പോകുന്നത്. പക്ഷേ നമുക്ക് ഇപ്പോഴുമതൊരു സീസണല്‍ ഇഷ്യു മാത്രമാണ്. അരി വില കൂടിയതിന് അലമുറയിടുന്നവര്‍ കേള്‍ക്കാന്‍ ചില കാര്യങ്ങള്‍ കൂടി. കടുത്ത വരള്‍ച്ചയിലേക്കാണു നാടു നീങ്ങുന്നത്. വെള്ളമില്ല, ഒരിടത്തും. പുഴകള്‍ വറ്റി, ജലസംഭരണികളും കാലി. സംസ്ഥാനത്താകെ 17128 ഹെക്ടര്‍ കൃഷി വരള്‍ച്ചാഭീഷണി നേരിടുകയാണ്. ഇതിലേറെയും നെല്‍ക്കൃഷിയാണ്. മഴ പെയ്യാത്തതിനു ഞങ്ങളെന്തു ചെയ്യും എന്നു ചോദിക്കല്ലേ. മുന്നറിയിപ്പുകള്‍ കാലങ്ങളായി കിട്ടിക്കൊണ്ടിരുന്നതല്ലേ. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കി ചെറിയൊരു കണക്കു പറയാം. സംസ്ഥാനത്ത് ഇപ്പോള്‍ 13200 ഹെക്ടറിലധികം നെല്‍കൃഷി വരള്‍ച്ചാഭീഷണി നേരിടുന്നുണ്ട്. നെല്‍കൃഷിയുടെ രണ്ടാം വിളയായ മുണ്ടകന്റെ 235 ഹെക്ടറില്‍ ഉണ്ടായിരുന്ന ഞാറാണു നശിച്ചത്. 12935 ഹെക്ടറില്‍ കതിരിടാറായ നെല്‍ച്ചെടികളും നശിച്ചുപോകാനാണു സാധ്യത. തൃശൂര്‍ ജില്ലയില്‍ 4000 ഹെക്ടറോളവും പാലക്കാട് ജില്ലയില്‍ 7000 ഹെക്ടറും നെല്‍കൃഷിയാണ് വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് നശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്.

കേരളത്തിന്റെ നെല്ലറകളെന്നു വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടും കുട്ടനാട്ടിലുമൊക്കെ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃഷിനാശം വാര്‍ത്തകളായി നമുക്കു മുന്നിലുണ്ട്. കോടിക്കണക്കിനു രൂപയുടെ നഷ്ടംമാത്രമല്ല കേരളത്തിന്റെ കാര്‍ഷിക ആവാസ്ഥവ്യവസ്ഥയുടെ തകര്‍ച്ചകൂടിയായിരുന്നു ഈ വാര്‍ത്തകള്‍ പറഞ്ഞു തന്നത്. പക്ഷേ ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, അധികാരമുള്ള ഉദ്യോഗസ്ഥര്‍; ആരും അതിലൊരു ഗൗരവം കാണിച്ചില്ല. ആരുടെ കുറ്റം എന്നതില്‍ തര്‍ക്കം മാത്രം നടത്തി. ഇന്നിപ്പോള്‍ 50 ഉം 100 ഉം കൊടുത്ത് അരിവാങ്ങേണ്ടി വരുന്നുണ്ടെങ്കില്‍ ഇവിടെ ഉണ്ടായിരുന്നതെല്ലാം നശിപ്പിച്ചു കളഞ്ഞതിന്റെ ഫലം തന്നെയാണത്.

കേരളത്തിലെ നെല്‍കൃഷി

ആന്ധ്രയിലെയും ബംഗാളിലെയും മില്ലുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങുന്നതിനു മുമ്പ് കേരളത്തിനൊരു നെല്‍കൃഷി പാരമ്പര്യം ഉണ്ടായിരുന്നു. വിരിപ്പ് (ഏപ്രില്‍- മേയ് മുതല്‍ സെപ്തംബര്‍- ഒക്ടോബര്‍ വരെ) മുണ്ടകന്‍ (സെപ്തംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍-ജനുവരി വരെ) പുഞ്ച (ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍വരെ) എന്നിങ്ങനെ വ്യക്തമായയ മൂന്നു കൃഷികാലങ്ങളില്‍ കേരളത്തില്‍ നെല്‍കൃഷി ചെയ്തിരുന്നു. ഇതിനു പുറമെയായിരുന്നു കുട്ടനാടന്‍-കോള്‍ പുഞ്ചകളും വയനാടന്‍ നഞ്ചയും പുഞ്ചയുമെല്ലാം ഉണ്ടായിരുന്നത്. അതായത് വര്‍ഷം മുഴുവന്‍ നമ്മുടെ വയലുകളില്‍ കര്‍ഷകരുണ്ടായിരുന്നു, നമുക്കാവശ്യമായ നെല്ല് ഉണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും നാലു മീറ്ററോളം താഴ്ന്നു കിടക്കുന്ന കുട്ടനാടന്‍ കായല്‍ നിലങ്ങള്‍ മുതല്‍ ആയിരത്തഞ്ഞൂറു മീറ്റര്‍ ഉയരമുള്ള വട്ടവട എന്ന ഹൈറേഞ്ച് പ്രദേശം വരെ കേരളത്തില്‍ നെല്‍കൃഷി വ്യാപിച്ചു കിടന്നിരുന്നു. മലനാട്ടിലെയും ഇടനാട്ടിലെയും തീരഭൂമിയിലേയും വിവിധങ്ങളായ ഭൂപ്രകൃതിയില്‍ നെല്‍വിളഞ്ഞു. കേരളത്തിലെ ഉത്സവാഘോഷങ്ങളെല്ലാം കൃഷിയും കൊയ്ത്തുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു. രാഷ്ട്രീയവും നവോഥാനവുമെല്ലാം കര്‍ഷകനെയും കൃഷിയിടങ്ങളെയും ബന്ധപ്പെട്ടുണ്ടാവുകയായിരുന്നു. ഇതിലൊന്നും ശ്രദ്ധവയ്ക്കാതിരുവരാണ് ഇപ്പോള്‍ അരിയുടെ രാഷ്ട്രീയം കളിക്കുന്നത്.

രാഷ്ട്രീയക്കാര്‍ ഉത്തരം പറയണം

ഏതു രാഷ്ട്രീയക്കാരനാണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അരിക്ഷാമത്തിനെതിരേ ശബ്ദിക്കാന്‍ അര്‍ഹതയുള്ളതെന്ന ചോദ്യത്തിനൊപ്പം ഇവിടെ ഏതു രാഷ്ട്രീയക്കാരനാണ് കേരളത്തിലെ നെല്‍വയലുകള്‍ രൂപാന്തരപ്പെടുന്നതിനും കൃഷി നശിക്കുന്നതിനും കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതിനും എതിരെ ശബ്ദം ഉയര്‍ത്തിയതെന്നതുകൂടി ചേര്‍ക്കണം. ആര്‍ക്കും കാണില്ല ഉത്തരം. കാരണം അവര്‍ ചെയ്ത ദ്രോഹങ്ങളുടെ ഫലമാണ് ഇന്നീ നാട് അനുഭവിക്കുന്നത്. ഹെക്ടറു കണക്കിനു നെല്‍വയലുകള്‍ ഇവിടെ നികത്തപ്പെട്ടു. അതിപ്പോഴും തുടരുന്നു. ഇതിനെതിരേ എന്തു ചെയ്തു പാര്‍ട്ടികള്‍? 2007 ല്‍ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണം നിയമം പാസാക്കുമ്പോള്‍ കേരളത്തില്‍ ഉള്ളത് 2.29 ലക്ഷം ഹെക്ടര്‍ നെല്‍വയലാണ്. ഈ നിയമം വന്നതിന്റെ തൊട്ടടുത്ത വര്‍ഷം നെല്‍വയല്‍ പരിവര്‍ത്തനപ്പെട്ടത് 252 ഹെക്ടറില്‍. ഇടതുപക്ഷ സര്‍ക്കാരാണു നിയമം കൊണ്ടുവന്നതെന്നോര്‍ക്കണം. അതേ സര്‍ക്കാരിന്റെ കാലത്തു തന്നെ വയല്‍ നികത്തല്‍ നിര്‍ബാധം തുടരുകയും ചെയ്തു. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിശേഷം ഏവര്‍ക്കും അറിയാവുന്നതാണ്.

ഇനി കേരളത്തില്‍ അവശേഷിക്കുന്നത് 2,13,187 ഹെക്ടര്‍ നെല്‍വയലാണ്. 1961-62 ല്‍ 7.53 ലക്ഷം ഹെക്ടറും 1975-76 കാലത്ത് 8.76 ഹെക്ടര്‍ നെല്‍വയലും ഉണ്ടായിരുന്ന ഒരു നാട്ടിലെ പുതിയ കണക്കാണിത്. അമ്പതുവര്‍ഷംകൊണ്ട് കേരളത്തില്‍ ഇല്ലാതായ നെല്‍വയലുകളുടെ അളവ് എഴുപത്തിയഞ്ചു ശതമാനത്തോളം. കേരളത്തില്‍ നെല്‍കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്ന പാലക്കാട് ഇപ്പോഴുള്ളത് 87,511 ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ മാത്രം. ക്രമാതീതമായി ഈ കണക്ക് കുറഞ്ഞുവരുന്നുമുണ്ട്. അതായത് അടുത്ത ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നെല്‍വയലുകളുടെ അളവ് പതിനായിരങ്ങളിലേക്കു താഴും. ഈ ദുരവസ്ഥ തടയാന്‍ ഇവിടെയുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കുമോ?

കാര്‍ഷികവൃത്തികൊണ്ട് ജീവിതം പുലര്‍ത്തിപ്പോന്നിരുന്ന വലിയൊരു ജനവിഭാഗം കേരളത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചു. എത്രയോപേര്‍ ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ ചത്തുജീവിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായമില്ല, പ്രകൃതിയും കൈവിട്ടിരിക്കുന്നു. കര്‍ഷകര്‍ പിന്നെ ആരെ ആശ്രയിക്കും?

ഇതൊക്കെ സംഭവിക്കുന്ന ഒരു നാട്ടില്‍ അരിവില 50 കടന്നാലും അത്ഭുതമില്ല. ആര്‍ക്കും ആരെയും കുറ്റം പറയാനും അവകാശമില്ല. എല്ലാം വരുത്തിവച്ചതു നമ്മളെല്ലാവരും കൂടിയാണ്;

ഒരു ചൊല്ലുണ്ട്; തൊഴുതുണ്ണുന്നതിനെക്കാള്‍ നല്ലത് ഉഴുതുണ്ണുന്നതാണ്... ഈ സന്ദര്‍ഭത്തിനിത് ഏറെ യോജിക്കുന്നുണ്ട്...


Next Story

Related Stories