TopTop
Begin typing your search above and press return to search.

മലപ്പുറത്തെ വേദനിക്കുന്ന ഇടത് കോടീശ്വരന്‍മാര്‍

മലപ്പുറത്തെ വേദനിക്കുന്ന ഇടത് കോടീശ്വരന്‍മാര്‍

അഭിമന്യു

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ മലപ്പുറം രാഷ്ട്രീയത്തിലെ താരം സാമ്പാറാണ്. ജില്ലയിലെ രണ്ടു നഗരസഭകളിലും മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഭരണം കൈയാളുന്നത് ജനകീയ മുന്നണികള്‍ എന്ന്‍ ഔദ്യോഗിക നാമമുള്ള സാമ്പാര്‍ മുന്നണികളാണ്. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കോണ്‍ഗ്രസ്, സിപിഎം, ലീഗ് വിമതര്‍ തുടങ്ങി സര്‍വ കക്ഷികളുമുള്ള ജനകീയ മുന്നണിക്ക് സാമ്പാര്‍ എന്ന പേരു നല്‍കിയത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിനെ സാമ്പാര്‍ ചെറുതായി പൊള്ളിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് മലപ്പുറത്തെ ചില മണ്ഡലങ്ങളില്‍ സാമ്പാര്‍ കിടന്നു തിളയ്ക്കുന്നുണ്ട്. സമ്പന്നരായ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയെന്നതാണ് അവര്‍ക്കെതിരെ ലീഗും യുഡിഎഫും ആരോപിക്കുന്ന കുറ്റം.

യുഡിഎഫിന്റെ കൃത്യമായി പറഞ്ഞാല്‍ മുസ്ലിം ലീഗീന്റെ ഉറച്ച കോട്ടയാണ് മലപ്പുറമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. മഞ്ചേരി ലോക്‌സഭ മണ്ഡലത്തില്‍ ഒരു തവണ ടി.കെ. ഹംസ വിജയിച്ചതും കുറ്റിപ്പുറം നിയോജക മണ്ഡലത്തില്‍ കെ.ടി. ജലീല്‍ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചതും മാത്രമാണ് ഇതിന് ഒരപവാദം. ഇതെല്ലാം ലീഗും പ്രവര്‍ത്തകരും എന്നോ മറന്നു കഴിഞ്ഞു. മഞ്ചേരി ലോക്‌സഭ മണ്ഡലവും കുറ്റിപ്പുറം നിയമസഭ മണ്ഡലവും ഇന്ന് നിലവിലില്ല. 2011-ല്‍ ജില്ലയില്‍ ലഭിച്ച സീറ്റുകള്‍ എല്ലാം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ലീഗ് നേതൃത്വത്തിന് ഒരു സംശയവും ഇല്ല.


കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. വലതു ഭാഗത്ത് സംഗതികള്‍ എല്ലാം ശാന്തമാണ് എന്നര്‍ഥം. അതുകൊണ്ട് അലയടികള്‍ ഇടതുഭാഗത്താണ്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഏറ്റവും ദുര്‍ബലമായ ജില്ലയില്‍ ശക്തി തെളിയിക്കാന്‍ സിപിഎം ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് കുറച്ച് 'വേദനിക്കുന്ന കോടീശ്വരന്‍മാരെ'യാണ്.

നിലമ്പൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലാണ് ഇടതു സ്വതന്ത്രര്‍ ജനവിധി തേടുന്നത്. പി.വി. അന്‍വര്‍, ഗഫൂര്‍ ലില്ലി, എന്‍.എ. മുഹമ്മദ് കുട്ടി, വി. അബ്ദുള്‍ റഹ്മാന്‍, നിയാസ് പുളിക്കലകത്ത്, കെ.പി. ബീരാന്‍കുട്ടി എന്നിവരാണ് യഥാക്രമം സ്വതന്ത്ര വേഷധാരികള്‍.

മുന്‍ കോണ്‍ഗ്രസുകാരായ ഇടത് സ്വതന്ത്രര്‍.
കോടീശ്വരന്‍മാര്‍ എന്നു മാത്രമല്ല, മലപ്പുറത്തെ ഇടതു സ്വതന്ത്രരില്‍ പലരും മുന്‍ കോണ്‍ഗ്രസുകാരാണ്. കെപിസിസി മുന്‍ അംഗം വരെയുണ്ട് കൂട്ടത്തില്‍. താനൂരില്‍ മത്സരിക്കുന്ന വി. അബ്ദുറഹ്മാനാണ് മുന്‍ കോണ്‍ഗ്രസുകാരില്‍ മുഖ്യന്‍. കെപിസിസി മുന്‍ അംഗവും തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാനുമാണ് വി. അബ്ദുറഹ്മാന്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി വി. അബ്ദുറഹ്മാന്‍ മത്സരിച്ചിരുന്നു.

മുസ്ലിം ലീഗിന്റെ ജനകീയ മുഖമായ ഇ.ടി. മുഹമ്മദ് ബഷീറിനോട് കടുത്ത മത്സരമാണ് അബ്ദുറഹ്മാന്‍ നടത്തിയത്. താനൂരില്‍ തര്‍ക്കമൊന്നുമില്ലാതെ ഇടതുസ്വതന്ത്രനായി വി. അബ്ദുറഹ്മാന്‍ രംഗത്ത് എത്തി. സിറ്റിങ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുമായി പൊരിഞ്ഞ പോരാട്ടമാണ് സ്വതന്ത്ര അബ്ദുറഹ്മാന്‍ നടത്തുന്നതെന്നാണ് താനൂര്‍ വാര്‍ത്തകള്‍.

ഐടിസിയുടെ മൊത്തവിതരണക്കാരനായ അബ്ദുറഹ്മാന്‍ ജില്ലയിലെ പ്രമുഖ വ്യവസായിയാണ്. ഗള്‍ഫിലും ഇദ്ദേഹത്തിന് നിരവധി സ്ഥാപനങ്ങളുണ്ട്. നിലമ്പൂരിലെ സ്വതന്ത്രന്‍ പി.വി. അന്‍വറും മുന്‍ കോണ്‍ഗ്രസുകാരനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അന്‍വര്‍, കെ. കരുണാകരന്റെ പാര്‍ട്ടിയായ ഡിഐസിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്‍വറിന്റെ സ്ഥാനാര്‍ഥിത്തത്തിന് എതിരേ നിലമ്പൂരിലെ സിപിഐ-എമ്മിന്റെ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിക്ക് എതിരേ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു അന്‍വര്‍. സിപിഐക്കാരനായ ഇടതു സ്ഥാനാര്‍ഥിക്ക് അന്ന് കെട്ടിവച്ച കാശുപോലും കിട്ടിയില്ല, ബിജെപി സ്ഥാനാര്‍ഥിക്കും പിന്നില്‍ നാലാം സ്ഥാനത്താണ് അന്ന് ഇടതുസ്ഥാനാര്‍ഥി ഫിനിഷ് ചെയ്തത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലും അന്‍വര്‍ ഒരു പയറ്റ് നടത്തി. അന്‍വറിന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കലും പ്രതിഷേധ പ്രകടനങ്ങളും കൂട്ടരാജിയുംവരെ നിലമ്പൂരില്‍ അരങ്ങേറി. നേതൃത്വത്തിന്റെ ഇടപെടലലില്‍ പ്രതിഷേധം തത്ക്കാലം അടങ്ങിയെന്നു പറയാം. എന്നാലും പ്രവര്‍ത്തകര്‍ അതൃപ്തരാണ്.

ബിസിനസുകാരനായ ഗഫൂര്‍ ലില്ലിയാണ് തിരൂര്‍ മണ്ഡലത്തില്‍ സിപിഐ-എം സ്വതന്ത്രന്‍. ഇദ്ദേഹം താനൂരിലെ സ്ഥാനാര്‍ഥിയായ അബ്ദുറഹ്മാന്റെ നോമിനിയാണെന്നും ആരോപണങ്ങളുണ്ട്. അതെന്തായാലും സിപിഐ-എമ്മുമായോ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ ഗഫൂര്‍ ലില്ലിക്ക് ഒരു മുന്‍ ബന്ധവുമില്ല. തിരൂരങ്ങാടിയിലെ സിപിഐ സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്തും മുന്‍ കോണ്‍ഗ്രസുകാരനാണ്.

വല്ല്യേട്ടനെ പിന്തുണച്ച് അനിയന്‍മാരും
വല്ല്യേട്ടനായ സിപിഐഎമ്മിനെ അനുകരിക്കുന്നതില്‍ ഇടതു കുടുംബത്തിലെ മറ്റ് അംഗങ്ങളും ഒറ്റക്കെട്ടായിരുന്നു. തിരൂരങ്ങാടി, കോട്ടക്കല്‍ എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം സിപിഐ, എന്‍സിപി കക്ഷികള്‍ മത്സരിക്കുന്നു. തിരൂരങ്ങാടിയില്‍ സിപിഐ രംഗത്ത് ഇറക്കിയിരിക്കുന്നത് നിയാസ് പുളിക്കലകത്തിന് മലേഷ്യയില്‍ വരെ സ്ഥാപനങ്ങളുണ്ട്. ഹോട്ടല്‍, ബേക്കറി, ഫര്‍ണിച്ചര്‍ ഷോപ്പുകളുമുള്ള ഇദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കരുത്തനാണ്.

കോട്ടയ്ക്കലില്‍ എന്‍.സി.പി സ്ഥാനാര്‍ഥി എത്തിയത് അങ്ങു കൊച്ചിയില്‍ നിന്നുമാണ്. ദോഷം പറയരുത് അദ്ദേഹം ശരിക്കും കോട്ടക്കല്‍ സ്വദേശി തന്നെയാണ്. ജീവിക്കാന്‍ വേണ്ടി കൊച്ചിയില്‍ പോയതാണ്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ എംഡിയാണ് കക്ഷി.

വിരലില്‍ എണ്ണാവുന്ന എന്‍.സി.പിക്കാരു പോലും കോട്ടക്കലില്‍ ഇല്ലെങ്കിലും എന്‍വൈസി പ്രവര്‍ത്തകര്‍ മുഹമ്മദ് കുട്ടിക്ക് എതിരേ രംഗത്ത് വന്നിരുന്നു. എന്‍.വൈ.സി നേതാവ് മുജീബ് റഹ്മാനെ മത്സരിപ്പിക്കണമെന്നായിരുന്നു യൂത്തന്‍മാരുടെ ആവശ്യം. കൊണ്ടോട്ടിയിലെ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി. ബീരാന്‍കുട്ടി ജന്മനാ തന്നെ പണക്കാരനാണ്. നിരവധി ഭൂസ്വത്തും ഇദ്ദേഹത്തിനുണ്ട്. മലപ്പുറത്ത് ലീഗ് നേടിയ വന്‍ വിജയമാണ് കഴിഞ്ഞ തവണ യുഡിഎഫിനെ അധികാരത്തിലേറ്റിയത്. ജനങ്ങളെ സേവിക്കാനുള്ള കോടീശ്വരന്‍മാരുടെ ആഗ്രഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories