Top

വിശപ്പിന്റെ വിളി: റൈറ്റ് റ്റു ഫുഡ് നയിക്കുന്ന നിശബ്ദ പോരാട്ടം

വിശപ്പിന്റെ വിളി: റൈറ്റ് റ്റു ഫുഡ് നയിക്കുന്ന നിശബ്ദ പോരാട്ടം
അഴിമുഖം പ്രതിനിധി

ഇക്കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകരയിലെ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ഉണ്ടായ തിക്കും തിരക്കും കുഴഞ്ഞു വീഴലുമെല്ലാം നടന്നതിന്റെ അടിസ്ഥാനം ജീവിതത്തിൽ ആഡംബരങ്ങൾ മോഹിച്ച് വന്നവരുടേതായിരുന്നില്ല. സാധാരണക്കാരായ നാട്ടിന്‍പുറത്തുക്കാർ റേഷൻ അരിക്കു വേണ്ടി നടത്തിയ മുറവിളി ആയിരുന്നു അത്. ഭക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ മാത്രമേ നടക്കുന്നുള്ളു എന്ന് കരുതുന്ന നമ്മുടെയൊക്കെ ഉള്ളിലെ കാപട്യത്തെ പുറത്തിടുന്ന കാഴ്ചകളയായിരുന്നു അവിടെ നടന്നത്.

ബംഗാളിലെ ഗുംല ജില്ലയിലെ പണ്ഡർണി ഗ്രാമത്തിൽ 4 പേർക്കേ റേഷൻ കാർഡുള്ളൂ. അവിടെ ബാക്കി വരുന്ന 200 പേർ അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുന്നവരാണെങ്കിലും അവർക്കാർക്കും ആധാർ കാർഡില്ലെന്ന പേരിൽ റേഷൻ കാർഡ് നൽകിയിട്ടില്ല. ആധാർ കാർഡ് ഇല്ലെന്നുള്ളത് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമല്ലാതിരിക്കാനുള്ള കരണമാവരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ ആണിത്. റൈറ്റ് റ്റു ഫുഡ് ക്യാമ്പയിൻ അംഗങ്ങൾ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളുടെ സഹായത്തോടെ ആറു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇതെല്ലം കണ്ടെത്തിയത്.

പഞ്ചവത്സര പദ്ധതികളും പതിനഞ്ചു ബജറ്റ് അവതരണവും കഴിഞ്ഞിട്ടും ഈ വർഷത്തെ ആഗോള ഹംഗര്‍ ഇൻഡക്സ് പട്ടിക പുറത്ത് വന്നപ്പോൾ ഇന്ത്യക്ക് നേടാൻ സാധിച്ചത് വെറും 97ആം സ്ഥാനമായിരുന്നു. ഇന്ത്യയിൽ 15 ശതമാനം വരുന്ന ജനസംഖ്യയും പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്നാണ് കണ്ടെത്തൽ. ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശും സാമ്പത്തികമായി ഇന്ത്യക്ക് പിന്നിൽ നിൽക്കുന്ന കംബോഡിയയുമെല്ലാം പട്ടികയിൽ ഇന്ത്യക്കു മുന്നിൽ നിൽക്കുന്നു. ഇവിടെയാണ് റൈറ്റ് റ്റു ഫുഡ് ക്യാമ്പയിൻ എന്തിനു നിലകൊള്ളുന്നു, എന്താണതിന്റെ പ്രസക്തി, ഇന്ത്യയിലെ വിശന്നുമരിക്കുന്നവരുടെ അവകാശങ്ങളൾ എന്നൊന്നുണ്ടോ എന്നൊക്കെ ഉള്ള ചോദ്യങ്ങളിലേക്കെല്ലാം വിരൽ ചൂണ്ടപ്പെടുന്നത്. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇന്ത്യൻ ജനതയുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. ഇതിനെല്ലാം എതിരെയാണ് റൈറ്റ് റ്റു ഫുഡ് ക്യാമ്പയിൻ അംഗങ്ങളുടെ പോരാട്ടം.
2013ൽ കേന്ദ്രം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ അതിനു പിന്നിൽ ഏറ്റവും കൂടുതൽ പഠനവും സമ്മർദവും ചെലുത്തി പ്രവർത്തിച്ചവരാണവർ.

2001ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു പൊതു താല്പര്യ ഹർജിയായിരുന്നു ഇത്തരം ഒരു പ്രസ്ഥാനത്തിന് വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.  ഭക്ഷണം ഒരു അവകാശമാണെന്ന പ്രഖ്യാപനത്തോടെ അത് രാജ്യത്തുടനീളം വ്യാപിച്ചു. 2013 മാർച്ചിലാണ്‌ റൈറ്റ് റ്റു ഫുഡ് എന്ന പേരിൽ സംഘടന രൂപം കൊളളുന്നത്ത്. ജനങ്ങൾക്ക് വിശപ്പ് മാറ്റാനുള്ള ഭക്ഷണം നൽകേണ്ടതിനെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി അവർ കണക്കാക്കുന്നു; അതിൽ നിന്നും പണമില്ലെന്ന കാരണത്താൽ ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നുമാണ് അവരുടെ നയം. ഇവരുടെ പ്രവർത്തന മേഖല തൊഴിൽ, സാമൂഹിക സുരക്ഷ, ഭൂപരിഷ്കരണം എന്നിവയിലെല്ലാം വ്യാപിച്ച് കിടക്കുന്നു. 
എല്ലാ മൂന്ന് വർഷം കൂടുമ്പോഴും അവർ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുകയും അതിന്റെ കണ്ടെത്തലുകൾ സര്‍ക്കാരിന് സമർപ്പിക്കുകയും ചെയ്യുന്നു. ഈ വർഷം ഝാർഖണ്ഡിൽ വെച്ച് നടന്നത് അവരുടെ ആറാമത്തെ സമ്മേളനമായിരുന്നു.


തൊഴിലുറപ്പു പദ്ധതിയെ കുറിച്ച് അനീഷ് രഞ്ജൻ ക്‌ളാസ്സുകൾ നയിക്കുന്നു

"റേഷൻ നൽകണമെങ്കിൽ 500 രൂപ കൈക്കൂലി തരണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ നിസഹായരായിത്തീർന്ന ആദിവാസി വൃദ്ധയുടെ അനുഭവം കേട്ടിരുന്നവരെ എല്ലാം ഒട്ടേറെ ചിന്തിപ്പിച്ചു. ഇത്തവണ നടന്ന കൺവെൻഷൻ ഇന്റലിജിൻസ് ബ്യൂറോയുടെ നീരിക്ഷണത്തിൽ ആയിരുന്നു. ഞങ്ങളുടെ കൈയിൽ കടലാസും പേനയും മൈക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഗവണ്മെന്റ് ഭയപ്പെടുന്നത് ഇതിനെയാണ്", സമ്മേളനത്തിൽ പങ്കെടുത്ത ലിജോ ചാക്കോ അഴിമുഖത്തോട് പറഞ്ഞു.

Next Story

Related Stories