Top

ആര്‍ക്കാണ് RTI-യെ പേടി? ജനാധിപത്യത്തില്‍ ജനങ്ങളറിയേണ്ടാത്ത എന്തു രഹസ്യമാണുള്ളത്?

ആര്‍ക്കാണ് RTI-യെ പേടി? ജനാധിപത്യത്തില്‍ ജനങ്ങളറിയേണ്ടാത്ത എന്തു രഹസ്യമാണുള്ളത്?
2005-ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം, ആ ഭരണകൂടത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു.

പൗരാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് ഭരണ/അധികാര തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയും അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ ചോദ്യം ചെയ്യാന്‍ പൗരന് അവകാശം നല്‍കുകയുമാണ് വിവരാവകാശ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഭരണതലങ്ങളിലെ ജനകീയ ഇടപെടല്‍ അല്ലെങ്കില്‍ ഭരണസംവിധാനങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാനുള്ള ജനകീയ അധികാരമായി വിവരാവകാശ നിയമം ഉദ്‌ഘോഷിക്കപ്പെടുകയും ഉണ്ടായി.

ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ചോദ്യമിതാണ്, വിവരാവകാശ നിയമത്തോട് നമ്മുടെ ഉദ്യോഗസ്ഥ/ഭരണനേതൃത്വങ്ങള്‍ പുലര്‍ത്തുന്ന മനോഭാവം ആശാവഹമോ ആശങ്കാകുലമോ?

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പബ്ലിക് സര്‍വീസ് കമ്മിഷനും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഉത്തരവിറക്കിയത്. 2011-ല്‍ പിഎസ്‌സി ആര്‍റ്റിഐയുടെ കീഴില്‍ വരുമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടതാണ്. ഇതിനെതിരെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ സുപ്രിം കോടതിയില്‍ പോയി. ഇപ്പോള്‍ പരമോന്നത നീതിപീഠം ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ പബ്ലിക് സര്‍വീസ് കമ്മിഷനുകളും വിവരാവകാശ നിയമത്തിനു കീഴില്‍ വരുമെന്നും സുപ്രിം കോടതി വ്യക്തമാക്കുന്നു.

ഒരു ഭരണഘടനാസ്ഥാപനമായ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തങ്ങളെ വിവരാവാകാശ നിയമത്തിനു കീഴില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെടുന്നത് എന്ത് ന്യായത്താലാണെന്നോ?

ജോലി ഭാരം കൂടുമത്രേ!

പി എസ് സി മാത്രമല്ല, ഏതാണ്ടെല്ലാവരും ശ്രമിക്കുന്നത് ഏതെങ്കിലും ന്യായം കണ്ടെത്തി ഈ പൊല്ലാപ്പില്‍ നിന്ന് ഒഴിയാനാണ്. അത്തരമൊരു ശ്രമത്തില്‍ വിജയിച്ചിട്ടുണ്ട് സംസ്ഥാനത്തെ ക്രൈം ആന്‍ഡ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. നിയമത്തിലെ ഏതോ വിടവു വലുതാക്കിയാണ് അവര്‍ വിവരാവകാശപരിധിയില്‍ പെടുന്നവരല്ല എന്നു സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുന്നതുവരെ ആ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പൗരനോട് യാതൊരു കമ്മിറ്റ്‌മെന്റും കാണിക്കേണ്ട.

സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലാത്ത മറ്റേതു വിവരം പൊതുജനം അറിഞ്ഞാലാണ് ഇന്റലിജന്‍സുകാര്‍ക്ക് അപകടം ഉണ്ടാവുന്നത്? 2014 ല്‍ ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരുന്നു. എഡിജിപി നടത്തിയ ഈ അന്വേഷണറിപ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങള്‍ കണ്ടെത്തിയെന്ന് പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. പക്ഷേ വിവരാവകാശ നിയമപ്രകാരം നമുക്കതിനെ കുറിച്ച് ഒരു വിവരവും തരാന്‍ വിജിലന്‍സിന് ബാധ്യതയില്ല!

ഒരാള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള പൊതുജനാഭിപ്രായം ഹനിച്ച്, ഒരു വ്യക്തിയെ സംരക്ഷിച്ചു നിര്‍ത്തുന്ന നടപടിയാണ് പ്രസ്തുത വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.എങ്കില്‍ വിവരാവകാശ നിയമം പൂര്‍ണമായ അര്‍ത്ഥത്തില്‍ രാജ്യത്ത് നടപ്പാക്കപ്പെടുന്നുണ്ടോ?

നിങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഒരപേക്ഷ നല്‍കുമ്പോള്‍ പ്രസ്തുത വകുപ്പില്‍ നിന്നും നിയമം അനുശാസിക്കുന്ന തരത്തില്‍ പൂര്‍ണമായ സഹകരണം കിട്ടുന്നുണ്ടോ?

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം തരാതിരിക്കാമെന്നുള്ള വ്യഗ്രതയല്ലേ അവര്‍ക്കുള്ളത്?

ചോദ്യം വ്യക്തമല്ല എന്ന മറുപടി നിങ്ങളുടെ അപേക്ഷകളില്‍ ഒരിക്കലെങ്കിലും കയറിക്കൂടാതെയുണ്ടോ?

ബന്ധപ്പെട്ട ഓഫിസില്‍ വന്നു വിവരം ശേഖരിച്ചു കൊണ്ടുപോകൂ എന്ന മറുപടി നിങ്ങള്‍ക്ക് കിട്ടുന്നില്ലേ?

വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കിയാല്‍ മതിയെന്നുള്ള സാവകാശം മുതലെടുത്തുള്ള ആലസ്യം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ലേ?

ഈ ചോദ്യങ്ങളോടുള്ള നിങ്ങളുടെ മറുപടി എന്തായിരിക്കുമെന്ന് ഒരുപ്രാവശ്യമെങ്കിലും ആര്‍ റ്റി ഐ ഫയല്‍ ചെയ്തിട്ടുള്ളവര്‍ക്ക് മനസിലാകും.

ആര്‍ റ്റി ഐക്ക് കീഴില്‍ വരുന്ന എല്ലാ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ കാണും. പ്രസ്തുത ഉദ്യോഗസ്ഥനോട് പറയാനുള്ള ഒരു കാര്യമുണ്ട്; താങ്കള്‍ ആ ഓഫിസിലെ ഒരു ജീവനക്കാരന്‍ എന്നതിലുപരി ഒരു ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ്. രാജ്യത്തെ നിയമത്തോട് താങ്കള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. അല്ലാതെ വിവരാവകാശനിയമം ഉപയോഗിക്കുന്നവരെ ശല്യക്കാരായി കാണുകയല്ല വേണ്ടത്.

വിവരാവകാശ നിയമം നിലവില്‍ വന്നശേഷം ഈ നിയമം ഉപയോഗപ്പെടുത്തി രാജ്യത്തെ പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്ന ഒരു കൂട്ടരുണ്ട്. വിവരാവകാശപ്രവര്‍ത്തകര്‍. ഇതിന്റെ പേരില്‍ വലിയ ഭീഷണികള്‍ ഇവര്‍ നേരിടുന്നുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു; പലരും ആക്രമിക്കപ്പെടുന്നു. വിവരാവകാശ പ്രവര്‍ത്തകരെ വിസില്‍ബ്ലോവര്‍മാരായി പരിഗണിച്ച് ആവശ്യമായ സംരക്ഷണം കൊടുക്കേണ്ടതാണെന്നു നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കില്‍പോലും പലര്‍ക്കും ഈ സഹായം കിട്ടുന്നതുപോലുമില്ല.

ഇതൊരു സംഘടിതമായ ഒറ്റപ്പെടുത്തലാണ്. ആര്‍ക്കൊക്കെയാണോ വിവരാവകാശ നിയമം തലവേദന ആകുന്നത്, അവരെല്ലാം ഒറ്റക്കെട്ടായി ശ്രമിക്കുന്നത് ഈ ജനകീയാവകാശം ഏതുവിധേനയും ഇല്ലാതാക്കാനാണ്. ഇതിനിടയില്‍ നീതിപീഠങ്ങള്‍ ആശാവഹമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍പോലും ഭരണകൂടത്തിന്റെ നിസ്സഹകരണം രാജ്യത്തെ വിപ്ലവകരമായൊരു നിയമം ഇല്ലാതാക്കാനുള്ള വഴികള്‍ തേടുകയാണ്.കേരളത്തില്‍ വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ്. നിലവില്‍ കമ്മിഷനില്‍ ഉള്ളത് മുഖ്യവിവരാവകാശ കമ്മിഷണര്‍ മാത്രം. ബാക്കി അഞ്ചുപേരുടേയും ഒഴിവുകള്‍ ഇതുവരെയും നികത്തിയിട്ടില്ല. മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആകട്ടെ ഈ ഏപ്രിലില്‍ വിരമിക്കുകയും ചെയ്യും. ഏപ്രില്‍ മാസം നിയമസഭ തെരഞ്ഞെടുപ്പ് സമയമാണ്. അതുകൊണ്ട് വിവരാവകാശ കമ്മിഷന്‍ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെങ്കില്‍ അടുത്ത സര്‍ക്കാര്‍ വരണം. ചുരുങ്ങിയത് ആറുമാസമെങ്കിലും ആരുമില്ലാത്ത അവസ്ഥയില്‍ അടഞ്ഞു കിടക്കേണ്ടിവരും കമ്മിഷന്‍. ഇപ്പോള്‍ത്തന്നെ പതിനായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദിവസങ്ങള്‍ കഴിയുംതോറും എണ്ണം കൂടിക്കൂടി വരും. കേരളത്തിലെ കാര്യം മാത്രമല്ല, കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ പോലും ആളില്ലാത്ത അവസ്ഥയാണ്.

സര്‍ക്കാരിന് വിവരാവകാശ നിയമം പാലിക്കാനുള്ള ഉത്സാഹം എത്രത്തോളമുണ്ടെന്ന് ഇതില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ.

ഒരു നിയമം രാജ്യത്ത് പ്രഖ്യാപിക്കുകയും അതേ നിയമം ഭരണകൂടങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന തമാശയാണ് ഇപ്പോള്‍ നടക്കുന്നത്. നിയമം ഒരു ബാധ്യതയല്ല. അത് കടമയായി കണ്ട് അനുസരിക്കേണ്ട ചുമതല എല്ലാവരിലും ഉണ്ട്. പൗരനോ സര്‍ക്കാരോ ഉദ്യോഗസ്ഥരോ അതില്‍ നിന്നും മാറിനില്‍ക്കരുത്.

ഇത്തരമൊരു നിയമം ഇല്ലാതെ തന്നെ ഭരണണകൂടത്തിന് തങ്ങളുടെ സുതാര്യത നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ എല്ലാം തന്നെ പ്രത്യേക താത്പര്യമെടുത്ത് പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളറിയേണ്ടാത്ത എന്ത് രഹസ്യങ്ങളാണ് ഭരണകൂടത്തിനുള്ളത്? ശരിക്കും ഡിജിറ്റല്‍ കേരളവും ഡിജിറ്റല്‍ ഇന്ത്യയുമൊക്കെ ഇത്തരത്തിലാണ് കെട്ടിപ്പെടുത്തേണ്ടത്.


Next Story

Related Stories