TopTop
Begin typing your search above and press return to search.

റിയോ ഇങ്ങെത്തുമ്പോഴും ഇന്ത്യ പഴയതുപോലെ തന്നെ

റിയോ ഇങ്ങെത്തുമ്പോഴും ഇന്ത്യ പഴയതുപോലെ തന്നെ

അഴിമുഖം പ്രതിനിധി

റിയോ ഒളിംപിക്‌സിന് രണ്ടു മാസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യയിലും പ്രതീക്ഷകള്‍ വളരുകയാണ്. 2012 ലണ്ടന്‍ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ ആറു വ്യക്തിഗത മെഡലുകള്‍ നേടിയിരുന്നതാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. അതിന് ബലമേകുന്നതാകട്ടെ അതിനും നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബീജിങ്ങില്‍ ലഭിച്ചതിന്റെ ഇരട്ടിയായിരുന്നു ഇതെന്നതാണ്. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ഇന്ത്യയില്‍ ബീജിങ്ങിലേയും ലണ്ടനിലേയും നേട്ടങ്ങള്‍ ഒളിമ്പിക് സ്‌പോര്‍ട്‌സിന്റെ നില ഉയര്‍ത്തി. ബീജിങ്ങിനു മുന്‍പ് നടന്ന മൂന്ന് ഒളിംപിക്‌സുകളിലും ഓരോ മെഡലുകള്‍ മാത്രമാണ് ഇന്ത്യക്കു കിട്ടിയിരുന്നത്.

പ്രതീക്ഷകളോടെ മുന്‍നിര ഇന്ത്യന്‍ അത്‌ലറ്റുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയോ ലക്ഷ്യമിട്ട് പരിശീലനമാരംഭിച്ചിരുന്നു. പലരും ലോകനിലവാരത്തിലുള്ള കോച്ചുകളുടെ കീഴിലാണ് പരിശീലിക്കുന്നത്. ഇതിലേയ്ക്കായി പണം ചെലവഴിക്കാന്‍ സര്‍ക്കാരും പദ്ധതികള്‍ തയ്യാറാക്കി. എന്നിരുന്നാലും അസ്വാരസ്യങ്ങള്‍ മുമ്പെന്ന പോലെ ഇപ്പോഴുമുണ്ട്. അധികാരികളുടേയും ഫെഡറേഷനുകളുടേയും സമീപനത്തെ പറ്റി അവ ചോദ്യങ്ങളുയര്‍ത്തുന്നു.

ഇത്തവണത്തെ ഒളിംപിക്‌സില്‍ 74 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ ആരു പങ്കെടുക്കണമെന്ന് നിശ്ചയിക്കാനായി നാര്‍സിങ് യാദവുമായി ട്രയല്‍സ് നടത്തണമെന്ന സുശീല്‍ കുമാറിന്റെ ആവശ്യത്തിന്‍മേലുള്ള വിവാദം ആളിക്കത്തിയിരുന്നു. 2008, 2012 ഒളിമ്പിക്‌സുകളില്‍ 66 കിലോ വിഭാഗങ്ങളില്‍ രണ്ടു വട്ടം ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍ കുമാറിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ ഓട്ടു മെഡല്‍ നേടിയ നാര്‍സിങ് ഇതിനോടകം ഒളിമ്പിക്‌സ് യോഗ്യത നേടിയിട്ടുണ്ടെങ്കിലും നേട്ടങ്ങള്‍ വച്ചു നോക്കുമ്പോള്‍ സുശീല്‍ കുമാര്‍ തള്ളിക്കളയാനാകാത്ത മല്‍സരാര്‍ത്ഥിയാണ്. പക്ഷേ, കായികയിനത്തില്‍ ആര് രാജ്യത്തെ പ്രതിനിധീകരിക്കണമെന്ന തീരുമാനം ദേശീയ ഫെഡറേഷനിലെ വിദഗ്ദ്ധര്‍ക്കു വിടുകയാണ് നല്ലതെന്നു പറഞ്ഞ് കോടതി സുശീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു.66 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ചിരുന്ന സുശീല്‍ കുമാര്‍ അതില്‍നിന്ന് 74 കിലോഗ്രാം വിഭാഗത്തില്‍ എത്തിയതോടെ മല്‍സരിക്കാന്‍ വിമുഖത കാണിച്ചിരുന്നുവെന്നും ഈ വൈകിയ വേളയില്‍ ട്രയല്‍സ് ആവശ്യപ്പെടുകയാണെന്നും വാദിച്ച ഫെഡറേഷന്‍ കോടതിയില്‍ നാര്‍സിങിനെ അനുകൂലിച്ചു. രണ്ടു പേരും കഴിവു തെളിയിച്ച ഗുസ്തിക്കാരാണെന്നിരിക്കേ, അവരെ കരുവാക്കരുതെന്ന് കോടതി ഫെഡറേഷനോട് പറഞ്ഞു. ഫെഡറേഷന്റെ റെസ്ലിങ് ബോഡിക്ക് തുടക്കത്തിലേ പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നം ഇവിടെ വരെ എത്തിക്കണമായിരുന്നോ എന്നും കോടതി ആരാഞ്ഞു.

ഒളിമ്പിക് യോഗ്യത നേടിയ തനിക്ക് പരിശീലനത്തിനാവശ്യമായ തുക യഥാസമയം നല്‍കാത്തതില്‍ ഉള്ള അമര്‍ഷം വനിതാ ഡിസ്‌കസ്സ് താരം സീമ പൂനിയയും മറച്ചു വയ്ക്കുന്നില്ല. തന്റെ മല്‍സരയിനത്തില്‍ 2014-ലെ ഏഷ്യന്‍ ഗെയിംസ് വിജയിയും കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്സ്‌ഗോ കോമണ്‍വെല്‍ത്ത് വെള്ളിമെഡല്‍ ജേതാവുമായ ഈ 32കാരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത് തന്റെ റിയോ പരിശീലന പദ്ധതിയെ കുറിച്ചുള്ള ഒരു പ്രസന്റേഷനെ ആധാരമാക്കി കഴിഞ്ഞ വര്‍ഷം സ്‌പോര്‍ട്ട്‌സ് മന്ത്രാലയവും സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് 75 ലക്ഷം രൂപ പരിശീലനത്തിനായി അനുവദിച്ചിരുന്നു എന്നാണ്. 'ടാര്‍ഗെറ്റ് ഒളിമ്പിക്‌സ് പോഡിയം സ്‌കീം' അനുസരിച്ച് നല്‍കേണ്ടിയിരുന്ന ഈ തുക എട്ട് മാസങ്ങള്‍ എടുത്താണ് മന്ത്രാലയം കൊടുത്തതത്രെ.

ബ്രസീലില്‍ ഇത്തവണ മെഡലുകളുടെ എണ്ണം ഇരട്ടയക്കം തികയ്ക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ തന്നെ പ്രയാസകരമായ ഒന്നാണ്. മല്‍സരങ്ങളിലേക്ക് സുഗമമായ പാതയൊരുക്കുക എന്നതാണ് സ്‌പോര്‍ട്ട്‌സ് അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം.


Next Story

Related Stories