TopTop
Begin typing your search above and press return to search.

എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!

എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!

ഋഷിരാജ് സിംഗിനെ വൈദ്യുതിബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ എന്തൊക്കെ പുകിലാണിവിടെ!

ഈ വിജിലന്‍സ് എന്ന പേരില്‍ ഒരു കാര്യവുമില്ലെന്ന് സാക്ഷാല്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സാര്‍ തെളിയിച്ചതാണ്. ബാര്‍കോഴ അന്വേഷണമൊക്കെ ഇപ്പോഴല്ലേ വന്നുള്ളൂ. അതിനുമുമ്പേ, അത് മലയാളിക്ക് ബോദ്ധ്യപ്പെടുത്തിയ ആളാണദ്ദേഹം. ഈ മലയാളിക്ക് ഒരു കുഴപ്പമുണ്ട്. മുമ്പ് പാടുപെട്ട് ചിലപ്പോള്‍ കേസന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടിക്കാണും. അതൊക്കെ ചെറുപ്പത്തിന്റെ തിളപ്പ്! കാലം മാറുന്നതിനനുസരിച്ച് പൊലീസും മാറേണ്ടേ? പൊലീസില്‍ നല്ല പേരുണ്ടായിരുന്നു എന്നത് വസ്തുത. പേരുകൊണ്ടുമാത്രം വല്ല കാര്യവുമുണ്ടോ, പുള്ളേ? ഭരിക്കുന്നവര്‍ തെക്കുവടക്ക് തട്ടും. ചീഫ് വിജിലന്‍സ് ആപ്പീസറായും സെക്യൂരിറ്റി ആപ്പീസറായും ബറ്റാലിയനിലെ വെയിലുകൊള്ളലും ഒക്കെയായി ശിഷ്ടജീവിതം കഴിക്കേണ്ടിവരും. ഒരു എ ഡി ജി പിയും ഡി ജി പിയും ഒക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ, ഈ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ കാര്യമില്ല. നാട്ടിലൊരു വിലയും കാണില്ല. ഇതിപ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് നൂറുരൂപ കോഴവാങ്ങുന്ന വില്ലേജ് ആപ്പീസിലെ പ്യൂണിനെ വിജിലന്‍സിന് പിടികൂടാം. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റോറില്‍ നിന്ന് അഞ്ചുകിലോ അരി മറിച്ചുവില്‍ക്കുന്ന വില്‍പനക്കാരനെ അറസ്റ്റുചെയ്യാം. അല്ലാതെ ബാര്‍കോഴ ഇനത്തില്‍ കോടികള്‍ വാങ്ങുന്നവരെ തൊട്ടാലേ, ചിലപ്പോള്‍ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം ഡിയായി ശിഷ്ടകാലം ജീവിക്കേണ്ടിവരും. അവിടിരുന്ന ആളിനറിയാം, അതിന്റെ പെടാപ്പാട്! അതുകൊണ്ട് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സാക്ഷികള്‍ പറയുന്നത് ശരിയാണ്, കുറ്റകൃത്യം നടന്നിട്ടുണ്ട്... പക്ഷെ, തെളിവുകൂടി അവര്‍ ഹാജരാക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല! അന്നേ, ഈ വിന്‍സന്‍ എം പോള്‍ സാര്‍ കസേരക്ക് അനുസരിച്ച് നിലപാടെടുക്കുമെന്ന് വ്യക്തമായതാണ്.

ജേക്കബ്‌ തോമസ് സാറിനെ അറിയില്ലേ? പണ്ടത്തെ വിന്‍സന്‍ എം പോളിന്റെ 'തീ' ഇപ്പോഴും കൊണ്ടുനടക്കുന്ന ആളാണ്. ഇരുന്നിടത്തൊന്നും അധികകാലം തുടരാനായിട്ടില്ല. സത്യസന്ധതയുടെ അസ്‌കിത കൂടുതലാണ്. വിജിലന്‍സില്‍ വന്നിരുന്നിട്ട് പറയുകയാണ് - സത്യസന്ധത വേണമെന്ന്! ആ സാറ് വിന്‍സന്‍ എം പോള്‍ സാര്‍ മുതല്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെയുള്ള സകലരേയും ചിരിപ്പിച്ചേ അടങ്ങൂ എന്നുവച്ചാല്‍ എന്തുചെയ്യും? അച്ചായനായിട്ടും മാണിച്ചായനിട്ടു പണിയുക എന്നുവച്ചാല്‍ സഹിക്കാനാവുമോ? ഇടതുഭരണകാലത്തുപോലും അഴിമതിക്കെതിരെ ഉശിരന്‍ നിലപാടെടുത്തതിനാല്‍ 'സപ്‌ളൈകോ'യില്‍നിന്നുള്‍പ്പെടെ പുറത്തുപോവേണ്ടി വന്ന ആളാണ്. അങ്ങനൊരാളെ ബാര്‍കോഴ അന്വേഷണ ചുമതല ഏല്പിച്ചാല്‍ എല്ലുപോയിട്ട് പപ്പും പൂടയുംപോലും ബാക്കി കാണില്ലെന്നറിയാമെന്നതിനാലാണ് തീ അണക്കാന്‍ വിട്ടത്. പക്ഷെ, അവിടിരുന്ന് ആശാനിപ്പോള്‍ എട്ടിന്റെ പണിയാ തരുന്നത്! ഫയര്‍ഫോഴ്‌സ് കമാന്റന്റ് ജനറല്‍ എന്ന വല്യപേരിനടിയില്‍ ഒതുങ്ങിക്കഴിഞ്ഞോളും എന്നായിരുന്നു കണക്കുകൂട്ടല്‍.ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ പറയുംപോലെ ബാറു കഴിഞ്ഞാല്‍ പിന്നെ നമ്മളെ നിലനിര്‍ത്തുന്നതാരാ? റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നോ ഭൂമാഫിയ എന്നോ ഫ്‌ളാറ്റുമാഫിയ എന്നോ ഒക്കെ പറയാവുന്ന കൂട്ടരാ. സര്‍ക്കാരിന്റെ ഭൂമി കൈയേറി ചിലപ്പോള്‍ ഫ്‌ളാറ്റു കെട്ടി എന്നിരിക്കും. പാറ്റൂര്‍ കുംഭകോണം എന്നുപറഞ്ഞ് ആ വി എസ് അച്യുതാനന്ദന്‍ ബഹളം വയ്ക്കും. കെട്ടിടംവയ്ക്കുന്നവര്‍ കോടതീല്‍പോവും. സര്‍ക്കാര്‍ വക്കീല്‍ അവരുടെ വക്കീലിനെക്കാള്‍ ശുഷ്‌കാന്തിയോടെ നമുക്ക് വേണ്ടത് ശരിയാക്കാന്‍ കൂട്ടുനിന്നുതരും. ഒരു ഫ്ളാറ്റിന്റെ പണംപോലും അതിന് വേണ്ടിവരില്ല. ചീഫ്‌സെക്രട്ടറി മുതല്‍ താഴോട്ട് കളക്ടര്‍വരെയുള്ളവര്‍ക്ക് ദക്ഷിണ ഫ്‌ളാറ്റായാണ് നല്‍കേണ്ടി വരുന്നത്. എന്നാലും നഷ്ടമില്ല. അങ്ങനെ, ആ കച്ചവടം ഉഷാറായി മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുമ്പോഴാണ് തീ അണയ്ക്കാന്‍ വിട്ട സാറ് എട്ടിന്റെ മുട്ടന്‍ പണി നല്‍കിയത്! അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത കെട്ടിട/ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ലപോലും. ഓരോരുത്തരും ജീവിച്ചുപോവുന്നത് ആയുസ്സിന്റെ ബലം കൊണ്ടാണെന്ന് ഈ ഉദ്യോഗസ്ഥരെയൊക്കെ ആരാണ് പറഞ്ഞു മനസ്സിലാക്കുന്നത്? ആയുസ്സേറുമ്പോള്‍ കാലനായാലും കട്ടപ്പുറത്തു കേറിയേ മതിയാവൂ. അതുകൊണ്ട് 'പാവപ്പെട്ട' ഫ്‌ളാറ്റുനിര്‍മ്മാതാക്കളേയും ബില്‍ഡര്‍മാരേയും കണ്ണീര് കുടിപ്പിക്കുന്ന ഇത്തരം മഹാപാപം ഉടനെ ഒഴിവാക്കിത്തരണം. ബഹുനില മന്ദിരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല സര്‍ക്കാരിനാണെന്ന് ഉമ്മന്‍ചാണ്ടിയദ്ദേം തന്നെ പറഞ്ഞുകഴിഞ്ഞു. ഫയര്‍ഫോഴ്‌സുകാര്‍ കുറേ കൊല്ലങ്ങളായി അതിനുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ അനുമതി തേടിയിരുന്നു. അതിലൊക്കെ വല്ലതും കാര്യമായി 'തടഞ്ഞാലല്ലേ' അനുമതി കിട്ടൂ. അഗ്‌നിശമനാ വാഹനം വാങ്ങിയതില്‍ നന്നായി 'തടഞ്ഞ'പ്പോള്‍ വണ്ടി നീങ്ങാത്ത അവസ്ഥയായി! വി എം സുധീരന്‍ സാര്‍ 'ഇപ്പം ശര്യാക്കിത്തരാം' എന്നുപറഞ്ഞ് അതില്‍ ഇടപെട്ടിട്ട് കൊല്ലം രണ്ടുമൂന്നായി. എന്തരായോ എന്തോ! ഈ ജേക്കബ്‌ തോമസ് സാറിനെ അവിടുന്ന് മാറ്റി വല്ല 'നമശിവായം' സാറിനെ അവിടെ കൊണ്ടിരുത്തിയാല്‍ എല്ലാ സുരക്ഷയും 'ഓകെ' ആവില്ലേ?

ഇതേ അസുഖം വയനാട്ടിലെ കളക്ടര്‍ കുമാരനും ഉണ്ടത്രേ. ബീഹാറിലെ ഏതോ പാവപ്പെട്ട കൂരയില്‍ ജനിച്ച് പ്ലസ് ടു നേരാംവണ്ണം പഠിക്കാന്‍ കായികളില്ലാത്തോണ്ട് വി എച്ച് എസ് ഇ വഴി ബംഗാളില് പോയി റെയില്‍വേയില്‍ ജോലി ചെയ്ത് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റീന്ന് ഡിസ്റ്റന്റായി ഡിഗ്രി എടുത്തതാണത്രേ ഈ ഇന്ദ്രന്‍. 'ഡീസന്റാ'യി ഡിഗ്രി എടുത്തവരെ അട്ടിമറിച്ച് നാല്പത്തി ഒന്നാമനായി ആശാന്‍ ഐ എ എസുകാരനായിക്കളഞ്ഞു! കുമാരന് ഇത് കേരളമാണെന്ന് നമ്മുടെ കെ എസ് യു പിള്ളേര് കരിഓയില് ഒഴിച്ച് മനസ്സിലാക്കിക്കൊടുത്തതാണ്. കെ എസ് യുക്കാര്‍ ഈ കേശവേന്ദ്ര കുമാറിനെപ്പോലെയല്ല. ഭാവിയിലെ മുട്ടന്‍ സാധനങ്ങളാ. നാളെ, നമ്മള്‍ ഇന്നു തിരിക്കുന്ന ഈ അധികാരയന്ത്രമില്ലേ, അതേ സാധനം തിരിക്കേണ്ടവന്‍മാരാ. അതുകൊണ്ടാണ് അവന്‍മാര്‍ക്കെതിരെയുള്ള കേസും പുക്കാറുമൊക്കെ വേണ്ടെന്നുവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയദ്ദേം തീരുമാനിച്ചത്. വി.എസ് അച്യുതാനന്ദനും മൂന്നുപൂച്ചകളും മൂന്നാറില്‍ ജെ സി ബിയും കൊണ്ടിറങ്ങിയേപ്പിന്നെ അവിടെ ചെമ്പുപട്ടയം ഭാവിയില്‍ പുക്കാറാവുമോ എന്ന് നമ്മുടെ ബില്‍ഡര്‍മാര്‍ക്ക് ഒരു ഉള്‍ഭയം. അങ്ങനെ, അവര് താമരശ്ശേരി ചുരം കേറി വയനാട്ടിലെത്തിയപ്പോള്‍ അതാ അവിടെ ചൂട്ടുംകൊളുത്തി കേശവേന്ദ്രപ്പട! ഏതിനും മുഖ്യമന്ത്രിയദ്ദേം മാത്രമല്ല മഞ്ഞളാംകുഴി അലിസ്സാറും ഒറ്റക്കെട്ടായി നമ്മോടൊപ്പം മാര്‍ച്ചു ചെയ്തപ്പോഴാ ആശ്വാസമായത്. വയനാട് മുഴുവന്‍ അമ്പതോ നൂറോ നിലകളില്‍ ഫ്‌ളാറ്റുകള്‍ നിരന്നുനില്‍ക്കുമ്പോഴുള്ള വികസനത്തിന്റെ ചന്തം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ എന്തു സുന്ദരം! എത്ര മോഹനം! അതിനിടയിലാണ്, പരിസ്ഥിതി മാങ്ങാത്തൊലി വര്‍ത്തമാനക്കാരോടൊപ്പം കളക്ടറും.... വികസന വിരുദ്ധനാവാമോ കളക്ടര്‍ക്ക്? വയനാട്ടിലെ വികസനക്കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ മലയാളികളുണ്ട്. എത്രയും പെട്ടെന്ന് ആ പഹയനെ ബീഹാറിലേക്ക് തട്ടാന്‍ പറ്റുമോ എന്നുനോക്കണം!
അല്ലേലും ഇപ്പോഴത്തെ കളക്ടര്‍ ചെറുപ്പക്കാര്‍ക്കൊക്കെ ഒരെല്ല് കൂടുതലാണ്. അതുകൊണ്ടാണ് വല്ല കണ്‍ഫേഡ് കൊട്ടിലമ്മമാരെയോ അങ്ങത്തമാരെയോ കളക്ടര്‍മാരായി കെട്ടിയെടുത്താല്‍ മതി എന്നു പറയുന്നത്. അതാവുമ്പോള്‍, ഡി സി സി പ്രസിഡന്റ് വിളിച്ചു എന്നറിഞ്ഞാല്‍ എഴുന്നേറ്റുനിന്ന് ഫോണെടുത്തശേഷം ഔദ്യോഗികകാറില്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി കാത്തുകിടക്കും. ഇതിപ്പോള്‍ നാട്ടുകാരുടെ പരാതി മുഴുവന്‍ കേട്ട് പരിഹരിക്കാനിരിക്കുകയാണ് കളക്ടര്‍. പിന്നെന്തിനാ എം പിയും എം എല്‍ എയും? ആഭ്യന്തരമന്ത്രിയുമായി ചേര്‍ന്നു പ്രൈവറ്റ് സെക്രട്ടറിയായിരുന്ന് ഭരിച്ചതിന്റെ അഹങ്കാരം മുഴുവന്‍ കോഴിക്കോട്ടുകാരോട് തീര്‍ക്കുകയാണ് ഈ പ്രശാന്തന്‍! ഇയാള്‍ മാവോയിസ്റ്റും ആകാന്‍ സാദ്ധ്യതയുണ്ട്. രൂപേഷ് ചിരിക്കുന്നതും പ്രശാന്ത് ചിരിക്കുന്നതും ഒരുപോലെയാണ്! മലയാളഭാഷക്ക് ഇയാള്‍ എതിരാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ പരിപാടിക്ക് 'ഓപ്പറേഷന്‍ സുലൈമാനി' എന്നു പേരിടുമോ? റംസാന്‍ നോമ്പുകാലത്ത് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ച ഈ കളക്ടര്‍ ഒരു സമുദായത്തെ മുഴുവന്‍ എതിരാക്കിയിരിക്കുകയാണ്. അതോണ്ട് ഈ പ്രശാന്തനെ തിരുവനന്തപുരത്തോ മറ്റെവിടെയെങ്കിലും ഐ ഗ്രൂപ്പിന് ഡി സി സി പ്രസിഡന്റ് സ്ഥാനമുള്ളിടത്തേക്കോ മാറ്റണം. ഇയാള്‍ ഐ ഗ്രൂപ്പിനുവേണ്ടി നമ്മുടെ രഹസ്യങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ ചോര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്!

പറഞ്ഞുവന്നത് ഋഷിരാജ് സിംഗ് സാറിന്റെ കാര്യമാണ്. പണ്ടേ, സര്‍വീസില്‍നിന്ന് പുറത്തു കളയേണ്ടതായിരുന്നു.വി എസ്സിന്റെ മൂന്നാറിലെ മൂന്നുപൂച്ചകളില്‍ ഒരാളായിരുന്നു എന്നതു മറക്കാം. അതിനുള്ള ശിക്ഷ സി പി എമ്മുകാരും ഘടകകക്ഷികളും തന്നെ കൊടുത്തല്ലോ. പാര്‍ട്ടി, കള്ളപ്പട്ടയമെന്ന അതിസാഹസിക പ്രവര്‍ത്തനത്തിലൂടെ കൈയേറിയ ഭൂമിയില്‍ പണിതുയര്‍ത്തിയ റിസോര്‍ട്ടുകളിലൂടെയാണ് മൂന്നാറില്‍ വിപ്‌ളവം വരുന്നതെന്നുപോലും അറിയാത്ത പാവം പൂച്ചകള്‍! അതിനുശേഷം മോട്ടോര്‍വാഹനവകുപ്പ് കമ്മിഷണറാക്കി. ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് ഹെല്‍മറ്റും കാര്‍ ഓടിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധിതമാക്കിയപ്പോള്‍തന്നെ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നു. തുടര്‍ന്ന്, പാവപ്പെട്ട സ്വകാര്യബസ്സുകളുടെയും ടിപ്പറുകളുടെയും മുതലാളിമാരെ പീഡിപ്പിക്കാന്‍ വേഗപ്പൂട്ട് നിര്‍ബന്ധിതമാക്കി! തിരക്കേറിയ റോഡില്‍ നൂറോ നൂറ്റിനാല്പതോ കിലോമീറ്റര്‍ വേഗതയില്‍ പോയില്ലെങ്കില്‍ ഭരണത്തിന് വേഗതയില്ലെന്ന് ജനം കരുതില്ലേ? അപ്പോഴേക്കും മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് എടുത്ത് വൈദ്യുതിബോര്‍ഡിലെ വിജിലന്‍സ് ആപ്പീസറാക്കി. അവിടെ പുല്ലും വയ്‌ക്കോലും തിന്നു കഴിഞ്ഞുകൂടുമെന്നല്ലേ കരുതിയത്. മുന്‍മന്ത്രി ടി എച്ച് മുസ്തഫയെത്തന്നെ പിടിച്ചു. പിന്നെ പറപറാ നമ്മുടെ നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമങ്ങള്‍... കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ബോര്‍ഡിന് 100 കോടി രൂപയാണ് സ്വരൂപിച്ചുകൊടുത്തത്. സ്വൈര്യമായി കറന്റുമോഷണം പോലും സാധ്യമാകാത്തിടത്ത് എങ്ങനെ വ്യവസായം വരും? അതിനിടയിലാണറിയുന്നത്, നമുക്ക് വേണ്ടപ്പെട്ട ഒരു വന്‍ വ്യാപാരശൃംഖലയെ കറന്റ് മോഷണത്തിന് സിംഗ് പിടികൂടാന്‍ പോവുന്നുവെന്ന്. പിന്നെ, വച്ചേക്കാന്‍ പറ്റുമോ? എടുത്തൊരു തട്ട്. ബറ്റാലിയനില്‍. അവിടെ പുറത്തിറങ്ങേണ്ട കാര്യമില്ല. ഇനി മര്യാദക്ക് അടങ്ങിയൊതുങ്ങിക്കഴിയുമായിരിക്കും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories