അഴിമുഖം പ്രതിനിധി
ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടത്തിയ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് സ്കൈഷെഫിന്റെ പ്രമുഖനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ സ്ഥാനത്തേയ്ക്ക് ആരേയും നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മുത്തൂറ്റ് സ്കൈ ഷെഫ് വൈദ്യുതി മോഷ്ടിക്കുന്നത് സിംഗ് കണ്ടെത്തിയത്. വൈദ്യുതി ബോര്‍ഡിന്റെ തിരുവനന്തപുരം ശ്രീവരാഹം സെക്ഷനു പരിധിയിലാണ് സ്കൈഷെഫ് വരുന്നത്. ഭൂഗര്‍ഭ കേബിള്‍ വഴിയാണ് കമ്പനി വൈദ്യുത മോഷണം നടത്തിയത്.
ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ മുത്തൂറ്റ് വൈദ്യുതി മോഷണം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിംഗ് നടത്തി വരുമ്പോഴാണ് അദ്ദേഹത്തിന് സ്ഥാന ചലനം ഉണ്ടായത്. ആംഡ് ഫോഴ്സസ് ബറ്റാലിയന് എഡിജിപി സ്ഥാനത്തേക്കാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചത്. സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ രംഗം, മാധ്യമം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ വന്മുതല് മുടക്കുള്ള മുത്തൂറ്റിന് കെഎസ്ഇബിയിലേയും ഭരണപക്ഷത്തേയും പ്രമുഖരുമായുള്ള ബന്ധമാണ് സിംഗിന്റെ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി നിരക്ക് കൂട്ടി സാധാരണക്കാരെ പിഴിയുമ്പോഴാണ് വ്യവസായികളും രാഷ്ട്രീയക്കാര്‍ അടക്കമുള്ള വമ്പന്മാര് വൈദ്യുതി മോഷണം നടത്തുന്നതും പണം അടയ്ക്കാത്തതും.
3000 കോടി രൂപയാണ് കെഎസ്ഇബിയ്ക്ക് കുടിശിക പിരിഞ്ഞു കിട്ടാനുള്ളത്. ഒരു എസിയെങ്കിലും വീട്ടില്‍ വയ്ക്കാന്‍ കഴിവുള്ള ധനികരായവര്‍ ആണ് വൈദ്യുതി മോഷണം നടത്തുന്നത് എന്നും പാവങ്ങള്‍ വൈദ്യുതി മോഷ്ടിക്കാറില്ലെന്നും സിംഗ് അടുത്തിടെ പറഞ്ഞിരുന്നു. സിനിമാ നടന് കലാഭവന്‍ മണി, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി എച്ച് മുസ്തഫ തുടങ്ങിയവരുടെ വൈദ്യുത മോഷണം സിംഗ് പിടികൂടിയിരുന്നു. സിംഗിന് സ്ഥാന ചലനം ഉണ്ടായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണം ശക്തമായിട്ടുണ്ട്. വര്‍ഷം തോറും കോടികളുടെ പരസ്യം മുത്തൂറ്റില്‍ നിന്ന് ലഭിക്കുന്നതിനാല്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഋഷിരാജ് സിംഗിന്റെ സ്ഥാനചലന വാര്‍ത്തയില്‍ മുത്തൂറ്റിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.
ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോള്‍

Next Story