TopTop
Begin typing your search above and press return to search.

റോബര്‍ട്ടോ സാവിയാനോ എന്ന അന്വേഷണ പത്രപ്രവര്‍ത്തകന്റെ ഒളിവുജീവിതം

റോബര്‍ട്ടോ സാവിയാനോ എന്ന അന്വേഷണ പത്രപ്രവര്‍ത്തകന്റെ ഒളിവുജീവിതം

എഴുത്തോ കഴുത്തോ ഏറെ പ്രധാനം എന്ന ചോദ്യം സ്വയം ഉന്നയിച്ചുകൊണ്ട് എഴുത്തു മാത്രം എന്ന് ഉത്തരം പറഞ്ഞ ഒരു എഴുത്തുകാരന്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. നാല്‍പ്പതുവര്‍ഷം മുമ്പ് എം.ഗോവിന്ദന്‍ രാജ്യത്തെ അടിയന്തരാവസ്ഥയെ നേരിട്ടത് അങ്ങനെയായിരുന്നു. നിര്‍ഭയനായി പത്രപ്രവര്‍ത്തനം നടത്തിയ രാമകൃഷ്ണപിള്ളയെ സ്വദേശത്തുനിന്ന് പഴയ നാടുവാഴി നാടുകടത്തി. സ്വതന്ത്രചിന്തയുടെയും എഴുത്തിന്റെയും മഹിമ ഉയര്‍ത്തിപ്പിടിച്ച ചേകന്നൂര്‍ മൗലവിയെ ജനാധിപത്യ കേരളം ഈ ലോകത്തുനിന്നും നിഷ്പ്രയാസം ഒഴിവാക്കി. ഒരു പുസ്തകമെഴുതിയതിന് ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിനടുത്തുള്ള ഒരു പത്രപ്രവര്‍ത്തകന്‍ പത്തുവര്‍ഷമായി പ്രാദേശിക 'മാഫിയ' സംഘത്തെ ഭയന്ന് സ്വന്തം ജീവനും കൈയില്‍ വച്ച് അലയുന്നു. അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്റെ അവകാശം ലോകമെങ്ങും വലിയൊരു കടങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണോ? റോബര്‍ട്ടോ സാവിയാനോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതം തന്റെ അക്ഷരങ്ങളുടെ വിശുദ്ധിക്കു വേണ്ടിയുള്ള ധീരനൂതനമായ പോരാട്ടമാണ്.

ലണ്ടന്‍ നഗരപ്രാന്തത്തിലുള്ള ന്യൂബെറി പട്ടണത്തില്‍ വച്ചാണ് റോബര്‍ട്ടോ സാവിയാനോയുടെ സാഹസികമായ ജീവിതത്തെക്കുറിച്ച് ഒരു ഞെട്ടലോടെ ഞാന്‍ വായിച്ചറിഞ്ഞത്. നോവലിസ്റ്റ് ഡെബാറോ മൊഗ്ഗാക്ക് ഒരു സംഭാഷണവേളയില്‍ ഇങ്ങനെ പറഞ്ഞു: ''ജീവിതത്തിലെ എല്ലാ വ്യക്തിസ്വാതന്ത്ര്യവും സത്യത്തിന്റെ നിലനില്‍പ്പിനായി ഉപേക്ഷിക്കേണ്ടിവന്ന റോബര്‍ട്ടോ സാവിയാനോ എന്ന പത്രപ്രവര്‍ത്തകനാണ് സാഹിത്യത്തിനു വെളിയില്‍ ലോകത്ത് ഇന്ന് ഞാന്‍ കാണുന്ന ഏറ്റവും വലിയ ഹീറോ.'' ഒരു ഇംഗ്ലീഷ് എഴുത്തുകാരിയെ ആരാധികയാക്കി മാറ്റിയ ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനെ കുറിച്ച് ഇവിടെ നിന്ന് അറിയാന്‍ വളരെ എളുപ്പമായിരുന്നു. ഗാര്‍ഡിയന്‍, ടൈം എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ സാവിയാനോയുടെ ലേഖനങ്ങള്‍ പതിവായി വരുന്നുണ്ട്. 'ഗെമോറ', 'സീറോ സീറോ സീറോ' എന്നീ പുസ്തകങ്ങള്‍ വില്‍പ്പനയില്‍ ഇംഗ്ലീഷ് അടക്കം യൂറോപ്പിലെ എല്ലാ ഭാഷകളിലും ഇപ്പോള്‍ മുന്നിലാണ്. യാഥാര്‍ത്ഥ്യം കെട്ടുകഥകളെക്കാള്‍ വിചിത്രവും ഭയാനകവുമാണെന്ന വസ്തുത സാവിയാനോ ഈ കൃതികളിലൂടെ ലോകത്തോട് പറയുന്നു. 37-ാം വയസ്സില്‍ എല്ലാവരെക്കാളും മുമ്പേ പറക്കാന്‍ റോബര്‍ട്ടോ സാവിയാനോ എന്ന മാധ്യമപ്രവര്‍ത്തകന് എങ്ങനെ കഴിഞ്ഞു? നോബല്‍ സമ്മാന ജേതാക്കളായ ആറ് പ്രമുഖ ബുദ്ധിജീവികള്‍ ഈ പത്രപ്രവര്‍ത്തകന്റെ രചനാ സ്വാതന്ത്ര്യത്തിനുവേണ്ടി പൊതുപ്രസ്ഥാവനയുമായി രംഗത്തുവരാന്‍ ഇടയായ അസാധാരണ സാഹചര്യമെന്ത്? ഉമ്പര്‍ട്ടോ ഇക്കോ മുതല്‍ സല്‍മാന്‍ റുഷ്ദി വരെയുള്ള എഴുത്തുകാര്‍ റോബര്‍ട്ടോ സാവിയാനോയുടെ ധീരസാഹസികതയ്ക്ക് പ്രശംസയും പിന്തുണയും അര്‍പ്പിക്കുന്നു. പതിനാല് വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി 'ഒളിവില്‍' കഴിയുന്ന ഈ മനുഷ്യന്‍ എന്താണ് ചെയ്യുന്നത്?

നേപ്പിള്‍സ് നഗരത്തിനു വെളിയില്‍ കാസല്‍ ഡി പ്രിന്‍സിപ്പെ എന്നൊരു ചെറുപട്ടണമുണ്ട്. അവിടെ അഗ്രോ അവെര്‍സാനോ പ്രദേശം പുറമെ ശാന്തവും മനോഹരവുമാണ്. ബാല്യം മുതല്‍ റോബര്‍ട്ടോ സാവിയാനോ കണ്ടുവളര്‍ന്ന നാട്. ഹോളിവുഡ് സിനിമാതാരങ്ങളുടെ ഭവനങ്ങളെ വെല്ലുന്ന രമ്യഹര്‍മ്മങ്ങള്‍ അടുത്തകാലത്ത് അഗ്രോ അവര്‍സാനോയില്‍ ഉയര്‍ന്നുവന്നു. ഗ്രാമങ്ങളിലെ ചതുപ്പുനിലങ്ങളെല്ലാം യൂറോപ്പിന്റെ പലഭാഗങ്ങളില്‍ നിന്ന് എത്തിച്ച വിഷമാലിന്യങ്ങള്‍ കൊണ്ട് നികത്തി വലിയ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. നാട്ടിലെ കൗമാരപ്രായക്കാരും യുവാക്കളും കൂട്ടത്തോടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ആവേശത്താല്‍ പഠനം നിര്‍ത്തി പലപല പണികളില്‍ ഏര്‍പ്പെട്ടു. ചില സംഘടനകളും സ്ഥാപനങ്ങളും അവരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്കിടയില്‍ നിന്ന് ചെറുചട്ടമ്പികളും തന്റേടികളും തല ഉയര്‍ത്തി. ചാവേറുകളുടെ വീര്യത്തോടെ തീവ്രമായി സംസാരിക്കുന്നവര്‍. എന്തിനും സന്നദ്ധരായവര്‍. മാതാപിതാക്കളെപ്പോലും പണംവാരിയെറിഞ്ഞു ഭയപ്പെടുത്തിയ മക്കള്‍.റോബര്‍ട്ടോ സാവിയാനോ തന്റെ നാട്ടില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ജീവിതമാറ്റങ്ങളെ സശ്രദ്ധം നിരീക്ഷിച്ചു. സിനിമയെയും കച്ചവടത്തെയും രാഷ്ട്രീയത്തെയും ഭരണകൂടത്തെയും സ്വാധീനിക്കുന്ന ഒരു വിധ്വംസക ശക്തി ജീവിതത്തിന്റെ സകലമേഖലകളിലും വളര്‍ന്നുവരുന്നത് സാവിയാനോ കണ്ടു. 'കരോറ' എന്ന പേരില്‍ നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു മഫിയ സംഘത്തിലെ രണ്ടു മൂന്നു തലവന്‍മാരുടെ മത്സരപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ജീവിതവ്യതിയാനങ്ങളുടെ അടിസ്ഥാനകാരണമെന്ന് മനസ്സിലാക്കുന്നു. ശാന്തമായ ഗ്രാമജീവിതം സംഘര്‍ഷഭരിതമായി, പൊതുനിരത്തുകള്‍ പുതുവാഹനങ്ങള്‍ കൊണ്ട് ശ്വാസംമുട്ടി. പ്രഭാതങ്ങള്‍ പതിവായി മനുഷ്യച്ചോരകണ്ടു ഭയന്നു. അധികാരകോയ്മകള്‍ക്കായി മാഫിയ സംഘങ്ങള്‍ പതിവായി ഏറ്റുമുട്ടുന്നത് നിയമപാലകര്‍ അവഗണിക്കുന്നു. പത്രപ്രവര്‍ത്തകനായ റോബര്‍ട്ടോ സാവിയാനോ തന്റെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ മാറ്റങ്ങളുടെ ഉള്ളുകളികളെക്കുറിച്ച് റിപ്പോര്‍ട്ടുകളും ഫീച്ചറുകളും ലേഖനങ്ങളും എഴുതി. വരുമോരോ ലേഖനം, വന്നപോലെ പോകും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ നാട്ടിലെ കോടതി സാവിയാനോ എഴുതിയ മാഫിയ വിരുദ്ധ കുറിപ്പുകള്‍ ശ്രദ്ധിച്ചു. പലതും നിയമജ്ഞര്‍ ഹര്‍ജികളാക്കി. തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ സാവിയാനോയോട് കോടതി ആവശ്യപ്പെട്ടു. അങ്ങനെ നേപ്പിള്‍സിലെ ഭരണകൂടം സാവകാശം കണ്ണുതുറന്നു തുടങ്ങി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും എന്ന നിലയില്‍ അദ്ദേഹത്തിന് ചെറിയ സംതൃപ്തി തോന്നി. പ്രയത്‌നങ്ങള്‍ പാഴായില്ലല്ലോ.

അഞ്ചുകൊല്ലത്തെ കഠിനാധ്വാനത്തിലൂടെ സാഹസികമായി ശേഖരിച്ച തെളിവുകളും വിവരങ്ങളും പലപ്പോഴായി എഴുതിയ വിവിധ റിപ്പോര്‍ട്ടുകളിലും ലേഖനങ്ങളിലും ചിതറിക്കിടന്നു. അവയെല്ലാം സ്വരൂപിച്ച് ഏറ്റവും പുതിയ സംഭവവിശേഷങ്ങളും ചേര്‍ത്ത് തന്റെ നാടിന്റെ അന്തരംഗങ്ങളില്‍ നടക്കുന്ന കഥകള്‍ കൂടുതല്‍ തീവ്രമായി പുറംലോകത്തെ അറിയിക്കണമെന്ന് റോബര്‍ട്ടോ സാവിയാനോ തീരുമാനിച്ചു. കാമോറ എന്ന മഫിയ സംഘത്തെ സൂചിപ്പിക്കുന്ന തരത്തില്‍ 2006 മാര്‍ച്ചില്‍ 'ഗൊമോറ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 'നേപ്പിള്‍സിലെ സംഘടിത കുറ്റവാളികളുടെ രാഷ്ട്രാന്തര സാമ്രാജ്യത്തിലേക്ക് ഒരു ഏകാന്തയാത്ര' എന്നാണ് പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗൊമോറ എന്ന തലക്കെട്ടിനെ വിശദീകരിച്ചിട്ടുള്ളത്. ലത്തീന്‍ഭാഷയില്‍ ഇറങ്ങിയ ആദ്യപതിപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടരദശലക്ഷം പ്രതി വിറ്റുപോയി. ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ് അടക്കം വിവിധ ഭാഷകളില്‍ 52 രാജ്യങ്ങളില്‍ ഗൊമോറ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനകം ഒരുകോടിയോളം പ്രതികള്‍ വിവിധ രാജ്യങ്ങളിലായി പ്രചരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഗ്രന്ഥകാരന്‍ നേരിട്ട ജീവിതവിഷമങ്ങളും ദുരിതങ്ങളും പുസ്തകത്തില്‍ വിവരിക്കുന്ന കഥകളേക്കാള്‍ ഭയാനകമാണെന്നു പറയണം.

പത്രവാര്‍ത്തകളും ലേഖനങ്ങളും സാധാരണ ജനങ്ങളില്‍ വലിയ സ്വാധീനമൊന്നും ഉണ്ടാക്കില്ലെന്ന സങ്കല്‍പ്പത്തില്‍ റോബര്‍ട്ടോ സാവിയാനോയെ ആദ്യമൊക്കെ മഫിയ സംഘം അവഗണിച്ചു. കോടതി നിയമപരമായി ഇടപെടാന്‍ തുടങ്ങിയപ്പോഴും ഈ ശക്തികളില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഇടവകയിലെ പുരോഹിതന്‍ കാമോറ ഭീകരരുടെ ഇടപെടലുകളെ പരസ്യമായി വിമര്‍ശിക്കുകയും സാവിയാനോയുടെ ലേഖനങ്ങള്‍ വായിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകിയില്ല, ദേവാലയ പരിസരത്ത് ഒരു പ്രഭാതത്തില്‍ പാവപ്പെട്ട ആ പുരോഹിതന്റെ മൃതദേഹം ചോരയില്‍ കുളിച്ചുകിടന്നു. കാമോറ മാഫിയയെക്കുറിച്ചുള്ള സത്യങ്ങള്‍ പുസ്തകമാക്കി പുറംലോകത്തെ അറിയിക്കണമെന്ന് സാവിയാനോ ഉറപ്പിച്ചത് പുരോഹിതന്റെ ദാരുണമായ കൊലപാതകത്തോടെയാണ്. ഭരണകൂടവും മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് വിവരിക്കുന്ന ലേഖനത്തില്‍ പുരോഹിതന്റെ കൊലപാതകത്തെ സൂചിപ്പിച്ച ശേഷം താന്‍ ആജീവനാന്തം ദൈവത്തെ നിഷേധിക്കുന്ന യുക്തിചിന്തകനായിരിക്കുമെന്നും സാവിയാനോ പ്രഖ്യാപിച്ചു. ധനകാര്യമൂലധനം നിയന്ത്രിക്കുന്ന വലിയൊരു സാമ്പത്തിക ശക്തിയാണ് എല്ലാ മാഫിയ ഗ്രൂപ്പുകള്‍ക്കും പിന്നിലെന്ന് മനസ്സിലാക്കിയ സാവിയാനോ 'ഗൊമാറോ' എന്ന കൃതിയില്‍ ഇങ്ങനെ എഴുതി: ''കൊലപാതകം അവര്‍ക്ക് അത്യാവശ്യമാണ്. ബാങ്ക് നിക്ഷേപം പോലെയാണ് മനുഷ്യഹത്യയെ കാണുന്നത്. ഒരു സൗഹൃദം ഇല്ലാതാക്കുന്നതിലും എളുപ്പം ഒരാളെ ഇല്ലാതാക്കലാണെന്ന് മാഫിയ ഗ്രൂപ്പുകള്‍ കരുതുന്നു. എന്നാല്‍ സഹനത്തിന്റെ സുവിശേഷം പറയേണ്ട പുരോഹിതന്റെ നാവില്‍ തങ്ങള്‍ ഒരു വിഷയമാകുന്നത് അവര്‍ ഭയപ്പെട്ടു.'' വിവിധ ഭാഷകളില്‍ പുസ്തകത്തിന്റെ പ്രചാരം കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ തന്റെ അമ്മ മാത്രമായി നാട്ടിന്‍പുറത്തു താമസിക്കുന്ന വീട്ടിലെ എഴുത്തുപെട്ടിയില്‍ നിന്ന് ഒരു ദിവസം റോബര്‍ട്ടോ സാവിയാനോ ഒരു കത്തു കണ്ടെടുത്തു. കാമോറ മാഫിയ തലവന്റേതായിരുന്നു കുറിപ്പ്. ''എഴുത്ത് അവസാനിക്കാന്‍ നേരമായി, സൂക്ഷിക്കുക.'' എന്ന സന്ദേശത്തിനൊപ്പം ഒരു ചിത്രവും ഉണ്ടായിരുന്നു. തലയ്ക്ക് നേരെ ചൂണ്ടിയ ഒരു തോക്ക്. പുസ്തകത്തിന്റെ പ്രസാധകനെ കണ്ടുമടങ്ങിവരും വഴി രാത്രി ട്രെയിനില്‍ തന്റെ ഇരിപ്പിടത്തിന് പിന്നില്‍ വന്നൊരാള്‍ നിലയുറപ്പിച്ചതും തലതാഴ്ത്തി പതുക്കെ ചെവിയില്‍ ''ജീവനില്‍ കൊതിയുണ്ടെങ്കില്‍ നിറുത്തെടാ പട്ടീ നിന്റെ എഴുത്ത്.'' എന്ന് മന്ത്രിച്ച ശേഷം സ്ഥലംവിട്ടതും യുവാവായ സാവിയാനോയെ ഉലച്ചില്ല.

ശക്തനായ സാമൂഹിക ശത്രു ഇളകിത്തുടങ്ങി. ഇനി എന്തും സംഭവിക്കാം. മാഫിയാ സംഘങ്ങള്‍ നിയന്ത്രിക്കുന്നതും നേരിട്ടു നടത്തുന്നതുമാണ് നാട്ടിലെ പല പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമെന്ന് സാവിയാനോ മനസ്സിലാക്കി. ധനകാര്യ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ഫാക്ടറികളും ഷോപ്പിംഗ് മാളുകളും അവര്‍ നടത്തുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായ സഹായങ്ങള്‍ ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും നടത്തുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്വനിലപാടുകള്‍ നോക്കാതെ രഹസ്യമായി ഒത്താശകള്‍ ചെയ്യുന്നതിന് സദാസന്നദ്ധം. പാര്‍ട്ടികളുടെ സ്വാധീനമനുസരിച്ച് സഹായവും ആള്‍ സഹകരണവും നല്‍കും. നാട്ടിലെ രണ്ട് പ്രമുഖരായ മന്ത്രിമാര്‍ക്ക് കാമോറ മാഫിയ ഗ്രൂപ്പുമായി നേരിട്ട് ഇടപാടുകളുണ്ടെന്നു വരെ തെളിവുകള്‍ സഹിതം സാവിയാനോ വെളിപ്പെടുത്തി. ഫാക്ടറി തൊഴിലാളികളെന്ന നിലയില്‍ പകല്‍ ജനങ്ങള്‍ കാണുന്ന യുവാക്കള്‍ മിക്കവരും എന്തെങ്കിലും മാഫിയ സംഘത്തിലെ മുഖംമൂടിയണിഞ്ഞ പ്രവര്‍ത്തകരാണ് രാത്രിയില്‍. പല മാര്‍ഗ്ഗങ്ങളിലൂടെ സമൂഹത്തില്‍ നിറഞ്ഞു പടരുന്ന ഒരു സംഹാരശക്തിയാണ് മാഫിയ. ദക്ഷിണ ഇറ്റലിയിലെ ഈ കറുത്ത ശക്തിക്ക് പകല്‍മാന്യതയുടെ മുഖമാണെന്നും സാവിയാനോ എഴുതി.

ചെറുപ്പത്തില്‍ പഠിച്ച നാട്ടിന്‍പുറത്തെ വിദ്യാലയത്തിലെ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കാന്‍ റോബര്‍ട്ടോ സാവിയാനോയെ അധികൃതര്‍ ക്ഷണിച്ചു. രണ്ടു മന്ത്രിമാരും നിയമസഭാ സ്പീക്കറും ആ വേദിയില്‍ ഉണ്ടായിരുന്നു. കൂടാതെ മറ്റു ചില പ്രമുഖരും. കാമോറ മാഫിയ ഗ്രൂപ്പുമായി ഉറ്റസൗഹൃദമുള്ളവരായിരുന്നു സ്പീക്കര്‍ ഒഴികെയുള്ളുവര്‍. അവരോടൊപ്പം വേദി പങ്കിടാന്‍ ലജ്ജയുണ്ടെന്നും ഈ രാജ്യത്തിന്റെ ശത്രുക്കളായ അവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും സാവിയാനോ പ്രസംഗിച്ചു. സദസ് ഇളകി മറിഞ്ഞു. മന്ത്രിമാരെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. അലങ്കോലപ്പെട്ട ചടങ്ങിനു ശേഷം ഒറ്റയ്ക്ക് മടങ്ങാന്‍ സ്പീക്കര്‍ സാവിയാനോ അനുവദിച്ചില്ല. സ്പീക്കറുടെ കാറില്‍ അന്ന് വീട്ടിലെത്തിയ സാവിയാനോയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ മൂന്ന് അംഗരക്ഷകരെ നിയോഗിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെയ്ക്ക് അംഗരക്ഷകര്‍ എത്തി. അവരുടെ അനുവാദത്തോടെ മാത്രമേ പിന്നീട് ചലിക്കാനാവൂ എന്ന അവസ്ഥയായി.


ഗൊമോറ എന്ന സിനിമയില്‍ നിന്ന്

നാല് ഇറ്റാലിയന്‍ പത്രങ്ങള്‍ക്കുള്ള പതിവ് ലേഖനങ്ങള്‍ മുടങ്ങിയില്ല. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ അമേരിക്കന്‍ പത്രങ്ങളിലും ടൈം, ഗാര്‍ഡിയന്‍ എന്നീ ബ്രിട്ടീഷ് പത്രങ്ങള്‍ക്കും ആവശ്യപ്രകാരം എഴുതുന്നു. കൂടാതെ ജര്‍മ്മന്‍, സ്വീഡന്‍, സ്പാനിഷ് പത്രങ്ങളുമായും സഹകരിക്കുന്നുണ്ട്. രണ്ട് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുമായും നിത്യബന്ധമുള്ള സാവിയാനോ യൂറോപ്പിലെങ്ങും സ്വീകാര്യനായ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമാണ്. ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്ന് 'റോബര്‍ട്ടോ സാവിയാനോ' എന്ന പേരില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ഗൊമോറ എന്ന കൃതി നോവല്‍ രൂപത്തിലെഴുതിയ വാസ്തവ കഥയാണ്. വസ്തുതാപരമായ അന്വേഷണവിവരങ്ങള്‍ സാഹിത്യഭാഷയില്‍ ഫിക്ഷന്‍ പോലെ എഴുതിയിരിക്കുന്നു. അതില്‍ പറഞ്ഞിട്ടുള്ള ഒരു വരിപോലും ഭാവനയല്ലെന്ന് എഴുത്തുകാരന്‍ തെളിവുസഹിതം സാക്ഷ്യപ്പെടുത്തുന്നു.

ഗൊമോറ എന്ന കൃതിയെ അടിസ്ഥാനമാക്കി സ്‌കൈ ടെലിവിഷനു വേണ്ടി പന്ത്രണ്ട് എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട്. ബി.ബി.സി. അടക്കമുള്ള റേഡിയോകള്‍ പുസ്തകം പാരായണം ചെയ്തു. മാറ്റിയോഗരോണെ സംവിധാനം ചെയ്ത 'ഗൊമോറ' എന്ന സിനിമയ്ക്ക് കാന്‍ഫെസ്റ്റിവലില്‍ ഗ്രാന്‍ഫ് പ്രിക്‌സ് സമ്മാനം ലഭിച്ചു. സാവിയാനോ മികച്ച തിരക്കഥാകൃത്തിനുള്ള സമ്മാനവും നേടി. അതിനിടെ നേപ്പിള്‍സിലെ ജയിലില്‍ നിന്ന് തടവുപുള്ളികള്‍ വഴി ഇറ്റാലിയന്‍ പൊലീസിന് ലഭിച്ച രഹസ്യസന്ദേശ പ്രകാരം സാവിയാനോയുടെ രക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. 2009-ലെ ക്രിസ്മസ് രാത്രിയില്‍ റോം - നേപ്പിള്‍സ് മോട്ടോര്‍വേയില്‍ വച്ച് ബോംബ് സ്‌ഫോടനത്തില്‍ സാവിയാനോയെയും അംഗരക്ഷകരെയും വകവരുത്തുമെന്നായിരുന്നു വിവരം. പൊലീസ് ജാഗ്രത കൊണ്ടാകും അത് സംഭവിച്ചില്ല. അതിനുശേഷം അംഗരക്ഷകരുടെ എണ്ണം കൂടി. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറും ഏഴ് അംഗരക്ഷകരും ചേര്‍ന്നാണ് റോബര്‍ട്ടോ സാവിയാനോ ഇപ്പോള്‍ സഞ്ചരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് എങ്കിലും ആസൂത്രണം ചെയ്ത പരിപാടികള്‍ക്ക് മാത്രമേ പോകാനാവുകയുള്ളൂ. അഞ്ച് രാത്രിയില്‍ കൂടുതല്‍ ഒരിടത്തും തുടര്‍ച്ചയായി ഉറങ്ങാനാവില്ല. ഇറ്റലിയില്‍ നിന്നും 2008-ല്‍ നാടുവിട്ടശേഷം ശുദ്ധവായുവും സൂര്യപ്രകാശവും തനിക്ക് അന്യമാണെന്ന് സാവിയാനോ രേഖപ്പെടുത്തുന്നു. പൊലീസ് സംരക്ഷണയിലെ നാണംകെട്ട ഈ ജീവിതത്തെ എന്തു വിളിക്കണമെന്ന് അറിയില്ല. വിരസത മാറ്റാന്‍ കൈവശമുള്ള വിവരങ്ങള്‍ എഴുതിക്കൊണ്ടേ ഇരിക്കുന്നു. അങ്ങനെ 2013-ല്‍ രണ്ടാമത്തെ നോണ്‍ ഫിക്ഷന്‍ നോവല്‍ 'സീറോ സീറോ സീറോ' പുറത്തുവന്നു. അതും ഇതിനകം ആറ് യൂറോപ്യന്‍ ഭാഷകളില്‍ ബെസ്റ്റ് സെല്ലര്‍ ആണ്. കൊക്കയിന്‍ കച്ചവടം ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കാണ് ഈ കൃതിയിലെ ഊന്നല്‍. ക്രൈം സിന്‍ഡിക്കേറ്റിന്റെ ഭാഗമാണിതും. വന്‍കിട ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന 'ക്രിമിനല്‍ ക്യാപിറ്റലിസം' രാഷ്ട്രീയ വ്യവസ്ഥകളെ മാറ്റിനിര്‍ത്തി ലോകം കീഴടക്കുകയാണ്. ''ഭൂമിയിലെ ഏറ്റവും അഴിമതിഭരിതമായ സ്ഥലം പലരും കരുതുന്നതുപോലെ മയക്കുമരുന്നു വ്യാപരിക്കുന്ന അഫ്ഗാനിസ്ഥാനോ നൈജിരിയയോ ഗ്രീസോ അല്ലോ. മാഫിയകള്‍ വിളയാടുന്ന ദക്ഷിണ ഇറ്റലിയും അല്ല. എല്ലാ രാജ്യങ്ങളിലെയും ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരമാണ് അഴിമതിയുടെ ലോക തലസ്ഥാനം. ജനാധിപത്യ ഭരണകൂടങ്ങളെ കൊള്ളയടിച്ചും വ്യവസായ സാമ്രാജ്യങ്ങളില്‍ നിന്ന് അപഹരിച്ചും ആയുധം വിറ്റും മയക്കുമരുന്നു വിറ്റും നേടുന്ന കള്ളപ്പണം മുഴുവന്‍ ലണ്ടന്‍ വഴി എത്തിച്ച് വെളുപ്പിക്കുന്നു.'' എന്ന് എഴുതിയ സാവിയാനോ എച്ച്.എസ്.ബി.സിയുടെ പേരെടുത്ത് കുറ്റപ്പെടുത്താനും മടിക്കുന്നില്ല. ക്രമംവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ മാത്രം എച്ച്.എസ്.ബി.സി. ഇരുന്നൂറ് കോടി ഡോളര്‍ പിഴയടച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സാവിയാനോ രേഖപ്പെടുത്തുന്നു. നികുതി വെട്ടിപ്പുകാരുടെയും മാഫിയ സംഘങ്ങളുടെയും ഇറാനിലെ കമ്പനികളുടെയും കണക്കില്‍പെടാത്ത സമ്പാദ്യങ്ങള്‍ ഈ ബാങ്ക് വഴിയാണത്രെ ഒഴുകുന്നത്.

1979 സെപ്തംബര്‍ 22 ന് ഡോക്ടര്‍ ലൂയിജി സാവിയാനോയുടെയും യഹൂദവംശജയായ മിറിയം ഹഫ്തറുടെയും മകനായി നേപ്പിള്‍സില്‍ ജനിച്ച റോബര്‍ട്ടോവിന് തത്വചിന്തയിലും കവിതയിലുമായിരുന്നു താല്‍പ്പര്യം. മാതാപിതാക്കളുടെ പ്രേരണയാല്‍ സയന്‍സ് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും കോളേജില്‍ എത്തിയപ്പോള്‍ റോബര്‍ട്ടോ തന്റെ ഇഷ്ടവഴിക്കു പോയി. ഫെഡറിക്കോ സര്‍വ്വകലാശാലയില്‍ തത്വചിന്ത പഠിച്ചു. 2002-ല്‍ പത്രപ്രവര്‍ത്തനം തൊഴിലാക്കിയത് സാഹിത്യത്തോടുള്ള ആഭിമുഖ്യം മൂലമായിരുന്നു. ജന്മനാട്ടിലെ സ്ഥിതിഗതികള്‍ തന്റെ സമനില തെറ്റിച്ചുകളഞ്ഞെന്ന് സാവിയാനോ കുറിക്കുന്നു. ''കൊള്ളക്കാര്‍ വാഴുന്ന നാട്ടില്‍ മുട്ടുകാലില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം നിവര്‍ന്നു രണ്ടുകാലില്‍ നിന്ന് മരിക്കുന്നതാണെന്ന് തോന്നി. അതിന് ഇത്രത്തോളംവില നല്‍കേണ്ടി വരുമെന്ന് കരുതിയില്ല. ഗൊമോറ എഴുതിയതില്‍ മനുഷ്യനെന്ന നിലയില്‍ ഖേദിക്കുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എന്ന നിലയില്‍ അഭിമാനിക്കുകയും അളവറ്റ് ആനന്ദിക്കുകയും ചെയ്യുന്നു.''

മാഫിയ സംഘത്തെ ഭയന്ന് നാടുവിട്ട് അസ്ഥിരമായി അലയുന്ന റോബര്‍ട്ടോ സാവിയാനോയുടെ ദയനീയാവസ്ഥ നോബല്‍ സമ്മാന ജേതാക്കളായ ദരിയോ ഫോ, മിഖായേല്‍ ഗോര്‍ബച്ചേവ്, ഗുന്തര്‍ ഗ്രാസ്, ഓര്‍ഹന്‍ പമുക്, ഗെഡ്മണ്‍ ടിറ്റോ, റീതാ ലെവി എന്നിവരുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തി. 2008 ഒക്ടോബര്‍ 20ന് അവര്‍ സാവിയോനയുടെ അവസ്ഥയോട് സഹതപിച്ച് എഴുത്തിനെ പിന്തുണച്ചും ഒരു സംയുക്തപ്രസ്താവന ഇറക്കി: ''ജനാധിപത്യ വ്യവസ്ഥയേയും പൗരാവകാശത്തേയും തകര്‍ക്കുന്ന ഒരു ശക്തിയും സമൂഹത്തില്‍ നിലനില്‍ക്കാന്‍ അനുവദിക്കരുത്.'' എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറ്റലിയിലെ 'ലാ റിപ്പബ്ലിക്ക' എന്ന പത്രം ജനസമക്ഷം സാവിയാനോയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ച അപേക്ഷയോട് 25 ലക്ഷം പേര്‍ അനുകൂലമായി ഒപ്പിട്ടു. ലോകമെങ്ങുമുള്ള എഴുത്തുകാരും അധ്യാപകരും ശാസ്ത്രജ്ഞരും ഗായകരും ചലച്ചിത്രകാരന്‍മാരും മാധ്യമപ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എങ്കിലും ജീവനും കൊണ്ടുള്ള ഈ ഒളിച്ചോട്ടം ഇങ്ങനെ എത്രകാലം? കഴുത്തില്‍ നിന്ന് തലയറ്റു വീഴുവോളം സാവിയാനോ എഴുതിക്കൊണ്ടിരിക്കും. അത് ധീരനായ മനുഷ്യന്റെ മാത്രം അവകാശമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories