Top

അത്യന്താധുനിക റോബോട്ടും സര്‍ക്കാര്‍ വക അട്ടയും

അത്യന്താധുനിക റോബോട്ടും സര്‍ക്കാര്‍ വക അട്ടയും

ഇതു വേറൊരാള്‍ പറഞ്ഞ കഥയാണ്. സത്യമാണോ എന്നറിഞ്ഞുകൂടാ.

രാജേഷ് എന്ന എന്റെ ഒരു സുഹൃത്ത് കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ സര്‍ജറി എം.എസ്. വിദ്യാര്‍ത്ഥിയാണ്. ഞാന്‍ വേറൊരിടത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുന്നു.

അന്നൊക്കെ മെഡിക്കല്‍ കോളേജ് സര്‍വ്വീസില്‍ ശമ്പളം താരതമ്യേന കുറവാണ്. വീട്ടില്‍ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട് എന്നതാണ് ഇതിന് പറയുന്ന ന്യായം. വീട്ടില്‍ രോഗികളെ കണ്ട് ഫീസ് മേടിക്കാനേ പറ്റുകയുള്ളൂ. പുറത്തെ സ്വകാര്യ ആശുപത്രികളില്‍ പോയി ഓപ്പറേഷന്‍ ഒന്നും ചെയ്യാന്‍ പാടില്ല. അപ്പോള്‍ ഒരു പ്രശ്‌നമുണ്ട്. സര്‍ജന്‍മാര്‍ എന്തു ചെയ്യും?

''ഇതെന്തു ന്യായം? സര്‍ക്കാര്‍ ആശുപത്രിയില്‍ വരുന്ന പാവപ്പെട്ട രോഗികളോട് ഫീസ് തന്നാല്‍ മാത്രമേ ഓപ്പറേഷന്‍ ചെയ്യൂ എന്നു പറയേണ്ടി വരില്ലേ?'' തമിഴ്‌നാട്ടില്‍ നിന്നു വന്ന ഒരു ഡോക്ടര്‍ അത്ഭുതത്തോടെ ചോദിച്ചത് ഞാനോര്‍ക്കുന്നു. മിക്ക ഡോക്ടര്‍മാരും അന്ന് നിസ്വാര്‍ത്ഥസേവനം തന്നെ ചെയ്തിരുന്നു എന്ന് ഞാന്‍ വിസ്മയത്തോടെ ഓര്‍ക്കുന്നു. പ്രലോഭനങ്ങളെ ഇവ്വിധം മറികടന്ന പലരേയും മനസ്സാ നമിക്കുന്നു.

എന്നാല്‍ എല്ലാവരും ഇങ്ങനെയായിരുന്നില്ല. ചിലര്‍ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികള്‍ വീട്ടില്‍ ചെന്ന് കാശടച്ചാല്‍ മാത്രമേ ഓപ്പറേറ്റ് ചെയ്യൂ എന്ന് വാശിയുള്ളവരായിരുന്നു. അതിലൊരാളായിരുന്നു രാജേഷിന്റെ മേലധികാരി.

ഒരു ദിവസം തൈറോയിഡ് ഗ്രന്ഥിക്ക് മുഴയുമായി ഒരാള്‍ അഡ്മിറ്റായി. സാര്‍ എന്തു വന്നാലും അയാളെ ശസ്ത്രക്രിയയ്ക്ക് പോസ്റ്റ് ചെയ്യുന്നില്ല. കൂടെ വന്ന പല രോഗികളുടെ സര്‍ജറി കഴിഞ്ഞുപോയി. ടിയാന്‍ ആഴ്ചകളായി ആശുപത്രിയില്‍ കിടപ്പാണ്. എന്തു വന്നാലും കാശ് കൊടുക്കില്ല എന്നാണ് വാശി. കൂടാതെ ഒരിക്കല്‍ ഒരു രാഷ്ട്രീയക്കാരനേയും കൂട്ടിവന്ന് സാറിനെ ചെറിയ ഒരു വിരട്ടല്‍.

സാര്‍ വാര്‍ഡിലേക്ക് ഓടി വന്നു. ഈ രോഗിയുടെ അടുത്ത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാജേഷ് നില്‍പ്പുണ്ട്. വന്ന ഉടന്‍ സാര്‍ രാജേഷിനോട് ഒരു ചോദ്യമാണ്.

''താന്‍ തൈറോയിഡക്ടമി ചെയ്തിട്ടുണ്ടോ?''

''ഇല്ല സാര്‍.''

''കണ്ടിട്ടുണ്ടോ?''

''ഒരിക്കല്‍.. ഉണ്ടെന്നു തോന്നുന്നു...'' രാജേഷ് വിക്കി.

''എന്നാല്‍ അത് നന്നായി വായിച്ച് പഠിച്ചോ. നാളെ താനാണ് ഈ ആളെ ഓപ്പറേറ്റ് ചെയ്യുന്നത്. സന്തോഷമായില്ലേ?''

രോഗി ഇതൊക്കെ കേട്ടുകൊണ്ടിരിക്കുകയാണ്.

പിറ്റേ ദിവസം തന്നെ ഓപ്പറേഷന്‍ നടന്നു. രാജേഷിനൊന്നും ചെയ്യാന്‍ കിട്ടിയില്ല. സാര്‍ തന്നെ ചെയ്തു. സാധാരണ ഈടാക്കുന്ന ഫീസിന്റെ ഡബിള്‍ ഡോസ് രോഗിയുടെ ബന്ധുക്കള്‍ കൊണ്ടുകൊടുത്തു എന്നു പറയപ്പെടുന്നു. വേണ്ടെന്ന് സാര്‍ പറഞ്ഞെങ്കിലും നിര്‍ബന്ധപൂര്‍വ്വം പിടിപ്പിച്ചെന്നാണ് കഥ.ഈ സംഭവം കേട്ടിട്ടുള്ള എനിക്ക് 'റോബോട്ട് വന്നു', 'റോബോട്ടിക്ക് സര്‍ജറി' എന്നൊക്കെ പറഞ്ഞുള്ള ആധുനിക ആശുപത്രി പരസ്യങ്ങള്‍ കണ്ട് ആശങ്ക തോന്നിയിരുന്നു. ഇനി രോഗികള്‍ക്ക് ഈ ആശുപത്രികളില്‍ പോകാന്‍ മടി കാണില്ലേ?

''അവിടെ പോവണ്ടാട്ടാ. റോബോട്ടാണ് ഓപ്പറേഷനൊക്കെ ചെയ്യുന്നത്. എന്തൊക്കെ ചെയ്യുമെന്ന് ആര്‍ക്കറിയാം?'' ഇങ്ങനെ ഒരു സംസാരം വരില്ലേ?

പക്ഷേ അത്ഭുതമെന്നു പറയട്ടെ റോബോട്ടിനെ കൊണ്ട് ഓപ്പറേഷന്‍ ചെയ്യിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയാണ് വരുന്നത്. നൂതന വൈദ്യശാസ്ത്ര ടെക്‌നോളജികളിലേക്ക് അത്ര വിശ്വാസവും താല്‍പ്പര്യവും ജനങ്ങള്‍ക്കുണ്ട്.

ഈ റോബോട്ട് നല്ല കാര്യം തന്നെയാണ്. ചില പ്രത്യേക ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ റോബോട്ടിക്ക് ശസ്ത്രക്രിയയ്ക്ക് കൃത്യതയേറും. റോബോട്ട് ഒരു യന്ത്രം മാത്രമാണ്. ശരിയായി പരിശീലനം സിദ്ധിച്ച ഡോക്ടര്‍ തന്നെയാണ് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ച് ശസ്ത്രക്രിയ ചെയ്യുന്നത്. ഏതാനും ചില ശസ്ത്രക്രിയകള്‍ ഈ യന്ത്രം ഉപയോഗിച്ച് ചെയ്യുന്നത് കുറേക്കൂടി നല്ല ഫലം നല്‍കും എന്നതിന് സംശയമില്ല.

ഒരു ചെറിയ പ്രശ്‌നം അവശേഷിക്കുന്നു. ഒട്ടുമിക്ക നെഞ്ചിന്‍കൂടും വയറും തുറന്നുള്ള ശസ്ത്രക്രിയകളൊക്കെ, കീഹോളിലൂടെ റോബോട്ട് ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. വളരെ മെച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ, ഇങ്ങനെ ചെയ്യാന്‍ കാശുള്ള ആളുകള്‍ തിക്കിത്തിരക്കി വരും. പത്തിരട്ടി ചെലവാണ് ഇതിനൊക്കെ.

അപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് തോന്നും, തങ്ങള്‍ക്ക് രണ്ടാംകിട ചികിത്സയാണ് കിട്ടുന്നതെന്ന്. അവരും എങ്ങനെയെങ്കിലും റോബോട്ടിനെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിക്കാന്‍ നെട്ടോട്ടമോടും. റോബോട്ടിക് പരിശീലനം നേടാനും റോബോട്ടിനെ വാങ്ങാനും ചെറുകിട ആശുപത്രികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഡോക്ടര്‍മാരും പെടാപ്പാട് പെടും. ചികിത്സ ചെലവുകള്‍ ഉയര്‍ന്നുയര്‍ന്നു പോകാനുള്ള ഒരു കാരണം ഇങ്ങനെയുള്ള ആവശ്യങ്ങളാണ്.ഏറ്റവും നൂതനമായ മാര്‍ഗ്ഗം, അതെത്ര ചിലവേറിയതാണെങ്കില്‍ കൂടി വളരെ കുറച്ചാണെങ്കില്‍ പോലും മെച്ചമുള്ളതാണെന്നു തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. പിന്നെ ലളിതമായെന്തെങ്കിലും ചെയ്ത് രോഗിക്കെന്തെങ്കിലും പറ്റിയാല്‍ എല്ലാം ഡോക്ടറുടേയും ആശുപത്രിയുടെയും തലയില്‍ വരും. അതിനാല്‍ ചിലവ് കുറഞ്ഞ ചികിത്സകള്‍ അസ്തമിക്കുന്നു.

ഈയടുത്ത ദിവസം ഒരാള്‍ എന്നോട് പറഞ്ഞു: ''നിങ്ങടെ ആശുപത്രിയില്‍ റോബോട്ട് അല്ലേ സര്‍ജറി ചെയ്യുന്നത്. അതിലൊന്നും വലിയ കാര്യമില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശീലനം സിദ്ധിച്ച അട്ടകളാണ് ഓപ്പറേഷന്‍ ചെയ്യുന്നത്.''

പ്ലാസ്റ്റിക് സര്‍ജറിയില്‍ ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരിടത്തേക്ക് മൈക്രോ സര്‍ജറി ഉപയോഗിച്ച് ദശമാറ്റി വയ്ക്കാറുണ്ട്. ചിലപ്പോള്‍ ഈ ദശയില്‍ രക്ത ഓട്ടം ശരിയല്ലെങ്കില്‍ അട്ടകളെ ഉപയോഗിച്ച് ദുഷിച്ച രക്തം വലിച്ചെടുപ്പിക്കാറുണ്ട്. ഇങ്ങനെ ചിലപ്പോള്‍ ദശയെ രക്ഷിച്ചെടുക്കാന്‍ സാധിച്ചേക്കും. ഞാന്‍ ദിനപത്രം എടുത്തു നോക്കി. ''സര്‍ക്കാര്‍ വ്യവസ്ഥയില്‍ ആദ്യമായി അട്ടകളെ കൊണ്ടുള്ള ശസ്ത്രക്രിയ വിജയം'' ഇതാണ് തലക്കെട്ട്.

''ഏതാണ്ട് അരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ പ്രത്യേകം വരുത്തിച്ച അട്ടകള്‍ പങ്കെടുത്തു. രോഗികള്‍ സുഖം പ്രാപിച്ചു വരുന്നു.'' തുടര്‍ന്ന് ചില വിവരങ്ങളും, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ പേരുമുണ്ട്. പ്രധാന കര്‍ത്തവ്യം നിര്‍വ്വഹിച്ച അട്ടകളുടെ മാത്രം പേരില്ല. അതിലെനിക്ക് അതിയായ അമര്‍ഷം തോന്നി.Next Story

Related Stories