Top

‘മരണസംഘത്തിന്റെ മേയര്‍' ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍

‘മരണസംഘത്തിന്റെ മേയര്‍

എമിലി റൌഹാല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇവിടെ ആളുകള്‍ അവര്‍ ‘ഞങ്ങളുടെ മേയര്‍’ എന്നവര്‍ വിളിക്കുന്ന ഒരു മനുഷ്യന്റെ കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നു.

ഒരിക്കല്‍, ഒരു വിനോദസഞ്ചാരി പുകവലിക്കരുതെന്ന നിയമം അനുസരിക്കാതിരുന്നപ്പോള്‍ ഞങ്ങളുടെ മേയര്‍ ആ ലക്ഷുഭക്ഷണശാലയിലേക്ക് തോക്കുമായി കയറിച്ചെന്ന് അവനെ വിരട്ടി. ഞങ്ങളുടെ മേയര്‍ തെരുവുകളില്‍ മോട്ടോര്‍സൈക്കിളില്‍ റോന്തുചുറ്റും. ഞങ്ങളുടെ മേയര്‍ തെമ്മാടികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചു.

തെക്കന്‍ ഫിലിപ്പൈന്‍സിലെ മിണ്ടനാവോ ദ്വീപില്‍, ദവായോ എന്ന തീരദേശനഗരത്തിന്റെ മേയറായിരുന്നു റോഡ്രീഗോ ഡ്യൂടെര്‍റ്റെയെ കുറിച്ചാണ് ഈ വര്‍ത്തമാനമെല്ലാം. ഫിലിപ്പൈന്‍സ് പ്രസിഡണ്ടാകുന്നതിന് മുമ്പ് രണ്ടു പതിറ്റാണ്ട് ആ നഗരത്തിന്റെ മേയറായിരുന്നു അയാള്‍.

മനിലയില്‍ അധികാരത്തിലെത്തിയതു മുതല്‍ ഡ്യൂടെര്‍റ്റെ അന്താരാഷ്ട്ര തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നു. ഒന്നും നല്ല വഴിക്കല്ല എന്നുമാത്രം. നാട്ടിന്‍പുറത്തെ എല്ലാ കുറ്റവാളികളെയും കൊല്ലാനുള്ള അയാളുടെ ആഹ്വാനം അനിതരസാധാരണമായ അക്രമത്തിനാണ് വഴിയൊരുക്കിയത്. ഏതാണ്ട് ആയിരത്തോളം പേരെ സംശയത്തിന്റെ പേരില്‍ പൊലീസ് വെടിവെച്ചുകൊന്നു. ഔദ്യോഗികമായല്ലാതെ, അതില്‍ കൂടുതല്‍ പേരെ തെരുവുകളില്‍ കൊന്നിട്ടു.

യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഡ്യൂടെര്‍റ്റ് അങ്ങേര്‍ക്ക് യു.എസ് കൊളോണിയലിസത്തെക്കുറിച്ച് ഒരു പാഠമെടുത്തുകൊടുത്തു. പിന്നെ എളുപ്പത്തില്‍ തര്‍ജ്ജമ ചെയ്താല്‍ ‘പുലയാടിച്ചിയുടെ മോനേ’ എന്നര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗവും കാച്ചി. കൊലപാതകങ്ങളെ അപലപിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റ് ഒരു പ്രമേയം അംഗീകരിച്ചപ്പോള്‍ ‘പോയി മറ്റേ പണി നോക്കാന്‍’ പറഞ്ഞു ഡ്യൂടെര്‍റ്റ്.

അയാളുടെ അണലിനാക്ക് വിദേശത്ത് സൃഷ്ടിക്കുന്ന എതിര്‍പ്പിന്റെ നേരെ തിരിച്ചുള്ള പ്രതികരണമാണ് നാട്ടില്‍ ഉണ്ടാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 3,000-ത്തോളം ഫിലിപ്പൈന്‍സുകാര്‍ കൊല്ലപ്പെട്ടെങ്കിലും ഡ്യൂടെര്‍റ്റിന്റെ ജനപ്രിയതക്ക് കുറവില്ല.രാഷ്ട്രീയമായ അംഗീകാരം നേടിയെടുത്തതോടെ അയാളെ മറികടക്കുക അപായകരമായ ഒന്നാണ്. നീണ്ടകാലമായി ഡ്യൂടെര്‍തെ വിമര്‍ശകയായ സെനറ്റര്‍ ലൈല ഡി ലിമ നിയമബാഹ്യമായ കൊലപാതകങ്ങളെക്കുറിച്ച് ഒരു സെനറ്റ് അന്വേഷണം ആരംഭിച്ചപ്പോള്‍ അവരോടു ‘പോയി തൂങ്ങിച്ചാവാനാണ്’ ഡ്യൂടെര്‍റ്റ് പറഞ്ഞത്.

ഡ്യൂടെര്‍റ്റെക്കു വേണ്ടി താനൊരാളെ മുതലയ്ക്ക് തീറ്റയാക്കി കൊന്നു എന്നു കുറ്റസമ്മതം നടത്തിയ ഒരു സാക്ഷിയെ ലിമ കൊണ്ടുവന്നപ്പോള്‍, സെനറ്റിന്റെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും അവരെ പുറത്താക്കി. പിന്നെ മയക്കുമരുന്നു കള്ളക്കടത്തുകാരില്‍ നിന്നും കോഴ വാങ്ങിയെന്നും അവരുടെ ഡ്രൈവര്‍ക്കൊപ്പം കിടന്നെന്നും ലിമക്കെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തി.

“അവര്‍ തന്റെ ഡ്രൈവറെ മാത്രമല്ല 'പൂശുന്നത്', ഈ രാജ്യത്തെയും 'പൂശുക'യാണ്,” എന്നാണ് പ്രസിഡണ്ട് തമാശ പറഞ്ഞത്.

പക്ഷേ ലിമ ചിരിക്കുന്നില്ല. “ഞാന്‍ സുരക്ഷിതയല്ല എന്നതാണ് വാസ്തവം,” അവര്‍ പറഞ്ഞു.

സ്ത്രീകളെക്കുറിച്ച് വൃത്തികെട്ട തമാശകള്‍ പറയുകയും സംശയിക്കുന്നവരെ കൂട്ടക്കൊല ചെയ്യാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരാള്‍ എങ്ങനെ ഫിലിപ്പൈന്‍സിന്റെ ഏറ്റവും മികച്ച പ്രതീക്ഷയായി എന്നറിയാന്‍ ദവായോയിലേക്ക് നോക്കിയാല്‍ മതി.

മിണ്ടനാവോയുടെ തെക്കുകിഴക്കുള്ള ഈ തീരദേശ നഗരത്തില്‍ ഡ്യൂടെര്‍റ്റെയുടെ പ്രതിച്ഛായ അതിഗംഭീരമാണ്. പ്രസിഡണ്ടിന്റെ മകള്‍ സാറാ ഡ്യൂടെര്‍റ്റ് ഇക്കഴിഞ്ഞ ജൂലായില്‍ രണ്ടാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം അയാളുടെ മകന്‍ പാവ്ലോ ഡ്യൂടെര്‍റ്റ് വൈസ് മേയറായി. ഇത്, അവിടുത്തെ ഒരു ഫലകം പോലെ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു, ഇതൊരു ‘ഡ്യൂടെര്‍റ്റ് നഗരം.’

ഒരു ഫിലിപ്പൈന്‍സ് നഗരത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍ ദവായോ അച്ചടക്കമുള്ള ഒരു നഗരമാണ്. രാത്രി 10 മണിക്കുശേഷം മുതിര്‍ന്നവര്‍ക്കൊപ്പമല്ലാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ തെരുവുകളില്‍ ഇറങ്ങുന്നത് വിലക്കിയിരിക്കുന്നു. പുലര്‍ച്ചെ 2 മണിക്കുശേഷം മദ്യവില്‍പ്പന പാടില്ല. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പുകവലിക്കാന്‍ പാടുള്ളൂ.നഗരത്തിലെങ്ങും നഗരശാസനങ്ങള്‍ക്ക് ആരോടാണ് നന്ദി പറയേണ്ടതെന്ന് ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ കൊടിക്കൂറകളില്‍ എഴുതിക്കെട്ടിയിരിക്കുന്നു;“പ്രസിഡണ്ട് ഡ്യൂടെര്‍റ്റ്, ദവായോ നഗരത്തിനെ പുകവലി മുക്തമാക്കിയതിന് നന്ദി.”

മുന്‍ മേയറുടെ കയ്യൂക്കിന്റെ സ്വാധീനം ദവായോവിലെ തെരുവില്‍ കാണാം. ‘Du30’ എന്നെഴുയിയ ലൈസന്‍സ് പ്ലേറ്റുകളാണ് വഴിക്കച്ചവടക്കാര്‍ വില്‍ക്കുന്നത്. തോക്കെടുത്ത് വെടിവെക്കുന്ന പ്രസിഡണ്ടിന്റെ ചിത്രമുള്ള കുട്ടികള്‍ക്കുള്ള ടി-ഷര്‍ട്ടും കിട്ടും.

മറ്റൊന്ന് പ്രസിഡണ്ട് ഒരു മോട്ടോര്‍ സൈക്കിളില്‍ പോകുന്നതാണ്. വിജയചിഹ്നമായി മുഷ്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. അടിക്കുറിപ്പ്,‘മാറ്റം വരുന്നു.’

കര്‍ക്കശക്കാരനായ ഒരു പിതാവിനോടാണ് പലരും അയാളെ താരതമ്യം ചെയ്യുന്നത്. അയാള്‍ അവരുടെ വ്യക്തിസംരക്ഷനാകാന്‍ അവര്‍ ആഗ്രഹിക്കുന്നു.

നഗരത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിയത് മുന്‍ മേയറാണെന്ന് അങ്ങാടിയില്‍ കച്ചവടം നടത്തുന്ന മില സുല്‍ത്താന്‍ പറഞ്ഞു.

“തെരുവില്‍ കിടന്നുറങ്ങിയാലും ആരും നിങ്ങളെ ഉപദ്രവിക്കില്ല.”

കുറ്റകൃത്യങ്ങളെ അടിച്ചമര്‍ത്തിയ ഡ്യൂടെര്‍റ്റ് ചെറുകിടകച്ചവടക്കാരെ വളരാന്‍ സഹായിച്ചു എന്നു രണ്ടു ഹലാല്‍ ഇറച്ചിക്കടകള്‍ നടത്തുന്ന അബെയര്‍ പി ബാറ്റോ പറഞ്ഞു. “അയാളൊരു വലിയ മനുഷ്യനാണ്.”

പക്ഷേ, മാധ്യമങ്ങളും മനുഷ്യാവകാശ സംഘങ്ങളും പറയുന്ന, ഡ്യൂടെര്‍റ്റ് പിന്തുണയ്ക്കുന്ന വാടകക്കൊലയാളികളുടെ ആ ദവായോ മരണ സംഘങ്ങളാണോ? കുറ്റവാളികളെയും വിമര്‍ശകരെയും ഒരുപോലെ കൊല്ലാന്‍ ഡ്യൂടെര്‍റ്റ് ഉത്തരവിട്ടു എന്നു പറഞ്ഞ ആ സെനറ്റ് സാക്ഷിയോ?

“ഒന്നും പറയാനില്ല,” സുല്‍ത്താന്‍ പറഞ്ഞു.

“അക്കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല,” ബാറ്റോ പറഞ്ഞു.

“അയാളൊരു നല്ല മനുഷ്യനാണ്, പക്ഷേ അയാളുടെ നിയമങ്ങള്‍ ലംഘിക്കരുത്.”

മിക്ക സാഹചര്യങ്ങളിലും ‘മരണസംഘത്തിന്റെ മേയര്‍’ എന്നത് ഒരു രാഷ്ട്രീയ ദുരന്തമാകേണ്ടതാണ്. എന്നാല്‍ ഡ്യൂടെര്‍ട്ടിനെയും അയാളുടെ അനുഭാവികളെയും സംബന്ധിച്ച് അതൊരു അഭിമാനവും അലങ്കാരമാണ്.

നിയമബാഹ്യമായ കൊലപാതകങ്ങളെക്കുറിച്ച് ദാവോസില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഡ്യൂടെര്‍റ്റ് തന്റെ രക്തരൂഷിതമായ ചരിത്രത്തെക്കുറിച്ച് ഒട്ടും ചൂളിയില്ല. “ഞാനാണോ മരണ സംഘം? ശരിയാണ്.”

സത്യം പറഞ്ഞാല്‍ ദശലക്ഷക്കണക്കിന് ഫിലിപ്പൈന്‍സ് സമ്മതിദായകര്‍ ദവായോയുടെ പരിവര്‍ത്തനത്തെ അസൂയയോടെയാണ് നോക്കുന്നത്-അതിന്റെ വില എന്തായാലും.

ഈ നഗരവും, ബാക്കി ഫിലിപ്പൈന്‍സിനെപ്പോലെ കെടുകാര്യസ്ഥതയോടെയായിരുന്നു കൈകാര്യം ചെയ്യപ്പെട്ടത്. സ്പെയിന്‍ അധിനിവേശം, യു.എസ് പിടിച്ചെടുക്കല്‍, ജപ്പാന്റെ കൈവശം-അങ്ങനെ ഓരോ തവണയും തച്ചുതകര്‍ക്കപ്പെട്ടു.

ഡ്യൂടെര്‍റ്റ് രാഷ്ട്രീയത്തിലിറങ്ങിയ 1980-കളുടെ പകുതിയില്‍ ഏകാധിപതി ഫെര്‍ഡിനാണ്ട് മാര്‍ക്കോസ് പുറത്തായി. പക്ഷേ പകരം ഒരു അധികാരകകേന്ദ്രം വന്നിരുന്നില്ല. ‘കൊലപാതക നഗരം’ എന്ന വിളിപ്പേരുണ്ടായിരുന്ന ദവായോവിനെ അക്രമി സംഘങ്ങളുടെ കുടിപ്പകകളും അവസാനിക്കാത്ത കുറ്റകൃത്യങ്ങളും വേട്ടയായാടിക്കൊണ്ടിരുന്നു.

അതുമാറ്റാന്‍ മേയര്‍ തീരുമാനിച്ചു-ബലം പ്രയോഗിച്ചുതന്നെ. ഫിലിപ്പിനോ മാധ്യമപ്രവര്‍ത്തക ശേലാ കൊറോണലും സഹപ്രവര്‍ത്തകനും 1988-ല്‍ മേയര്‍ക്കൊപ്പം സഞ്ചരിക്കവേ ഒരു മയക്കുമരുന്നു ഇടപാടുകാരനെ ഹെലികോപ്റ്ററില്‍ നിന്നും തള്ളിയിട്ടതിനെക്കുറിച്ചൊക്കെ അയാള്‍ വീരവാദം മുഴക്കിയത് അവര്‍ എഴുതിയിട്ടുണ്ട്.ദവായോവില്‍ സംഭവിച്ചതാണ് ഇപ്പോള്‍ ദേശീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു പതുക്കെ തെളിയുകയാണ്.

ഡ്യൂടെര്‍റ്റ് മേയറായിരുന്ന കാലത്ത് സംശയിക്കപ്പെടുന്ന കുറ്റവാളികളെ പൊലീസ് വെടിവെച്ചുകൊല്ലുകയോ മോട്ടോര്‍സൈക്കിളില്‍ വരുന്ന സാധാരണ വേഷത്തിലുള്ള മരണ സംഘാംഗങ്ങള്‍ കൊല്ലുകയോ ആയിരുന്നു പതിവ്. മിക്ക സംഭവങ്ങളിലും അന്വഷണമൊന്നും നടന്നില്ല.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രസിഡണ്ടിന്റെ വിമര്‍ശകര്‍ക്കും ഇത് ഭീകരമായ അധികാര ദുര്‍വിനിയോഗമാണ്. പക്ഷേ ഫിലിപ്പൈന്‍സുകാര്‍ ജഡത്വം ബാധിച്ച നീതിന്യായവ്യവസ്ഥയിലും കുറ്റകൃത്യങ്ങളുടെ പെരുപ്പത്തിലും മടുത്തിരിക്കുന്നു എന്നത് സത്യമാണ്. കുറേ ചോരയൊഴുക്കുന്നതിലൂടെ അത് മാറ്റാനാകും എന്നതിന്റെ തെളിവാണ് ദവായോ.

ദവായോവില്‍ മുന്‍ മേയറെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെട്ടവരൊക്കെ പറഞ്ഞത് ‘മോശം ആളുകള്‍’ മാത്രമേ ഉപദ്രവിക്കപ്പെട്ടുള്ളൂ എന്നാണ്.

“ഡ്യൂടെര്‍റ്റ് അന്നാ ആക്രമങ്ങള്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ഇരകളുണ്ടാകുമായിരുന്നു, പ്രത്യേകിച്ചും പുതിയ തലമുറ,” ഒരു അരിക്കച്ചവടക്കാരനായ ക്രിസ് യാക്കോ പറയുന്നു. “ദവായോയില്‍ ഒരു നല്ല മനുഷ്യനായിരുന്നാല്‍ മേയര്‍ നിങ്ങളെ സഹായിക്കും.”

രാജ്യം മുഴുവന്‍ ആ പ്രതീക്ഷയിലാണ്.

“റോഡി ഡ്യൂടെര്‍റ്റ്,” ദവായോയിലെ ഒരു ചുമരെഴുത്ത് പറയുന്നു,“ജനങ്ങളുടെ അവസാന പ്രതീക്ഷ.”


Next Story

Related Stories