TopTop

രോഹിത് വെമുല; ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ദുര്‍ഗന്ധം വമിക്കുന്നത്

രോഹിത് വെമുല; ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ദുര്‍ഗന്ധം വമിക്കുന്നത്

ടീം അഴിമുഖം

ശ്രദ്ധതെറ്റിക്കല്‍ ഒരു പ്രധാന രാഷ്ട്രീയ ആയുധമാണ്. നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന, നിങ്ങളെ വ്യതിചലിപ്പിക്കുന്ന, വഞ്ചിക്കുന്ന, ചെറുതാക്കി കാണിക്കുന്ന, തള്ളിക്കളയുന്ന ഓരോ നീക്കങ്ങളും ഒരു വലിയ വഞ്ചനയും സൂത്രപ്പണിയുമാണ്. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.

രോഹിത് വെമുലയുടെ ആത്മഹത്യ സംഭവത്തില്‍ ഇരകളെ അപവാദം കൊണ്ട് മൂടി ജനങ്ങളുടെ ശ്രദ്ധതെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്വേഷണങ്ങള്‍ക്ക് വളരെ കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ എല്ലാ രാഷ്ട്രീയ സംവാദങ്ങളും ഇത്തരത്തിലുള്ളതായി മാറും. ഇന്ത്യയില്‍ ആദ്യമായല്ല ഇത്തരം ശ്രദ്ധതിരിക്കല്‍ നടക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ എങ്ങനെ ഒളിപ്പിച്ചുവെക്കാമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ജനുവരിയില്‍ മാനവശേഷി വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ഏകാംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ രീതിയില്‍ അവശേഷിക്കുന്നത്.

രോഹിത് വെമുലയുടെ അമ്മ ദളിതല്ലെന്ന ഏറ്റവും നീചമായ അവകാശവാദമാണ് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. അവരെ എടുത്തവളര്‍ത്തിയ രക്ഷകര്‍ത്താക്കളുടെ പേരുകള്‍ പറയുന്നതിന് പകരം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പേരുകള്‍ രഹസ്യമാക്കിയത് 'അവിശ്വസനീയം' എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ 'അവിശ്വസനീയം' എന്നത് യുക്തിസഹമോ ഇരുഭാഗത്തിന്റെ വാദങ്ങളെ ന്യായീകരിക്കുന്ന തെളിവോ ആയി മാറുന്നില്ല: വാക്കുകള്‍ കൊണ്ടുള്ള ഒരു സൂത്രപ്പണി മാത്രമാണത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സ്വയം ദളിതമായി ചമയുകയായിരുന്നു അവരെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, ഒരു ദളിതനല്ലാത്തതിനാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം ആര്‍ക്കും ആരോപിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്.പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങളുടെ കടമ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി കത്തുകളെഴുതിയ കേന്ദ്ര മന്ത്രിമാരായ ബംഗാരു ദത്താത്രേയ, സ്മൃതി ഇറാനി, അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയനില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയെയും നാല് സഹപാഠികളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും അവരുടെ സ്റ്റൈപ്പെന്റുകള്‍ തടയുകയും ചെയ്ത സര്‍വകലാശാല അധികൃതര്‍, ഹൈദരാബാദ് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ തുടങ്ങി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ എല്ലാവരെയും വെള്ളപൂശാനുള്ള ഒരു തന്ത്രമാണ് ഈ വിലക്ഷണവാദങ്ങളുടെ ബാക്കിപത്രം. ജാതി നിര്‍ണയ കോമാളിത്തരം നടത്തുകയും രോഹിത് വെമുലയുടെ അമ്മ ഒരു അവസരവാദിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ വെമുലയുടെ ആത്മഹത്യയില്‍ ഏതെങ്കിലും സ്ഥാപനത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ വ്യക്തിക്കോ പങ്കില്ലെന്ന് സ്ഥാപിക്കാനുള്ള അതിബുദ്ധിയാണ് റിപ്പോര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധതെറ്റിക്കലും തെറ്റിധരിപ്പിക്കലും തന്നെയാണ് ലക്ഷ്യം. ഒരു സര്‍വകലാശാല വളപ്പില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ഉണ്ടായ ധാരണകള്‍ മുഴുവന്‍ തെറ്റാണ് എന്ന് സ്ഥാപിച്ചുകൊണ്ട് അതിനെ കുറിച്ച് സര്‍കലാശാല സ്ഥാപനം വ്യാകുലപ്പെടേണ്ട എന്ന സന്ദേശമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യയെ സംബന്ധിച്ച അന്വേഷണത്തില്‍ ജാതി ഒരു നിര്‍ണായക വിഷയമാണ്. അയാള്‍ പിന്നോക്ക ജാതിക്കാരനാണെന്ന് തെളിയിക്കപ്പെടുന്ന പക്ഷം ആത്മഹത്യയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഏല്ലാവരും പട്ടികജാതി പട്ടികവര്‍ഗ്ഗ ആക്രമണങ്ങള്‍ക്കെതിരായ ഭേദഗതി ചട്ടമനുസരിച്ച് വിവേചനത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിനുപരിയായി സാങ്കേതികതയിലേക്ക് ശ്രദ്ധമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മരിക്കുന്നതിന് മുമ്പ് വെമുല അന്നത്തെ വൈസ് ചാന്‍സിലര്‍ക്കെഴുതിയ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്ന പീഢനത്തെക്കുറിച്ചും അവരുടെ ആത്മഹത്യകളെ കുറിച്ചുമുള്ള കത്തിലും മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല എന്ന് പ്രഖ്യാപിച്ച ആത്മഹത്യക്കുറിപ്പിലും താന്‍ ഒരു ദളിതനായാണ് ജനിച്ചതും വളര്‍ന്നതുമെന്ന് രോഹിത് വെമുല കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ദളിത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു: സ്വയം ദളിതനാണെന്ന് തിരിച്ചറിയുന്നിടത്തോളം അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വ്യര്‍ത്ഥമാണ്. പക്ഷെ റിപ്പോര്‍ട്ട് എഴുതിയ ആളുടെ വികൃതമായ ന്യായീകരണങ്ങളാലാവണം രോഹിത് വെമുലയുടെ ആത്മഹത്യ 'വ്യക്തിപരമായ' കാരണങ്ങളുടെ പുറത്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഔദ്യോഗിക കൈകഴുകലുകളുടെ പിന്നില്‍ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു എന്ന് മാത്രമല്ല, ഇത്തരത്തിലുള്ള ശ്രദ്ധതെറ്റിക്കലുകള്‍ നാറുകയും ചെയ്യുന്നു. ആ നാറ്റം നിങ്ങളുടെ മൂക്കിനും ഹൃദയത്തിനും അപ്പുറത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രോഹിത് വെമുലയുടെ കാര്യത്തിലെങ്കിലും.


Next Story

Related Stories