Top

രോഹിത് വെമുല ദളിതല്ലെന്ന്ജുഡീഷ്യല്‍ കമ്മീഷന്‍; മുഖം രക്ഷിക്കാനുള്ള ബിജെപി ശ്രമമെന്ന് പട്ടികജാതി കമ്മീഷന്‍

രോഹിത് വെമുല ദളിതല്ലെന്ന്ജുഡീഷ്യല്‍ കമ്മീഷന്‍; മുഖം രക്ഷിക്കാനുള്ള ബിജെപി ശ്രമമെന്ന് പട്ടികജാതി കമ്മീഷന്‍

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഈ വര്‍ഷം ജനുവരിയില്‍ 26-കാരനായ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത് രോഹിത് വെമുല പട്ടികജാതിക്കാരനല്ല എന്നാണ്.

അന്നത്തെ മനവശേഷി മന്ത്രി സ്മൃതി ഇറാനി നിയമിച്ച മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എ കെ രൂപന്‍വാല്‍ തന്റെ റിപ്പോര്‍ട്ട് ഓഗസ്ത് ആദ്യം യു ജി സിക്ക് സമര്‍പ്പിച്ചു എന്നു ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജും, തവര്‍ചാന്ദ് ഘെലോട്ടും, രോഹിത് ദളിതനാണ് എന്ന അവകാശവാദത്തെ ചോദ്യം ചെയ്ത വിവാദ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിലെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്. സ്വരാജും ഘെലോട്ടും പറഞ്ഞത് രോഹിത് വെമുല വഡീര സമുദായത്തില്‍പ്പെട്ട ആളാണെന്നാണ്. ഇതാകട്ടെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ (ഒബിസി) പെട്ടതാണ്. രോഹിതിന്റെ ആത്മഹത്യ ജാതിവിവേചനത്തിന്റെ പ്രശ്നമാക്കി വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഇരുവരും ആരോപിച്ചിരുന്നു.

ഇതുകൂടാതെ, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയും ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവും പട്ടികജാതി/പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം അനുസരിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് നല്കിയ കാര്യം രൂപന്‍വാല്‍ നിഷേധിച്ചില്ല. "എനിക്കു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ല. റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ സംബന്ധിച്ച സംശയങ്ങളെല്ലാം സര്‍ക്കാരിനോട് ചോദിക്കൂ," എന്നാണ് അദ്ദേഹം പറഞ്ഞത്.

മാനവശേഷി വകുപ്പിന്റെ പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരിട്ടു ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി, "എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കീ വിഷയം അറിയാമെന്നു തോന്നുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ഞാന്‍ നഗരത്തിന് പുറത്തായിരുന്നു. റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. യു ജി സിക്ക് സമര്‍പ്പിച്ചിരിക്കാം. ഞാനത് പരിശോധിച്ചിട്ടു പറയാം" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം, രോഹിത് വെമുലയുടെ സഹോദരന്‍ രാജ, റിപ്പോര്‍ട്ടിലെ നിരീക്ഷണം തള്ളിക്കളഞ്ഞു. "ഞങ്ങള്‍ ദളിതരായാണ് ജീവിച്ചത്. ഒരു ദളിത സമുദായത്തിലാണ് വളര്‍ന്നത്. ശരിയാണ്, എന്റെ അച്ഛന്‍ പിന്നാക്ക വിഭാഗക്കാരനായിരുന്നു. പക്ഷേ ഞങ്ങളുടെ അറിവുകളെല്ലാം ദളിതരെന്ന ജീവിതാനുഭവങ്ങളില്‍ നിന്നാണ്. ഞങ്ങള്‍ ജീവിതം മുഴുവന്‍ വിവേചനം അനുഭവിച്ചവരാണ്. രോഹിതും ഇക്കാര്യം തന്റെ കത്തില്‍ പറയുന്നുണ്ട്."

വെമുലയുടെ ആത്മഹത്യ കുറിപ്പില്‍ തന്റെ ജനനത്തെ മാരകമായൊരു അപകടമായാണ് വിശേഷിപ്പിക്കുന്നത്. "എന്റെ ജനനമാണ് എന്റെ മാരകമായ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍ നിന്നും എനിക്കൊരിക്കലും രക്ഷപ്പെടാനായില്ല. എന്റെ ഭൂതകാലത്തിലെ അംഗീകാരങ്ങളില്ലാത്ത കുട്ടി," പോലീസിന് കിട്ടിയ ആ കുറിപ്പില്‍ പറയുന്നു.എന്നാല്‍ രൂപന്‍വാലയുടെ റിപ്പോര്‍ട്ട് ഗുണ്ടൂര്‍ ജില്ല കളക്ടര്‍ കാന്തിലാല്‍ ഡാണ്ടേ ദേശീയ പട്ടികജാതി കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന് വിരുദ്ധമാണ്. "ഇക്കാര്യത്തില്‍ ജില്ല കളക്ടറാണ് അവസാനവാക്ക്. വെമുല ദളിതനാണെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. എല്ലാ അന്വേഷണങ്ങളും രേഖകളും അതാണ് തെളിയിക്കുന്നതും. ഈ പുതിയ സമിതിയുടെ ആവശ്യമെന്താണ്? ഈ റിപ്പോര്‍ട്ട് എന്താണെന്ന് എനിക്കറിയില്ല," എന്നാണ് NCSC അധ്യക്ഷന്‍ പി എല്‍ പൂനിയ പറഞ്ഞത്.

"വെമൂല ദളിതനല്ലെന്ന് സ്ഥാപിക്കാനാണ് തുടക്കം മുതലേ ബിജെപി സര്‍ക്കാരും അതിലെ മന്ത്രിമാരും ശ്രമിക്കുന്നത്. എഫ് ഐ ആറില്‍ പേരുള്ള തങ്ങളുടെ മന്ത്രിയെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഈ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ മന:സ്ഥിതിക്ക് ഇതിലും വലിയ ഉദാഹരണമില്ല. ദളിതര്‍ക്കെതിരായ ഗൂഢാലോചനയാണിത്."

മാനവശേഷി വകുപ്പ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി, വെമുലയുടെ ആത്മഹത്യയില്‍ സര്‍വകലാശാല ഉത്തരാവാദികളാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഈ വര്‍ഷം ജനുവരി 28-നു ഈ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. വിദ്യാത്ഥികള്‍ക്കെതിരെ സര്‍വകലാശാല വളപ്പില്‍ വിവേചനം ഉണ്ടായിരുന്നു എന്നും ആദ്യ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

2015 നവംബറില്‍ സര്‍വകലാശാല എക്സിക്യൂട്ടീവ് സമിതി രോഹിത് വെമുലയടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ - എല്ലാവരും ദളിതര്‍ - ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. സര്‍വകലാശാല വളപ്പിലെ പൊതുസൌകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി. ഗവേഷണം തുടരാനും ക്ലാസുകളില്‍ കയറാനും ഇവരെ അനുവദിച്ചു. ഒരു എബിവിപ്പി വിദ്യാര്‍ത്ഥി നേതാവിനെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്. ഈ വര്‍ഷം ജനുവരി 17-നു രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തതോടെ ഈ പ്രശ്നം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.Next Story

Related Stories