TopTop

റോത്തകില്‍ സംഭവിച്ചത് മറ്റൊരു നിര്‍ഭയ; ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

റോത്തകില്‍ സംഭവിച്ചത് മറ്റൊരു നിര്‍ഭയ; ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം ഹരിയാനയിലെ റോത്തക്കില്‍ 23കാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവം. യുവതി ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇക്കഴിഞ്ഞ ഒമ്പതിന് ജോലി സ്ഥലത്തു നിന്നും മടങ്ങിയപ്പോഴാണ് യുവതിയെ സംഘം തട്ടിക്കൊണ്ട് പോയത്.

ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സത്തിനിരയാക്കിയ യുവതിയുടെ മുഖം ഇഷ്ടിക പോലെ ഭാരമുള്ള വസ്തു കൊണ്ട് ഇടിച്ചു തകര്‍ത്തെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ യുവതിയുടെ നെഞ്ചും അക്രമികള്‍ ഇത്തരത്തില്‍ തകര്‍ത്തിരുന്നു. ഇവരുടെ തലയോട്ടി തകര്‍ന്ന നിലയിലാണ്. ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്നതിന് മുമ്പ് ഇവരുടെ ദേഹത്തേക്ക് അക്രമി സംഘം വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു. ഇവരുടെ ആന്തരികാവയവങ്ങള്‍ തകര്‍ന്ന നിലയിലാണ്. നാല് ദിവസം ഈ പ്രദേശത്ത് കിടന്നിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഇതിനിടെ തെരുവുനായ്ക്കള്‍ മൃതദേഹം കടിച്ചു പറിക്കുകയും ചെയ്തു.

ഇതിനിടെ സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ യുവാക്കളിലൊരാളായ സുമിതിന് യുവതിയെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും പോലീസ് അറിയിച്ചു. എന്നാല്‍ യുവതി ഇതിന് തയ്യാറായിരുന്നില്ല. ഇതില്‍ കുപിതനായ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ സോനാപേത്തില്‍ നിന്നും തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെ നിന്നാണ് അയല്‍ജില്ലയായ റോഹ്ത്തകില്‍ എത്തിച്ച് സംഘം ഇവരെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.

നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായ പീഡനങ്ങളാണ് ഇവര്‍ സഹിക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. നിര്‍ഭയക്കേസില്‍ കുറ്റക്കാരായ നാല് പേരുടെ ശിക്ഷ സുപ്രിംകോടതി ശരിവച്ചത് ഒരാഴ്ച മുമ്പാണ്. നിര്‍ഭയ പെണ്‍കുട്ടി ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ഥലത്തുനിന്നും കേവലം 70 കിലോമീറ്റര്‍ മാത്രം അകലെയാണ് 23കാരി പീഡിപ്പിക്കപ്പെട്ട റോത്തക്.

യുവതിയെ അക്രമികള്‍ വലിച്ചിഴച്ചിട്ടുണ്ടെന്നും ആന്തരികാവയവങ്ങള്‍ തകരുന്ന വിധത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വയറില്‍ നിന്നും ചില വിദേശ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചെന്നും മയക്കാനായി ഇവരെ ബലംപ്രയോഗിച്ച് എന്തോ കുടിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം പ്രതികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ജനരോഷം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കുമെന്ന് ഒരു ഉന്നത ഹരിയാന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുമിത് ഒരു വര്‍ഷം മുമ്പ് യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി സമീപിച്ചെന്നും എന്നാല്‍ അവര്‍ അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് ഈ കൊടുംക്രൂരത നടത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മൃതദേഹം കണ്ടെത്തുമ്പോള്‍ അത് തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കുന്നു. കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ച് കഴിഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമായി പോയെന്ന് ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖത്തര്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

Next Story

Related Stories