TopTop
Begin typing your search above and press return to search.

‘തെണ്ടികൾ’ എന്ന് വിളിച്ചോളു; പ്രതിനിധീകരിക്കുന്നു എന്ന് ഭാവിക്കരുത്

‘തെണ്ടികൾ’ എന്ന് വിളിച്ചോളു; പ്രതിനിധീകരിക്കുന്നു എന്ന് ഭാവിക്കരുത്

മാവോയിസ്റ്റുകൾ ഒരു വ്യവസ്ഥ എന്ന നിലയിൽ ജനാധിപത്യത്തെ അംഗീകരിക്കുന്നവർ അല്ലെങ്കിൽ പോലും ഒരു ജനാധിപത്യവ്യവസ്ഥയ്ക്ക് ആ കാരണം പറഞ്ഞ് അവരുടെ അവകാശങ്ങളെ നിഷേധിക്കാനാവില്ല. അതുകൊണ്ട് തന്നെ പോലീസ് കസ്റ്റഡിയിൽ അവർക്ക് നീതി നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൊതുസമൂഹത്തിന്റെ കടമയാണ്. അത് ഉറപ്പ് വരുത്താൻ അതിന്റെ നാല് തൂണുകളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇല്ലെങ്കിൽ 2011ൽ മാവോയിസ്റ്റ് നേതാവ് കിഷൻജിക്ക് സംഭവിച്ചത് ഇനിയൊരു പക്ഷെ രൂപേഷിന്റെയും ഷൈനയുടെയും കാര്യത്തിലും ആവർത്തിക്കപ്പെട്ടേക്കാം.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ പോളിറ്റ് ബ്യൂറൊ അംഗവും, സ്റ്റേറ്റിനെതിരേ അവർ നടത്തിയ നിരവധി സായുധ ആക്രമണങ്ങളുടെ സൂത്രധാരനും ആയിരുന്ന കിഷൻജീ എന്ന മല്ലോജുല കോടെശ്വര റാവു 2011ൽ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ എന്ന കോബ്രയുമായി മിഡ്നാപൂരിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ അയാൾ പോലീസ് കസ്റ്റഡിയിൽ വച്ച് ഇഞ്ചോടിഞ്ച് ഭേദ്യം ചെയ്യപ്പെട്ട് മൃഗീയമായി കൊലചെയ്യപ്പെട്ടതാണ് എന്നതിൽ ഇന്ന് അധികമാർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല; അയാളുടെത് നമ്മുടെ ഭരണകൂട ഭീകരത സംവിധാനം ചെയ്ത് നടപ്പിലാക്കിയ നിരവധി വ്യാജ ഏറ്റുമുട്ടലുകളിൽ ഒന്നുമാത്രമായിരുന്നു എന്നതിലും.

അപ്പനെ കിട്ടിയില്ലെങ്കിൽ മക്കളെ..!
രൂപേഷും ഷൈനയും ജീവനോടെയിരിക്കെ തന്നെ അവരുടെ അറസ്റ്റ് പുറംലോകം അറിഞ്ഞു എന്നതും അത് രേഖപ്പെടുത്തപ്പെട്ടു എന്നതും മേല്പറഞ്ഞ ചരിത്രം മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ ആശ്വാസകരം തന്നെയാണ്. എന്നാൽ ആ ആശ്വാസത്തെയും കവരുന്നതാണ് അവരുടെ പതിനേഴ് കാരിയായ മകളെയും അറസ്റ്റ് ചെയ്യാൻ പോലീസ് പദ്ധതിയിടുന്നു എന്ന വാർത്ത.

ഒളിവിൽ കഴിയുന്ന വിപ്ലവകാരികളെ പുകച്ചു പുറത്ത് ചാടിക്കാൻ അവരുടെ കുടുംബങ്ങളെ വേട്ടയാടുക എന്നത് ഒരു പുതിയ ഭരണകൂടതന്ത്രമൊന്നുമല്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ എല്ലാം ചരിത്രത്തിൽ അത്തരം സംഭവങ്ങൾ രേഖപ്പെടുത്താനാകുന്നതിലും അപ്പുറത്തുള്ള സാമാന്യസാന്നിധ്യങ്ങളാണ്. അതിനൊക്കെ ശേഷവും, രാജ്യം വിട്ട് പോയ കുറ്റവാളികളെ തിരികെ നാട്ടിലെത്തിക്കാൻ എന്ന പേരിലൊക്കെ ഈ നഗ്നമായ മനുഷ്യാവകശലംഘനം പോലീസ് പലതവണ നടത്തിയിട്ടുണ്ട്. അന്നൊന്നും അത്തരം നീക്കങ്ങളിലെ അനീതി പൊതുബോധത്തിന്റെ കണ്ണിൽ പെടും വിധം ഉപരിതലത്തിലേക്ക് എത്തിയില്ല എന്ന് മാത്രം.

എന്നാൽ ഇവിടെ രൂപേഷിനെ പിടിക്കാനായല്ല അയാളുടെ മകളെ അറസ്റ്റ് ചെയ്യുന്നത് എന്നതാണ്, വാർത്തകൾ സത്യമെങ്കിൽ അത്തരം ഒരു നീക്കത്തെ കൂടുതൽ ദുരൂഹവും അപകടകരമാം വണ്ണം അസാധാരണവും ആക്കുന്നത്. രൂപേഷ്, ഷൈനി ദമ്പതികളുടെ മക്കളായ ആമിയും, അനുജത്തിയും രക്ഷിതാക്കളുടെ നിരോധിത രാഷ്ട്രീയ പ്രവർത്തനത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളികൾ ആയിരുന്നതായി ആരും ഇതുവരെ ആരോപണം പോലും ഉന്നയിച്ച് കേട്ടിട്ടില്ല എന്നിരിക്കെ ഇപ്പോൾ എന്തിന് അവരെ അറസ്റ്റ് ചെയ്യാൻ നീക്കം?സായുധസമരം ആർക്കുവേണ്ടി?
ഈ വസ്തുതകളെയൊക്കെ നാം കാണെണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്. വേണ്ടിവന്നാൽ ആമിയ്ക്കും, അനുജത്തിക്കുമായി ജനകീയ പ്രതിരോധം തന്നെ തിർക്കേണ്ടതുണ്ട്. പക്ഷേ ഒപ്പം മാവോയിസത്തെ ചൂഴ്ന്നുനിൽക്കുന്ന കാല്പനിക അസംബന്ധങ്ങളെ നിരുത്തരവാദ പരമായി ആഘോഷിക്കുന്നതിന് പിന്നിലെ അരാഷ്ട്രീയതയെ, അതിന്റെ വർഗ്ഗസ്വഭാവത്തെ ഒക്കെക്കൂടി കാണേണ്ടതുണ്ടെന്ന് മാത്രം.

സായുധസമരത്തിന്റെ പാത കൊലയും മരണവും കൈകോർത്തു നില്ക്കുന്ന ഒന്നാണ്. കൊന്നാലും, കൊല്ലപ്പെട്ടാലും അതിൽ നായക പരിവേഷം വ്യാഖ്യാനിച്ചെടുക്കാം. പിന്നെ ബാക്കിയാവുന്നത് എന്തിന് വേണ്ടി കൊന്നു, എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്ന രണ്ട് ചോദ്യങ്ങളാണ്. കൊല്ലപ്പെടുന്നത് ‘ഭരണകൂടത്തിന്റെ മർദ്ദക ഉപകരണങ്ങ’ളിൽ പെട്ടവരും ജന്മികളും, ബൂർഷ്വാസികളും മാത്രമാണോ?

ജനാധിപത്യത്തിന്റെ വഴി പര്യാപ്തമല്ലാതെ വരുമ്പോൾ ജനം മറ്റ് വഴികൾ തേടുന്നത് സ്വാഭാവികം. ഭരണകൂടം അതിന്റെ നീതിസംഹിതയിൽനിന്ന് കാലങ്ങളായി പുറത്ത് നിർത്തിയിരിക്കുന്ന മനുഷ്യരുടെ നിസ്സഹായത ചെറുത്തുനിൽപ്പിന് അവലംബിക്കുന്ന ഗതികെട്ട വഴികളെ ഗാന്ധിയൻ അക്രമരാഹിത്യം കൊണ്ട് വിലയിരുത്താനാവില്ല എന്നതും സത്യം. എന്നാൽ രൂപേഷിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അങ്ങനെ ഏത് ജനസമൂഹത്തിന്റെ നിവർത്തികേടിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതാണ് ഇവിടെ ആദ്യത്തെ പ്രശ്നം.

കേരളത്തിൽ ജനാധിപത്യ മൂല്യങ്ങളുടെ വസന്തകാലം വിടർന്നുകഴിഞ്ഞു എന്നൊന്നുമല്ല. നിലനിൽക്കുന്ന ഭരണകൂടം അഴിമതിയുടെ പ്രതീകമായി കഴിഞ്ഞു, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പൊതുബോധത്തിന് രാഷ്ട്രീയപ്രവർത്തനത്തിൽ വിശ്വാസ്യത നഷ്ടമായിക്കഴിഞ്ഞു; ഒക്കെ ശരി. പക്ഷേ അങ്ങനെ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടമായത് അതിൽ സക്രിയമായ പങ്കാളിത്തം വഹിക്കാൻ സമീപദശകങ്ങളിൽ പ്രകടമായ വൈമുഖ്യം വ്യക്തമാക്കികഴിഞ്ഞ ഇവിടത്തെ മദ്ധ്യവർഗ്ഗത്തിനാണ്. പങ്കാളിത്തത്തിനൊന്നും സമയമില്ലാത്ത അവർക്ക് വേണ്ടത് നല്ലവരായ ഏകാധിപതികളും അവരുടെ നല്ലവരായ പട്ടാളവുമാണ്. അവധിക്ക് വരുന്ന പട്ടാളക്കാരുടെ വീരസ്യകഥകളിൽനിന്നല്ലാതെ സമീപകാലത്തൊന്നും യുദ്ധത്തിന്റെയും, പട്ടാള അധിനിവേശത്തിന്റെയും കെടുതികൾ അനുഭവിച്ചിട്ടില്ലാത്ത അവർക്ക് അങ്ങനെ തോന്നുന്നതിലും അത്ഭുതമില്ല.

എന്നാൽ ഈ മദ്ധ്യവർഗ്ഗത്തിന്റെ പ്രതിനിധാനമല്ല മാവോയിസ്റ്റുകൾ അവകാശപ്പെടുന്നത്. അവർ തങ്ങളുടെ പ്രതിനിധികളാണെന്ന് പ്രഖ്യാപിക്കാൻ ഈ മദ്ധ്യവർഗ്ഗം വ്യക്തിതലത്തിലോ സംഘടനാതലത്തിലോ തയ്യാറുമല്ല. സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് അവർക്ക് കാല്പനിക വിപ്ലവ ഏമ്പക്കങ്ങൾ കൊണ്ട് ഐക്യദാർഢ്യം തീർക്കുകയാണവർ.

ഇനി അവർ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ദളിത് ആദിവാസി സമൂഹങ്ങളുടെ കേരളത്തിലെ വർത്തമാന അവസ്ഥ പരിഗണിക്കുക. അവർ നമ്മുടെ മദ്ധ്യവർഗ്ഗത്തെ പോലെ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട് സൈനിക ഭരണത്തെ കെട്ടിപ്പിടിക്കാൻ വെമ്പി നില്ക്കുന്ന ഒരു വിഭാഗമല്ല. സംഘടിതമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ, ജനകീയസമരങ്ങളിലൂടെ ഇവിടത്തെ ജനാധിപത്യത്തിൽ അവർ സ്വയം അടയാളപ്പെടുത്തി തുടങ്ങിയ ഒരു കാലമാണിത്. സ്വാഭാവികമായും അപര്യാപ്തതകളും, ആന്തരികവൈരുദ്ധ്യങ്ങൾ തന്നെയും ഉണ്ടാവാം ആ പ്രക്രിയയിൽ. എന്നുവച്ച് അവരുടെ രാഷ്ട്രീയത്തെ മദ്ധ്യവർഗ്ഗ പൊതുബോധത്തിന്റെ ഒരു ഉപസംവർഗ്ഗമായി കാണാനാവില്ല; അവർക്ക് സ്വയം പ്രതിനിധാനം ചെയ്യാൻ ശേഷിയില്ല, അതിനാൽ അത് ആർക്കും ഏറ്റെടുക്കാം എന്നും.പ്രതിനിധാനവും ഐക്യദാർഢ്യവും
എന്നാൽ രൂപേഷ് മാതൃകയിലുള്ള മാവോയിസ്റ്റ് പ്രവർത്തനം ദളിത്‌ ആദിവാസി സമൂഹങ്ങളുടെ കൂട്ടായ്മകൾക്ക് മുകളിൽ തങ്ങളുടെ സ്വയം പ്രഖ്യാപിത പ്രതിനിധാനം വച്ചുകെട്ടി അവരുടെ സമരങ്ങളെ തട്ടിക്കൊണ്ട് പോവുക മാത്രമല്ല, അല്ലാതെ തന്നെ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ സ്വയം പ്രതിനിധാനശ്രമങ്ങളെ അടിച്ചമർത്താൻ ഭരണകൂടത്തിന് നല്ലൊരു ഭാഷ്യം കൂടി നല്കുകയാണ് പ്രയോഗതലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ആദിവാസി ദളിത് സമൂഹങ്ങളിൽ നിന്നുള്ള സാധാരണ മനുഷ്യരും ബുദ്ധിജീവികളും ഒരുപോലെ മാവോയിസ്റ്റ് രക്ഷാകർതൃത്വത്തെ ചെറുക്കാൻ ശ്രമിക്കുന്നത്.

ഇവിടെ മാവോയിസത്തിന്റെ ആരാധകർ ദളിതരോ ആദിവാസികളൊ അല്ല. മദ്ധ്യവർഗ്ഗമാണ് എന്നതാണ് തമാശ; അതിൽ ജന്മം കൊണ്ട് ദളിതരോ, ആദിവാസികളോ ആയവരും കണ്ടേക്കാമെങ്കിലും. ബാർ കോഴയും, സോളാർ അഴിമതിയും ഒക്കെ ചേർന്ന ഐക്യ ജനാധിപത്യമുന്നണി ഭരണത്തെ ഇന്നും ലാവലിൻ കേസ് വച്ച് തുലനംചെയ്ത് 'അരിയാഹാരം കഴിക്കുന്നവർ'ക്ക് ഇവർ എല്ലാം കണക്കാണെന്ന നിഗമനം സന്ധ്യകൾ തോറും പൊതുബോധത്തിൽ കുത്തിവയ്ക്കുന്ന അവരുടെ സ്വന്തം ബുദ്ധിജീവികൾ പോലും ആ കൈ വിട്ട കളിക്ക് നില്ക്കുന്നില്ല എന്നതാണ് മറ്റൊരു തമാശ.

അപ്പോൾ ഈ വമ്പൻ ഐദ്യദാർഢ്യം അവർ സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണ്. കണ്ട് രോമാഞ്ചമണിഞ്ഞ സിനിമകളും, ചരിത്രത്തിന് പുറത്തുവച്ച് പരമാവധി ഒരു മംഗലശ്ശേരി നീലകണ്ഠനായി സമീകരിക്കപ്പെടുന്ന ചെഗുവേരയും ഒക്കെ ചേർന്ന് അവർ എടുത്തണിയുന്ന ഒരു ടീ ഷർട്ട് മാത്രമാണ് മാവോയിസ്റ്റ് ഐക്യദാർഢ്യം. അത് പ്രതിനിധാനമല്ല. നിങ്ങൾ മവോയിസത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്ന് ചോദിച്ചാൽ ഉടൻ വരും മറുപടി. "ഞങ്ങൾക്ക് ആ പ്രത്യയശാസ്ത്രത്തിനോട് യോജിപ്പില്ല. എന്നാൽ അവർ പറയുന്ന കാര്യങ്ങളിൽ യോജിപ്പുണ്ട്".

ഇവരോട് "ചിര സുഹൃത്തെ, ഈ മാവോയിസ്റ്റ് എന്ന് പറയുന്നത് അവർ മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രം മാത്രമാണ്, അല്ലാതെ രൂപേഷോ, ഷൈനയോ, കിഷൻജിയോ അല്ല” എന്നേ പറയാനുള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകമധ്യർഗ്ഗ വിപ്ലവഭ്രമം
സിനിമകളിൽ കവിത ചൊല്ലി വിപ്ലവം നയിക്കുന്ന നായകന്മാരിൽനിന്ന് നക്സലിസം പഠിച്ച ഈ മധ്യവർഗ്ഗത്തിന് മവോയിസത്തെ കുറിച്ചോ, മാവോ സേതുങ്ങിനെ കുറിച്ചോ, ചൈനീസ് വിപ്ലവത്തെ കുറിച്ചോ, വിപ്ലവാനന്തരം ആ രാജ്യം കടന്നുപോയ പരിണാമപ്രക്രിയയെ കുറിച്ചോ അറിയില്ല എന്നത് പോട്ടെ, മാവോയിസ്റ്റ് ഗ്രാമങ്ങളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ച് കേട്ടറിവ് പോലുമില്ല എന്നതാണ് സത്യം. കടിച്ചാൽ പൊട്ടാത്ത പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളും, 1966ൽ തുടങ്ങുന്ന സാംസ്കാരിക വിപ്ലവം തൊട്ടുള്ള അരനൂറ്റാണ്ട് നീളുന്ന ചൈനീസ് ചരിത്രവും ഒന്നും വേണ്ട. അവർ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ജോലിചെയ്യുന്ന അശുതോഷ് ഭരദ്വാജ് ചത്തീസ്ഗഡിലെ അബുജമാദ് വനമധ്യെയുള്ള മാവൊയിസ്റ്റുകൾ സ്വതന്ത്രമാക്കിയ ഒരു മേഖലയിൽ അവർക്കൊപ്പം ഉണ്ടുറങ്ങി സഹവസിച്ച് അവിടത്തെ ജീവിതത്തെകുറിച്ച് എഴുതിയതു പോലുള്ള റിപ്പോർട്ടുകളെങ്കിലും ഒന്ന് വായിക്കാൻ മെനക്കെടണം.

നമ്മുടെ ജനാധിപത്യം അമ്പേ തമസ്കരിച്ചുകളഞ്ഞ ഒരു ജനതയുടെയും, അവരുടെ കണ്ടുകെട്ടപ്പെട്ട പ്രതീക്ഷകളുടെയും, ബാക്കിയാവുന്ന നിസ്സഹായതയുടെയും ആദർശവൽക്കരണത്തിന്റെ ദുർമേദസ്സില്ലാത്ത ആഖ്യാനം വരികൾക്കിടയിൽ ഇവിടെ കാണാനാവും. വിപ്ലവവും, സമത്വവും, സ്വാതന്ത്രവും ഒക്കെ വിട്ട് 'ജൽ, ജങ്കൾ ഓർ ജമീൻ' ജലത്തിനും, കാടിനും, മണ്ണിനും വേണ്ടി പോരാട്ടം ചുരുക്കിയ മാവോയിസ്റ്റ് ഗ്രാമങ്ങളിലെ മനുഷ്യരുടെ കഥ അവിടെ ആയുധവുമായി വന്നുചേർന്ന അഞ്ചാറുപേരും അവർക്ക് 'തിരിയാത്ത' സൈദ്ധാന്തിക ലഖുലേഖകളും അല്ല. പല തലങ്ങളിലുള്ള അവരുടെ പ്രതിഷേധങ്ങളുടെ ആവിഷ്കാരമാണ്.തിരഞ്ഞെടുക്കപ്പെട്ട മോചനമാർഗ്ഗം
നമ്മുടെ മധ്യവർഗ്ഗം മനസിലാക്കുന്നതുപോലെ ദളിത്‌ ആദിവാസി സമൂഹങ്ങൾ സ്വയം തിരഞ്ഞെടുത്ത വിമോചനമാർഗ്ഗമാണൊ മാവോയിസം? അങ്ങനെയല്ല എന്നും തിരസ്കൃതരുടെ ഉത്ഥാനത്തിനായി നിലവിൽ വരുന്ന പ്രത്യയശാസ്ത്രങ്ങൾ പോലും അവർ വിമോചിപ്പിക്കേണ്ടവരായി തിരഞ്ഞെടുക്കുന്ന മനുഷ്യരുടെ ‘ഏജൻസി’യെ സംശയതോടെയാണ് കാണുന്നത് എന്നതും മാവോയിസ്റ്റ് മാത്രമായ ഒരു പ്രവണത അല്ല. പക്ഷേ അതിനെ തൊട്ട് നോക്കാതെ ആദർശവൽക്കരിക്കുന്നവർ അതിൽ ജീവിക്കുന്നവരുടെ ദൈനംദിന യാഥാർഥ്യങ്ങൾ കൂടി കാണേണ്ടതുണ്ട് എന്ന് മാത്രം.

പുറത്തിറങ്ങിയാൽ പോലീസിന് സംശയം, മടങ്ങിവരാൻ വൈകിയാൽ മാവോയിസ്റ്റുകൾക്ക് സംശയം. രണ്ടിന്റെയും ഉള്ളടക്കം ഒന്ന് തന്നെ- ചാരപ്രവർത്തനം! രണ്ടിൽ ഒരു വിഭാഗത്തിനുവേണ്ടി ചാരപ്രവർത്തനം നടത്തുക, രണ്ട് വിഭാഗങ്ങളാലും നിരന്തരം സംശയിക്കപ്പെടുക എന്ന വിധിയെ ജന്മനാ പേറേണ്ടിവരുന്ന മനുഷ്യരുടെ അസ്തിത്വ പ്രതിസന്ധി മലയാളത്തിലിറങ്ങിയിട്ടുള്ള ഏതെങ്കിലും മാവോയിസ്റ്റ് സിനിമ പ്രമേയമാക്കി നാം കണ്ടിട്ടുണ്ടോ? ഇല്ല എന്ന് മാത്രമല്ല ഇത്തരം വൈരുദ്ധ്യങ്ങൾ പേറുന്ന വൃത്തികെട്ട യാഥാർത്ഥ്യങ്ങൾക്ക് അതുകൊണ്ട് തന്നെ മധ്യവർഗ്ഗ സൗന്ദര്യശാസ്ത്രത്തിൽ സ്ഥാനവുമില്ല.

നമ്മളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിൽ മടുക്കുകയെന്നതും സൈനികമോ, മാവോയിസ്റ്റോ ആയ ഭരണകൂടങ്ങളെ വിളിചുവരുത്തുന്നതും പറഞ്ഞുവരുമ്പോൾ ബൈക്ക് വാങ്ങി തരാത്ത അപ്പനോട് പിണങ്ങി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമ്പോലെ എളുപ്പമാണ്. എങ്കിലും കഴുത്ത് നോവുന്നതോർക്കുമ്പോൾ ഉണ്ടാകുന്ന ഭയം മിക്കവാറും നമ്മളെ നാം അറിയാതെ രക്ഷിക്കുകയും ചെയ്യും. പക്ഷേ ആദിവാസികൾക്ക് അത്തരം ആഢംബരങ്ങളൊന്നുമില്ല. അതുകൊണ്ട് അവരുടെ ഗതികേടുകളെ മറ്റൊരു മധ്യവർഗ്ഗ വീരഗാഥയ്ക്ക് തിരക്കഥയാക്കും മുമ്പ് ഒന്നാലോചിക്കുക.

യഥാർത്ഥ മാവോയിസം; അങ്ങനെയും ഉണ്ടോ?
യാഥാർത്ഥ്യം എന്നത് ആനുപാതികമാണെന്ന വാദം യഥാർത്ഥ-അയഥാർത്ഥ ദ്വന്ദ്വത്തെ അസംബന്ധവല്ക്കരിച്ചതോടെ കമ്പോളം അയഥാർത്ഥ്യത്തെ കരിഞ്ചന്തയിൽ വിൽക്കുക മാത്രമല്ല അതിന് ഒരു നിഷേധത്തിന്റെ പരിവേഷം സൗജന്യമായി നല്കുകയും ചെയ്തു. അങ്ങനെയാണ് വ്യാജവും ഒരു കമ്പോളമാകുന്നത്. യഥാർത്ഥ മാവോയിസം എന്ന് മല്ലു മാധ്യമങ്ങൾ ഒന്നും പ്രയോഗിച്ച് കേട്ടിട്ടില്ല. എങ്കിലും അങ്ങനെയും ഒന്നുണ്ട്. അത് പക്ഷേ മാവോയിസം അല്ലാതെ മറ്റ് അതിജീവന മാർഗ്ഗമില്ല എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ടവരുടെ ജീവിത യാഥാർത്ഥ്യങ്ങളാണ്. നഗരത്തിൽ ഫാൻ എന്ന് പറയുന്ന ഒരു സാധനമുണ്ട് എന്ന് കേൾക്കുന്നു, എങ്ങനെയാവും കുന്ത്രാണ്ടം പ്രവർത്തിക്കുക എന്ന് അതിശയിക്കുന്നവരാണ് ‘അത്യന്താധുനിക ആയുധങ്ങളും, വാർത്താ വിനിമയ ഉപകരണങ്ങളും ഉള്ളവർ’ എന്ന് നമ്മുടെ പോലീസും, മാദ്ധ്യമങ്ങളും ചിത്രീകരിക്കുന്ന ഈ ഭീകരർ എന്ന് മലയാളിക്കറിയാമോ? വാർത്താവിനിമയത്തിനായി കൈ കൊണ്ട് എഴുതിയ 750 ഓളം കത്തുകൾ ആണ് അവർക്കിടയിൽ പ്രതിദിനം കൈമാറപ്പെടുന്നതെന്നും വായിച്ച ഉടനേ നശിപ്പിക്കപ്പെടുന്ന ആ കത്തുകൾ ഗൃഹാതുരത്വം മുൻനിർത്തിയല്ല അതാണ് സുരക്ഷിതം എന്നതുകൊണ്ടാണ് അവർ ഉപയോഗിക്കുന്നതെന്നും ഊഹമെങ്കിലും ഉണ്ടോ?

വിപ്ലവം അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്നില്ല എന്ന അറിവോടെ, ഞാൻ മരിച്ചാൽ പാർട്ടി എന്നെക്കുറിച്ച് ഓർക്കുകയും ലഖുലേഖകൾ എഴുതി പ്രചരിപ്പിക്കുകയും അതിലൂടെ അമരമാക്കുകയും ചെയ്യും എന്ന് ആശ്വസിക്കുന്ന മനുഷ്യരുടെ ഗതികേടിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടോ? അവർക്ക് ഇപ്പോൾ അങ്ങനെയും വ്യാമോഹങ്ങളില്ല. ഇത് പുറത്തേയ്ക്ക് വഴികളില്ലാത്ത ഒരു സമരമുഖമാണെന്ന് അവരും മനസിലാക്കി കഴിഞ്ഞു.വർഗ്ഗ ബോധമില്ലാത്ത തെണ്ടികൾ
സഖാവ് മംഗൾ രക്തസാക്ഷിയായപ്പോൾ മാവോയിസ്റ്റുകൾ അദ്ദേഹത്തിനായി ഒരു സ്മാരകം പണിഞ്ഞു. പക്ഷേ ഗ്രാമവാസികൾ അതിൽ നിന്ന് അദ്ദേഹത്തിന്റെ പേര് മായ്ചുകളഞ്ഞു. കാരണം അതവിടെ നിന്നാൽ അവരുടെത് ഒരു മാവോയിസ്റ്റ് ഗ്രാമമായിരുന്നു എന്ന് അധികാരികൾ തിരിച്ചറിയും. അതിന്റെ പേരിൽ അവർ വേട്ടയാടപ്പെടും.

വിപ്ലവസിനിമ കണ്ടിറങ്ങുമ്പോൾ നമുക്കവരെ, ആ ഗ്രാമീണരെ വർഗ്ഗബോധമില്ലാത്ത സ്വാർത്ഥരായ തെണ്ടികൾ എന്ന് വിളിക്കാം. മാവോയിസ്റ്റുകൾ നടത്തിയ ആത്മത്യാഗത്തിന്റെ ആഴം കാണാൻ ശേഷിയില്ലാത്ത അവരെ വിളിക്കാൻ 'ഉപരിപ്ലവന്മാർ' എന്ന ഒരു ന്യൂ ജെനറേഷൻ തെറി തന്നെ കണ്ടെത്താം. പക്ഷെ നാം അവരെയോ, മാവൊയിസ്റ്റുകളെയോ പ്രതിനിധീകരിക്കുന്നു എന്ന് ദയവ് ചെയ്ത് പറയരുത്. ഐക്യദാർഢ്യം പോലെ എളുപ്പപണിയല്ല പ്രതിനിധാനം. അതിൽ ഉത്തരവാദിത്തം കൂടിയുണ്ട്. നാം പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയുടെ പ്രവർത്തികൾക്ക് ധാർമ്മികമായും, നിയമപരമായും നമ്മളും ഉത്തരവാദിയാണ്.

ചുരുക്കം പറഞ്ഞാൽ പ്രത്യയശാസ്ത്രത്തോടും പ്രവർത്തനശൈലിയോടും യോജിപ്പില്ലെന്ന് പറഞ്ഞ് സുരക്ഷികതമായി ഒറ്റിക്കൊടുത്തു കൊണ്ട് അവരുടെ വ്യക്തിഗത ദുരന്തങ്ങളെ മാത്രമായി ഏറ്റെടുത്ത് സ്വയം വീരസ്യം നടിക്കുകയെങ്കിലും ചെയ്യരുത്. അത്രയും സത്യസന്ധതയെങ്കിലും മാവോയിസ്റ്റുകൾ നമ്മളിൽനിന്ന് അർഹിക്കുന്നുണ്ട്. അവർ നമ്മൾ മധ്യവർഗ്ഗത്തെപ്പോലെയല്ല. ശരിയായാലും, തെറ്റായാലും അവർ അവരുടെ രാഷ്ട്രീയം, പ്രത്യയശാസ്ത്രം തന്നെയാണ്. അതിനെ എതിർക്കുന്നതിൽ ഒരു മര്യാദയുണ്ട്. ആശയത്തെ വിട്ട് ആളുകളെ പിന്തുണയ്ക്കുന്നതിൽ പക്ഷെ അശ്ലീലം മാത്രമെയുള്ളൂ. നമുക്ക് അതൊരാഭരണമാകാം. പക്ഷേ എല്ലാവർക്കും അങ്ങനെയാവണം എന്ന് ശഠിക്കുകയെങ്കിലും ചെയ്യരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories