TopTop
Begin typing your search above and press return to search.

രാജകീയമായി എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍

രാജകീയമായി എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരന്‍... റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള അഡ്വഞ്ചര്‍ ടൂറര്‍... 'ഹിമാലയന്‍'... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടില്‍ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളില്‍ പലതും 'ഓഫ്‌ റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ അറിയാനും അനുഭവിക്കാനും സാധിച്ചു.

ഹിമാലയന്‍
ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഏറ്റവുമിണങ്ങുന്നവയെങ്കിലും ഇന്ത്യകാര്‍ക്ക് അത്ര പരിചിതമായ ഒന്നല്ല അഡ്വഞ്ചര്‍ ടൂററുകള്‍. അതുകൊണ്ടുതന്നെ ഇവയ്‌ക്കൊരു ആമുഖം ആവശ്യവുമാണ്. 160 കിലോഗ്രാമിനു മേല്‍ ഭാരമുള്ള, ദീര്‍ഘദൂരയാത്രകള്‍ക്കുതകുന്ന, അത്യാവശ്യം ഓഫ്‌റോഡും വഴങ്ങുന്ന ഡ്യുവല്‍ സ്‌പോര്‍ട്ട് ബൈക്ക്; ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം നമുക്ക് അഡ്വഞ്ചര്‍ ടൂററുകളെ. ടൂറിംഗ് ബൈക്കുകളുടെയും ഡ്യുവല്‍ സ്‌പോര്‍ട്ട് ബൈക്കുകളുടെയും ഗുണങ്ങളൊത്തിണങ്ങുന്ന ഈ വിഭാഗം വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് ഈയടുത്തകാലം വരെ അന്യമായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു. ഇന്ത്യ അഡ്വെഞ്ചര്‍ ടൂറര്‍ തരംഗത്തിനൊരുങ്ങുകയാണ്. വരും വര്‍ഷങ്ങളില്‍ ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളും തങ്ങളുടെ അഡ്വെഞ്ചര്‍ ടൂററുകളുമായെത്തുമെന്നാണ് വിശ്വസ്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ഘോര പോരാട്ടത്തിനൊരുങ്ങിനില്ക്കുന്ന വിപണിയിലേക്കാണ് എന്‍ഫീല്‍ഡ് ഹിമാലയനുമായെത്തി 'ആരംഭഭേരി' മുഴക്കുന്നത്.

കാഴ്ച
വര്‍ത്തമാനകാല അഡ്വഞ്ചര്‍ ടൂററുകളെപ്പോലെ ആധുനികവും സങ്കീര്‍ണ്ണവുമായ രൂപകല്പനയല്ല ഹിമാലയന്റേത്. ലാളിത്യം തുളുമ്പുന്ന, എന്നാല്‍ അങ്ങേയറ്റം പ്രായോഗികമായ രൂപം. വലിയ വിന്റ്ഷീല്‍ഡും വൃത്താകൃതമായ ഹെഡ്‌ലാമ്പും റിയര്‍ വ്യൂ മിററുകളും ചേര്‍ന്ന് മുന്‍ ഭാഗത്തിനു ഒരു റെട്രോ പരിവേഷമേകുന്നു. വശങ്ങളിലേക്കു വരുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക 15 ലീറ്റര്‍ ഫ്യുവല്‍ ടാങ്കിന്റെ രൂപമാവും. ഇതിലെ 'നീ റിസസുകള്‍' റൈഡര്‍ക്കു സുഖസവാരിയേകുന്നതോടൊപ്പം ബ്രേക്കിംഗ് സമയത്തും എണീറ്റു നിന്ന് റൈഡ് ചെയ്യുമ്പോഴുമൊക്കെ വാഹനത്തിനുമേലുള്ള ഗ്രിപ്പും വര്‍ദ്ധിപ്പിക്കുന്നു. സുഖകരമായതും മികച്ച ഗ്രിപ്പേകുന്നതുമായ സീറ്റിനു താഴെ, ബോഡി പാനലില്‍ 'ഹിമാലയന്‍' ബാഡ്ജിംഗ്. പിന്നില്‍ പാനിയര്‍ ബോക്‌സുകള്‍ മുതലായവ ഘടിപ്പിക്കുവാനുള്ള മൗണ്ടിംഗ് പോയന്റുകളുമുണ്ട്. ടാങ്കിനിരുവശവുമായി ജെറി ക്യാനുകള്‍ ഘടിപ്പിക്കുവാനുള്ള മൗണ്ടുകള്‍ വേറെയും...800 മിമീ എന്ന സീറ്റ് ഹൈറ്റ് ഒരു അഡ്വെഞ്ചര്‍ ടൂററിനു അല്പം കുറവെന്നു തോന്നാമെങ്കിലും ശരാശരി ഇന്ത്യക്കാരനു നന്നായിണങ്ങും. പിന്‍ഭാഗത്തിന്റെ രൂപകല്പനയും മനോഹരം. എല്‍ ഇ ഡി ടെയില്‍ ലാമ്പ് രൂപത്തില്‍ എവിടെയൊക്കെയോ തണ്ടര്‍ബേര്‍ഡ് ശ്രേണിയോടു കടപ്പെട്ടിരിക്കുന്നുവെന്നു തോന്നി. ഡ്യുവല്‍ സ്‌പോര്‍ട്ട് ബൈക്കുകള്‍ക്കിണങ്ങുംവിധം ഉയര്‍ന്നു നില്ക്കുന്ന പിന്‍ ഫെന്ററും എക്‌സ്‌ഹോസ്റ്റ് പൈപ്പും. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ്, ഫ്യുവല്‍ ഗേജ്, റൈഡര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയടങ്ങുന്ന അതിഗംഭീര ഇന്‍സ്റ്റ്രമെന്റ് കഌര്‍. റൈഡര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്‌ളേയുടെ സ്‌ക്രീനില്‍ രണ്ട് ട്രിപ് മീറ്ററുകള്‍, ഡിജിറ്റല്‍ ഗിയര്‍ ഇന്റിക്കേറ്റര്‍, ശരാശരി വേഗത, സമയം, താപനില എന്നിവ ലഭ്യം. സ്വിച്ച് ഗിയറുകള്‍ നിലവാരമുള്ള പ്ലാസ്റ്റിക്കില്‍ തീര്‍ത്തിരിക്കുന്നു.


റൈഡ്
ഇവിടെയാണേറ്റവും കൂടുതല്‍ പറയാനുള്ളത്. പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞല്ല ഹിമാലയന്‍. ചേസിസടക്കം പുതിയതാണ്. എന്‍ഫീല്‍ഡ് പുതുതായി വികസിപ്പിച്ചെടുത്ത 411 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക് എസ് ഒ എച്ച് സി കാര്‍ബുറേറ്റഡ് എഞ്ചിനുമായാണ് ഇവനെത്തുന്നത്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ആദ്യ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്ന ഖ്യാതിയുമുണ്ടിവന്.

കേവലം 24.48 ബി എച്ച് പി മാത്രമാണീ മോട്ടോറിന്റെ കരുത്തെന്നു കേട്ടപ്പോള്‍ നിങ്ങളെപ്പോലെ ഞാനും മുഖം ചുളിച്ചു. ഏതായാലും ഇഗ്‌നീഷന്‍ ഓണ്‍ ചെയ്തു സ്റ്റാര്‍ട്ടര്‍ അമര്‍ത്തി. (കിക്ക് സ്റ്റാര്‍ട്ട് സംവിധാനമില്ലാത്ത ആദ്യ എന്‍ഫീല്‍ഡ് ഹിമാലയനാണെന്നത് പ്രത്യേകം പറയേണ്ടല്ലോ...) മുരണ്ടുണര്‍ന്ന വാഹനം ഫസ്റ്റ് ഗിയര്‍ സ്‌ളോട്ട് ചെയ്തതോടെ പായാനൊരുങ്ങി. മറ്റു എന്‍ഫീല്‍ഡുകളെപ്പോലെ ദിഗന്തങ്ങള്‍ നടുങ്ങുമാറുള്ള എക്‌സ്‌ഹോസ്റ്റ് നോട്ടല്ല ഹിമാലയന്, പതിഞ്ഞ് ശ്രവ്യസുന്ദരമായ ശബ്ദം. കൈ കൊടുത്തതും ഒരു കാര്യം വെളിവായി, നിസ്സാരനല്ല ഇവന്‍. തെല്ല് അണ്ടര്‍ പവേഡ് എങ്കിലും ടോര്‍ക്കിയാണ് എഞ്ചിന്‍. മികച്ച ലോ മിഡ് റേഞ്ചുകള്‍. 4250 ആര്‍ പി എമ്മില്‍ത്തന്നെ പരമാവധി ടോര്‍ക്കായ 32 എന്‍ എം ലഭ്യം. വളരെ മികച്ച റിഫൈന്മെന്റ് ലെവലുകള്‍. എഞ്ചിന്‍ വൈബ്രേഷന്‍ അനുഭവപ്പെടുന്നത് ഉയര്‍ന്ന ആര്‍ പി എമ്മുകളില്‍ മാത്രം. അഡ്വെഞ്ചര്‍ ടൂററുകള്‍ക്ക് തീര്‍ത്തും അനുയോജ്യമായ എര്‍ഗണോമിക്ക്‌സ്. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍ .അല്പം പരുക്കനായ ഗിയര്‍ബോക്‌സ് പരിചിതമായാല്‍പ്പിന്നെ വാഹനവുമായി കുതിച്ചുപായാം. ക്‌ളച്ചും അത്ര ലൈറ്റല്ല. റോഡുകളിലെ പ്രകടനം ഉജ്ജ്വലമെങ്കില്‍ ടെറെയ്‌നുകളില്‍ അത് അത്യുജ്വലം!

ഈ മാസ്മരികാനുഭൂതിയുടെ മധുരം നുകരുവാനായി ഞങ്ങള്‍ ഹിമാലയനെ കാട്ടിലേക്കു തെളിച്ചു. കാനനപാതകളിലൂടെയും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടരുവികളിലൂടെയുമൊക്കെ വാഹനം അനായാസേന മുന്നോട്ടു പോയി. ഇവിടെയൊന്നും തെല്ലും അണ്ടര്‍പവേഡ് എന്നു തോന്നുകയില്ല എന്നതാണ് സത്യം. ശേഷം അടുത്തുകണ്ട ഒരു മലയുടെ മുകളിലേക്ക്, വളരെ പരുക്കന്‍ പ്രതലത്തിലൂടെത്തന്നെ ഹിമാലയനെ നയിച്ചു. ഒട്ടും പരുങ്ങാതെ, വളരെ അനായാസേന തന്നെ അവന്‍ ആ മലയും കീഴടക്കി. 200 മി മീ ട്രാവലോടുകൂടിയ മുന്‍ ടെലസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും 180 മി മീ ട്രാവലോടുകൂടിയ പിന്‍ മോണോഷോക്കും ഏതു പ്രതലത്തെയും സമര്‍ത്ഥമായിത്തന്നെ കൈകാര്യം ചെയ്യും. പരുക്കന്‍ പ്രതലത്തിലൂടെ ഉയര്‍ന്ന വേഗത്തില്‍ പോവുമ്പോഴാണ് ഇവയുടെ മികവ് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുവാനാവുക. മുന്നിലെ 300 മി മീ ഡിസ്‌ക്കും പിന്നിലെ 240 മി മീ ഡിസ്‌ക്കും ചേര്‍ന്ന് ബ്രേക്കിംഗ് ഭദ്രമാക്കുന്നു. എങ്കിലും എ ബി എസ് കൂടിയുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോയി. മൈലേജ് നോക്കി ബൈക്കുവാങ്ങുന്ന പാവപ്പെട്ടവരടങ്ങുന്നതല്ല ഹിമാലയന്റെ ഉദ്ദിഷ്ട ഉപഭോക്തൃവൃന്ദമെങ്കിലും മോശമല്ലാത്ത മൈലേജ് പ്രതീക്ഷിക്കാം നമുക്ക് ഇവനില്‍ നിന്ന്.

1,62,291 ലക്ഷമാണ് ഹിമാലയന്റെ എക്‌സ് ഷോറൂം വില. നൂറിലേറെ കിലോമീറ്ററുകള്‍ നീണ്ട ടെസ്റ്റ്‌ റൈഡില്‍ ഇഷ്ടമാവാഞ്ഞത് ഇവന്റെ പരുക്കന്‍ ഷിഫ്റ്റുകള്‍ മാത്രം. കൈപ്പാങ്ങിലൊതുങ്ങുന്ന വിലയിലൊരു അഡ്വെഞ്ചര്‍ ടൂറര്‍ അതാണു റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ഈ വാഹനത്തിന്റെ വില പ്രഖ്യാപിച്ച അന്നു തന്നെ കുറിക്കപ്പെട്ടതാണിതിന്റെ വിജയവും. കാത്തിരിക്കാം ഹിമാലയനുകള്‍ തലങ്ങും വിലങ്ങും പായുന്ന തെരുവീഥികള്‍ക്കായി...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories