TopTop
Begin typing your search above and press return to search.

മോദിയുടെ ഭാവി രാഷ്ട്രീയ ജീവിതം യുപി മുസ്ലീങ്ങള്‍ തീരുമാനിക്കും

മോദിയുടെ ഭാവി രാഷ്ട്രീയ ജീവിതം യുപി മുസ്ലീങ്ങള്‍ തീരുമാനിക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഒരു ത്രികോണ മത്സരത്തിന് തയാറെടുക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് തന്നെയാണ് തത്കാലം മുന്‍തൂക്കം. അതിനൊപ്പം, ദശകങ്ങള്‍ നീണ്ട നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാവി ഏതുവിധത്തിലാവും എന്ന് നിശ്ചയിക്കുന്നതിലും യു.പി തെരഞ്ഞെടുപ്പിന് വലിയ പങ്കുണ്ട്.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപീകരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്‌നമായ സൈക്കില്‍ അഖിലേഷ് യാദവ് വിഭാഗത്തിന് തന്നെയെന്ന് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പറഞ്ഞതിനു പിന്നാലെ അഖിലേഷും ഒപ്പം കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ചുമതലയുള്ള ഗുലാം നബി ആസാദും സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെയുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

അജിത് സിംഗിന്റെ ആര്‍.എല്‍.ഡി, അപ്നാദളിലെ വിമത വിഭാഗം, ജെ.ഡി-യു, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെയും ഒപ്പം നിര്‍ത്തി ബിഹാര്‍ മാതൃകയില്‍ വന്‍ മഹാസഖ്യത്തിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

എസ്.പി-കോണ്‍ഗ്രസ് സര്‍ക്കാരായിരിക്കും യു.പിയില്‍ അധികാരത്തില്‍ വരികയെന്ന് ഗുലാം നബി ആസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു.

ജാതി, മത ഭേദമന്യേ അഖിലേഷിനുള്ള വന്‍ ജനപ്രീതി തന്നെയാണ് സഖ്യത്തിന്റെ പ്രധാന മുതല്‍ക്കൂട്ട്.

2012-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 29 ശതമാനം വോട്ടും കോണ്‍ഗ്രസിന് 11.63 ശതമാനം വോട്ടും ആര്‍.എല്‍.ഡിക്ക് 2.3 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഈ വോട്ട് ശതമാനം ഇത്തവണയും ആവര്‍ത്തിച്ചാല്‍ ബിഹാര്‍ മാതൃകയില്‍ അഖിലേഷ് യാദവ് വന്‍ ഭൂരിപക്ഷത്തോടെ യു.പിയില്‍ വീണ്ടും അധികാരത്തില്‍ വരും.

ദി ഗ്രേറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഫാമിലി സര്‍ക്കസ്

എന്നാല്‍ അവഗണിക്കാന്‍ കഴിയാത്ത ഒന്ന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.പിയിലുണ്ടാക്കിയ നേട്ടമാണ്. 42 ശതമാനം വോട്ടു നേടി യു.പിയില്‍ ഏറ്റവൂം ജനപ്രീതിയുള്ള പാര്‍ട്ടിയായി അന്ന് ബി.ജെ.പി മാറിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിക്ക് ലഭിച്ചത് 22 ശതമാനം വോട്ടും കോണ്‍ഗ്രസിന് എട്ടു ശതമാനം വോട്ടുമാണ്.

നിശബ്ദരായി മുന്നേറുന്ന ബി.എസ്.പി

ഇതേ സമയം, ശ്രദ്ധിക്കേണ്ട മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ബി.എസ്.പിയാണ്. അധികം കോലാഹലങ്ങളില്ലാതെ മായാവതിയുടെ പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്തുടനീളം പ്രചരണം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും ബി.എസ്.പി 19 ശതമാനം വോട്ടു നേടിയിരുന്നു. 2102-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ടാണ് ബി.എസ്.പി നേടിയത്.

2014-ല്‍ മോദി തരംഗത്തെത്തുടര്‍ന്ന് ബി.ജെ.പിയിലേക്ക് പോയ ദളിത് വിഭാഗങ്ങള്‍ ബി.എസ്.പിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമുദായ സമവാക്യങ്ങളും നോട്ട് നിരോധനവും

ബിജെപ്പിക്ക് താരതമ്യേനെ വലിയ അടിത്തറയില്ലാത്ത വെസ്റ്റേണ്‍ യുപി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തുവാരിയിരുന്നു. ഈ മേഖലയിലെ പ്രബലരായ ജാട്ട് സമുദായം മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന്‍ ബിജെപ്പിക്ക് കീഴില്‍ സംഘടിച്ചതായിരുന്നു പ്രധാന കാരണം. ഇത്തവണ ജാട്ട് സമുദായം ബിജെപ്പിക്ക് ഒപ്പം നില്‍ക്കുമോ എന്നുള്ളത് പ്രധാന കാര്യമാണ്. ജാട്ട് സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല, തങ്ങളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിച്ചു എന്നീ വികാരങ്ങള്‍ ഇപ്പോള്‍ ജാട്ട് സമുദായത്തിനുണ്ട്. അതിനൊപ്പമാണ് നോട്ട് നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍.

യുപിയില്‍ ചിത്രം മാറുന്നു; ബിജെപിക്ക് വോട്ടില്ലെന്ന് ജാട്ടുകള്‍; മുസ്ലീങ്ങളുമായി തമ്മിലടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനം

നോട്ട് നിരോധനം മൂലം കാര്‍ഷിക മേഖല പൂര്‍ണമായി തകരണത്തായി ജാട്ട് കര്‍ഷകര്‍ ഈയിടെ ആരോപിച്ചിരുന്നു. ഇത് ബിജെപിയെ എങ്ങനെ ബാധിക്കും എന്നതും പ്രധാനമാണ്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ കൊണ്ട് ഈ പ്രചരണങ്ങളെ മറികടക്കാന്‍ മോദിക്ക് കഴിയുമോ എന്നതും യുപി തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളിലൊന്നാകും. എസ്പിയും ബിഎസ്പിയും ഈ വിഷയം സര്‍ക്കാരിനെതിരെ ഉയര്‍ത്തുമ്പോള്‍ നോട്ട് നിരോധനത്തിലൂടെ അഴിമതി വിരുദ്ധ നടപടികളാണ് കൈക്കൊണ്ടത് എന്നായിരിക്കും മോദിയുടെയും ബിജെപ്പിയുടെയും പ്രചരണം.

യുപി തെരഞ്ഞെടുപ്പ് മോദിക്കെന്താകും?

യു.പി തെരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം നിര്‍ണായകമാകാന്‍ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നെയാവും. ബി.ജെ.പി യു.പി പിടിച്ചാല്‍ മോദിയെ പിന്നെ വെല്ലുവിളിക്കാന്‍ ആരുമുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇത്തവണ യു.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കന്നതും മോദിയാണ്. സംസ്ഥാനത്തുടനീളം ഒരു ഡസനോളം റാലികളിലും പൊതുസമ്മേളനങ്ങളിലുമാണ് അദ്ദേഹം പങ്കെടുക്കുക. തന്റെ സ്വന്തം പ്രതിച്ഛായ തന്നെയാണ് പ്രതിപക്ഷത്തെ നേരിടാന്‍ മോദിക്കുള്ള കൈമുതല്‍.

എന്നാല്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അതിനര്‍ഥം, മോദിക്കുള്ള കത്തികള്‍ മുനകൂര്‍പ്പിച്ചു തുടങ്ങി എന്നു തന്നെയാണ്. അതില്‍ ആദ്യം രംഗത്തു വരിക ആര്‍.എസ്.എസ് തന്നെയാകും. ഇപ്പോള്‍ മോദി കൈയടക്കി വച്ചിരിക്കുന്ന അധികാരവും പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള കുത്തകയും ചോദ്യം ചെയ്യപ്പെടും. മോദിക്ക് നല്‍കി വരുന്ന പൂര്‍ണ പിന്തുണയുടെ കാര്യവും ആര്‍.എസ്.എസ് പുന:പരിശോധിക്കും. മറ്റൊന്ന് ബി.ജെ.പിയിലെ ശക്തരായ രാജ്പുത് ലോബിയാണ്. അവരും ഒപ്പം എല്‍.കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ രംഗത്തു വരുമെന്നതില്‍ സംശയമില്ല.

യു.പിയിലെ പരാജയവും പഞ്ചാബില്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുള്ള പരാജയവും സംഭവിക്കുകയാണെങ്കില്‍ 2019 എന്നത് ഏറെ അകലെയല്ല എന്നത് മോദിയെ സംബന്ധിച്ചിടത്തോളം വലിയൊരു യാഥാര്‍ഥ്യം തന്നെയായി മാറും. അതായത്, പ്രധാനമന്ത്രി പദത്തിലേക്ക് ഒരു രണ്ടാം വട്ട വരവുണ്ടാകില്ല. പാര്‍ട്ടി അധ്യക്ഷനാകുന്നതിന് മുമ്പായിരുന്നു അമിത് ഷാ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ യുപിയില്‍ വന്‍ വിജയത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാണ്. ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെയാണ് ബിജെപി പ്രചരണമത്രയും.

വൈരുദ്ധ്യമെന്ന്‍ പറയട്ടെ, മോദിയുടെ ഭാവി രാഷ്ട്രീയ ജീവിതം സംബന്ധിച്ചും വരുംവരായ്കകള്‍ സംബന്ധിച്ചുമുള്ള വിധി നിര്‍ണയിക്കാന്‍ പോകുന്നത് യു.പിയിലെ മുസ്ലീം വോട്ടര്‍മാരായിരിക്കും എന്നതാണ് ശ്രദ്ധേയം. യു.പി വോട്ടര്‍മാരില്‍ 20 ശതമാനത്തോളമാണ് മുസ്ലീങ്ങളുള്ളത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തെയാണ് മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നതെങ്കില്‍ അഖിലേഷ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും, ബി.ജെ.പി വന്‍ തിരിച്ചടിയും നേരിടും. എന്നാല്‍ മുസ്ലീങ്ങള്‍ എസ്.പിക്കും ബി.എസ്.പിക്കുമായി വോട്ടു വിഭജിച്ചു നല്‍കിയാല്‍ ഒരു പോരാട്ടത്തിനുള്ള സാധ്യത ബി.ജെ.പിക്ക് അവശേഷിക്കും.

അതായത്, മോദിയുടെ ഭാവി രാഷ്ട്രീയ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇപ്പോള്‍ അദ്ദേഹത്തിന് വോട്ടു ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രിയവപ്പെട്ടവരുടെ കൈയിലോ മോദി ആരാധകരിലോ അല്ല എന്നു ചുരുക്കം.


Next Story

Related Stories